കോവിഡ്-19: നിയന്ത്രണം കടുപ്പിച്ച് അമേരിക്ക
Tuesday, March 24, 2020 11:14 AM IST
കാലദേശഭേദമന്യേ കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ ആശങ്കയോടെ കേഴുകയാണു ലോകം. സർവാധിപത്യവും സൗകര്യവുമുണ്ടെന്നു മാനവലോകം ധരിച്ചുവച്ചിരിക്കുന്ന അമേരിക്കയുൾപ്പെടെ അതിവേഗത്തിൽ വൈറസ് ബാധയ്ക്ക് വിധേയമാകുന്നു. ആശുപത്രികളിൽ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് അവിടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ലഭ്യമല്ലെന്നത് പ്രവാസികളായ മലയാളികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വൈറ്റ് ഹൗസിലെ ജോലിക്കാരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും സാധാരണ ജനജീവിതം സ്തംഭിച്ചു. വീടുവിട്ടിറങ്ങാനാകാതെ കഴിയുകയാണു മാനവസമൂഹം.
അമേരിക്കയിലാകെ ഇന്നലെ വരെ 24,738 കോവിഡ്-19 രോഗ ബാധിതരുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 291 പേർ മരിച്ചു. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിംഗ്ടണിലായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ ഏറ്റവും കൂടുതൽ രോഗബാധ യുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാൽ കലിഫോർണിയയാണ്. ഇത് അമേരിക്കയുടെ ഐടി ഹബ്ബാണ്. ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക് എന്നിവയുടെ ആസ്ഥാനമാണിവിടം. മലയാളികൾ കൂടുതൽ താമസിക്കുന്ന കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, ന്യൂജഴ്സി, വാഷിംഗ്ടണ്, ഷിക്കാഗോ സിറ്റി യുള്ള ഇലിനോയ് എന്നിവിടങ്ങളിലെല്ലാം രോഗം ബാധിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ രോഗബാധയുള്ളത് ന്യൂയോർക്ക് സ്റ്റേറ്റിലാണ്. ഇവിടെ മാത്രം 10,356 കേസുകളുണ്ട്. 27 സ്റ്റേറ്റുകളിൽ സമൂഹ വ്യാപനം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ് കഴിഞ്ഞയാഴ്ച ഫിഫ്റ്റീൻ ഡെയ്സ് ടു സ്ലോ ദ സ്പ്രെഡ് (വ്യാപനം തടയാൻ 15 ദിവസങ്ങൾ) എന്ന പേരിൽ ഒരു പ്രചാരണം തുടങ്ങിയിട്ടുണ്ട്. അതിൽ കൈകഴുകൽ, സാനിറ്റൈസർ ഉപയോഗം, ആലിംഗനം-ഹസ്തദാനം എന്നിവ ഒഴിവാക്കൽ, കൂട്ടായ്മകൾ ഒഴിവാക്കൽ എന്നിവ ഉൗന്നിപ്പറയുന്നതോടൊപ്പം പത്തു പേരിൽ കൂടുതലുള്ള കൂട്ടംകൂടൽ പാടില്ല എന്നും നിർദേശിച്ചിട്ടുണ്ട്.
ആശുപത്രി ജീവനക്കാരും ഗ്രോസറി ഷോപ്പുകളിലെ ജീവനക്കാരും മാത്രമാണ് ഇപ്പോൾ ജോലിക്കു നേരിട്ടുപോകുന്നത്. ബാക്കിയെല്ലാവരുംതന്നെ വീട്ടിൽ ഇരുന്നാണ് ജോലിചെയ്യുന്നത്. മിക്കവാറും എല്ലാ സ്റ്റേറ്റുകളിലും റസ്റ്ററന്റുകളും മദ്യശാലകളും അടച്ചു. പക്ഷേ, ഭക്ഷണം ഓൺലൈനിൽ ലഭിക്കും. പക്ഷേ, വാഹനവുമായി ചെല്ലണം. ഓൺ ലൈനിൽ ഓഡർചെയ്തശേഷം വാഹനവുമായി ചെന്നാൽ അവർ പാക്ക് ചെയ്തുവച്ചത് വാഹനത്തിനരികിലേക്കു കൊണ്ടുവരും. അതുമായി നമുക്കു വീട്ടിലേക്കു പോരാം. ഏറ്റവും കൂടുതൽ രോഗബാധയുള്ള ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിൽ കർഫ്യൂപോലെ വീട്ടിൽതന്നെ കഴിയണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യപരിപാലന പ്രവർത്തകർ മാത്രമേ മാസ്ക് ധരിക്കുന്നുള്ളൂ. സാധാരണ ജനങ്ങൾ അവ ഉപയോഗിച്ചാൽ മാസ്ക് ദൗർലഭ്യം ഉണ്ടാകുമെന്നതിനാൽ നിയന്ത്രിച്ചിരിക്കുകയാണ്. വിദേശത്തുള്ള എല്ലാ അമേരിക്കൻ പൗരന്മാരോടും തിരിച്ചുവരാൻ പറഞ്ഞിട്ടുണ്ട്. എല്ലാ വിദേശരാജ്യങ്ങളിലും ഇപ്പോൾ വ്യോമഗതാഗത നിയന്ത്രണമുണ്ട്. ചൈനയിൽനിന്നുള്ളവയ്ക്ക് ജനുവരി 31 മുതലും ഇറാനിൽനിന്നുള്ളവയ്ക്ക് കഴിഞ്ഞമാസം 29 മുതലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ എല്ലാ വിദേശരാജ്യങ്ങൾക്കും നിയന്ത്രണമുണ്ട്. തിരിച്ചുവരുന്ന അമേരിക്കക്കാർക്കും രാജ്യത്തെ നൂറുകണക്കിന് അന്തർദേശീയ വിമാനത്താവളങ്ങളുള്ളതിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 13 പ്രധാന വിമാനത്താവളങ്ങളിൽ മാത്രമേ ഇറങ്ങാനാകൂ. 14 ദിവസം ക്വാറന്റൈൻ നിർബന്ധവുമാണ്. മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ അമേരിക്കയുടെ വടക്കൻ അതിർത്തി (കാനഡയുമായുള്ളത്) യും തെക്കൻ അതിർത്തി (മെക്സിക്കോയുമായുള്ളത്) അടച്ചു. അവശ്യവസ്തുക്കളുമായി വരുന്ന ട്രക്കുകൾ മാത്രമേ കടത്തിവിടൂ.
സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വീട്ടിലിരുന്ന് ജോലി എന്ന തലത്തിലേക്കു മാറി. ഓണ്ലൈനിലാണു ക്ലാസും പരീക്ഷകളും. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ സ്കൂളിലേക്കു വിദ്യാർഥികളോ അധ്യാപകരോ വരേണ്ട എന്നാണു നിർദേശം.
അമേരിക്കയുടെ സാമ്പത്തിക മേഖല തകർന്നു തരിപ്പണമാകാതിരിക്കാൻ മിഡിൽ ക്ലാസിലുള്ള ഒരു മുതിർന്ന അമേരിക്കൻ പൗരന് 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും നൽകുന്ന (നാലു പേരുൾപ്പെടുന്ന കുടുംബത്തിന് 3000 ഡോളറെങ്കിലും) ഒരു ലക്ഷം കോടിയുടെ സ്പെഷൽ പാക്കേജ് പ്രസിഡന്റ് ട്രംപും സർക്കാരും ഇന്നോ നാളയോ പ്രഖ്യാപിക്കും.
അമേരിക്കയിൽ വോൾ മാർട്ടുകളാണ് ഏറ്റവും കൂടുതൽ. അവിടെ എല്ലാ സാധനങ്ങളും കഴിയുന്നതനുസരിച്ച് വീണ്ടും ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. ആളുകൾ ഏറ്റവും കൂടുതൽ ഭയന്നത് ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിലാണ്. തുടക്കത്തിൽ ലഭ്യതക്കുറവ് അനുഭവപ്പെട്ട ടോയ്ലറ്റ് പേപ്പറും തീർന്നു. സാനിറ്റൈസറുകൾക്കും ക്ഷാമമായി.
എല്ലാ പള്ളികളിലും ഓർലൈനിൽ കുർബാനകൾ അതാതു സമയങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഫേസ്ബുക്ക്, യു ട്യൂബ് തത്സമയ കുർബാനകളാണ്. കരിസ്മാറ്റിക് പ്രാർത്ഥനാഗ്രൂപ്പുകൾ ജപമാല, കരുണക്കൊന്ത, കുരിശിന്റെ വഴി എന്നിവ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറ്റിക്കഴിഞ്ഞു.
അമേരിക്കയിൽനിന്ന് ഡോ. ടൊവീനോ പറമ്പി