കൊറോണാ കാലത്തിലെ പാപമോചനശുശ്രൂഷ
Friday, April 10, 2020 12:49 PM IST
കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വൈദികന്റെ അടുക്കൽ പോയി കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് എങ്ങനെ പാപമോചനം നേടാനാവും? വിശുദ്ധ കുർബാന സ്വീകരണം സാധ്യമല്ലാത്ത ഈ സാഹചര്യത്തിൽ പാപമോചനം തേടേണ്ട അത്യാവശ്യമുണ്ടോ? ഓൺലൈനിലുള്ള അനുതാപ ശുശ്രൂഷയുടെ അവസാനം കാർമ്മികന് ആത്മീയമായി അതിൽ പങ്കു ചേരുന്ന പ്രേക്ഷകരായ വിശ്വാസികൾക്ക് പൊതുവായ പാപമോചനം നൽകാനാവുമോ?
സങ്കീർണ്ണങ്ങളായ പല ചോദ്യങ്ങൾ ഉള്ളതുകൊണ്ട്, പടിപടിയായി ഓരോന്നിനും മറുപടി നൽകാം. ആദ്യമേ തന്നെ ഒരു കാര്യം വ്യക്തമാക്കാം- വിശുദ്ധ കുമ്പസാരത്തിൽ വൈദികനോട് ഏറ്റുപറയാതെയും പാപമോചനത്തിനുള്ള സാധ്യതകൾ സഭ നൽകുന്നുണ്ട്. എന്നാൽ ആ പാപമോചനവും വി. കുമ്പസാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ആ കൂദാശയെകുറിച്ച് തന്നെ പറഞ്ഞു തുടങ്ങാം.
1. എന്താണ് വിശുദ്ധ കുമ്പസാരം?
പാപം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നു പോയ മനുഷ്യന് ദൈവത്തെ വീണ്ടും ആലിംഗനം ചെയ്യാനുള്ള കൂദാശയാണ് കുമ്പസാരം. മനസ്താപം, ഏറ്റുപറച്ചിൽ, പരിഹാരപ്രവർത്തികൾ- എന്നീ മൂന്നു കാര്യങ്ങൾ ചേരുമ്പോഴാണ് വി. കുമ്പസാരം പൂർണമാകുന്നത്. ഇതിൽ മുഖ്യ ഘടകം മനസ്താപം ആണ്.
2. എന്താണ് മനസ്താപം?
ചെയ്ത പാപത്തെക്കുറിച്ചുള്ള ദുഃഖവും അത് വെറുത്തു ഉപേക്ഷിക്കാനുള്ള മനസ്സും അത് ആവർത്തിക്കാതിരിക്കാനുള്ള ആഗ്രഹവുമാണ് "മനസ്താപം" (contrition) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പാപത്തിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിൽ നിന്ന് ചിലർക്ക് മനസ്താപം ഉയരാം; എന്നാൽ ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയാണ് മനസ്താപം ഉയരുന്നതെങ്കിൽ അതിനെ "പൂർണ്ണ മനസ്താപം" (perfect contrition) എന്ന് വിളിക്കുന്നു. പൂർണ്ണ മനസ്താപമാണ് അഭിലഷണീയമെങ്കിലും ഏതൊരു മനസ്താപവും വിശുദ്ധ കുമ്പസാരം സ്വീകരിക്കാൻ നമ്മെ യോഗ്യരാക്കുന്നു.
3. ലഘു പാപങ്ങളുടെ മോചനം, കുമ്പസാരം കൂടാതെ സാധ്യമാണോ?
പാപങ്ങളെ മാരകപാപം എന്നും ലഘുപാപം എന്നും വേർതിരിക്കാറുണ്ട്. ചെയ്യുന്ന തെറ്റിന്റെ ഗൗരവം, വ്യക്തിയുടെ പൂർണ്ണ അറിവ്, പൂർണ്ണ സമ്മതം- എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാപങ്ങളെ ഇങ്ങനെ വേർതിരിക്കുക. ലഘു പാപങ്ങൾ വിശുദ്ധ കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ് പാപമോചനം നേടുന്നത് വളരെ അഭിലഷണീയം ആണ്. എന്നിരുന്നാലും പൂർണ മനസ്താപം ഉണ്ടെങ്കിൽ, കുമ്പസാരം എന്ന കൂദാശ കൂടാതെയും ലഘുപാപങ്ങൾക്ക് പാപമോചനം ലഭിക്കുമെന്ന് സഭ പഠിപ്പിക്കുന്നു. നാം അനുദിനം ചെയ്യുന്ന ലഘു പാപങ്ങൾക്ക് ഓരോ വട്ടവും നാം അനുതപിച്ചു മാപ്പ് ചോദിക്കുമ്പോൾ ദൈവം നമുക്ക് പാപമോചനം നൽകുന്നു. അതായത്, ലഘു പാപങ്ങളുടെ മോചനം വി. കുമ്പസാരത്തിന് പുറമെയും ലഭ്യമാണ്.
4. ലഘു പാപങ്ങൾക്കുള്ളതു പോലെ, മാരക പാപങ്ങളും കുമ്പസാരം എന്ന കൂദാശയ്ക്കു പുറമേ മോചിക്കപ്പെടുമോ?
മാരക പാപത്തിൽ നിന്ന് മോചനം നേടാനുള്ള സാധാരണ മാർഗം കുമ്പസാരം എന്ന കൂദാശയാണ്. പാപമോചനത്തിനായി തീവ്രമായി ആഗ്രഹിക്കുന്ന ഒരു അനുതാപിക്ക് ഈ സാധാരണമാർഗ്ഗം അപ്പോഴത്തെ അവസ്ഥയിൽ അസാധ്യമാണെങ്കിൽ മറ്റൊരു മാർഗ്ഗം സഭ നിർദ്ദേശിക്കുന്നുണ്ട്. ചെയ്തു പോയ പാപങ്ങളെക്കുറിച്ച് പൂർണ്ണ മനസ്താപം ഉള്ള ഒരു വ്യക്തിക്ക്, ഏറ്റവും അടുത്ത അവസരത്തിൽ വി. കുമ്പസാരം എന്ന കൂദാശ സ്വീകരിച്ചു കൊള്ളാം എന്ന് ദൃഢനിശ്ചയമുണ്ടെങ്കിൽ, അപ്പോൾ തന്നെ മാരകപാപം ഉൾപ്പെടെയുള്ള എല്ലാ പാപത്തിൽ നിന്നും അദ്ദേഹത്തിന് പാപമോചനം ലഭിക്കുന്നതാണന്ന് സഭ ഓർമ്മിപ്പിക്കുന്നു (CCC 1452). വൈദികരുടെ അഭാവം മൂലം കുമ്പസാരം സ്വീകരിക്കുവാൻ സാധിക്കാത്ത എല്ലാ അവസരങ്ങളിലും, പ്രത്യേകിച്ച് രോഗികൾക്കും മരണാസന്നർക്കും, ഈ രീതിയിലുള്ള പാപമോചനം സ്വീകരിക്കാവുന്നതാണ്. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഈ വിധമുള്ള പാപമോചനം കൂടുതൽ പ്രസക്തവും ചർച്ചാ വിഷയവുമായി എന്നുമാത്രം.
വൈദികന്റെ സാന്നിധ്യം കൂടാതെ അനുതാപിക്ക് ദൈവത്തിൽ നിന്ന് നേരിട്ടു ലഭിക്കുന്ന പാപമോചനമാണിത്. വിശുദ്ധ കുമ്പസാരം കൂടാതെ തന്നെ, ആ കൂദാശയുടെ ഫലങ്ങൾ അനുതാപിക്ക് ഇവിടെ ലഭിക്കുന്നു. ഇത് കൗദാശിക പാപമോചനം അല്ലെങ്കിലും (non-sacramental absolution), ഈ പാപമോചനത്തെ കുമ്പസാരം എന്ന കൂദാശയിൽ നിന്നും വേർപെടുത്തി കാണാനാവില്ല. കാരണം, ഏറ്റവും അടുത്ത അവസരത്തിൽ കുമ്പസാരിക്കാം എന്നുള്ള തീരുമാനത്തിലാണ് ഇതിൻറെ ഫലദായകത്വം നിലകൊള്ളുന്നത്. കുമ്പസാരം എന്ന കൂദാശ എത്രയും വേഗം സ്വീകരിക്കാൻ അനുതാപിയെ നിർബന്ധിക്കുന്നതാണ് സഭ നൽകുന്ന ഈ അവസരം. അതായത്, കുമ്പസാരമെന്ന കൂദാശയിൽ വിശ്വാസം ഇല്ലാത്ത ഒരു വ്യക്തിക്ക് ഈ വിധമുള്ള പാപമോചനം നേടാൻ ആവില്ല എന്നു വിവക്ഷ.
5. വൈദികനെ കൂടാതെയുള്ള ഈ പാപമോചനം നേടാൻ എന്തൊക്കെ കാര്യങ്ങളാണ് ഒരു വിശ്വാസി ചെയ്യേണ്ടത്?
മേൽ പ്രസ്താവിച്ചതു പോലെ, (1) എല്ലാറ്റിലും ഉപരിയായ ദൈവത്തോടുള്ള ഉള്ള സ്നേഹത്തിൽ നിന്നും ഉയരുന്ന പൂർണ്ണ മനസ്താപം, (2) ആ മനസ്താപത്തെ പ്രകടമാക്കുന്ന അനുതാപിയുടെ ഒരു പാപമോചന യാചന ( ഉദാ. മനസ്താപപ്രകരണം), (3) ഏറ്റവും അടുത്ത അവസരത്തിൽ കുമ്പസാരിക്കാനുള്ള ദൃഡനിശ്ചയം എന്നീ ഉപാധികളാണ് ഈ വിധമുള്ള പാച മോചനം നേടാനുള്ള അവശ്യ വ്യവസ്ഥകൾ. വിശുദ്ധ കുമ്പസാരം സ്വീകരിക്കുമ്പോൾ അനുതാപി നടത്തുന്ന എല്ലാ ഒരുക്കങ്ങളും പ്രാർത്ഥനകളും ഈ രീതിയിലുള്ള പാപമോചനത്തിലും നല്ലതാണെന്നു പറയേണ്ടതില്ലല്ലോ.
6. വിശുദ്ധ കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും അസാധ്യമായ ഇന്നത്തെ സാഹചര്യത്തിൽ ഇപ്രകാരമുള്ള പാപമോചനത്തിന്റെ (non-sacramental absolution) അത്യാവശ്യമുണ്ടോ ? പിന്നീട് മനസ്തപിച്ച് കുമ്പസാരിച്ചാൽ പോരെ ?
രക്ഷയുടെ നീർച്ചാലാണ് കൂദാശകൾ; എന്നാൽ കൂദാശകൾ സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ജീവിക്കുന്നവർ അതിനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് രക്ഷയുടെ ഫലങ്ങൾ ദൈവം നൽകുക തന്നെ ചെയ്യും. വിശുദ്ധ കുർബാനയും ദിവ്യകാരുണ്യവും കൗദാശികമായി സ്വീകരിക്കാൻ അസാധ്യമായവർക്ക്, അവരുടെ ഒരുക്കത്തിന്റെയും യോഗ്യതയുടെയും ആഗ്രഹത്തിന്റെയും തോതനുസരിച്ച്, ആത്മീയ ഫലങ്ങൾ ദൈവം നൽകാതെയിരിക്കുന്നില്ല. വിശുദ്ധ കുമ്പസാരം കൂടാതെ തന്നെ അതിൻറെ ആത്മീയ ഫലം ( പാപമോചനം) എങ്ങനെ നേടാനാവും എന്ന് നാം കണ്ടു കഴിഞ്ഞു. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കാത്ത വ്യക്തികൾ അതിനായി ആഗ്രഹിക്കുമ്പോൾ, അവരുടെ ഒരുക്കത്തിനും യോഗ്യതയ്ക്കും അനുസൃതമായി ആ കൂദാശയുടെ ആത്മീയ ഫലങ്ങൾ അവർക്കു ലഭിക്കുമെന്ന് സൂചിപ്പിക്കുവാൻ സഭ ഉപയോഗപ്പെടുത്തുന്ന ആത്മീയ പദാവലിയാണ് "അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണം" (Spiritual Communion). വിശുദ്ധ കുർബാനയ്ക്ക് അണയുമ്പോൾ ആവശ്യമായ അതേ യോഗ്യതകൾ, ദൈവവുമായി അനുരഞ്ജനപെട്ട അവസ്ഥ, ഉണ്ടെങ്കിലേ ഇപ്രകാരമുള്ള ആത്മീയ ഫലങ്ങൾ ആരാധകന് ലഭിക്കുകയുള്ളൂ. പാപമോചനം നേടി ദൈവവുമായും സഭയുമായും അനുരഞ്ജന പെടുമ്പോൾ മാത്രമാണ് നമ്മുടെ പ്രാർത്ഥനയും ആരാധനയും അരൂപിക്കടുത്ത ദിവ്യകാരുണ്യ സ്വീകരണവും ഫല ദായകമാകുന്നത്. ഇല്ലായെങ്കിൽ കുടം കമഴ്ത്തി വെള്ളം ഒഴിക്കുന്നത് പോലെ നമ്മുടെ എല്ലാ ചെയ്തികളും നിരർഥകം ആകും. ദൈവാനുഗ്രഹങ്ങളെ തുറന്നിടുന്ന വാതിലാണ് പാപമോചനം.
വിശുദ്ധ വാരത്തിൽ ഈശോയുടെ പെസഹാ രഹസ്യങ്ങളിൽ പങ്കുചേരാനുള്ള ആദ്യപടി , പാപത്തെക്കുറിച്ച് മനസ്തപിച്ച് പാപമോചനം നേടി ദൈവവുമായി അനുരഞ്ജന പെടുക എന്നതാണ്. നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച ഈശോയുടെ മരണത്തിൽ നാം പങ്കു ചേരുന്നത് നാമും ഈശോയോടൊപ്പം നമ്മുടെ "പാപത്തിൽ മരിക്കുമ്പോഴാണ്" (1 പത്രോ 2:24). വിശുദ്ധ കുമ്പസാരം അസാധ്യമായ ഈ വർഷത്തെ വിശുദ്ധ വാരത്തിൽ ഈശോയുടെ മരണ ഉത്ഥാനങ്ങളിൽ പങ്കു ചേരാനുള്ള ഏക മാർഗ്ഗം ഈ കൂദാശ ഇതര പാപമോചനത്തിലൂടെ ഈശോയുമായി ഐക്യപ്പെടുക എന്നതാണ്. ഇപ്പറഞ്ഞത് വിശ്വാസികളുടെ അത്മീയ ജീവിതത്തിന് ഇത്ര പ്രസക്തമായതുകൊണ്ടാണ് ഈ ദീർഘ ലേഖനം എഴുതാൻ മുതിർന്നത്.
7. വിശ്വാസികളുടെ ഒരു സമൂഹത്തിന് ഒന്നിച്ച് പൊതുവായ പാപമോചനം (general absolution) നൽകാനാവുമോ ? കോവിഡ്-19ന്റെ സാഹചര്യത്തിൽ അത് ലഭിക്കുമോ ?
കുമ്പസാരം എന്ന കൂദാശ സാധാരണ രീതിയിൽ വ്യക്തിഗതമായിട്ടാണ് (individually) പരികർമ്മം ചെയ്യാറുള്ളത്. എന്നാൽ, ചില അടിയന്തര സാഹചര്യങ്ങളിൽ ഈ കൂദാശ പല വ്യക്തികൾക്ക് ഒരുമിച്ച് അവരുടെ വ്യക്തിഗത ഏറ്റുപറച്ചിൽ കൂടാതെ പൊതു പാപമോചനം (general absolution) നൽകി നടത്തുവാൻ സഭ വൈദികരെ അനുവദിക്കാറുണ്ട്. എല്ലാവരുടെയും കുമ്പസാരം ഒറ്റയ്ക്കൊറ്റക്ക് കേൾക്കാൻ സാധിക്കാതെ വരുന്ന അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം സഭ അനുവദിക്കുന്ന ഒരു കർമ്മം ആണിത് (CCEO 720). വളരെ വിരളമായേ ഈ സാധ്യത സഭ ഉപയോഗിക്കാറുള്ളൂ.
കൂദാശ ഇതര പാപമോചനത്തിൽ നാം വിശദീകരിച്ച വ്യവസ്ഥകൾ തന്നെ ഈ പൊതു പാപമോചന ക്രമത്തിനും ബാധകമാണ്. അതായത്, മനസ്താപവും അടുത്ത അവസരത്തിൽ കുമ്പസാരിക്കാനുള്ള സന്നദ്ധതയും. എന്നാൽ പൊതു പാപമോചനത്തിന് അടിസ്ഥാനപരമായ ഒരു സവിശേഷതയുണ്ട്. അത് ഒരു കൂദാശയാണ്, കുമ്പസാരം എന്ന കൂദാശയുടെ ഒരു അസാധാരണ പരികർമ്മമാണ്.
കോവിഡ്-19 രോഗവ്യാപനം കൊണ്ടുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥ രൂക്ഷമായ സ്ഥലങ്ങളിൽ പൊതു പാപമോചനം നൽകാൻ മതിയായ സാഹചര്യമുണ്ടെന്ന് പരിശുദ്ധ സിംഹാസനം പ്രസ്താവിക്കുക യുണ്ടായി (19.3.2020). ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ, കുമ്പസാരിക്കുവാൻ സാധിക്കാത്ത വിശ്വാസികളുള്ള പ്രദേശങ്ങളെ ഉദ്ദേശിച്ചല്ല, മറിച്ച് രോഗാവസ്ഥയിലും മരണാവസ്ഥയിലും ഉള്ള അനേകം വിശ്വാസികൾ ഉള്ള പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് പരിശുദ്ധ സിംഹാസനം ഇപ്രകാരം പ്രസ്താവിച്ചത്. പൊതു പാപമോചനത്തിനുള്ള അധികാരം രൂപതാധ്യക്ഷന്മാർ തങ്ങളുടെ രൂപതാ അതിർത്തിയിൽ ഉപയോഗിക്കുമ്പോൾ മെത്രാൻ സമിതിയുമായി ആലോചിക്കണമെന്നും സഭാനിയമം നിഷ്കർഷിക്കുന്നു. കേരളത്തിൽ പൊതു പാപമോചനം നൽകേണ്ട സാഹചര്യമുള്ളതായി സഭാനേതൃത്വം പറഞ്ഞതായി അറിവില്ല.
8. ലൈവ് സ്ട്രീമിംഗ് വഴിയുള്ള അനുതാപശുശ്രൂഷയിൽ പങ്കെടുത്താൽ പൊതു പാപമോചനം (general absolution) ലഭിക്കുമോ?
ഇല്ല. പൊതു പാപമോചനം ഒരു കൂദാശയായതിനാൽ ഓൺലൈൻ വഴി അത് പരികർമ്മം ചെയ്യാനാവില്ല. വ്യക്തിഗത കുമ്പസാരവും ഫോൺ വഴിയോ വീഡിയോ കോൾ വഴിയോ പരികർമ്മം ചെയ്യാനാവില്ല. പൊതു പാപമോചനം എന്നത് വി. കുമ്പസാരം എന്ന കൂദാശയുടെ അസാധാരണ പരികർമ്മം ആയതിനാൽ അതിൽ പങ്കു ചേരുന്ന വ്യക്തികളും കാർമ്മികനും തമ്മിൽ, മറ്റേതൊരു കൂദാശയിലും ഉള്ളതു പോലെ, ഒരു വിധത്തിലുള്ള സ്ഥലകാല സാമീപ്യം (physical presence) അനിവാര്യമാണ്.
ഓൺലൈൻ വഴിയുള്ള പ്രസംഗങ്ങളും ഗീതങ്ങളും പ്രാർത്ഥനാ ശുശ്രൂഷകളും
ഒരു വ്യക്തിയെ പൂർണ്ണ മനസ്താപത്തിലേക്കും പാപ ബോധത്തിലേക്കും അതുവഴി കൂദാശ ഇതര പാപമോചനത്തിലേയ്ക്കും (non-sacramental absolution) നയിക്കുമെങ്കിൽ, അതിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ഇന്ദ്രിയ തലത്തിൽ നിന്നും ആന്തരിക കാഴ്ചയിലേക്ക് ഉയരുന്നതാണ് യഥാർത്ഥ ആത്മീയ വളർച്ച.
ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായം കൂടാതെ തന്നെ അനുതപിക്കുവാനും പാപമോചനം നേടുവാനും സാധിക്കുന്നത് ഒരു വിശ്വാസിയുടെ ആത്മീയ വളർച്ചയുടെ സൂചികയാണ്. ഈശോയെ കൗദാശികമായി സ്വീകരിക്കുവാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ, ഈശോയെ കാണാനുള്ള ആവേശം മൂലം TV യിലും ഫോണിലും അവനെ ഏറെ തിരയേണ്ടതുണ്ടോ? പ്രാർത്ഥനാപൂർവ്വം ഒന്നു കണ്ണടച്ചാൽ അവൻ നമ്മുടെ മുമ്പിലില്ലേ! വിശ്വാസത്തിന്റെ കണ്ണുകൾ തുറന്നാൽ പാപമോചകനായ ഈശോയെ ആവോളം കാണാനാവും, അവന്റെ സാമീപ്യ സുഖവും സൗഖ്യവും നേടാനാവും. ബഥാനിയായിലെ മറിയത്തെ പോലെ ആ നല്ലഭാഗം ഈ കൊറോണ കാലത്തു നമുക്കു തെരഞ്ഞെടുക്കാം.
ഫാ. ജോസഫ് ആലഞ്ചേരി
പെസഹാവ്യാഴം 2020
ചങ്ങനാശേരി അതിരൂപത