മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും ശ്രദ്ധയ്ക്ക്
Friday, April 3, 2020 12:41 PM IST
1. മാനസികാരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ വീട്ടിൽ തന്നെ തുടരുക. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. സർക്കാർ അതതു സമയത്തു തരുന്ന നിർദേശങ്ങൾ പാലിക്കുക.
2. മരുന്നുകൾ ഡോക്ടർ നിർദേശിച്ചതുപോലെ തുടരുക. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകളുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ നിർത്തുകയോ ചെയ്യരുത്.
3. സാധ്യമെങ്കിൽ നിങ്ങളെ ചികത്സിക്കുന്ന ഡോക്ടറുമായി ഫോണിൽ സംസാരിച്ചു നിർദേശങ്ങൾ സ്വീകരിക്കുക.
4. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ പുതുതായി ഉണ്ടാവുകയാണെങ്കിൽ ഉടനെ വീട്ടുകാരെ വിവരം ധരിപ്പിക്കുകയോ ചികിത്സ നല്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയോ ചെയ്യുക.
5. പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരാണെങ്കിൽ അവിടെ നിന്നുള്ള ഉപദേശങ്ങൾ യഥാവിധി സ്വീകരിക്കുക.
6. വീട്ടിലെ സാഹചര്യത്തിനനുസരിച്ച് ദിനചര്യകൾ പാലിക്കുക. ജീവിതരീതി മാറുന്നതുകൊണ്ട് വീട്ടിലെ ജീവിതത്തിനു പുതിയ ഒരു സമയക്രമം ഉണ്ടാക്കിയെടുക്കുക. അത് ആത്മാർഥമായി പിൻതുടരുക.
7. വീട്ടിൽവച്ച് ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾ ചെയ്യുക. കൂടുതൽ സമയം ഫോണ്, ടിവി എന്നിവ ഉപയോഗിക്കാതിരിക്കുക.
8. ഭക്ഷണകാര്യത്തിൽ മിതത്വം പാലിക്കുക. സമീകൃതാഹാരം കഴിക്കുക. നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുക. ഇലക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.
9.പുകവലിയും മദ്യപാനവും പൂർണമായും ഒഴിവാക്കുക.
10. കിടക്കയിൽ കിടന്നുള്ള ഫോണ്, ടിവി ഉപയോഗം, രാത്രിയുള്ള ചായ, കാപ്പി തുടങ്ങി ഉറക്കത്തെ ബാധിക്കുന്ന ശീലങ്ങൾ ഒഴിവാക്കുക.
11. കൂടുതൽ നേരം ഉറക്കം, പകൽസമയത്തുള്ള ഉറക്കം എന്നിവ ഒഴിവാക്കുക.
12. നിങ്ങൾക്ക് ഉത്കണ്ഠയോ വിഷമമോ ഉണ്ടാക്കുന്ന വാർത്തകൾ കഴിവതും ഒഴിവാക്കുക. ഒരു ദിവസം ഒന്നോ രണ്ടോ തവണ നിർദിഷ്ട സമയങ്ങളിൽ മാത്രം വിവരങ്ങൾ അന്വേഷിച്ചറിയുക. ശരിയായ വസ്തുതകൾ വേർതിരിച്ചറിയാൻ സർക്കാർ വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാത്രം വിവരങ്ങൾ അറിയുക.
13. പകൽ വീടിനുള്ളിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. ഇതിനായി സാധ്യമായ സാഹചര്യങ്ങളിൽ വാതിൽ, ജനൽ, കർട്ടനുകൾ എന്നിവ തുറന്നിടുക.
14. മാനസികാരോഗ്യത്തിനു സാമൂഹിക ബന്ധങ്ങൾ അത്യാവശ്യമായതിനാൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം നിലനിർത്തുക.
15. മാനസികാരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയുടെ വ്യക്തിശുചിത്വം കുടുംബാംഗങ്ങൾ ഉറപ്പുവരുത്തുക. മരുന്നുകൾ യഥാസമയം കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
16.നിങ്ങൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ നിങ്ങൾക്കുണ്ടാകാവുന്ന ദേഷ്യം, സങ്കടം, വെറുപ്പ് തുടങ്ങിയവ അനാരോഗ്യകരമായ രീതിയിൽ മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരോടു പ്രകടിപ്പിക്കാതിരിക്കുക.
17.ഏതു രോഗത്തിനായാലും ഒരു പുതിയ ചികിത്സാ ടീമിന്റെ സേവനം സ്വീകരിക്കേണ്ടിവന്നാൽ അവർക്ക് എല്ലാ ചികിത്സാരേഖകളും നല്കണം.
18.രോഗലക്ഷണങ്ങൾ കൂടുന്നുവെങ്കിൽ ഉടനെതന്നെ ചികിത്സിക്കുന്ന ഡോക്ടറുമായോ മറ്റു ചികിത്സാ ടീം അംഗങ്ങളുമായോ ചർച്ച ചെയ്യുക.
കോവിഡ് 19 രോഗലക്ഷണങ്ങളുള്ള മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കുക
1.മുലയൂട്ടുന്ന സമയം നിർബന്ധമായും മാസ്ക്ക് ധരിക്കുക.
2. കുഞ്ഞിനെ പരിചരിക്കും മുന്പും ശേഷവും കൈ വൃത്തിയാക്കുക.
3. അമ്മയും കുഞ്ഞും സന്പർക്കം പുലർത്തുന്ന ഇടങ്ങൾ പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.
4. കുഞ്ഞിനെ ഉമ്മ വയ്ക്കുവാൻ പാടില്ല.
5. അമ്മയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങൾ അണുനശീകരണ ലായനിയിൽ ഇട്ടു വച്ച ശേഷം കഴുകി വെയിലിൽ ഉണക്കി എടുത്തുവയ്ക്കുക.
6. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക
ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മുറിയിലേക്കു സഹായത്തിനായി വരുന്നവരുണ്ടെങ്കിൽ അവർക്ക് ഉപയോഗിക്കാൻ മുറിക്കു പുറത്ത് സാനിറ്റൈസർ കരുതണം.
2. അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ള മുറി തെരഞ്ഞെടുക്കുന്നത് അഭികാമ്യം
3.പുറത്തുള്ള ശുചിമുറി ഉപയോഗിക്കുകയാണെങ്കിൽ അത് മറ്റുള്ളവർ ഉപയോഗിക്കരുത്.
4.വായൂസഞ്ചാരമുള്ള മുറിയാകണം.
5.പകൽസമയം ജനാലകൾ തുറന്ന് വായൂസഞ്ചാരം ഉറപ്പാക്കണം.
6.എസി പാടില്ല.
വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്