കൊറോണക്കാലത്ത് കുട്ടിക്കുറുന്പുകൾക്കു വേണം കരുതൽ
Friday, April 3, 2020 12:20 PM IST
ലോ കമെങ്ങും കൊറോണ വൈറസ് സംഹാരതാണ്ഡവമാടുമ്പോള് കുരുന്നുകളെക്കുറിച്ചു പല മാതാപിതാക്കള്‍ക്കും ആശങ്കയാണ്. അവധിക്കാലംകൂടി ആയതോടെ ഈ ആശങ്ക ഇരട്ടിക്കുന്നു. ഭയമല്ല, ജാഗ്രതയാണ് നമുക്ക് ഈ അവസരത്തില്‍ ആവശ്യം. മുതിര്‍ന്നവരെ അപേക്ഷിച്ച് പൊതുവേ കുട്ടികള്‍ക്കു രോഗപ്രതിരോധശേഷി കുറവാണ്. അതുകൊണ്ടുതന്നെ എല്ലാവിധ അണുബാധകള്ക്കുമുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ഭാഗ്യവശാല്‍ ഇതുവരെ കോവിഡ് 19 കുട്ടികളില്‍ അത്ര അപകടകരമാംവിധം പടരുന്നില്ല.
നാളിതുവരെ വളരെക്കുറച്ച് കേസുകള്‍ മാത്രമാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണു കുട്ടികളില്‍ ഈ രോഗം വ്യാപകമല്ലാത്തത് എന്നതിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരമില്ല. കൊറോണ രോഗബാധയുള്ള കുട്ടികളില്‍ വളരെ മിതമായ രോഗലക്ഷണങ്ങളേ പലപ്പോഴും കാണാറുള്ളൂ. ഒരുപരിധി വരെ വാര്‍ധക്യസഹജമായ രോഗങ്ങളാണ് കോവിഡ് രോഗത്തെ ഗുരുതരമാക്കി മാറ്റുന്നത്. അതിനാല്‍ 80-90 ശതമാനം കുട്ടികളിലും ഈ രോഗം വലിയ ആഘാതം സൃഷ്ടിക്കുന്നില്ല എന്നതാണ് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഐസൊലേഷനും ചികിത്സയും കുട്ടികളില്‍ ധാരാളം വെല്ലുവിളികള്‍ നിറഞ്ഞതാണ്.
രോഗബാധയുള്ള ആള് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കൂടുതല്‍ ആളുകള്‍ സ്പര്‍ശിക്കുന്ന പൊതുസ്ഥലങ്ങളിലൂടെയും രോഗം പകരാം. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2-14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഭൂരിഭാഗം കുട്ടികളിലും ശക്തമായ പനി, തൊണ്ടവേദന, ക്ഷീണം, ശ്വാസതടസം, തലവേദന, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകാം.
വൈറസ് ഉള്ളിലെത്തി മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ പനി, ചുമ, ശ്വാസതടസം എന്നിവയുള്ള കുട്ടികള്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വിദേശയാത്ര നടത്തിയിട്ടുണ്ടെങ്കില്‍ കോവിഡ് സംശയിക്കണം. കടുത്ത ന്യുമോണിയയായി ആശുപത്രിയില്‍ അഡ്മിറ്റാകുന്ന എല്ലാകുട്ടികളിലും കോവിഡ് സാധ്യത കണക്കിലെടുക്കണം. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാത്ത കുട്ടിയാണെങ്കിലും കോവിഡ് സ്ഥിരീകരിച്ച ആരെങ്കിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ രോഗസാധ്യത തള്ളിക്കളയാനാകില്ല.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ഒരു ശിശുരോഗ വിദഗ്ധന്റെ അഭിപ്രായം തേടണം. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി തൊണ്ടയില്‍നിന്നു സ്രവം എടുത്തു വൈറസ് പരിശോധന ചെയ്യേണ്ടതായി വരും. ആവശ്യമെങ്കില്‍ രക്തപരിശോധനയും എക്സ്റേ പോലുള്ള മറ്റു പരിശോധനകളും വേണ്ടിവന്നേക്കാം.
കുട്ടികളില്‍ ഐസൊലേഷന്‍ പരിചരണം ഏറെ ശ്രമകരമാണ്. രോഗതീവ്രത കുറവാണെങ്കില്‍ വീട്ടില്തന്നെയും അല്ലെങ്കില്‍ ആശുപത്രിയിലും ഐസൊലേഷന്‍ ചെയ്യാം. കുറഞ്ഞപക്ഷം മൂന്നു ദിവസം പനി ഇല്ലാതിരിക്കുകയും 24 മണിക്കൂര്‍ ഇടവേളയില്‍ രണ്ടുതവണയെങ്കിലും പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്യുന്നതു വരെയെങ്കിലും ഇതു തുടരണം. കുട്ടിയുടെ ഏറ്റവും അടുത്ത ഒരു ബന്ധു സ്വയരക്ഷാകവചങ്ങള് അണിഞ്ഞു കൂടെ നില്ക്കുന്നതും അനുവദനീയമാണ്.
ആരോഗ്യമുള്ള കുട്ടികളില്‍ അപകടസാധ്യത വളരെ കുറവാണ്. ഹൃദയസംബന്ധമായ അസുഖങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ള കുട്ടികളില്‍ ദോഷകരവുമാണ്. ഏതെങ്കിലും കാരണംകൊണ്ട് രോഗപ്രതിരോഗശേഷി കുറവുള്ള കുട്ടികളിലും കീമോ തെറാപ്പി പോലുള്ള ചികിത്സ എടുക്കുന്ന കുട്ടികളിലും രോഗം മൂര്‍ച്ഛിക്കാം.
കൊറോണ വൈറസിനെതിരേ മനുഷ്യരില്‍ ധൈര്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്നുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന മരുന്ന് മുതിര്‍ന്നവരില്‍ ഉപയോഗിക്കാമെങ്കിലും കുട്ടികളില്‍ ശിപാര്‍ശ ചെയ്യുന്നില്ല. നിലവില്‍ കൊറോണ രോഗബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ രോഗപ്രതിരോധത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്.
രോഗം, അതു പകരുന്ന രീതി, നിലവിലെ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണം. അതേസമയം, അവര്‍ ഭയചകിതരാകാതെ ശ്രദ്ധിക്കുകയും വേണം. മെഡിക്കല്‍ സമൂഹവും ശാസ്ത്രജ്ഞരും സര്‍ക്കാരും എല്ലാം നമ്മുടെ കൂടെ ഉണ്ടെന്നും ഇതിനെതിരേ എത്രയും വേഗം ഒരു പരിഹാരം അവര്‍ കണ്ടെത്തുമെന്നുള്ള ധൈര്യം നമുക്കു പകര്ന്നുകൊടുക്കാം.
പ്രതിരോധിക്കാം
തികഞ്ഞ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞു മനസിലാക്കണം. ശരിയായ രീതിയില്‍ സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ട രീതി പഠിപ്പിച്ചുകൊടുക്കുക. ഇടയ്ക്കിടെ 20 സെക്കന്‍ഡ് എങ്കിലും സമയം എടുത്തു കൈ കഴുകിക്കണം. കൈ കഴുകാന്‍ സാധിക്കാത്ത പക്ഷം കുറഞ്ഞത് 60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. മുഖത്ത് ഇടയ്ക്കിടയ്ക്ക് തൊടാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കണം.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ കൈവെള്ള വച്ചു വായ പൊത്താതെ കൈമുട്ടുവച്ചു വായ പൊത്തുക. ആവശ്യമെങ്കില്‍ ടിഷ്യു ഉപയോഗിച്ച് മുഖം വൃത്തി ആക്കിയശേഷം സമീപത്തുള്ള വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം. ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന ടിഷ്യു പേപ്പര്‍ ആണ് തൂവാല ഉപയോഗിക്കുന്നതിലും നല്ലത്. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുപോവരുത്. പോകേണ്ടി വന്നാല്‍തന്നെ തിരിച്ചുവന്ന ഉടനെ കൈയും മുഖവും കഴുകുകയോ കുളിപ്പിക്കുകയോ ചെയ്യണം.
അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ സ്പര്‍ശിക്കുക, ഹസ്തദാനം നല്‍കുക, മറ്റുള്ളവര്‍ കുട്ടിയെ ഓമനിക്കാന്‍ മുഖത്ത് സ്പര്‍ശിക്കുക ഇവയെല്ലാം വിലക്കുക. മാസ്ക് ഉപയോഗിക്കുന്നത് പനിയും ചുമയുമുള്ള കുട്ടികള്‍ മാത്രം ആയിരിക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ല. ലിഫ്റ്റ് ഉപയോഗിക്കുന്നതു പരമാവധി വേണ്ടെന്നുവയ്ക്കുക. ഉപയോഗിക്കുകയാണെങ്കില്‍ കുട്ടിയെകൊണ്ട് ലിഫ്റ്റ് ബട്ടണ്‍ തൊടാന്‍ അനുവദിക്കരുത്. ലോക്ക് ഡൗണ്‍ ആയി വീട്ടില്‍ ഇരിക്കുന്ന സമയങ്ങളില്‍ അമിതമായ വീടു വൃത്തിയാക്കല്‍ ചെയ്യാതെ ഇരിക്കുന്നതാണ് ഉചിതം. പൊടി ശ്വസിക്കുന്നത് വഴി അലര്‍ജിയുള്ള കുട്ടികള്‍ക്ക് ചുമയും ശ്വാസംമുട്ടലും ഒക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വീട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള പ്രതലങ്ങളെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസവും വൃത്തിയാക്കുക. ലോക്ക്ഡൗണ്‍ കാലാവധി നീട്ടുന്നപക്ഷം കുട്ടികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഡയപ്പര്‍, വൈപ്സ് എന്നിവ സംഭരിച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ചെറിയ അസുഖങ്ങള്‍ക്ക് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ, പരിചയമുള്ള ശിശുരോഗ വിദഗ്ധനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു വേണ്ടതുപോലെ ചെയ്യാം. വാക്സിനേഷന് പോലുള്ള കാര്യങ്ങള്‍ ഏതു പ്രായത്തിലുള്ള കുഞ്ഞിനും രണ്ടോ മൂന്നോ മാസം നീട്ടിവയ്ക്കുന്നതുകൊണ്ട് ഒരുതരത്തിലുമുള്ള ദോഷമില്ല. പേവിഷബാധയ്ക്ക് എതിരേയുള്ള കുത്തിവയ്പ് മാത്രമാണ് ഈയവസരത്തില്‍ മുടക്കാന്‍ പാടില്ലാത്തത്. മറ്റു റെഗുലര്‍ ചെക്കപ്പുകളും അത്യാവശ്യമില്ലാത്ത സര്‍ജറികളും മാറ്റിവയ്ക്കുക.
അവധിക്കാലമായതിനാല്‍ കുട്ടികളെ ഒരിടത്തുതന്നെ പിടിച്ചിരുത്തുക എളുപ്പമല്ല. അവര്‍ വീടിനുള്ളിലും വീട്ടുമുറ്റത്തുമായി ഓടിക്കളിച്ചു നടക്കട്ടെ. എന്നാല്‍, കൂട്ടംചേര്‍ന്നുള്ള കളികള്‍ നിരുത്സാഹപ്പെടുത്തണം. കഴുകാന്‍ സാധിക്കുന്ന കളിപ്പാട്ടങ്ങളെല്ലാം ചൂടു വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. ഇത്രയും കാലം വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളോടൊപ്പം ഡിപ്രഷന് പോലുള്ള മാനസികാവസ്ഥകളും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഓരോ ദിവസവും അവര്‍ക്ക് ചെലവഴിക്കാന്‍ വ്യത്യസ്തമായ പ്ലാനുകള്‍ തയാറാക്കാം.
ആദ്യംതന്നെ നല്ല ഒരു ദിനചര്യയാണ് അവര്‍ക്കാവശ്യം. കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും സമീകൃത ആഹാരം കഴിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വേണം. ഈ സമയം അവരില്‍ വായനാശീലം വളര്‍ത്തിയെടുക്കാം. മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. വ്യാജ പ്രചാരണങ്ങളില്‍ വീഴാതിരിക്കുക. സംശയങ്ങള്‍ ഈ രംഗത്തെ വിദഗ്ധരില്‍നിന്നു മാത്രം ദുരീകരിക്കുക.
സീമ മോഹന്‍ലാല്‍
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രഞ്ജിത് ബേബി ജോസഫ്,
സീനിയര്‍ സ്പെഷലിസ്റ്റ് പീഡിയാട്രീഷ്യന്‍, അസ്റ്റര്‍ മെഡ്സിറ്റി, കൊച്ചി