ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
Wednesday, April 1, 2020 3:19 PM IST
1. ഭിന്നശേഷി കുട്ടികൾക്കു പൊതുവെ രോഗപ്രതിരോധശേഷി കുറവാകാൻ സാധ്യതയുള്ളതുകൊണ്ട് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പനി, ജലദോഷം, ചുമ തുടങ്ങിയ പകരുന്ന രോഗങ്ങളുള്ള ആളുകളുമായി സന്പർക്കം പരമാവധി ഒഴിവാക്കുക.
2. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ വെട്ടിയൊതുക്കുക.
3. കുട്ടികൾക്കു പച്ചക്കറി, പഴങ്ങൾ, ഇലക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന സമീഹൃതാഹാരം നല്കണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കാൻ പ്രേരിപ്പിക്കുക.
4. കുട്ടികൾ കളിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വീടിനു പുറത്തുപോകുന്നത് കഴിവതും ഒഴിവാക്കുക.
5. കുട്ടികൾ പുറത്തുപോകാതെ വീടിനുള്ളിൽ കഴിയുന്പോൾ പെരുമാറ്റ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാതാപിതാക്കളുടെ പെരുമാറ്റരീതികൾ കുട്ടികളുടെ പെരുമാറ്റത്തെ വളരെയധികം സ്വാധീനിക്കും.
6. കുട്ടികളിൽ പെരുമാറ്റപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ചെറിയ ചെറിയ പെരുമാറ്റ പ്രശ്നങ്ങൾ ശ്രദ്ധകൊടുക്കാതെ അവഗണിക്കുക. കുട്ടിയെ കഴിവതും പ്രകോപിപ്പിക്കാതെയിരിക്കുക.
7. കുട്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ... അവ എത്ര ചെറുതുമാകട്ടെ അവയെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
8. കുട്ടികൾക്കൊപ്പം ഗുണപരമായ രീതിയിൽ സമയം ചെലവഴിക്കുക. (ഉദാ. കഥ പറയുക, പാട്ടുപാടുക, ചിത്രങ്ങൾ കാണിക്കുക, പ്രോത്സാഹനം നല്കുക). വീടിനുള്ളിൽത്തന്നെ കുടുംബാംഗങ്ങൾക്കെല്ലാം കൂടി കളിക്കാൻ പറ്റുന്ന, ആരോഗ്യപരമായി മാനസിക ഉല്ലാസം നല്കുന്ന കളികളിൽ ഏർപ്പെടുക. ശരീരത്തിനു വ്യായാമം നല്കുന്ന കളികളാണു നല്ലത്. വിലപിടിച്ച കളിപ്പാട്ടങ്ങൾ വേണമെന്നില്ല. പല പഴയ നാടൻകളികളും സ്വീകരിക്കാം.
9. മൊബൈൽ, ടിവി സ്ക്രീൻ ടൈം കഴിയുന്നതും ഒരു മണിക്കൂറായി പരിമിതപ്പെടുത്തുകയും സ്വഭാവപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കുകയും ഗുണനിലവാരമുള്ള പരിപാടികൾ മാത്രം കാണിക്കുകയും ചെയ്യുക. ഒക്യുപേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, സ്പെഷൽ എഡ്യുക്കേഷൻ, സൈക്കോളജി എന്നീ മേഖലകളിൽ നിന്നും നിർദേശിച്ച പരിശീലനപരിപാടികൾ മുടക്കംകൂടാതെ വീട്ടിൽ നിന്നു തുടരുക. ഇത്തരം പരിശീലനത്തിനായി എല്ലാ ദിവസവും ഒരു നിശ്ചിതസമയം(ഉദാ. വൈകുന്നേരം ഒരു മണിക്കൂർ) മാറ്റിവയ്ക്കുക.
10. എല്ലാ ദിവസും ഒരു മണിക്കൂർ വീട്ടിനുള്ളിൽ ഇരുത്തി എഴുത്ത്, വായന എന്നിവ ഉൾപ്പെടുത്തി രക്ഷിതാക്കളുടെ നിരീക്ഷണത്തിൽ ചെയ്യിക്കുന്നത് പഠനപ്രശ്നമുള്ള കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടും.
11. കുട്ടികൾക്ക് ദിവസവും വീട്ടിൽ വച്ചു നല്കുന്ന പരിശീലനങ്ങളും കുട്ടികളുടെ പെരുമാറ്റവും ചാർട്ട് തയാറാക്കി അതിൽ പുരോഗതി രേഖപ്പെടുത്തുക. പിന്നീടു കുട്ടികളുടെ പുരോഗതി വിലയിരുത്തുന്നതിനും പരിശീലനപരിപാടികൾ പ്ലാൻ ചെയ്യുന്നതിനും ഇത് തെറാപ്പിസ്റ്റിനെ
സഹായിക്കും.
12. പരിശീലനപരിപാടികളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ കുട്ടിയെ സ്ഥിരമായി കാണുന്ന തെറാപ്പിസ്റ്റുമായി ബന്ധപ്പെടുക.
പൊതുജനങ്ങൾക്കുള്ള മാനസികാരോഗ്യ മാർഗനിർദേശങ്ങൾ
1. കോവിഡ് 19 ലോകത്തിലെ വിവിധ ഭൂവിഭാഗങ്ങളിലുള്ളവരെയും രാജ്യങ്ങളിലുള്ളവരെയും ബാധിക്കുന്നുണ്ട്. ഈ വിപത്തിനെ ഏതെങ്കിലും രാഷ്്ട്രവുമായോ വംശവുമായോ ബന്ധിപ്പിക്കേണ്ടതില്ല. രോഗം ബാധിച്ചവരോടു സഹാനുഭൂതി ഉള്ളവരായിരിക്കുക. രോഗം ബാധിച്ചവർ യാതൊരു തെറ്റും ചെയ്തിട്ടില്ല.
2. നിങ്ങൾക്ക് ഉത്കണ്ഠയോ വിഷമമോ ഉണ്ടാക്കുന്ന വാർത്തകൾ കഴിവതും ഒഴിവാക്കുക. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക നടപടികൾക്ക് സഹായകമാകുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കുക.
3. ദിവസത്തിൽ ഒന്നോ രണ്ടോ തവണ നിർദ്ദിഷ്ട സമയങ്ങളിൽ മാത്രം വിവരങ്ങൾ അന്വേഷിക്കുക. പെട്ടെന്നും തുടർച്ചയായും ലഭിക്കുന്ന വാർത്താറിപ്പോർട്ടുകൾ ആരെയും ആശങ്കാകുലരാക്കും. അതിനാൽ ശരിയായ വസ്തുതകൾ വേർതിരിച്ചറിയാൻ സർക്കാർ വെബ്സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്നു കൃത്യമായ ഇടവേളകളിൽ മാത്രം വിവരങ്ങൾ അറിയുക.
4.സ്വയം സംരക്ഷിക്കുക. മറ്റുള്ളവരുടെ സംരക്ഷണത്തിനു സഹായിക്കുക. അവശ്യഘട്ടത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതു മാനസികസൗഖ്യം വർധിപ്പിക്കുന്നു.
5.സമൂഹത്തിൽ കോവിഡ് 19 ബാധിച്ച് ആളുകളെ പരിചരിക്കുന്നവരെയും അതിനു സഹായിക്കുന്ന ആരോഗ്യപ്രവർത്തകരെയും അംഗീകരിക്കുക. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലും നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കുന്നതിലും അവർ വഹിക്കുന്ന പങ്കിനെ അനുമോദിക്കുക.
6.നമ്മുടെ ചുറ്റുവട്ടത്ത് കോവിഡ് 19 നെ അതിജീവിച്ചവരോ അവർക്കു സഹായമായി പ്രവർത്തിച്ചവരോ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയാറാകുന്നുവെങ്കിൽ അത്തരത്തിലുള്ള കഥകളോ ചിത്രങ്ങളോ പങ്കുവയ്ക്കുന്നതു പൊതുജനങ്ങൾക്ക് ആശ്വാസകരമായിരിക്കും.
7. രോഗമുള്ളവരെ കോവിഡ് 19 കേസുകൾ, ഇരകൾ, കോവിഡ് 19 കുടുംബങ്ങൾ, കോവിഡ് 19 രോഗികൾ എന്നിങ്ങനെ പരാമർശിക്കരുത്. അവർ കോവിഡ് 19 രോഗബാധയുള്ളവർ ആണ്. അല്ലെങ്കിൽ കോവിഡ് 19ന്റെ ചികിത്സ എടുക്കുന്നവരാണ്. അല്ലെങ്കിൽ കോവിഡ് 19 ൽ നിന്നു മുക്തി നേടിയവരാണ്.
8. കോവിഡ് 19 നിന്നു മുക്തി നേടിയശേഷം അവരുടെ ജോലി, കുടുംബം, പ്രിയപ്പെട്ടവർ എന്നിവയുമായി അവർക്കു സാധാരണ ജീവിതം നയിക്കാവുന്നവരാണ്.
വിവരങ്ങൾക്കു കടപ്പാട്:
കേരള ഹെൽത്ത് സർവീസസ്