ലോക്ക്ഡൗൺ കാലത്തെ വീട്ടിൽ ഇരിപ്പ്
Thursday, May 7, 2020 2:34 PM IST
കൂട്ടിലടച്ച കിളികളെപ്പോലെ ഈ ഇരിപ്പു തുടങ്ങിയിട്ട് ഇതെത്ര നാളായി! നീളുമെന്നും കേൾക്കുന്നു. മതിയായി. പുറത്തിറങ്ങണം അടിച്ചുപൊളിക്കണം. ഈ നിബന്ധന വന്നപ്പോൾ ആദ്യമൊക്കെ ഒരു .....തോന്നി. പഠനവും ഹോംവർക്കും ഒന്നുമില്ലാതെ ഉണ്ടും ഉറങ്ങിയും അങ്ങനെ കഴിയാം.
പക്ഷേ, ഇപ്പോൾ ഇതൊരു മുഷിപ്പൻ പരിപാടിയായി തോന്നിത്തുടങ്ങുന്നു. നിയമം പാലിക്കാനല്ലേ, നല്ല കാര്യത്തിനല്ലെ, അതുകൊണ്ട് ആവലാതിപ്പെടുന്നില്ല. വിദ്യാർഥികളേ, ഒരു പ്ലാനിംഗും പദ്ധതിയും ഉണ്ടെങ്കിൽ ഈ ’വീട്ടുതടവറവാസ’ത്തെ ഒത്തിരി മനോഹരവും പ്രയോജനകരവും ആക്കിത്തീർക്കാം.
അതിരാവിലെ കിളികൾക്കൊപ്പം നമുക്ക് ഉണരാം. കൊതിതീരെ ഉറങ്ങാൻ കിട്ടിയ സമയം തട്ടിത്തെറിപ്പിച്ചുകളയണോ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഒന്നു പറയാം, പ്രഭാതത്തിൽ കിടക്ക വിട്ടെഴുന്നേറ്റാൽ ലഭിക്കുന്ന നവോൻമേഷം അനുഭവിച്ചുതന്നെ അറിയണം. പ്രഭാതകർമ്മങ്ങളോടൊപ്പം നല്ല വെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ. ഉന്മേഷം ഇരട്ടിക്കും. ചെറുപ്രാർഥന ചൊല്ലിയാലോ? ആത്മാവും നിറയും. അടുക്കളയിൽ കയറി അമ്മയെ സഹായിച്ചാൽ ആ മുഖത്ത് ഒരു പുഞ്ചിരി വിരിയില്ലേ?
കുട്ടികളെല്ലാം - ആണാകട്ടെ, പെണ്ണാകട്ടെ - മാതാപിതാക്കളോടൊപ്പം വീട്ടുജോലികൾ ചെയ്താൽ പാചകവും അടിച്ചുവാരലും അലക്കും അടുക്കും എല്ലാം കഴിഞ്ഞ് വീട്ടിൽ ഒരു ചിട്ടയും ഭംഗിയും വരും. മാത്രമല്ല, ധാരാളം സമയം കൈയിൽ വന്നുചേരുകയും ചെയ്യും. പല അമ്മമാരുമായും ഇവിടെനിന്ന് ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട്.
കുട്ടികൾ വീട്ടിലായതുകൊണ്ട് വീട്ടുജോലികൾ ഇരട്ടിച്ചു എന്നു പറയുന്നവർ ധാരാളം. കുട്ടികളോട് ചോദിച്ചാൽ അവർക്ക് ബോറടിയാണെന്നു പലപ്പോഴും കേൾക്കാം. മക്കൾ വീട്ടിലുള്ളപ്പോൾ അമ്മമാരുടെ ജോലി ഇരട്ടിക്കുകയല്ല, പാതിയായി കുറയുകയാണ് വേണ്ടത്. കുട്ടികൾ ഉത്സാഹിച്ചു സഹകരിച്ച് ഒരു ക്രമീകരണം ഉണ്ടാക്കിയാൽ മാത്രം മതി. അതിനുപകരം ചെമ്മീൻപോലെ വളഞ്ഞ് കൈയിൽ ഒരു മൊബൈൽ ഫോണുമായി പുതപ്പിനടിയിൽ ചുരുളുന്ന വിദ്യാർഥിയെപ്പറ്റി എന്തുപറയാൻ?
പട്ടിയുടെ കുരയും അടുക്കളയിലെ തട്ടുമുട്ടലുകളും ഹാളിലെ അനക്കങ്ങളും ഒക്കെ പശ്ചാത്തലമൊരുക്കും. മൊബൈൽ കണ്ടു മടുക്കുന്പോൾ വീണ്ടും ഉറങ്ങുക. ഒരു പത്തുമണിയോടെ മത്തുപിടിച്ച് എഴുന്നേറ്റ് അടുക്കളയിലെത്തി പാത്രങ്ങൾ തുറന്നുനോക്കി കിട്ടുന്നതു ഭക്ഷിച്ച് ദിവസം തുടങ്ങുകയായി. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ടീവിയുടെ റിമോട്ട് കണ്ട്രോളോ മൊബൈലോ കൈയിൽപിടിച്ച് സെറ്റിയിൽ ചടഞ്ഞുകൂടുക (എല്ലാവരും അല്ല, കേട്ടോ).
നമ്മുടെ വ്യക്തിത്വത്തെയുംകൂടി ലോക്ഡൗണിൽ ആക്കി നിഷ്ക്രിയരായിരിക്കാനുള്ളതല്ല ഈ കാലഘട്ടം. ആവലാതിപ്പെടാതെയും ആവശ്യപ്പെടാതെയും ജീവിച്ച് പരിശീലിക്കാം. ചില വീടുകളിൽ പലർക്കും പലതരം ആഹാരം പാകംചെയ്ത് അമ്മമാർ മക്കളെ തൃപ്തിപ്പെടുത്താറുണ്ട്. പല പാത്രങ്ങളിൽ മിച്ചംവരും. ഒന്നും നഷ്ടപ്പെടുത്താൻ നമുക്കിനി പറ്റില്ല, കേട്ടോ. ’പത്തായം പെറുന്ന’ കാലമൊക്കെ പോയി എന്നുതന്നെ വിശ്വസിക്കണം. ഒരുവറ്റു ചോറോ ഒരുതുള്ളി വെള്ളമോ ഒരു കഷണം കടലാസോ ഒരുതുണ്ടു തുണിയോ വെറുതെ കളയാതിരിക്കാനുള്ള നല്ല ശീലം നാം വളർത്തിയേ പറ്റൂ.
ഇനിമുതൽ മുഖ്യാഹാരം രണ്ടുനേരം മാത്രമാക്കിയാലോ! (ഉണ്ണികളേയും പ്രായമേറിയവരെയും രോഗാവസ്ഥയിലുള്ളവരെയും ഒഴിവാക്കാം). എല്ലാവരും ചേർന്ന് നല്ല ഒരാഹാരം തയാറാക്കുക. മക്കൾക്കെല്ലാം പാചകം പഠിക്കാൻ നല്ല അവസരം. വർത്തമാനവും ഒത്തിരി പറയാം. അതോടുകൂടിത്തന്നെ ചുറ്റുപാടുമുള്ള അല്ലറ ചില്ലറ ജോലികളും കഴിച്ചുവയ്ക്കുക. ഇതിനകം പത്രത്തിലെ ഹെഡിംഗുകളും പ്രധാന വാർത്തകളും ഓടിച്ചുനോക്കാം. നല്ല വിശപ്പോടെ ഒരു പത്തരയ്ക്ക് കൈകഴുകി എല്ലാവരും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച് ആനന്ദകരമായ ഒരന്തരീക്ഷം ആസ്വദിക്കുക.
പാത്രങ്ങളും കഴുകി അടുക്കള അടച്ചാൽ ഓരോരുത്തർക്കും അവനവന്റെ സമയം. അമ്മയ്ക്കും സുഖം. മൊബൈൽ ഫോണോ അസൈൻമെന്റുകളോ ഒക്കെ സുഗമമായി കൈകാര്യം ചെയ്തോളൂ. കൂട്ടുകാരെ വിളിക്കാം, സംസാരിക്കാം. എന്നും സംസാരിക്കണം. തമാശകൾ പൊട്ടിക്കണം. ഒറ്റപ്പെട്ടെന്ന തോന്നൽ ഒഴിവാക്കാൻ ഇത് ആവശ്യമാണ്. അംഗസംഖ്യ കുറവുള്ള വീടുകളിൽ പ്രത്യേകിച്ചും. പിന്നെ, ഫോണിലും കംപ്യൂട്ടറിലുംകൂടിയുള്ള കളികളും വിനോദങ്ങളും ഒന്നും ഉപേക്ഷിക്കേണ്ട. കാടുകയറാതിരുന്നാൽ മതി.
കളിയിൽ കാര്യവും ആകാം. ചുമതലാബോധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണ്ലൈനായി നോട്ടുകളും അസൈൻമെന്റ്സും പഠന നിർദേശങ്ങളും മാതൃകാപരീക്ഷകളും ക്രമമായി കൊടുക്കുന്നുണ്ട്. എത്രയോ ആശാവഹം! വിദ്യാർഥികളുമായി സന്പർക്കം പുലർത്താനും അവർക്കു തുടർ പാഠങ്ങൾ നൽകാനും ത്വര കാണിക്കുന്ന അധ്യാപകർ നിങ്ങളുടെ മഹാഭാഗ്യമാണ്. അവർക്കൊപ്പം മുൻപോട്ടു പോകുക. നന്ദിപൂർവം, ആത്മാർഥതയോടെ.
നിങ്ങൾ ഇത്രനാളും മനസിൽ സൂക്ഷിച്ച ഹോബി പുറത്തെടുത്തു തുടച്ചുമിനുക്കാനും ഇതാണവസരം. തയ്യൽ, വായന, പാട്ട്, പെയിന്റിംഗ്, എഴുത്ത്... എന്തുമാകാമല്ലോ. എല്ലാവരും ചേർന്നാൽ മണ്ണുണ്ടെങ്കിൽ അതിൽ അല്ലെങ്കിൽ മട്ടുപ്പാവിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാം. തമ്മിൽ തമ്മിൽ സംഭാഷിച്ചും തട്ടിയും മുട്ടിയും ബഹളം സൃഷ്ടിച്ചും അന്തരീക്ഷം ജീവസുറ്റതാക്കാം.
സ്വയം നേടിയെടുക്കാവുന്ന അനൗപചാരിക വിദ്യാഭ്യാസവും നേട്ടമായി കരുതണം. കഥ പറയുന്ന മുത്തശ്ശിമാരും പഴയകാല കാര്യങ്ങൾ ചർച്ച ചെയ്യുന്ന മുത്തശ്ശ·ാരും വിലപ്പെട്ട അധ്യാപകരാണ്. പഠിപ്പുള്ള അമ്മമാർ - പ്രത്യേകിച്ചും അധ്യാപികമാർ - ധാരാളമായി കുട്ടികളെ വികസിപ്പിക്കാൻ കിട്ടിയ ഈയവസരം ഉപയോഗപ്പെടുത്തുന്നത് ബുദ്ധിപൂർവകമാണ്. പഠിച്ചുമടുത്ത പാഠപുസ്തകങ്ങളുടെ ആവർത്തനം വിരസതയുളവാക്കും.
നല്ലനല്ല പുതിയ പദങ്ങൾ, ഉച്ചാരണം, കയ്യക്ഷരം, കഥകൾ, കവിതകൾ, മാറ്റുരയ്ക്കുന്ന കണക്കുകൾ, ശാസ്ത്ര കൗതുകങ്ങൾ ഇവയെല്ലാം മാതാപിതാക്കൾക്കു കൈകാര്യം ചെയ്യാം. ഇപ്പോഴത്തെ ഈ പ്യൂപ്പാസ്ഥിതി വിട്ട് ശലഭങ്ങളായി പാറിപ്പറക്കേണ്ടവരാണു നമ്മുടെ മക്കൾ. ശുഭാപ്തിവിശ്വാസം കെടാതെ സൂക്ഷിക്കാം.
മുതിർന്ന കലാലയ വിദ്യാർഥികളാണു നിങ്ങളെങ്കിൽ ഇളയ കുഞ്ഞുങ്ങൾക്കു ഒരു ഉൗഞ്ഞാൽ കെട്ടിക്കൊടുക്കാം. ചാരുകസേരയുടെ ഇളകിയ ബോൾട്ടുകൾ പിരിച്ചു മുറുക്കാം, മാറാലയെല്ലാം അടിച്ചു വൃത്തിയാക്കാം. വല്ലയിടത്തും മിച്ചം വന്ന പെയിന്റ് ഇരുപ്പുണ്ടെങ്കിൽ ചുവരിന്റെ മുഷിഞ്ഞ ഭാഗങ്ങൾ വൃത്തിയാക്കാം, ചെസ് കളിക്കാം, വേഡ് ഗെയിംസ് തുടങ്ങിയവയാകാം. ചേച്ചിമാർക്ക് സ്വയം കുറച്ചു ബ്യൂട്ടി ട്രീറ്റ്മെന്റും ആയിക്കൂടെ? എന്തായാലും മൊബൈൽ ഫോണുമായി മൂലതേടിപ്പോകുന്നതിലും ആരോഗ്യകരമല്ലേ ഇവ.
ഉച്ചയ്ക്കുശേഷം ഒരു കാപ്പിയും ചെറുകടിയും കഴിഞ്ഞ് വൈകിട്ടത്തേയ്ക്കുള്ള ആഹാരം തയാറാക്കാം, എല്ലാവരുംകൂടി. ധാരാളം സംസാരിക്കൂ. ലോക കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ ചർച്ച ചെയ്യാമല്ലോ. ഒരു കാര്യം ഏതെങ്കിലും സമൂഹത്തെയോ മതത്തെയോ രാഷ്ട്രത്തെയോ അവഹേളിക്കുന്ന സംഭാഷണ ശകലങ്ങൾ നമ്മുടെ അകത്തളങ്ങളിൽ പ്രവേശിക്കാതെയിരിക്കട്ടെ.
ഈ കൊറോണ എന്ന അദൃശ്യരൂപി ’രംഗബോധമില്ലാത്ത ഒരു കോമാളി’ യാണെന്നു നമുക്കു മറക്കാതിരിക്കാം. ആരേയും ആക്രമിക്കാം. ജാഗ്രത പാലിച്ചില്ലെങ്കിൽ നാളെ നമ്മളാകാം ഇര. വെറുപ്പും വിദ്വേഷവും പാടേ ഒഴിവാക്കി സത്ഭാവനയും സ്നേഹവും സഹാനുഭൂതിയും സമൃദ്ധമായി സൃഷ്ടിക്കാൻ വീട്ടിലെ സംഭാഷണങ്ങൾക്കും കുടുംബ പ്രാർത്ഥനകൾക്കും കഴിയണം. സ·നസുള്ളർക്കല്ലേ സമാധാനം വിധിച്ചിരിക്കുന്നത്.
അന്ധവിശ്വാസങ്ങൾ ഒഴിവാക്കുന്നതോടൊപ്പം ഈശ്വരചിന്തയും വളർത്തിയെടുക്കണം. പള്ളിയിലും അന്പലത്തിലും മോസ്കിലും ഗുരുദ്വാരയിലും ഒന്നും പോകാൻ സാധിക്കുന്നില്ലല്ലോ. വിഷമം ഉണ്ട്. എങ്കിലും പരിഹാരം തേടാം. വീടിന്റെ ഒരു ഭാഗം ആരാധനാസ്ഥലമായി സങ്കൽപ്പിച്ച് ഭംഗിയാക്കി എല്ലാവരും അവിടെ കൂടിയിരുന്നു വിശുദ്ധഗ്രന്ഥ പാരായണം, പ്രാർഥന, ധ്യാനം ഒക്കെ ചെയ്യുന്നത് ടെൻഷൻ കുറയാനും ശുഭാപ്തിവിശ്വാസവും പ്രത്യാശയും വർധിക്കാനും ഉതകും.
ആരുടെയോ നിർബന്ധത്തിനു വഴങ്ങി ചൊല്ലിത്തീർക്കുന്ന ഒരു പ്രക്രിയയായി മാറാരിക്കാൻ പ്രാർത്ഥനയുടെ ദൈർഘ്യവും തവണകളും കുടുംബം തന്നെ തീരുമാനിക്കണം. ഹ്രസ്വമെങ്കിലും ദൈവപ്രീതികരമാകാനും ആനന്ദപ്രദമായ ഒരു അനുഭവമാക്കാനും നമുക്ക് കഴിയണം. ഓരോ പ്രാർത്ഥനാവേളയും നിരാശയുടെ കടലിൽ മുങ്ങി നശിക്കാനുള്ളതല്ല നമ്മുടെ ജീവിതത്തോണി.
ശുഭപ്രതീക്ഷ എന്നും കൊടിപാറട്ടെ. നമ്മുടെ നൗകയിൽ ഈശ്വര ചൈതന്യത്തിന്റെ കാറ്റുവീശട്ടെ. ചിട്ടപ്പെടുത്തിയ സമയങ്ങളിൽ നല്ല ചാനലുകളേയും നമുക്ക് ആശ്രയിക്കാം. ആധ്യാത്മികതയെയും പ്രായോഗികതയെയും സമന്വയിപ്പിച്ച് ആഹ്ലാദത്തോടെ, മറ്റുള്ളവർക്ക് ആഹ്ലാദംപകർന്ന് നമുക്ക് മുന്നേറാം. ചില ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നായി പ്രവർത്തിക്കാതിരിക്കുന്പോൾ കുറച്ചു നേരത്തേക്ക് സ്വിച്ച് ഓഫ് ചെയ്തിട്ട് വീണ്ടും ആരംഭിപ്പിക്കുമല്ലോ. അതുപോലെ ഇതൊരു സ്വിച്ച് ഓഫ് പീരിയഡായി കരുതിയാൽ മതി. നല്ല ഒരു വീണ്ടുതുടക്കത്തിന് നമ്മെത്തന്നെ തയ്യാറാക്കാം.
നമ്മുടെ വിദ്യാർത്ഥികളെ അദ്ധ്യാപകരായ ഞങ്ങൾ പ്രതീക്ഷയോടെ ചേർത്തുപിടിക്കുന്നു. നന്മവരട്ടെ!
സിസിലിയാമ്മ പെരുന്പനാനി