ഒരു പള്ളീലച്ചൻ തനിച്ചായപ്പോൾ..!
Wednesday, April 8, 2020 4:33 PM IST
ഏകാന്തതയുടെ ശബ്ദത്തിനു ഭാഷയേതാണ്? സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം അള്‍ത്താരയിലെ ക്രൂശിതരൂപത്തിനു മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തിയെഴുന്നേല്ക്കുമ്പോള് ഒരു പ്രാവിന്റെ കുറുകല്‍ പോലെയാണ് ആ ചോദ്യം എന്നിലേക്ക് എത്തിയത്.
പള്ളിയില്‍ തനിച്ചാണു ഞാന്‍! സ്ഫടിക തൊങ്ങലുകള് ചാര്‍ത്തിയുറങ്ങുന്ന കമാനത്തിലെ ദീപവിതാനങ്ങള്‍ കണ്ണുചിമ്മിയിട്ട് ഏറെ നാളായി. ഒരു മെഴുകുതിരിനാളത്തിന്റെ നരച്ച വെളിച്ചം മതിയായിരുന്നു എനിക്ക്. ആ വെളിച്ചത്തില്‍ ക്രൂശിതരൂപത്തിനു കൂടുതല്‍ ആര്‍ദ്രത, സഹനത്തിന്റെ തീക്ഷ്ണത എനിക്കു വായിക്കാനാകുന്നുണ്ട്. പീഡാസഹനത്തിന്റെ വേദന രക്തമായി പൊഴിയുന്ന ആ കണ്ണുകളില്‍ സ്നേഹം നിലാവായി പെയ്യുന്നു. അനന്തരം ഞാനും ക്രൂശിതനും മാത്രം.
കുഞ്ഞേ...
ചെറുശബ്ദം. ഇതിലും കാരുണ്യത്തോടെ ആരെയും വിളിക്കാനാവാത്ത അനുപമമായ നാദം.
എവിടെനിന്നാണത്? എന്റെ നാഥന്റെ ചുണ്ടുകളില്‍ നിന്നോ?
കുഞ്ഞേ....
ഏകാന്തതയുടെ ശബ്ദവും ഭാഷയും പ്രതീക്ഷയാണ്. ഗത്സമേനിലെ ഏകാന്തതയില്‍ അതറിഞ്ഞിട്ടുണ്ട്. ഒരാള്‍ ഒറ്റിക്കൊടുത്തപ്പോള്‍, എല്ലാവരാലും പരിത്യക്തനായപ്പോള്, പ്രിയശിഷ്യര്‍ പോലും അകലം പാലിച്ചപ്പോള്‍ അറിയുകയായിരുന്നു ഏകാന്തതയുടെ ശബ്ദം. അതെ അതു പ്രതീക്ഷയാണ്. പ്യൂപ്പെയില് ശലഭം പോലെ, പൂവില്‍ സുഗന്ധം പോലെ, വിത്തില്‍ വൃക്ഷം പോലെ ഏകാന്തത പ്രതീക്ഷയായി കാത്തിരിക്കുന്നു.
കാറ്റിന്റെ ആലിംഗനം പോലെ തോളിലൊരു മൃദുസ്പര്‍ശം. കുളിരിന്റെ ഒരു തുള്ളിയില്‍ സ്നേഹം നിറയുന്നു. ദേഹി തുളുമ്പുന്നു.. എന്റെ നാഥാ... എന്റെ കണ്ണുകള്‍ നിറഞ്ഞു.
പള്ളിമുറ്റത്തിന്റെ പരിഭവം
പെറുക്കിയെടുക്കാന്‍ ആളില്ലാതെ പഴുത്തു വീണ ഞാവല്‍ പഴങ്ങള്‍...! കൊറോണക്കാലത്തെ സങ്കടസ്മൃതി പറയാന്‍ ആരെയോ കാത്തുകിടക്കുന്ന ആ ഞാവല്‍ പഴങ്ങള്‍ മതിയായിരുന്നു. അതെ, ആളുകളില്ലാത, അനക്കങ്ങളില്ലാതെ.. നിശബ്ദമായ പള്ളിയും പള്ളിമുറ്റവും.
ആത്മീയതയുടെ ആഘോഷത്തിനുമപ്പുറം എത്രമേല്‍ മനോഹരമായിരുന്നു ഇന്നലെയോളം പള്ളിയും പരിസരങ്ങളും. മഴയിലും മഞ്ഞിലും അതിരാവിലെയുള്ള ദിവ്യബലിക്കായി അതീവതാത്പര്യത്തോടെ പള്ളിയിലേക്കേത്തുന്നവര്, ഒഴിവുവേളകളില്‍ സൊറ പറഞ്ഞിരിക്കാന്‍ വരുന്നു കുട്ടിക്കൂട്ടം. വികാരിയച്ചനെ കാണുമ്പോള്‍ ഓടിയെത്തി സന്തോഷത്തോടെയുള്ള സ്തുതി പറച്ചിലുകള്‍, കളിക്കാനും കൂട്ടുകൂടാനുമെപ്പോഴുമുള്ള അള്ത്താരബാലന്മാര്, സായാഹ്നങ്ങളില്‍ കായികപരിശീലനത്തിനായി എത്തുന്ന യുവാക്കള്‍...
കൊറോണയുടെ അപ്രതീക്ഷിത വരവില്‍ പെട്ടെന്ന് എല്ലാം നിലച്ചു. ജീവിതം ലോക്ക് ഡൗണായ നാളുകള്‍... ആകുലതകള്‍ പരക്കംപായുന്ന ടൗണിന്റെ മധ്യത്തില്‍ ദേവാലയവും ഞാനും മാത്രം.!
എന്നാണച്ചാ നമ്മുടെ പള്ളിയില്‍ ഇനിയൊരു കുര്‍ബാനയില്‍ പങ്കെടുക്കാനാവുക?
ഇടയ്ക്കു കണ്ടുമുട്ടുന്നവര്‍ക്കു ചോദിക്കാന്‍ ഇതു മാത്രം.
അള്‍ത്താരയിലെ ആകുലത
ശൂന്യമായ പള്ളിയകത്തെ ബഞ്ചിലിരുന്നു അള്‍ത്താരയിലേക്കു നോക്കുമ്പോഴും ആകുലതകളുടെ ചോദ്യങ്ങളേറെയാണു മനസില്‍. അവിടെ കത്തിയെരിയുന്ന മെഴുകുതിരികളില്ല, നിറമുള്ള പൂക്കളില്ല... വിജനമായ അള്‍ത്താര.
അതൃപ്തിയും അസ്വസ്ഥതയും ആകുലതയും കുറവുകളുമെല്ലാം മനസിലൊതുക്കി ക്രൂശിതന്റെ മുഖത്തേക്കു നോക്കി. എനിക്കു ചുറ്റുമുള്ളവരുടെ ആകുലതകളും ചോദ്യങ്ങളുമെല്ലാം അവനോടു പങ്കുവച്ചു. തിരുമുഖത്തൊളിപ്പിച്ച ചെറുപുഞ്ചിരിയില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമുണ്ടെന്നു ഞാന്‍ അറിഞ്ഞു.
"നിങ്ങള്‍ക്കായി എല്ലാം നഷ്ടമാക്കി കുരിശിലേറിയവനാണു ഞാന്‍. ഇതിനേക്കാള്‍ നല്ല മുഖപ്പകര്‍ച്ച എനിക്കു സമ്മാനിക്കാമായിരുന്നു. കുരിശില്ലാത്ത, ചോരയില്ലാത്ത, മുറിവില്ലാത്ത, തലകുനിക്കാത്ത ഒരു രൂപം. പക്ഷേ ഞാനിതു നിങ്ങള്‍ക്കായി ചോദിച്ചുവാങ്ങിയതാണ്. ഇത്രത്തോളമൊന്നും നിങ്ങള്‍ സഹിക്കുന്നില്ലല്ലൊ...!
നിങ്ങളുടെ ചില ശീലങ്ങള്‍, കണ്ടു തഴമ്പിച്ച ചില കാഴ്ചകള്‍, ഉറച്ചുപോയ ചില ചിന്തകള്‍ ഇതൊക്കെ നിങ്ങള്‍ക്കും സമൂഹത്തിനും വേണ്ടിയൊന്നു മാറാനല്ലെ ഇപ്പോഴും പറയുന്നുള്ളൂ. എന്നിട്ടും അതുപോലും...!
കുരിശിന്റെ വഴി
നാല്പതാം വെള്ളിയാഴ്ച എന്റെ നാഥന്റെ ഭാരമേറിയ കുരിശുവഹിച്ചും വീണും എണീറ്റും രക്തം തൂകിയും നടത്തിയ പീഡാനുഭവയാത്രയില്‍ പങ്കുചേരാന്‍ ഇടവകാംഗങ്ങള്‍ ഇന്നാരുമില്ല. വലിയ നോമ്പിലെ ഉള്ളു പൊള്ളിക്കുന്ന സങ്കടങ്ങളിലൊന്ന് അവരൊന്നുമില്ലാതെ ക്രിസ്തുവിന്റെ പീഡാനുഭവ സ്മൃതികളിലൂടെ സഞ്ചരിക്കുകയാണ്. ഉള്ളില്‍ സങ്കടത്തിന്റെ കടല്‍ സംവഹിച്ച് അവര്‍ വീട്ടകങ്ങളിലുണ്ട്.
തനിയേ പള്ളിയുടെ വലിയ മിനാരങ്ങള്‍ക്കു താഴെ പതിനാലിടങ്ങളില്‍ മുട്ടുകുത്തിയും വണങ്ങിയും തനിച്ചു പീഡാനുഭവയാത്ര നടത്തുമ്പോള്‍, ഉയിര്‍പ്പിന്റെ പ്രത്യാശയിലേക്കു ചിറകുവിടര്‍ത്തുന്ന സ്വര്ഗാനുഭവത്തിന്റെ വിശുദ്ധവാരത്തിലും ഞാന്‍ ഒറ്റയ്ക്ക് എന്ന സങ്കടത്തിനു മറുപടിയില്ല.
വിജനതയിലെ കുരുത്തോല
ഓശാന വിളികളുടെ കുരുത്തോല പെരുന്നാളിന് ഇക്കുറി വിജനതയാണ് അകമ്പടി. മനോഹരമായ കുരുത്തോല നിരകള്‍ പള്ളിയിലേക്കു പ്രദക്ഷിണണമായെത്തുന്നില്ല. വാതിലുകള്‍ മുട്ടുന്നില്ല, ശിരസുയര്ത്തുന്നുമില്ല... ! പള്ളിയകത്തെങ്കിലും, അള്‍ത്താരയില്‍ നിന്ന് അരുതെന്നു പറയുമ്പോഴും, കൈയിലെ കുരുത്തോലയില്‍ കലയും കവിതയുമെഴുതുന്ന കുഞ്ഞുങ്ങളും മുതിര്‍ന്നവരും... ശൂന്യമായ പള്ളിയകത്തിരുന്ന് ഓശാനയോര്മകള് പങ്കുവയ്ക്കണം.
നാഥനെ കണ്ടെത്തേണ്ടത്
നിശബ്ദതയിലും ഏകാന്തതയിലും ഞാന്‍ എന്റെ നാഥനെ എവിടെയാണു കണ്ടെത്തേണ്ടത്? ടോള്‍സ്റ്റോയിയുടെ ചെരുപ്പുകുത്തിയുടെ അരികിലെന്നപോല്‍, പല വേഷങ്ങളില്‍ പല സമയത്തു പല ആവശ്യങ്ങളുമായി അവന് വന്നിരുന്നു. അപ്പോഴൊന്നും അവനെ കണ്ടെത്താനുള്ള ക്ഷമ എനിക്കുണ്ടായില്ല. എന്റെ സമയം, സ്വാതന്ത്ര്യം, സമ്പത്ത്, കഴിവുകള്‍ അതൊന്നും അപരനെയും അപരനിലെ ദൈവത്തെയും കണ്ടെത്തുന്നതിനേക്കാള്‍ എത്രയോ വലുതായിരുന്നു എനിക്ക്.!
എന്നിട്ടും ഇപ്പോഴും ഞാന്‍ നിന്റെ ചാരത്തുണ്ടെന്നു പറഞ്ഞ് ഇരുകൈയും നീട്ടി തന്റെ മാറിലേക്കു ചേര്‍ത്തു നിര്‍ത്താന്‍ പുഞ്ചിരിയോടെ നടന്നടുക്കുന്നവനെ എനിക്കു കാണാനാവുന്നുണ്ടോ?
കടന്നുപോകും
കൊറോണക്കാലത്തിന്റെ ആകുലതകളും കടന്നുപോകുമെന്ന പ്രത്യാശയുടെ വാക്കുകള്‍ ചുറ്റും അലയടിക്കുന്നുണ്ട്. അങ്ങനെ കടന്നുപോകുന്ന കാലം എന്നില്‍ എന്തു മാറ്റമുണ്ടാക്കിയെന്ന ചോദ്യം കാത്തിരിപ്പുണ്ട്. അഴിച്ചുവച്ച ജാഗ്രതയുടെ മുഖാവരണത്തിനും നിര്ബന്ധമൊഴിഞ്ഞ സാമൂഹ്യ അകലത്തിനുമപ്പുറം കൊറോണക്കാലം കടന്നുപോകുമ്പോള്‍ എന്നിലെന്തുണ്ട് കാലം അടയാളപ്പെടുത്തിയ നന്മ.?
സങ്കടമാണു നമ്മെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല ഔഷധം. ലോകം മുഴുവനും നിറഞ്ഞുപെയ്യുന്ന സങ്കടമഴയില്‍ മനുഷ്യന് കുറച്ചുകൂടി ആര്ദ്രമാനസരായി മാറിയെങ്കില്‍. അല്പം കൂടി കരുണാര്‍ദ്രമായ നയനങ്ങളോടെ അപരനെ കാണാനായെങ്കില്‍. സ്നേഹത്തിന്റെ നിലാമഴകള്‍ നിരന്തരം പെയ്തിരുന്നെങ്കില്‍...
ക്രൂശിതന് ഓര്‍മിപ്പിച്ചതും മറ്റൊന്നല്ല
"ദുഖവും ആകുലതയും വേണ്ട. എല്ലാ നന്മകളും തിരിച്ചെത്തും. അപ്പമായി ഞാനിപ്പോള്‍ നിങ്ങളിലേക്കെത്തുന്നില്ലെങ്കിലും, ഏകാന്തതയിലും സഹനങ്ങളിലും സങ്കടങ്ങളിലും എന്നെ തിരിച്ചറിയാനും അനുഭവിക്കാനും ആസ്വദിക്കാനും സ്വന്തമാക്കാനും നിങ്ങള്‍ക്കാകും. അവിടെ ദൈവരാജ്യത്തിന്റെ സമൃദ്ധിയുണ്ട്.. സങ്കടകാലം കടന്നുപോകുക തന്നെ ചെയ്യും.’
ക്രൂശിതന്റെ ഉത്തരത്തില്‍ എല്ലാം ഉണ്ടായിരുന്നു; എല്ലാം.... !!
ഫാ. ജോണ്‍ പുതുവ