തൊഴിൽമേഖല ആശങ്കയിൽ
Wednesday, May 13, 2020 4:24 PM IST
പല സംസ്ഥാനങ്ങളും തൊഴിൽനിയമങ്ങൾ മരവിപ്പിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നത് രാജ്യത്തെ തൊഴിൽ മേഖലയിൽ വലിയ ആശങ്കയായി വളരുകയാണ്. ലോക്ക് ഡൗണിൽ തളർന്നുകിടക്കുന്ന വ്യവസായ മേഖലയെ പുനരുദ്ധരിക്കാനുള്ള കുറുക്കുവഴിയായാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളുടെമേൽ കൈവച്ചിരിക്കുന്നത്.
നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യവുംമൂലം തകർച്ചയിലായ രാജ്യത്തെ വ്യവസായ മേഖലയുടെ പതനത്തിന് ലോക്ക് ഡൗൺ ആക്കംകൂട്ടി. ഇപ്പോൾ സ്തംഭിച്ചുനിൽക്കുന്ന വ്യവസായമേഖലയ്ക്ക് ഉത്തേജനം നൽകാനുള്ള എല്ലാ വഴികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈനയിൽനിന്ന് വ്യവസായങ്ങൾ കുടിയൊഴിയുമെന്നും ഇന്ത്യയിലേക്ക് അവയെ ആകർഷിക്കാൻ കഴിയുമെന്നുമുള്ള കണക്കുകൂട്ടലുമുണ്ട്. എന്നാൽ, തൊഴിൽനിയമങ്ങളുടെ സങ്കീർണതയാണ് വ്യവസായവളർച്ചയ്ക്ക് മുഖ്യപ്രതിബന്ധമെന്ന മട്ടിൽ ചില സംസ്ഥാനങ്ങൾ തിരക്കിട്ട് പുറപ്പെടുവിക്കുന്ന ഓർഡിനൻസുകൾ പരിഹാസ്യമാകുകയാണ്.
മിക്ക രാജ്യങ്ങളും തൊഴിലാളികളെ പിരിച്ചുവിടാതിരിക്കാൻ കഠിനപരിശ്രമമാണു നടത്തുന്നത്. ലോക്ക് ഡൗണിൽ തകർന്ന വ്യവസായ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാൻ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങൾ നേരിട്ട് പണം നൽകുന്നു. തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലച്ചവർക്കായി 8.945 കോടി ഡോളറാണ് ബംഗ്ലാദേശ് നീക്കിവച്ചത്. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് ബോണസ് പാക്കേജിന് 1.177 കോടി ഡോളറും ബംഗ്ലാദേശ് നീക്കിവച്ചിട്ടുണ്ട്.
വരുമാനം നിലച്ചുപോയ തൊഴിലാളികൾക്കു വിയറ്റ്നാം മാസം 70 ഡോളർവീതം മൂന്നുമാസത്തേക്കാണു നൽകുന്നത്. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത തൊഴിൽരഹിതർക്ക് മാസം 40 ഡോളർവീതം മൂന്നുമാസത്തേക്കു നൽകും. യുഎസ്എ, കാനഡ, ഇംഗ്ലണ്ട്,
ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളും ഇത്തരത്തിൽ സഹായം നൽകുകയാണു ചെയ്യുന്നത്. എന്നാൽ, ഇന്ത്യയിൽ എങ്ങനെ തൊഴിലാളികളെ ചൂഷണം ചെയ്യാമെന്നാണു ഗവേഷണം നടത്തുന്നത്.
ഇരുനൂറ്റമ്പതോളം നിയമങ്ങൾ
തൊഴിൽ മേഖലയ്ക്കായി ഇരുനൂറോളം സംസ്ഥാന നിയമങ്ങളും 44 കേന്ദ്ര നിയമങ്ങളുമാണ് രാജ്യത്തുള്ളത്. ഇങ്ങനെ കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും വകയായി നിയമങ്ങൾ ഒരുപാടുണ്ടെങ്കിലും പത്തിൽ ഒമ്പതുപേരും അസംഘടിതരായിട്ടുള്ള ഇന്ത്യൻ തൊഴിൽമേഖല കടുത്ത ചൂഷണങ്ങളെയാണു നേരിടുന്നത്. തൊഴിൽനിയമങ്ങൾക്കെന്നല്ല മനുഷ്യാവകാശങ്ങൾക്കുപോലും പുല്ലുവില കൽപ്പിച്ചുകൊണ്ട് ബാലവേലയും അടിമവേലയും തോട്ടിപ്പണിയുമെല്ലാം നിലനിൽക്കുന്ന രാജ്യത്ത് നിലവിലുള്ള നിയമങ്ങൾകൂടി വേണ്ടെന്നുവയ്ക്കുന്നതോടെ തൊഴിലാളികളുടെ അവസ്ഥ എത്ര ദയനീയമാകുമെന്നാണ് ആശങ്ക ഉയരുന്നത്. ഫാക്ടറികളുടെ സുരക്ഷാ മുൻകരുതലുകളും ലഘൂകരിക്കപ്പെടുന്നു.
മുറിവുണങ്ങാത്ത ഭോപ്പാലിന്റെ ഓർമപ്പെടുത്തലായി കഴിഞ്ഞദിവസമാണു വിശാഖപട്ടണത്ത് വിഷവാതകച്ചോർച്ചയുണ്ടായത്. നിയമങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ അപകടങ്ങളുണ്ടാകുന്ന അവസ്ഥയിൽ നിയമംകൂടി ഇല്ലാതായാൽ എന്താകും സ്ഥിതിഎന്ന ചോദ്യം പ്രസക്തമാണ്.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിലാണ് തൊഴിൽമേഖല ഉൾപ്പെട്ടിരിക്കുന്നത്. 44 കേന്ദ്ര നിയമങ്ങൾ നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്.
ഇതിൽ കണ്ടീഷൻസ് ഓഫ് വർക്ക് വിഭാഗത്തിൽ ഫാക്ടറീസ് ആക്ട് 1948, കോൺട്രാക്ട് ലേബർ (റഗുലേഷൻ ആൻഡ് അബോളിഷൻ) ആക്ട് 1970, ഷോപ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് എന്നിവ ഉൾപ്പെടുന്നു. വേജസ് ആൻഡ് റമ്യൂണറേഷൻ വിഭാഗത്തിൽ മിനിമം വേജസ് ആക്ട് 1948, പേയ്മെന്റ് ഓഫ് വേജസ് ആക്ട് 1936 എന്നിവയാണ് മുഖ്യം. സോഷ്യൽ സെക്യുരിറ്റി വിഭാഗത്തിൽ എംപ്ലോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് ആക്ട് 1952, വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് 1923, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് ആക്ട് 1948 എന്നിവ ഉൾപ്പെടുന്നു. നാലാമത്തെ വിഭാഗമായ എംപ്ലോയീസ് സെക്യുരിറ്റി ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് 1947, ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്(സ്റ്റാൻഡിംഗ് ഓർഡേർസ്) ആക്ട് 1946 എന്നിവ പ്രധാനമാണ്.
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഏറെ സങ്കീർണമാണെന്നും അവയെല്ലാം പൊളിച്ചെഴുതണമെന്നും മോദി സർക്കാർ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇപ്പോൾ ചില സംസ്ഥാനങ്ങൾ ഇറക്കിയിരിക്കുന്ന ഓർഡിനൻസുകൾ തൊഴിൽനിയമങ്ങളുടെ പരിഷ്കരണമല്ല ലക്ഷ്യമാക്കുന്നത്. തൊഴിലാളികളുടെ മിക്ക മാനുഷിക അവകാശങ്ങളും കവർന്നെടുക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണം അടക്കമുള്ള സാമൂഹിക ഉത്തരവാദിത്വങ്ങൾ ബോധപൂർവം മറക്കാനും സഹായിക്കുന്നു എന്നാണ് വിമർശനം ഉയരുന്നത്.
യുപിയിൽ ഇനി നാലു നിയമങ്ങൾ
കൊറോണാക്കാലത്ത് കൃഷിയും സാമ്പത്തികരംഗവുമെല്ലാം പാടേ നിശ്ചലമായ മട്ടാണ്. ലോക്ക് ഡൗൺ കാരണം നാട്ടിലെ ബിസിനസുകളെല്ലാം അസ്തമിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉത്തർപ്രദേശ് സർക്കാർ തൊഴിൽനിയമങ്ങൾ മരവിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട തൊഴിൽനിയമങ്ങളെല്ലാം മൂന്നു വർഷത്തേക്കാണു മരവിപ്പിച്ചിരിക്കുന്നത്. ഓർഡിനൻസ് പ്രകാരം എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും ബിസിനസുകൾക്കും നാലു നിയമങ്ങൾ മാത്രമായിരിക്കും ബാധകം. ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് 1996, വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ട് 1923, ബോണ്ടഡ് ലേബർ സിസ്റ്റം(അബോളിഷൻ) ആക്ട് 1976, പേയ്മെന്റ് ഓഫ് വേജസ് ആക്ട് 1936 എന്നിവയാണ് മരവിപ്പിക്കാത്ത നിയമങ്ങൾ.
തൊഴിൽ സുരക്ഷ, ഫാക്ടറികളിലെ തൊഴിൽ തർക്കങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികളുടെ ആരോഗ്യത്തിനുവേണ്ട മുൻകരുതലുകൾ, തൊഴിലാളി സംഘടനാസ്വാതന്ത്ര്യം, താത്കാലിക ജീവനക്കാരുടെ അവകാശങ്ങൾ തുടങ്ങിയവയെല്ലാം നിയമപരിരക്ഷയില്ലാത്ത അവസ്ഥയിലാകുന്നു.
മധ്യപ്രദേശിൽ ഇളവ് 1,000 ദിവസത്തേക്ക്
മധ്യപ്രദേശിൽ ആയിരം ദിവസത്തേക്കാണ് തൊഴിൽനിയമങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. 1948ലെ ഫാക്ടറീസ് ആക്ടിന്റെ ചുരുക്കംചില വകുപ്പുകൾ മാത്രമാണ് മധ്യപ്രദേശിൽ നിലനിർത്തിയിരിക്കുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും തൊഴിലാളി ക്ഷേമനടപടികളെ പാടേ അവഗണിച്ചും സംസ്ഥാനത്ത് ഫാക്ടറികൾക്കു പ്രവർത്തിക്കാമെന്ന ഗുരുതരമായ അവസ്ഥയാണ് സംജാതമാകുന്നത്.
തൊഴിൽ നിയമങ്ങളുടെ കെട്ടുപാടുകളിൽനിന്ന് ഫാക്ടറികളെ മോചിപ്പിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തലായിരിക്കുമെന്നാണ് വിമർശനം ഉയരുന്നത്. ഭോപ്പാൽ വാതകദുരന്തത്തിന്റെ കെടുതികൾ നീറുന്ന വേദനയായി കൊണ്ടുനടക്കുന്ന ഒരു ജനത അധിവസിക്കുന്ന സംസ്ഥാനത്താണ് ഇത്തരമൊരു നീക്കമെന്നത് വലിയ അങ്കലാപ്പാണ് സൃഷ്ടിക്കുന്നത്.
ഗുജറാത്ത് പുതിയ വ്യവസായങ്ങൾക്ക് 1,200 ദിവസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജോലിസമയം 12 മണിക്കൂർ വരെയാക്കാനും തൊഴിൽസുരക്ഷയെ സംബന്ധിക്കുന്ന നിയമങ്ങൾ മരവിപ്പിക്കാനുമാണ് പദ്ധതി. മറ്റു പല സംസ്ഥാനങ്ങളും ഇത്തരത്തിൽ തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
വിപരീതഫലം
രാജ്യത്ത് തൊഴിൽനിയമങ്ങൾ ദുർബലപ്പെടുത്തുന്നതുകൊണ്ട് വ്യവസായം വളരുമെന്നും സാമ്പത്തിക വളർച്ച ത്വരിതപ്പെടുമെന്നുമുള്ള വാദം തീർത്തും അബദ്ധമാണെന്നാണു സാമ്പത്തിക വിദഗ്ധരും ട്രേഡ് യൂണിയൻ ചിന്തകരും ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികളെ അമിതമായി ചൂഷണംചെയ്ത് വ്യവസായം വളർത്താമെന്നത് വ്യാമോഹമായിരിക്കും. നിലവിൽ തൊഴിലില്ലായ്മ രാജ്യത്ത് മുപ്പതു ശതമാനത്തോടടുക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും എത്തിച്ചേരുന്ന കുടിയേറ്റതൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കൂടിവരുന്നു. തൊഴിലില്ലാപ്പട പെരുകുന്നതോടെ തുച്ഛമായ വേതനത്തിന് തൊഴിലാളികളെ കിട്ടുമെന്നതാണ് സർക്കാരുകൾ കണക്കുകൂട്ടുന്നത്.
എന്നാൽ, ഇതു സംസ്ഥാനങ്ങളുടേയും രാജ്യത്തിന്റെ പൊതുവെയും സാമ്പത്തിക വളർച്ചയെ അതിവേഗം പിന്നോട്ടടിക്കുകയും സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുകയും ചെയ്യും. മഹാഭൂരിപക്ഷം ജനങ്ങളും തൊഴിലെടുത്തു ജീവിക്കുന്ന രാജ്യത്ത് അവരുടെ കൂലിയും സുരക്ഷിതത്വവും കുറഞ്ഞാൽ എങ്ങനെ സമ്പദ്വ്യവസ്ഥ വളരും?
നാട്ടിൽ വ്യവസായം വരണമെങ്കിൽ ആദ്യമായി ചെയ്യേണ്ടത് രാജ്യം പുരോഗതിയിലേക്കും വളർച്ചയിലേക്കുമാണെന്ന ആത്മവിശ്വാസം സംരംഭകരിലും തൊഴിലാളികളിലും സൃഷ്ടിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുമെന്നും ജനങ്ങളെ വിശ്വസിപ്പിക്കണം. സംരംഭകർക്കു കുറഞ്ഞ പലിശയ്ക്കു മൂലധനം ലഭ്യമാക്കണം. ഉത്പാദിപ്പിക്കപ്പെടുന്നവ വിറ്റഴിക്കാൻ കഴിയുമെന്ന ഉറപ്പില്ലാത്ത അവസ്ഥയിൽ ആരാണ് വ്യവസായം തുടങ്ങാൻ തയാറാകുക? ലോക്ക് ഡൗണിലായി ഗതിമുട്ടി നിൽക്കുന്ന വ്യവസായങ്ങൾക്കു കൂടുതൽ സഹായങ്ങൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകണം. കൂലികൊടുക്കുന്നതിനും പിഎഫ് അടയ്ക്കുന്നതിനുമടക്കം സാമ്പത്തിക സഹായങ്ങളാണ് വേണ്ടത്. തൊഴിൽ നിലനിർത്താൻ സഹായിക്കേണ്ട സർക്കാർ തൊഴിലാളികളെ ചൂഷണത്തിനു വിട്ടുകൊടുക്കാൻ അവസരമൊരുക്കുന്നത് വിരോധാഭാസമാണ്.
അസംഘടിതമേഖല തകരും
ഇപ്പോൾ ചില സംസ്ഥാനങ്ങൾ നടപ്പാക്കാൻപോകുന്ന പരിഷ്കാരങ്ങൾ രാജ്യത്തെ തൊഴിൽമേഖലയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തൊഴിലാളികളുടെ വരുമാനത്തിലുണ്ടാക്കുന്ന കുറവുകളും അതീവ ഗുരുതരമായിരിക്കും. നിലവിൽ സർക്കാർ ഉദ്യാഗസ്ഥർ മാത്രമാണ് രാജ്യത്ത് സുരക്ഷിതരായുള്ളത്. ചെറുകിട സംരംഭകരും സ്വയംതൊഴിൽ സംരംഭകരും സ്വകാര്യമേഖലയിലേയും കാർഷിക മേഖലയിലേയും തൊഴിലാളികളുമെല്ലാം തികഞ്ഞ അനിശ്ചിതത്വത്തിലാണ്. തൊഴിൽനിയമങ്ങൾ പരിഷ്കരിച്ച് കൂലി കുറയ്ക്കുകയും ജോലിസ്ഥിരത ഇല്ലാതാക്കുകയും ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത എല്ലാവരും പ്രതിസന്ധിയിലേക്കു നീങ്ങും.
വിലക്കയറ്റത്തിനും മറ്റും ആനുപാതികമായതിലും കൂടുതൽ ശമ്പള-പെൻഷൻ വർധന സർക്കാർ ഉദ്യോഗസ്ഥർ സംഘടിതവിലപേശലിലൂടെ നേടിയെടുക്കുന്നു എന്ന വിമർശനമുണ്ട്. മിക്ക സംസ്ഥാന സർക്കാരുകളും നികുതിവരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാർക്കു ശമ്പളവും പെൻഷനും നൽകുന്നതിനാണ് ചെലവഴിക്കുന്നതെന്നു വിമർശകർ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളേയും അസംഘടിത തൊഴിലാളികളേയും കൂടുതൽ ചൂഷണത്തിന് ഇരയാക്കിയാൽ അതു സാമൂഹിക നീതിക്കുനേരേ എന്നല്ല മനുഷ്യത്വത്തിനു നേരേതന്നെയുള്ള വെല്ലുവിളിയായി മാറും.
തൊഴിൽത്തർക്കങ്ങളും തൊഴിലാളി സംഘടനകളുടെ വിലപേശലുകളും രാജ്യത്തു ദുർബലമായിട്ടു വർഷങ്ങളായി. നിയമത്തിന്റെ ആനുകൂല്യങ്ങൾ മിക്കതും ഇപ്പോൾത്തന്നെ തൊഴിലാളികൾക്കു കിട്ടുന്നുമില്ല. തൊഴിൽ നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടവതന്നെയാണ്. നോക്കുകൂലി പോലുള്ള അധാർമിക ഏർപ്പാടുകളെ ഉന്മൂലനം ചെയ്യുകയും വേണം. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധിയുടെ മറവിൽ അവശേഷിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുംകൂടി കവർന്നെടുത്ത് തൊഴിലാളികളെ നിരാലംബരാക്കുന്നതു ജനാധിപത്യത്തിനുതന്നെ അപമാനമാകും.
സി.കെ. കുര്യാച്ചൻ