അരികെ...
Thursday, May 7, 2020 6:12 PM IST
അടച്ചിട്ട തന്റെ മുറിയിൽ തുറന്നുവച്ച ലാപ്ടോപ് കമ്പ്യൂട്ടറിനു മുന്നിൽ വികാരാധീനനായി അയാളിരുന്നു... മുഴുസ്ക്രീനിൽ തെളിഞ്ഞുമറയുന്ന ഹൃദയഭേദകങ്ങളായ ദൃശ്യങ്ങളിലൂടെ ഇടയ്ക്കിടെ ഈറനണിഞ്ഞ ആ മിഴിയിണകൾ ഇമചിമ്മാതെ പരതിനടന്നു... മുഖത്ത് നല്ല ഉറക്കക്ഷീണം. കഴിഞ്ഞ കുറേ മണിക്കൂറുകളിലെ മനോവ്യഥകൾ അയാളുടെ മാനസികനില തന്നെ തകർത്തിരുന്നു... പിന്നെങ്ങനെയുറങ്ങാൻ...?
പുറത്ത് സൈറണ് മുഴക്കിക്കൊണ്ട് പരക്കം പായുന്ന വാഹനങ്ങളുടെ നിലയ്ക്കാത്ത ശബ്ദം. ചിലതിലെ ഉച്ചഭാഷിണികളിൽനിന്ന് സർക്കാർ വക പൊതുജനങ്ങൾക്കു നല്കുന്ന ജാഗ്രതാനിർദ്ദേശങ്ങൾ കേൾക്കാം. അവിടെ ഉത്ഭവിച്ച കൊറോണ എന്ന മാരകമായ പകർച്ചവ്യാധി പരത്തിയ പേടിയുടെ പിടിയിലാണ് ആ നാടും മെക്കാവോ നഗരവും. അതുമൂലം മരണമടഞ്ഞവ ടെ എണ്ണം നാൾക്കുനാൾ ഏറിവരികയുമാണ്. ആയതിനാൽ, കുറച്ചുകാലത്തേക്ക് ജനങ്ങൾ വിദേശയാത്രകൾ കഴിവതും ഒഴിവാക്കാനാണ് ഭരണകൂടത്തിന്റെ ഉപദേശം.
അഥവാ, അടിയന്തരാവശ്യങ്ങൾക്കായി രാജ്യത്തിനു വെളിയിൽ സഞ്ചരിക്കേണ്ടിവന്നവർ കർശനമായ വൈദ്യപരിശോധനകൾക്കും, അവർ ചെന്നിറങ്ങുന്നയിടങ്ങളിൽ ആഴ്ചകളോളം മാറ്റിപ്പാർപ്പിക്കപ്പെട്ട അവസ്ഥയിലുള്ള നിരീക്ഷണങ്ങൾക്കും വിധേയരാകേണ്ടി വന്ന വല്ലാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പലരും അത്യാവശ്യയാത്രകൾ പോലും ഒഴിവാക്കുകയാണ്.
ബാഹ്യമായ ബഹളങ്ങൾക്കൊന്നും ചെവികൊടുക്കാതെ അയാൾ കമ്പ്യൂട്ടർ സ്ക്രീനിലേക്കു മാത്രം മിഴി നട്ടിരുന്നു.. സമയം വൈകുന്നേരം അഞ്ചുമണി. ഇപ്പോൾ തന്റെ ജന്മനാട്ടിൽ ഉച്ചകഴിഞ്ഞ് ഏതാണ്ട് രണ്ടരമണി സമയം. വീട്ടിൽനിന്നും താൻ കാതങ്ങൾ അകലെയാണെങ്കിലും അവിടുത്തെ കാഴ്ചകളെല്ലാം തത്സമയം അരികെയെന്നപോലെ സ്ക്രീനിൽ കാണാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസം.
വീടും മുറ്റവുമെല്ലാം ജനനിബിഢമാണ്. വന്നവരും പോകുന്നവരുമായി അനേകം പേരുണ്ട്. കൂടുതലും സുപരിചിതർ. ചിലരുടെ കൈകളിൽ പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകളും പാട്ടുകളുംകൊണ്ട് മുഖരിതമായ അന്തരീക്ഷം. അതിനിടയിലും "ഇളയ മോന് മാത്രം എത്താൻ പറ്റാതെപോയല്ലോ, കഷ്ടം...’ എന്നുള്ള ആരുടെയൊക്കെയോ പരിഭവങ്ങൾ...
വെള്ളവിരിച്ച പന്തലിനു നടുവിൽ നീണ്ട മേശമേൽ ശ്വേതപ്പൂക്കൾകൊണ്ട് അലംകൃതമായ പെട്ടിയിൽ ശുഭ്രവസ്ത്രങ്ങളാൽ പൊതിയപ്പെട്ട് മയങ്ങുന്ന തന്റെ എല്ലാമായ അമ്മ... അപ്പന്റെ മരണശേഷം സ്വന്തമെന്നു പറയാനും കാണാൻ കൊതിക്കാനും തനിക്ക് ആകെയുണ്ടായിരുന്ന മുഖം...വല്ലപ്പോഴാണെങ്കിലും ഉത്സാഹത്തോടേ വീട്ടിൽ ചെല്ലാനുണ്ടായിരുന്ന ഒരേയൊരു കാരണം...അവളിപ്പോൾ ഓർമയായി മാറിക്കൊണ്ടിരിക്കുകയാണ്...
രണ്ടു വർഷങ്ങൾക്കു മുന്പ് "അമ്മാ, ഞാനിനി ചൈനയിലേക്കു പോവാ..’ എന്ന് നിയമനം കിട്ടിയ ശേഷം കട്ടിലിനരികിലിരുന്ന് അറിയിച്ചപ്പോൾ "അത് പുറംരാജ്യമല്ലേ…അത്രയും ദൂരെയൊക്കെ പോണോ, കുഞ്ഞേ... എനിക്ക് വയസും വല്ലായ്മയുമൊക്കെയായി... പെട്ടെന്നൊന്നു കാണണോന്നു തോന്നിയാൽ....?’ എന്നുള്ള അവളുടെ പാതി വിഴുങ്ങിയ പതറിയ ചോദ്യം അയാളുടെ കാതോരങ്ങളിൽ മുഴങ്ങി.
നേരാ, വേണമെങ്കിൽ ഇങ്ങനെയൊരു സാഹസം അന്ന് ഒഴിവാക്കാമായിരുന്നു.. പക്ഷേ, അധികാരികളോടു പറ്റില്ല എന്നൊന്നും പറയാൻ തോന്നിയേയില്ല. അല്ല, അങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ പിന്നെ താൻ സ്വന്തം കൈപ്പടയിൽ എഴുതിവായിച്ച് ഒപ്പുവച്ചു നല്കിയ വാഗ്ദാനങ്ങൾക്കൊക്കെ എന്തു വില?... ചിന്തകൾ അങ്ങനെ പലതും ചങ്കിനുള്ളിൽ ചേക്കേറാൻ തിടുക്കം കൂട്ടി...
അന്ത്യകർമ്മങ്ങൾക്കായി എത്തിയ ഇടവകവികാരിയും കൂട്ടരും ഓർമകളിൽനിന്നും അയാളെ പെട്ടെന്നു തട്ടിയുണർത്തി. പ്രാർഥനകൾ ആരംഭിച്ചപ്പോൾ അയാളുടെ മിഴികൾ നനഞ്ഞു. തനിക്കായിരുന്നില്ലേ അതിന്റെയൊക്കെ അവകാശം...? തന്റെ അസാന്നിധ്യം ഇപ്പോൾ അവിടെ തീർത്തിരിക്കുന്ന വലിയ ശൂന്യത അയാളുടെ ഹൃദയത്തെ വല്ലാതെ ഭാരപ്പെടുത്തി. അന്ത്യചുംബനമർപ്പിക്കാൻ ഓരോരുത്തരായി എത്തുന്നു... കരയുന്ന ചില കണ്ണുകൾ...വിതുന്പുന്ന ചില ചുണ്ടുകൾ.... അവരുടെയൊക്കെ ദൃഷ്ടികൾ വെറുതേയാണെങ്കിലും ഇനിയുമാരെയോ തിരയുന്നുണ്ടോ....?
തങ്ങൾക്ക് ആശ്വാസമായി അരികിലുണ്ടാകേണ്ടിയിരുന്ന ആരെയോ ഒരാളെ അവർക്കവിടെ നഷ്ടപ്പെടുന്നുണ്ടോ..? ഉണ്ട്... തീർച്ചയായും....അതു തനിക്കേ മനസിലാകൂ... തനിക്കു മാത്രം... അതെ, എല്ലാവർക്കും ഒടുവിലായി ആ മാതൃകവിളിൽ മുത്തമേകേണ്ടവനായ താൻ മാത്രം അവിടെയില്ല..! തുടർന്ന്, മൃതദേഹവും വഹിച്ചുകൊണ്ട് പള്ളിയിലേക്കുള്ള വിലാപയാത്ര... ദേവാലയത്തിലെയും സെമിത്തേരിയിലെയും ശേഷകർമങ്ങളും പ്രാർത്ഥനകളും... ഒടുവിൽ... ശവപ്പെട്ടിയുടെ മൂടി അവളുടെ മുഖം മെല്ലെ മറച്ചു. ആ അമ്മമുഖം അവസാനമായി ഒരുവട്ടം കൂടി കാണാൻ അയാൾ സ്ക്രീനിലേക്കു തന്റെ മുഖം ചേർത്തുപിടിച്ചു. ആറടി മണ്കുഴിയിലേക്ക് താഴ്ന്നുപോകുന്ന അമ്മയെന്ന ആ അമുല്യ ഓർമക്ക് നിറനയനങ്ങൾകൊണ്ട് അയാൾ യാത്രാമൊഴി ചൊല്ലി...
"ജോജോ അച്ചാ...’, ആരോ വെളിയിൽനിന്നു വിളിച്ചു. മറുപടിക്കു കാത്തുനില്ക്കാതെ വാതിൽ തുറന്നു വന്നത് സഹവൈദികൻ സിജോ ആയിരുന്നു. അവരിരുവരും ഒരുമിച്ചാണ് പ്രേഷിതപ്രവർത്തനങ്ങൾക്കായി ആ വ്യാളിയുടെ നാട്ടിലെത്തിയത്. "വരൂ... അടക്കൊക്കെ കഴിഞ്ഞില്ലേ..? ഇനി വന്ന് എന്തെങ്കിലും കഴിക്ക്... അമ്മ മരിച്ചപ്പോൾ തുടങ്ങി രണ്ടു ദിവസമായില്ലേ ഇത്തിരി വെള്ളം പോലും കുടിച്ചിട്ട്...? തോളിൽ തലോടിക്കൊണ്ടുള്ള സുഹൃത്തിന്റെ സാന്ത്വനം...
"താങ്ക്യു...അച്ചൻ പൊയ്ക്കോ, ഞാൻ വന്നോളാം... അതിനുമുന്പു കുർബാനയർപ്പിക്കണം... അമ്മയുടെ ആത്മശാന്തിക്കുവേണ്ടി പ്രാർഥിക്കണം...' പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു.
മൃതസംസ്കാരശുശ്രൂഷയുടെ നേർക്കാഴ്ചകൾ തത്സമയം തനിക്കു കാണാൻ വീഡിയോ സംവിധാനമൊരുക്കിയ നാട്ടിലെ കൂട്ടുകാരനു നന്ദിപറഞ്ഞിട്ട് തന്റെ ഫേസ്ബുക്ക് പേജിൽ വിറയാർന്ന വിരൽത്തുന്പുകൾകൊണ്ട് അയാൾ കുറിച്ചു: "എന്റെ അമ്മ ഇനിയില്ല... വലിയ ഒരു കർഷകകുടുംബത്തിലേക്ക് എന്റെ അപ്പൻ അവളെ കല്യാണം കഴിച്ചുകൊണ്ടുവന്നപ്പോൾ അവൾ വളരെ ചെറുപ്പമായിരുന്നിരിക്കണം... ജോലിഭാരം മൂലം അവൾ പലതവണ തലചുറ്റി വീണിട്ടുണ്ട്. എന്നിട്ടും, അവൾ വലിയൊരു കുടുംബത്തിന്റെ നാഥയായി...
പത്തു വർഷങ്ങൾക്കുമുന്പു തന്റെ ഭർത്താവ് സ്വർഗത്തിലേക്ക് വാസം മാറ്റിയ നാൾവരെ അയാളുടെ നിഴലായി കൂടെ നടക്കുന്നത് അവൾക്കൊരു ഹരമായിരുന്നു... അതിനുശേഷം മാത്രമേ അവൾ സ്വന്തം തീരുമാനങ്ങളും ആഗ്രഹങ്ങളും പറയുന്നതായി ഞാൻ കേട്ടിട്ടുള്ളൂ... കഴിഞ്ഞ മൂന്നുവർഷങ്ങളായി അവൾ കിടപ്പിലായിരുന്നു...അവൾക്കൊരു പരാതിയുമില്ലായിരുന്നു... തന്റെ ഓർമശക്തി കുറഞ്ഞുതുടങ്ങിയപ്പോഴും "കാണാൻ വന്നോർക്കൊക്കെ കഴിക്കാൻ എന്തെങ്കിലും കൊടുത്തോ...?’ എന്നായിരുന്നു അവൾ അന്വേഷിച്ചിരുന്നത്.
വിടചൊല്ലാൻ അവളുടെ അരികിലെത്താൻ എനിക്കായില്ല... ദൂരവ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ സംബന്ധമായ യാത്രാനിയന്ത്രണങ്ങൾ എന്നെ അതിനനുവദിച്ചില്ല... പക്ഷേ... അവൾക്കറിയാം... അകലെയാണെങ്കിലും ഞാൻ അവളുടെ അരികെയുണ്ടെന്ന്... Dearest amma..... farewell..... kisses.... I miss you...’
കരഞ്ഞുണങ്ങിയ മുഖം കഴുകിത്തുടച്ച്, കുർബാനക്കുപ്പായങ്ങളണിഞ്ഞ് അയാൾ അടുത്തുള്ള ചാപ്പലിലെ അൾത്താരയിലേക്കു നടന്നു.. കമ്പ്യൂട്ടറിന്റെ കീബോർഡിൽ വീണ കണ്ണീർകണങ്ങൾ ഒരു തീരാനൊന്പരം കണക്കെ അപ്പോഴും ഉണങ്ങാതെ കിടന്നു.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്