സി.എൻ. റാവുവിനെ ഓർക്കുമ്പോൾ..
Thursday, April 16, 2020 7:55 PM IST
ദീപികയുടെ ഡൽഹി ബ്യൂറോയിലെ മുൻ ഫോട്ടോഗ്രഫറായിരുന്ന സി.എൻ റാവുവിനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്.
സി.എൻ റാവുവിനെ ആദ്യമായി കാണുന്നത് ദീപികയുടെ ഡൽഹി ബ്യൂറോ ഓഫീസിൽ 2000-ത്തിലാണ്. ഒരു വേനൽക്കാലം ഉച്ചകഴിഞ്ഞ സമയം. ജോലി അന്വേഷിച്ച് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ സാറിനെ കാണാനെത്തിയതായിരുന്നു ഞാൻ. "റാവു എന്നൊരാൾ ഇപ്പോൾ ഫ്രീലാൻസ് ചെയ്യുന്നുണ്ട്, അയാളെ പറഞ്ഞുവിടാൻ പറ്റില്ലല്ലോ, പിന്നീട് എപ്പോഴെങ്കിലും വരു നോക്കാം.’ ജോർജ് സാർ പതിവ് തിരക്കുകളിലേക്ക് കടന്നു.
കൊണ്ടുവന്ന ഫോട്ടോ പ്രിന്റുകളടങ്ങിയ ഫയൽ കൈയ്യിലെടുത്ത് നിരാശനായി ഞാൻ മടങ്ങാനൊരുങ്ങുന്പോൾ റാവു കയറി വന്നു. ക്യാമൽ കളറുള്ള ഫോട്ടോഗ്രാഫർ ജാക്കറ്റ്, തോളിൽ മാനുവൽ ഫിലിം കാമറ, കൈയിൽ നഗരത്തിലെ ഫോട്ടോ ലാബിന്റെ കവറിൽ അന്ന് ഫയൽ ചെയ്യാനുള്ള ഫോട്ടോ പ്രിന്റുകൾ.
യൂണിവേഴ്സിറ്റി പ്രദേശത്തെ സിവിൽ ലൈൻസിലെ ഫോട്ടോസ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന കാലം. എനിക്ക് റാവുവിനെ പരിചയമില്ല, അന്തർമുഖനായ റാവു ആരെയും മുന്നോട്ടുവന്ന് പരിചയപ്പെടാറില്ല. പിന്നീട് റാവു തെലുങ്ക് ദിനപത്രമായ "ഈനാടു'വിൽ ചേർന്നു. (ഈ നാടു തെലുങ്കിൽ ഇന്ന് എന്നർഥം. ആന്ധ്രയിലെ ശതകോടിശ്വരൻ റാമോജി റാവുവിന്റേതാണ് ഈ പത്രം (റാമോജി റാവു ഫിലിം സിറ്റിയും ഇദ്ദേഹത്തിന്റേതാണ്.)
2005 ഓഗസ്റ്റിൽ ഞാൻ വീണ്ടും ജോർജ് സാറിനെ കാണാനെത്തി, ഫോട്ടോഗ്രാഫർ സാബു സ്കറിയ ’ദി പയനിയർ’ ഇംഗ്ലീഷ് പത്രത്തിലേക്ക് പോയ ഒഴിവുണ്ടായി. ഇത്തവണ ഞാൻ നസ്രാണി ദീപികയുടെ തലസ്ഥാനത്തെ ഫോട്ടം പിടുത്തക്കാരനായി.
ദീപിക അടക്കുമുള്ള പത്രസ്ഥാപനങ്ങളുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ഐഎൻഎസ് ബിൽഡിംഗിന്റെ താഴെയുള്ള ഗുപ്തയുടെ ചായക്കടയിൽ സിഗരറ്റ് പുകച്ചു നിൽക്കുന്ന റാവുവിനെ നേരിട്ട് പരിചയപ്പെട്ടു. ദീപികയിൽ ജോലിക്ക് ചേർന്ന കാര്യം പറഞ്ഞു. അർഥം വെച്ചുള്ള ഒരു മൂളൽ, ഒരു നോട്ടം, ചുണ്ടിന്റെ കോണിൽ സൂക്ഷിച്ചു നോക്കിയാൽ കാണുന്ന ഒരു പുഞ്ചിരി, അന്തർ മുഖനായ റാവുവിൽ നിന്നും ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
ഡൽഹിക്ക് വെളിയിൽ ജോർജ് സാറിനൊപ്പം പോയ എല്ലാ രാഷ്ട്രീയ സമ്മേളനങ്ങളിലും ’ഈ നാടുവിനെ’ പ്രതിനിധീകരിച്ച് റാവുവും ഉണ്ടായിരുന്നു. ഹൈദരാബാദിലെ ഗച്ചബൗളി സ്റ്റേഡിയത്തിൽ നടന്ന 82-ാമത് കോണ്ഗ്രസ് പ്ലീനറി സമ്മേളനം. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട അന്നത്തെ പ്രബലനായ ആന്ധ്ര മുഖ്യമന്ത്രി ഡോ.വൈ. എസ് രാജശേഖര റെഡ്ഡിയായിരുന്നു സംഘാടകൻ.
നഗരത്തിലെ മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം. ഓരോ മീഡിയ ഗ്രൂപ്പിനും സഞ്ചരിക്കാൻ പ്രത്യേക വാഹനം. 2006ൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി നാരായണ് ദത്ത് തിവാരി (എൻ.ഡി തിവാരി) നടത്തിയ കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം, പഞ്ചാബ് മുഖ്യമന്ത്രിയും പട്യാല രാജാവിന്റെ ചെറുമകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് നടത്തിയ കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം, ഉത്തരേന്ത്യൻ നാട്ടുരാജാക്കന്മാരും പിന്നീട് ബ്രിട്ടീഷ് വൈസ്രോയിമാരും രാജകീയ ദർബാർ നടത്തിയിരുന്നു ബുരാടിയിലെ പരേഡ് ഗ്രൗണ്ടിൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത് നടത്തിയ കോണ്ഗ്രസിന്റെ 83-ാമത് പ്ലീനറി സമ്മേളം... ഇവിടെയെല്ലാം സി.എൻ റാവുവും ഉണ്ടായിരുന്നു.
![](https://www.deepika.com/feature/CN_Rao02.jpg)
കൂടാതെ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതി, യുപിഎ ഭരണകാലത്തെ അധികാര ശ്രേണിയിലെ രണ്ടാമനായ എ.കെ ആന്റണിയുടെ ഭവനം, അശോക റോഡിലെ എഐസിസി ആസ്ഥാനം, സിപിഎം ആസ്ഥാനമായ എകെജി ഭവൻ എന്നിവിടങ്ങളിലെല്ലാം റാവു നിത്യസാന്നിധ്യമായിരുന്നു. പാർലമെന്റ് പാസ് ലഭിച്ച ശേഷം ഒട്ടുമിക്ക ദിവസവും ഫോട്ടോഗ്രാഫർമാരുടെ കൂട്ടത്തിൽ ശാന്തനായ ഈ മനുഷ്യനെ കാണാറുണ്ട്.
ദൃശ്യമാധ്യമ പ്രവർത്തകരിലെ ഏറ്റവും മോശമായ സംസ്കാരം ഡൽഹിയിലെ ദൃശ്യമാധ്യമ പ്രവർത്തകരുടെതാണ്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മോശമായ മാധ്യമ സംസ്കാരം ഡൽഹിക്ക് സ്വന്തമാണ്. "പഞ്ചാബി കൾച്ചർ’ എന്നാണ് ഇതിനെ പലരും വിളിക്കാറ്. അധികാരവും പണവുമുള്ളവന്റെ കാലിൽ തൊട്ട് വണങ്ങുക, അതില്ലാത്തവനെ കാൽമടക്കി തൊഴിക്കുക, ഇതാണ് പഞ്ചാബി കൾച്ചറിന്റെ ചുരുക്കം.
ഡൽഹിയിലെ പത്രസമ്മേളനങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും മീഡിയ ഇവന്റ് കണ്ടിട്ടുള്ളവർക്കറിയാം ഒരു ഫോട്ടോയ്ക്ക്, ഒരു വീഡിയോ ബൈറ്റിന് പരസ്പരം മത്സരിച്ച് ചവിട്ടിയും തൊഴിച്ചും, തെറിപറഞ്ഞും മുന്പിൽ നിൽക്കുന്നവന്റെ കാഴ്ച മറച്ചും തമ്മിൽ മത്സരിക്കുന്ന ദൃശ്യമാധ്യമക്കാരും അവരുടെ കൂട്ടാളികളും ഡൽഹിയുടെ സ്പെഷാലിറ്റിയാണ്. ഇവിടെയെല്ലാം വ്യത്യസ്തനാണ് റാവു. ഒരു ചിരിയോടെ അൽപം മാറി നിന്ന് എല്ലാം നോക്കിക്കാണും. ഫോട്ടോ കിട്ടിയില്ലെങ്കിലും പരാതിയില്ല. പരിചയമുള്ള ഏതെങ്കിലും സുഹൃത്തിനോട് പറയും ഒരു ഫ്രെയിം എനിക്ക് മെയിൽ ചെയ്യണം.
16 വർഷത്തെ പരിചയത്തിനൊരിക്കലും ഈ മനുഷ്യനെ ഉള്ളുതുറന്ന് ചിരിച്ച് കണ്ടിട്ടില്ല, കുറ്റപ്പെടുത്തുകയല്ല, ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കാനും, ചിരിച്ചുകൊണ്ട് കരയാനും അറിയാത്ത ഒരു പച്ച മനുഷ്യനാകാം സി.എൻ റാവു. അല്ലെങ്കിൽ അഭിനയിക്കാൻ നമ്മോളം കഴിവ് ഇല്ലാത്തവനാകാം.
റാവുവിനെപ്പറ്റി രസകരമായ ഒരനുഭവം ജോർജ് സാർ പങ്കുവെച്ചു, ഓഫീസിൽ ഫോണിൽ സംസാരിക്കുന്പോഴെല്ലാം റാവു പതിവായി പറയാറുള്ള ഒരു വാക്കുണ്ട്- "അണ്ണാ.. ശപ്പണ്ടി ..ശപ്പണ്ടി..’ ഇതെന്താണെന്നറിയാനുള്ള കൗതുകത്തിൽ ജോർജ് സാർ ചോദിച്ചു എന്താണ് ഈ വാക്കിന്റെ അർഥം, "തെറിയോ അശ്ലീലമോ അല്ല, ടെൽമീ, എന്നോട് പറയു’ എന്നാണ് ഈ തെലുങ്ക് വാക്കിനർഥം റാവു പറഞ്ഞു.
"വർഷങ്ങളായി റയ്സീന റോഡിൽ പ്രസ്ക്ലബിനോട് ചേർന്ന് യൂത്ത് കോണ്ഗ്രസിന്റെ ഓഫീസിന് പിന്നിലെ ഒറ്റമുറി വീട്ടിലാണ് റാവു താമസിച്ചിരുന്നത്.’ ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറും ഉറ്റസുഹൃത്തുമായ ശങ്കർ ചക്രവർത്തി ഓർമ്മിക്കുന്നു, ’കുടുംബം ആയശേഷം ഒറ്റമുറി ഇരട്ട മുറിയായി. മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു അനുവദിച്ചുകൊടുത്ത താമസമായിരുന്നു അത്.
മതിയായ രേഖകളില്ലെന്നാരോപിച്ച് മുനിസിപ്പൽ അധികാരികൾ റാവുവിനെ യൂത്ത് കോണ്ഗ്രസ് ഓഫീസ് പരിസരത്തു നിന്നും ഒഴിപ്പിച്ചു. സൗമ്യനായ ഒരു സുഹൃത്ത്, എപ്പോഴും സഹായിയായ ഒരാൾ ഏറ്റവും ലാളിത്യത്തോടെ വിവേകത്തോടെ പെരുമാറിയ, വിനയത്തോടെയുള്ള പെരുമാറ്റം, പ്രായത്തിലും അനുഭവത്തിലും പലരേക്കാളും മുന്നിലായിരുന്നിട്ടും ഭൂമിയോളം താഴ്ന്ന വിനയം, ഇതെല്ലാമായിരുന്നു റാവു എന്ന് ഏഷ്യൻ ഏജിന്റെ ഫോട്ടോ എഡിറ്റർ സോംദീപ് ശങ്കറും, ദീപിക മുൻ ഫോട്ടോഗ്രഫറും റാവുവിന്റെ സുഹൃത്തുമായ പി.ജി ഉണ്ണികൃഷ്ണൻ ഓർമ്മിച്ചു. റാവുവിനെ ജോർജ് സാറിന് പരിചയപ്പെടുത്തിയതും പി.ജി ഉണ്ണികൃഷ്ണനാണ്.
കഴിഞ്ഞ ശൈത്യകലത്ത് പാർലമെന്റ് സമ്മേളനം നടന്നു കൊണ്ടിരിക്കുന്പോൾ ഒന്നാം ഗേറ്റിന് സമീപം റാവു രക്തം ഛർദിച്ച് കുഴഞ്ഞുവീണു. അന്ന് ഹിന്ദുവിന്റെ ഫോട്ടോഗ്രഫർ ആർ.വി മൂർത്തിയാണ് റാവുവിനെയും കൊണ്ട് അടുത്തുള്ള റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് ഓടിയത്. മൂർത്തിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് റാവുവിന്റെ ജീവൻ രക്ഷപ്പെട്ടു. പിന്നീട് തുടർ ചികിത്സയിലായിരുന്നു അദ്ദേഹം.
2020 ഫെബ്രുവരി 19ന് പതിവുപോലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിൽ പരിശോധനക്കെത്തിയ അദ്ദേഹത്തെ രോഗം മൂർഛിച്ചതിനാൽ അഡ്മിറ്റ് ചെയ്തു. അന്ന് വൈകിട്ട് അദ്ദേഹം മരിച്ചു. ഭാര്യ സംഗീതയും മകൻ ദീപക്കും രാജസ്ഥാനിലായിരുന്നു. ജീവിതത്തിലെന്നപോലെ മരണത്തിലും റാവു ഏകനായിരുന്നു.
റാവുവിന്റെ അന്തിമ യാത്രയ്ക്ക് പങ്കെടുക്കാൻ ഡൽഹിയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിലെ ഫോട്ടോഗ്രഫർമാർ മിക്കവരും വന്നെത്തി. പൃഥ്വിരാജ് റോഡിലെ ശ്മശാനത്തിൽ അപ്പോൾ ആറു ചിതകളെരിയുന്നുണ്ടായിരുന്നു. ചിതയൊരുക്കാനും വിറക് അടുക്കാനും എല്ലാവരും മകൻ ദീപക്കിന് കൈയാളായി സഹായിച്ചു.
പണ്ഡിറ്റ് (പുരോഹിതൻ) എത്താൻ വൈകിയപ്പോൾ, മകൻ ദീപക്ക് അച്ഛന്റെ കാലിൽപിടിച്ച് കരയുന്നതു കാണാമായിരുന്നു. ഒരു മകന് പിതാവിനോട് കാണുന്ന സ്നേഹത്തിന്റെ നേർക്കാഴ്ച. ആ കാലിൽ കെട്ടിപ്പിടിച്ച്, അപ്പനും മകനും മാത്രം മനസിലാകുന്ന ഭാഷയിൽ കരഞ്ഞുകൊണ്ട് അവനെന്തെല്ലാമോ പറയുന്നു. വേദന തോന്നി സമപ്രായക്കാരനായ എന്റെ മകനെ ഞാൻ അപ്പോൾ ഓർത്തു.
സരസ്വതി ചക്രവർത്തി, ഡൊമിനിക് ജോസഫ്, പി.ജി ഉണ്ണികൃഷ്ണൻ, (മാതൃഭൂമി), സി.എൻ. റാവു, സാബു സ്കറിയ (മാതൃഭൂമി), ഇപ്പോൾ അമേരിക്കയിലുള്ള സച്ചിൻ പ്രഭാകർ എന്നിവർക്ക് ശേഷമാണ് ഞാൻ ദീപികയിലെത്തിയത്.
വിഖ്യാത ഫോട്ടോഗ്രഫർ രഘു റായിയുമായി അടുത്ത സൗഹൃദമുള്ള റാവുവിനെ കുംഭമേളയും വൃന്ദാവനിലെ പ്രശ്സതമായ ഹോളി ആഘോഷം ചിത്രീകരിക്കാൻ പോകുന്പോളൊക്കെ റായി സർ റാവുവിനെയും വിളിക്കാറുണ്ടായിരുന്നു. എന്തോ ഭാഗ്യദോഷം റാവുവിന്റെ ജീവിതം അത്രയൊന്നും ശോഭനമല്ലായിരുന്നു.
ഇന്ദിരാഗാന്ധി മുതലുള്ള പ്രധാനമന്ത്രിമാരുടെ കാലം മുതൽ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അനുഭവക്കുറിപ്പുകളെഴുതിയിരുന്നെങ്കിൽ അത് മാധ്യമവിദ്യാർഥികൾക്ക് പുതിയ അറിവുകൾ പകർന്നേനെ, ഒന്നും പറയാതെ കുറിപ്പുകളൊന്നും എഴുതി സൂക്ഷിക്കാതെ അന്തർമുഖനായ റാവു പോയി. പ്രസ്ക്ലബിൽ ഇന്ത്യൻ വർക്കിംഗ് വിഷ്വൽ കാമറാമാൻ അസോസിയേഷൻ അനുസ്മരണം സംഘടിപ്പിച്ചിരുന്നു.
ജീവിതത്തിലെന്ന പോലെ മരണത്തിലും റാവു ഏകനായിരുന്നു, നല്ല ഫോട്ടോയ്ക്ക് വേണ്ടി ആരും തമ്മിൽ പോരിടിക്കാത്ത, ഒരു ഫ്രെയിമും പാഴാകാത്ത ഫോക്കസ് ഒൗട്ടാകാത്ത ഒരിടമുണ്ട് റാവു അവിടേക്ക് പോയിരിക്കുകയാണ്. വിട പ്രിയപ്പെട്ട റാവുസർ വിട..
തയാറാക്കിയത്:
ജോണ് മാത്യു
ഫോട്ടോഗ്രഫർ, ദീപിക ഡൽഹി ബ്യൂറോ