ക്വാറന്റൈൻ മനോഹരമാണ്
Saturday, April 18, 2020 12:57 PM IST
മൗറോ മൊറാണ്ടി എന്ന ഇറ്റാലിയൻ പൗരൻ ഒരു ആധുനിക റോബിൻസണ് ക്രൂസോയാണ്. കൊറോണ ഭീതിവിതച്ച ഇറ്റലിയിൽ നിന്നു ദൂരെ മെഡിറ്ററേനിയൻ കടലിലെ മനോഹരമായ ഒരു ദ്വീപിന്റെ ഏക നിവാസിയാണ് മൗറോ മൊറാണ്ടി.
ഒരു ദ്വീപിലെ ഏകാന്തവാസത്തിലൂടെ ലോകശ്രദ്ധ നേടിയ 81 കാരന് കൊറോണ ഒരു ഭീതിയേ അല്ല. കൊറോണക്കാലത്തിനും വർഷങ്ങൾക്കു മുന്പേ അദ്ദേഹം ഐസോലേഷൻ സ്വീകരിച്ചിരുന്നു.
ആരാണ് മൊറാണ്ടി
മെഡിറ്ററേനിയൻ കടലിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലാണ് മൗറോ ജീവിക്കുന്നത്. കഴിഞ്ഞ 30 വർഷമായി. സാർഡിനിയ തീരത്തുള്ള ഈ ദ്വീപിന്റെ പേര് ബുഡെലി. അധ്യാപകനായിരുന്ന മൗറോ അവിചാരിതമായാണ് ദ്വീപിലെത്തിയത്.ഇറ്റലിയിൽ നിന്ന് പോളിനേഷ്യയിലേക്ക് ബോട്ടിൽ യാത്ര ചെയ്യുന്പോഴാണ് മൗറോ ദ്വീപിൽ ആദ്യമായി എത്തുന്നത് -1989ൽ. ബോട്ടിന്റെ എഞ്ചിൻ കേടായതിനായിരുന്നു മൗറോ ദ്വീപിലെത്തിപ്പെടാൻ കാരണം. എന്നാൽ ദ്വീപിൽ എത്തിപ്പെട്ടതോടെ മൗറോയ്ക്ക് തിരിച്ചു പോകാൻ തോന്നിയില്ല. ഇതിനിടെ തന്റെ ബോട്ടും വിറ്റു. പഴയ കാവൽക്കാരൻ വിരമിച്ചതോടെ മനോഹരമായ ദ്വീപ് മൗറോയുടെ കൈകളിലെത്തുകയായിരുന്നു. പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ മൗറോയ്ക്ക് ആഗ്രഹമില്ലാതായി. സ്ഫടികം പോലുള്ള ജലം, പവിഴ മണലുകൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നിവയുമായി അദ്ദേഹം പ്രണയത്തിലായി അവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു.
മാറുന്ന ജീവിതം
കഴിഞ്ഞ 30 വർഷമായി ഈ ദ്വീപിൽ ആകെയുള്ള ഒരു വീട്ടിൽ മൗറോ താമസിക്കുന്നു. വൈദ്യുതിയോ, ഇന്റർനെറ്റോ ഒന്നും ആദ്യം ഇവിടെയുണ്ടായിരുന്നില്ല. പിന്നീട് സോളാർ ഉപയോഗിച്ച് വീട് വൈദ്യുതീകരിച്ചു. പിന്നാലെ ഇന്റർനെറ്റും എത്തി. കുറച്ചുനാൾ മുന്പ് വരെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഈ ദ്വീപ്. എന്നാൽ ദ്വീപിലെത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആരും ഇപ്പോൾ വരുന്നില്ല. മാത്രമല്ല ഇറ്റലി കൊറോണയുടെ പിടിയിലുമാണ്. ഇളം റോസ് നിറത്തിലുള്ള മണൽ, നീല നിറത്തിൽ കടൽ പിന്നെ മനോഹരമായസൂര്യാസ്തമയവും. ഇനി ശൈത്യകാലത്താണെങ്കിൽ വീടിനുള്ളിൽ പുസ്തകങ്ങൾ വായിച്ച് മൗറോ സമയം ചെലവഴിക്കും. ദ്വീപിന്റെ നിരവധി ചിത്രങ്ങളാണ് മൌറോയുടെ പക്കലുള്ളത്. വൈദ്യുതി എത്തിയതോടെ ഫോണും ഇന്റർനെറ്റ് സംവിധാനവും മൌറോയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. താനൊരിക്കലും തനിച്ചാണെന്ന് തോന്നിയിട്ടില്ലെന്ന് മൌറോ പറയുന്നു. ഇൻസ്റ്റഗ്രാമിലും സജീവമാണ് മൌറോ. മനുഷ്യർ കടലിലേക്ക് വലിച്ചറിഞ്ഞ വസ്തുക്കൾ കൊണ്ടാണ് മൌറോ കോട്ടേജും പരിസരവും അലങ്കരിച്ചിരിക്കുന്നതും. ഇത്തരം പ്രതിസന്ധികൾ സ്വന്തം ജീവിതത്തെ വിലിരുത്താനുള്ള അവസരമായി കാണണമെന്നും മൌറോ പറയുന്നു. ഈ കൊറോണക്കാലത്ത് ഇറ്റലിയിലെ ഏറ്റവും കൂടുതൽ വൈറസ് ബാധിത പ്രദേശങ്ങളിലൊന്നായ വടക്കൻ ഇറ്റലിയിൽ താമസിക്കുന്ന ബന്ധുക്കളേയും കുടുംബത്തേയുമോർത്ത് ചെറിയ ആശങ്കയുണ്ടുതാനും.അവരെക്കുറിച്ചുള്ള ആശങ്കയൊഴിച്ചാൽ ഈ കൊറോണ കാലത്തും മൗറോ സന്തോഷവാനാണ്. സ്വന്തം കുടുംബത്തോടും ലോകത്തോടും മൗറോയ്ക്ക് ഒന്നേ പറയാനുള്ളൂ- ക്വാറന്റൈൻ മനോഹരമായ അവസ്ഥയാണ്.
![](https://www.deepika.com/feature/2020april_17ca2.jpg)
ദ്വീപിലെ ജീവിതം
പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാൻ ആവുന്നതെല്ലാം മൗറോ മൊറാണ്ടി ചെയ്തു.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഉപേക്ഷിക്കപ്പെട്ട അഭയകേന്ദ്രമായിരുന്നു ഈ ദ്വീപ്. മൊറാണ്ടി എത്തുന്പോൾ ദ്വീപ് സ്വകാര്യവ്യക്തിയുടെ കൈയിലായിരുന്നു. പിന്നെ മൗറോമൊറാണ്ടിയുടെ കൈയിലായി. ഇറ്റലി സർക്കാർ അത് അടുത്തിടെയാണ് ഏറ്റെടുത്തത്. മൊറാണ്ടിയെ ഇവിടെ നിന്നും പുറത്തുചാടിക്കാൻ അവർ തീരുമാനിച്ചു. എന്നാൽ പൊതുജനങ്ങളുടെ ആവശ്യത്തെതുടർന്ന് മൊറാണ്ടി ദ്വീപിന്റെ കാവൽക്കാരൻ ആവുകയായിരുന്നു. 81-ാം വയസിൽ, ഇറ്റലിയുടെ റോബിൻസണ് ക്രൂസോ എന്ന ഖ്യാതി നേടിയ അദ്ദേഹം ഇപ്പോഴും അവിടെയുണ്ട്. കടലിനെ പ്രശംസിക്കുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിനും മരം ശേഖരിക്കുന്നതിനും ഭക്ഷണം തയാറാക്കുന്നതിനും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിനും അദ്ദേഹം ദിവസം ചെലവഴിക്കുന്നു.
“എനിക്ക് ബോറടിക്കുന്നു, അതിനാൽ ബീച്ചുകളുടെയും വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ഫോട്ടോയെടുക്കുന്നതിനും ഷോട്ടുകൾ എഡിറ്റ് ചെയ്യുന്നതിനും സോഷ്യൽ മീഡിയയിലും ഇൻസ്റ്റാഗ്രാമിലും പങ്കിടുന്നതിനും ഞാൻ സമയം കളയുന്നു’’-അദ്ദേഹം ഒരു അന്താരാഷ്ട്രചാനലിനോട് പറഞ്ഞു.
താൻ ഇപ്പോൾ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്താണെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്വയം ഒറ്റപ്പെടലിനെ എങ്ങനെ മികച്ച രീതിയിൽ നേരിടാം എന്നതിനെക്കുറിച്ചുള്ള കുറച്ച് ടിപ്പുകൾ പങ്കിടാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ഓരോ ശൈത്യകാലവും ഞാൻ എന്റെ വീട്ടിൽ ചെലവഴിക്കുന്നു, മാസങ്ങളോളം ഞാൻ ദ്വീപിലുടനീളം അലഞ്ഞുനടക്കുന്നു.മൊറാണ്ടി ധ്യാനത്തിനും മഹത്തായ ദാർശനികഗ്രന്ഥങ്ങൾ വായിക്കുവാനും സ്വയം സമർപ്പിക്കുകയായിരുന്നു.
കടലിന്റെ തോഴൻ
കടലിന്റെ തോഴനാണ് മൊറാണ്ടി. തന്റെ കൂട്ടുകാരൻ നായയോടൊപ്പം ദ്വീപ് മുഴുവൻ സഞ്ചരിക്കും. കടലിലെ മൽസ്യങ്ങൾ ശേഖരിക്കും.
അവ ഇറ്റലിയുടെ പരന്പരാഗത ശൈലിയിൽ നിർമിച്ച വീട്ടിലെ കുശിനിപ്പുരയിൽ വേവിക്കും. അതും വിറക് കൊണ്ട്. ദ്വീപിലെ മരത്തിൽ നിർമിച്ച കസാരയിൽ കിടക്കും. തുടർന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകവുമായി സംവദിക്കുന്നത്. ഇടയ്ക്ക് ഇറ്റാലിയൻ സർക്കാർ ഹെലികോപ്റ്റിൽ ഭക്ഷണം മുകളിൽ നിന്നു താഴേയ്ക്കിടും. ഇടയ്ക്ക് സമുദ്രഗവേഷകർക്ക് വഴികാട്ടിയാകും. ഇപ്പോൾ കൊറോണ കാരണം അവരും വരവ് നിറുത്തി.
“എനിക്ക് ചുറ്റും കടൽ മൽസ്യങ്ങളും ജീവികളും വ്യക്ഷങ്ങളും മണലും ഒക്കെയുണ്ട്. അവരുമായി ഞാൻ സംസാരിക്കാറുണ്ട്. അവർ ചുറ്റുമുള്ളപ്പോൾ ഞാൻ എങ്ങിനെ ഒറ്റയ്ക്കാകും''- മൊറാണ്ടി ഇറ്റാലിയൻ പ്രസിഡന്റിനോട് ഇങ്ങനെ ചോദിച്ചു.
സുനിൽ കോട്ടൂർ