നിർഭയ: മറ്റു രണ്ടു പേർ
Saturday, March 21, 2020 2:59 PM IST
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. ഏഴ് വർഷത്തിന് ശേഷമാണ് കേസിലെ നാലു പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. ആറു പേരായിരുന്നു കേസിലെ പ്രതികൾ. കേസിൽ നിലവിൽ വധശിക്ഷ നടപ്പാക്കിയ നാലു പേരുൾപ്പടെ ആറു പ്രതികളുണ്ടായിരുന്നു. ഒരാൾ പ്രായപൂർത്തിയായിട്ടില്ല എന്ന ആനുകൂല്യം നേടി വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. മറ്റൊരു പ്രതിയായ രാംസിംഗ് ജയിലിൽ തൂങ്ങി മരിക്കുകയും ചെയ്തു.
രാംസിംഗ്
കേസിലെ പ്രധാന പ്രതിയായിരുന്നു രാംസിംഗ്. "ഭ്രാന്തൻ’ എന്നായിരുന്നു ഇയാളുടെ വിളിപ്പേര്. ഇയാൾ തന്നെയായിരുന്നു സംഘത്തലവനും. പെൺകുട്ടിയെ മറ്റു പ്രതികൾ അതിക്രൂരമായ പീഡിപ്പിക്കുന്പോൾ ബസ് ഒാടിച്ചത് ഇയാളായിരുന്നു. ഇയാളും പിന്നീട് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കോടതി ശിക്ഷ വിധിക്കുന്നതിന് മുന്പേ 2013 മാർച്ച് 11ന് തിഹാർ ജയിലിൽ ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
രാംസിംഗ് തൂങ്ങി മരിച്ചതല്ലെന്ന വിവാദ വെളിപ്പെടുത്തലുമായി തിഹാർ ജയിൽ മുൻ നിയമ ഓഫീസർ സുനിൽ ഗുപ്ത പിന്നീടു രംഗത്തു വന്നിരുന്നു. ബ്ലാക്ക് വാറന്റ് കണ്ഫഷൻസ് ഒഫ് എ തിഹാർ ജയിലർ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിർഭയ മരിച്ചിട്ട് ഏഴു വർഷം തികയുന്നതിനിടെയാണ് ജയിലറുടെ പുസ്തകം ചർച്ചയായത്. അഞ്ചു പേർ താമസിക്കുന്ന സെല്ലിൽ മറ്റുള്ളവർ അറിയാതെ ഒരാൾ എങ്ങനെ മരിക്കുമെന്ന് സുനിൽ ചോദിക്കുന്നു. മരിച്ച രാംസിംഗിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. കൈയ്ക്ക് സ്വാധീനമില്ലാത്ത രാംസിംഗ് 12 അടി ഉയരത്തിൽ കുരുക്കിട്ടത് എങ്ങനെ തുടങ്ങിയ നിരവധി സംശയങ്ങളാണ് സുനിൽ പുസ്തകത്തിലൂടെ പങ്കുവച്ചത്.
കുട്ടിക്കുറ്റവാളി
രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യത്തിൽ ആറു പ്രതികളെയാണ് അന്വേഷണസംഘം കണ്ടെത്തിയത്. ജീവന് വേണ്ടി നിലവിളിച്ച പെണ്കുട്ടിയോട് ഏറ്റവും ക്രൂരത കാട്ടിയത് പതിനെട്ട് തികയാത്ത കൗമാരക്കാരനാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശിലെ ബദൗനിൽ നിന്ന് ദാരിദ്ര്യം മൂലം ഡൽഹിയിലേക്ക് ഓടിപ്പോന്ന ബാലൻ. കുടുംബവുമായി ബന്ധമില്ലാതെ ഡൽഹിയിലെ തെരുവുകളിൽ കുത്തഴിഞ്ഞ ജീവിതം. അന്തർസംസ്ഥാന ബസുകളിൽ ആളുകളെ വിളിച്ചു കയറ്റലായിരുന്നു ആദ്യ ജോലി. പിന്നീട് കേസിലെ മുഖ്യപ്രതി രാംസിങിന്റെ ബസിൽ ക്ലീനറായെത്തി. നിർഭയ പെണ്കുട്ടിയെയും സുഹൃത്തിനെയും അക്രമം നടന്ന ബസിലേക്ക് വിളിച്ചു കയറ്റിയതും ഇയാളാണ്.
പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇയാൾക്ക് മൂന്നു വർഷം ഒബ്സർവേഷൻ ഹോം വാസമാണ് വിധിച്ചത്. 2015 ഡിസംബർ 20ന് മോചിതനായ ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പിന്നീട് പുറത്തുവന്നിട്ടില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെവിടെയോ ഹോട്ടൽ ജോലി ചെയ്തുവരികയാണ് എന്നാണ് അഭ്യൂഹം. കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചതോടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രായത്തിന്റെ ആനുകൂല്യം നൽകി ഇയാളെ വെറുതെവിട്ടതിനെതിരേ നിർഭയയുടെ മാതാപിതാക്കൾ പ്രതിഷേധിച്ചിരുന്നു. ഡൽഹി സർക്കാരിന്റെ സ്ത്രീ- ശിശു വികസന സമിതി പ്രതിക്കായി ഒരു പുനരധിവാസ പാക്കേജ് അന്ന് മുന്നോട്ടു വച്ചിരുന്നു. പതിനായിരം രൂപയും തയ്യൽ മെഷീനും നൽകാനായിരുന്നു പദ്ധതി. എന്നാൽ ഈ നീക്കത്തിന് കേന്ദ്രത്തിൽ നിന്നും വൻ എതിർപ്പാണ് ഉണ്ടായത്.
ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങി പാചകക്കാരനായി ജോലി ചെയ്യുകയാണ് അയാളെന്ന് പുനരധിവാസം ഏറ്റെടുത്ത എൻജിഒ വ്യക്തമാക്കിയിരിക്കുന്നത്.നിർഭയ കേസിൽ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച വാർത്ത പോലും ചിലപ്പോൾ അറിയാതെ പാചകക്കാരനായി ജോലിചെയ്യുകയാവും കേസിലെ കുട്ടിക്കുറ്റവാളി. ഇപ്പോൾ അയാൾക്ക് 23 വയസ്്. തന്നെ ആൾക്കൂട്ടം വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം മോചനം നേടിയ കാലത്ത് അയാൾക്കുണ്ടായിരുന്നുവെന്ന് പുനരധിവാസം ഏറ്റെടുത്ത സന്നദ്ധ സംഘടനയുടെ പ്രതിനിധികൾ പറഞ്ഞു. അതുകൊണ്ട് രാജ്യത്തിൻറെ തെക്കുഭാഗത്തേക്കാണ് അയാളെ അയച്ചത്. ജോലി നൽകിയവർക്കുപോലും അയാളുടെ ഭൂതകാലം അറിയില്ല. ജുവനൈൽ ഹോമിൽ നിന്ന് പുതിയ മനുഷ്യനായാണ് അയാൾ പുറത്തിറങ്ങിയതെന്നും തീർത്തും ശാന്തമായ ജീവിതമാണ് നയിക്കുന്നതെന്നും എൻജിഒ പ്രവർത്തകർ പറഞ്ഞു. ഇന്നലത്തെ കോടതി വിധി അയാൾ അറിഞ്ഞിട്ടുണ്ടാവാൻ സാധ്യതയില്ലെന്നും അവർ പറഞ്ഞു. ജുവനൈൽ ഹോമിലെത്തിയ ശേഷം പ്രാർഥനയും മറ്റുമായി ഇയാൾ ശാന്തമായ ജീവിതമാണ് നയിച്ചതെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷം പാചകക്കാരനായി എന്നല്ലാതെ കൂടുതൽ വിശദാംശങ്ങൾ എൻജിഒ ഭാരവാഹികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടാൽ അയാളുടെ ജീവൻ അപകടത്തിലായേക്കുമെന്നാണ് എൻജിഒ ഭാരവാഹികളുടെ ഭയം.
നിർഭയ കൂട്ടമാനംഭംഗ കേസിൽ കൊലക്കയറിൽ നിന്നു രക്ഷപ്പെട്ട കുട്ടിക്കുറ്റവാളി ജയിൽ മോചിതനായി ദക്ഷിണേന്ത്യയിൽ പാചകത്തൊഴിലാളിയായി താമസിക്കുന്നു എന്ന വാർത്ത ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിരുന്നു. ജനം തിരിച്ചറിഞ്ഞാൽ തന്നെ കൊല്ലുമെന്ന ഭയത്തോടെയാണ് ഇയാൾ ഡൽഹിയും ഉത്തരേന്ത്യയും വിടാൻ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ കേരളത്തിലാണ് ഇപ്പോളുള്ളതെന്നാണ് വാട്ട്സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിലവിൽ ഇയാൾ മര്യാദക്കാരനായാണ് ജീവിക്കുന്നതെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമയ്ക്കും സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഇയാളുടെ പഴയ ക്രിമിനൽ പശ്ചാത്തലെത്തെക്കുറിച്ച് അറിവില്ലെന്നും ഈ കുറിപ്പിൽ പറയുന്നു. കുട്ടിക്കുറ്റവാളിയുടെ ഫോട്ടോയും ചേർത്താണ് കുറിപ്പ് കൊടുത്തിരിക്കുന്നത്.
തയാറാക്കിയത്: പ്രദീപ് ഗോപി