ഒരു പുകവലിക്കാരന്റെ കോവിഡ്കാല ആശങ്കകൾ
Tuesday, June 2, 2020 3:32 PM IST
1. പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളിനെ അപേക്ഷിച്ച് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലാണോ.?
പുകവലിയും കോവിഡ് ബാധയും തമ്മിൽ നേരിട്ട് ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ വിരലുകൾ കൊണ്ട് സിഗരറ്റ്, ബീഡി, പൈപ്പ്(അണുബാധയുള്ളത്) ഇവ ചുണ്ടിലേക്ക് വയ്ക്കുന്നതുവഴി വൈറസുകൾ കൈകളിൽ നിന്ന് വായിലേക്ക് എത്തിച്ചേരും. പൈപ്പിന്റെ പുകയെടുക്കുന്ന ഭാഗം ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തിനു കാരണമാകും.
2.പുകവലിക്കാരനു കോവിഡ്ബാധ ഉണ്ടായാൽ രോഗം ഗുരുതരമാകുമോ..?
ഏതു വിധത്തിലുള്ള പുകവലിയും ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയ്ക്കുകയും ശ്വാസകോശ രോഗങ്ങളുടെ സാധ്യതയും തീവ്രതയും കൂട്ടുകയും ചെയ്യും. കോവിഡ് 19 പ്രാഥമികമായി ശ്വാസകോശത്തെ ബാധിക്കുന്ന പകർച്ചവ്യാധിയാണ്. പുകവലി മൂലം പ്രവർത്തനക്ഷമത കുറഞ്ഞ ശ്വാസകോശം കൊണ്ട് കോവിഡിനെ ചെറുക്കാൻ ശരീരത്തിനാവില്ല. പുക വലിക്കുന്നവരിൽ കോവിഡ് രോഗം തീവ്രമാകുന്നതിനു സാധ്യത കൂടുതലാണ് എന്നു പഠനങ്ങൾ പറയുന്നു.
3. ഇ സിഗരറ്റ് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡ് ബാധിക്കാനും രോഗം തീവ്രമായി ഉണ്ടാകാനും സാധ്യതയുണ്ടോ..?
ഇ സിഗരറ്റ് എന്നറിയപ്പെടുന്ന ഇലക്്ട്രോണിക് നിക്കോട്ടിൻ ഡെലിവറി സിസ്റ്റവും(ENDS) ഇലക്്ട്രോണിക് നോ നിക്കോട്ടിൻ ഡെലിവറി സിസ്റ്റവും(ENNDS) അപകടകാരികളും ഹൃദ്രോഗങ്ങൾക്കും ശ്വാസകോശത്തിന്റെ പ്രവർത്തന തകരാറുകൾക്കും കാരണമാകുന്നവയുമാണ്. വായിലേക്കു വിരലുകൾ കൊണ്ട് ഇ സിഗരറ്റ് കൊണ്ടുപോകുന്നതുമൂലം കോവിഡ് ഉണ്ടാകാൻ സാധ്യതയുണ്ട്.
4. പുകയില ചവയ്ക്കുന്നതുകൊണ്ട് ദോഷമുണ്ടോ..?
പുകയില ചവയ്ക്കാനായി വായിൽ വയ്ക്കുന്പോൾ കൈയും വായും സന്പർക്കത്തിലാകുന്നു. പുകയില ചവച്ചിട്ട് തുപ്പുന്പോൾ ഇത് വൈറസ് വ്യാപനത്തിനു കാരണമാകുന്നു.
ശ്രദ്ധിക്കുക
1.പുകയിലയുടെ ഏതുവിധത്തിലുള്ള ഉപയോഗവും ആരോഗ്യത്തിനു ഹാനികരമായതിനാൽ പുകയില ഉപേക്ഷിക്കുക. അതിനുള്ള അവസരമാണിത്.
2. ഇ സിഗരറ്റ്, പൈപ്പ് എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
3. പരോക്ഷ പുകവലിയും ആരോഗ്യത്തിനു ഹാനികരം.
4. പൊതുസ്ഥലത്തു തുപ്പരുത്,
വിവരങ്ങൾക്കു കടപ്പാട്: കേരള ഹെൽത്ത് സർവീസസ്,
സംസ്ഥാന ആരോഗ്യവകുപ്പ്