സദ്യവട്ടങ്ങൾ ഇല്ലെങ്കിലും ഉറങ്ങാതെ പഴയിടത്തിന്റെ അടുക്കള
Friday, April 17, 2020 11:22 AM IST
കുറിച്ചിത്താനം പഴയിടം അടുക്കളയിൽ നിന്ന് അവിയലിന്റെയും സാന്പാറിന്റെയും പാലടയുടെയുമൊക്കെ ഗന്ധം ഉയർന്നിട്ടു ഒരുമാസമാകുന്നു.
അടുക്കളയുടെ അലമാരകളിൽ പാത്രങ്ങളും താഴെ വലിയ ഉരുളിയും വാർപ്പും കുട്ടകവുമൊക്ക കഴുകി വൃത്തിയാക്കി അടുക്കിവച്ചിരിക്കുകയാണ്. മീനം-മേടം മാസങ്ങളിൽ ഈ അടുക്കളയിലെ തീ കെടാറില്ല, വറക്കലും പൊരിക്കലുമായി രാത്രിയെ പകലാക്കി സദ്യവട്ടം ഒരുക്കുന്ന തിരക്കിന്റെ പാചകമേളം. കേരളത്തിലെ പ്രസിദ്ധമായ പാചക വിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ അടുക്കള ഇപ്പോൾ വിശ്രമത്തിലാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടുക്കളയിലെ തീയണഞ്ഞു.
ഒരു മാസത്തിനിടയിൽ ബുക്കുചെയ്തിരുന്ന 72 വിവാഹസദ്യകളാണ് നഷ്ടമായത്. ചിങ്ങം കഴിഞ്ഞാൽ വിവാഹം ഉൾപ്പെടെവിശേഷ ചടങ്ങുകൾക്ക് ഏറ്റവും കൂടുതൽ മുഹൂർത്തം മീനമാസത്തിലാണ്.
![](https://www.deepika.com/feature/Pazhayidam_new002.jpg)
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിവാഹം മാത്രമല്ല ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, പള്ളികളിലെ ഉൗട്ടുനേർച്ച, പ്രമുഖസംഘടകളുടെ ഒരു ഡസൻ സമ്മേളനങ്ങൾ തുടങ്ങിയ എല്ലാപരിപാടികളും ചടങ്ങുകൾ മാത്രമായി ഒതുങ്ങി. വിഷുവിനും ആഘോഷങ്ങളുള്ളതായിരുന്നു. അമേരിക്ക ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ വിഷുസദ്യ ഒരുക്കാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു.
കൊറോണ രോഗ ബാധസ്ഥിരീകരിച്ചതോടെ ഒരോന്നായി റദ്ദാക്കി. പാചക ജോലിയിൽ സജീവമായ തൊഴിലാളികളും വിളന്പുസംഘവും ഉൾപ്പെടെ നാനൂറോളം തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായി. ലോക്ക് ഡൗണ്‍ കാലത്ത് തന്റെ അടുക്കള മരങ്ങാട്ടുപള്ളി പഞ്ചായത്തിന്റെ സമൂഹഅടുക്കള പ്രവർത്തിക്കാൻ മോഹനൻ നന്പൂതിരി സമ്മതം നൽകിയിരുന്നു.
ഇതിനിടയിൽ വിഷുദിനത്തിൽ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയം ചാരിറ്റബിൾ ട്രസ്റ്റിനായി 160 ലിറ്റർ പാലടപ്രദമനും മോഹൻ നന്പൂതിരി സമ്മാനിച്ചു.
ലോക്ക്ഡൗണ്‍ അടുക്കളയിൽ ചപ്പാത്തിയും കറിയും
ലോക്ക്ഡൗണ്‍ അടുക്കളയിൽ ഇപ്പോൾ തീ പുകയുന്നത് ജനമൈത്രി പോലീസിന്റെ ഭക്ഷണ വിതരണത്തിനാണ്. മരങ്ങാട്ടുപള്ളി ജനമൈത്രിപോലീസും കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലയണ്‍സ് ക്ലബ്, പഴയിടം തുടങ്ങിയവയുടെ സഹകരണത്തോടെ എംസി റോഡിൽ രാത്രികാലത്ത് വരുന്ന ദീർഘദൂര വാഹനയാത്രക്കാർക്ക് പ്രത്യേകിച്ച് ലോറി, ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണം ഇവിടെയാണ് തയാറാക്കുന്നത്.
രാത്രിസമയങ്ങളിൽ ചപ്പാത്തിയും ടൊമാറ്റോ ഫ്രൈയുമാണ് നൽകുന്നത്. മോഹനൻ നന്പൂതിരിയുടെ മകൻ യദുകൃഷ്ണനാണ് ചപ്പാത്തിയുടെയും കറിയുടെയും മുഖ്യപാചകക്കാരൻ.
![](https://www.deepika.com/feature/Pazhayidam_new003.jpg)
പാചകപുസ്തകം തയാറാകുന്നു
ലോക്ക്ഡൗണ്‍ സമ്മാനിച്ച വിശ്രമവേള മോഹനൻ തിരുമേനി പാഴാക്കുകയല്ല. ഏല്ലാവർക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള പാചക കുറിപ്പുകൾ ഉൾക്കൊളളിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
കേരളത്തിന്റെ തനതു ഭക്ഷണത്തെയും രുചിയേയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ പാചകപുസ്തകം തയാറാക്കുന്നതെന്നു മോഹനൻ നന്പൂതിരി പറഞ്ഞു. കോവിഡിന്റെ ദുരിതകാലം മാറുമെന്നും അടുക്കള വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് മോഹനൻ നന്പൂതിരി.
ജിബിൻ കുര്യൻ
ചിത്രം: അനൂപ് ടോം