അതിനാല് മരണം വരെ തൂക്കിലേറ്റാന്....
Friday, March 20, 2020 11:58 AM IST
അതിനാൽ പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ ഈ കോടതി ഉത്തരവിടുന്നു............
അപൂർവങ്ങളിൽ അപൂർവങ്ങളായ കേസുകളിൽ മാത്രമേ ഇപ്പോൾ വധശിക്ഷയുള്ളു. വധശിക്ഷയ്ക്ക് അനുകൂലമായും എതിരായും നിരവധി വാദമുഖങ്ങൾ ഇന്ത്യൻ നീതിന്യായ കോടതികളിൽ നടന്നുവരുന്നുണ്ട്. ഒരു ജീവനെടുക്കാൻ മനുഷ്യന് എന്ത് അവകാശം എന്നാണ് വധശിക്ഷയെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. ഗുരുതരമായ ഒരു കുറ്റകൃത്യം ചെയ്തവർക്ക് വധശിക്ഷ നടപ്പാക്കുന്പോൾ ഇനി മേൽ അത്തരം കുറ്റകൃത്യങ്ങൾ മറ്റാരും ചെയ്യാതിരിക്കാനുള്ള ഒരു താക്കീതും മുന്നറിയിപ്പുമാണ് ആ വധശിക്ഷയിലൂടെ നൽകുന്നതെന്ന മറുപടി വധശിക്ഷയെ അനുകൂലിക്കുന്നവർ പറയുന്നു.
മനഃസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകങ്ങൾക്കുള്ള ശിക്ഷ പലപ്പോഴും വധശിക്ഷയിൽ കുറഞ്ഞ് വേറൊന്നുമില്ലെന്ന് എത്രയോ തവണ നമുക്ക് തോന്നിയിട്ടുണ്ടാകാം. എന്നാൽ ഏറ്റവും അവസാനം മാത്രമേ ഇന്ത്യൻ നീതിന്യായ കോടതി പ്രതിയെ തൂക്കുകയറിലേക്ക് വിട്ടുകൊടുക്കാറുള്ളു.
സ്വതന്ത്ര ഇന്ത്യയിലെ നടപ്പാക്കപ്പെട്ട ആദ്യ വധശിക്ഷ മഹാത്മാഗാന്ധിയുടെ ഘാതകരായ നാഥുറാം ഗോഡ്സെ, നരേൻ ഡി ആപ്തെ എന്നിവരുടേതായിരുന്നു. 1949 നവംബർ 15 ന് ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ ഇവരെ തൂക്കിലേറ്റി.
1993 ലെ മുംബൈ ബോംബാക്രമണത്തിന് ധനസഹായം നൽകിയ കുറ്റത്തിന് യാക്കൂബ് മേമനെ 2015 ജൂലൈ 30 ന് തൂക്കിലേറ്റി. അതാണ് ഇതുവരെ നടപ്പാക്കിയതിൽ അവസാനത്തെ വധശിക്ഷ.
മേമന് മുന്പ്, 2001 ലെ പാർലമെന്റ് ആക്രമണത്തിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് അഫ്സൽ ഗുരുവിനെ 2002 ഡിസംബർ 18 ന് സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ വിധിച്ച് പത്ത് വർഷത്തിന് ശേഷം 2013 ഫെബ്രുവരി 9 നാണ് ഗുരുവിനെ തൂക്കിലേറ്റിയത്.2008 മുംബൈ ആക്രമണ തോക്കുധാരിയായ മുഹമ്മദ് അജ്മൽ അമീർ ഖസബിനെ 2010 മെയ് 6 ന് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2012 ഓഗസ്റ്റ് 29 നാണ് സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചത്.
എണ്പതുകളിൽ കേരളത്തിൽ ഭീതി പടർത്തിയ ഒരു സീരിയൽ കില്ലർ ഉണ്ടായിരുന്നു. പേര് ചന്ദ്രൻ. കൊല്ലാനായി കണ്ടുവെച്ചിരുന്നവരുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് തലയോട്ടി പിളർത്തിയായിരുന്നു ചന്ദ്രൻ ആളെ കൊന്നിരുന്നത്. ദീർഘകാലത്തെ അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിലാകുന്പോഴേക്കും പതിനാലു പേർ ചന്ദ്രന്റെ കൈകളാൽ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അമേരിക്കയിൽ അതിനുമുന്പ് സമാനമായ രീതിയിൽ ആളെക്കൊന്നിരുന്ന "ജാക്ക് ദ റിപ്പർ’ എന്ന കൊലപാതകിയുടെ പേരിന്റെ ചുവടുപിടിച്ച് കേരളാ പോലീസ് ചന്ദ്രനൊരു പേര് നൽകി. "റിപ്പർ’ ചന്ദ്രൻ. 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് റിപ്പർ ചന്ദ്രൻ തൂക്കിലേറ്റപ്പെട്ടു.
1995നു ശേഷം ഇന്ത്യയിൽ നടന്ന ആദ്യവധശിക്ഷ 2004ൽ ആയിരുന്നു. ഹേതൽ പരേഖ് എന്ന 14 കാരിയെ 1990ൽ കൊൽകൊത്തയിൽ ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളെയായിരുന്നു വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ചാറ്റർജിയെ 2004 ആഗസ്റ്റ് 14ന് തൂക്കിക്കൊന്നു. 2008ലെ മുംബൈ ആക്രമണപരന്പരയിൽ പങ്കാളിയായ അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. രാഷ്ട്രപതി പ്രണബ് മുഖർജി മുന്പാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെത്തുടർന്നായിരുന്നു വധശിക്ഷ.
വധശിക്ഷ വിധിച്ചാലും അതിൽ നിന്ന് രക്ഷപ്പെടാനുള്ള നിയമവഴികൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ തേടും. കസബിന്റെയും ഇപ്പോൾ നിർഭയകേസിലേയുമൊക്കെ പ്രതികൾ ഒരു കച്ചിത്തുരുന്പു കിട്ടാനായി പരക്കം പായുന്നത് അതിന്റെ തെളിവാണ്. ദയാഹർജിയും അപേക്ഷകളുമൊക്കെ തൂക്കുകയറിലേക്ക് പോകും മുന്പ് ഇളവു കിട്ടാനുള്ള മാർഗങ്ങളിൽ ചിലത് മാത്രം.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിക്കുന്നത് നീതിപീഠത്തിന് മുന്നിലെത്തിയ കുറ്റവാളി ചെയ്തിരിക്കുന്ന കുറ്റം അപൂർവങ്ങളിൽ അപൂർവമാണ് എന്ന് തോന്നുന്ന സാഹചര്യത്തിൽ മാത്രമാണ്. ഒരിക്കൽ വിചാരണക്കോടതി വധശിക്ഷ പുറപ്പെടുവിച്ചാൽ പിന്നെയും പല തലങ്ങളിലായി അപ്പീലിന് പോകാനുള്ള വ്യവസ്ഥകൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഉണ്ട്. നിരപരാധികളായവർക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങൾ എന്ന നിലയിലാണ് ഇവ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ, ഈ വകുപ്പുകൾ പലപ്പോഴും അനിശ്ചിതകാലത്തേക്ക് വധശിക്ഷ നടപ്പിലാക്കാതെ പോകുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കാറുണ്ട്. അതിന്റെ പേരിൽ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിലും പൊതുജനമധ്യത്തിലും പ്രതിഷേധങ്ങളും ഉയർന്നുവരാറുണ്ട്.
ശിക്ഷ എന്ന നിലയിൽ വധശിക്ഷ ഒഴിവാക്കിയ നിരവധി രാജ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നു. 1947 മുതൽ ഇന്ത്യയിൽ 720 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ പകുതിയും നടപ്പാക്കിയത് ഉത്തർപ്രദേശാണ്. ഹരിയാന 90 ഉം മധ്യപ്രദേശ് 73 ഉം വധശിക്ഷകൾ നടപ്പാക്കി.
ഇന്ത്യയിൽ തൂക്കിലേറ്റിയാണ് വധശിക്ഷ നടപ്പാക്കുന്നത്. പല രാജ്യങ്ങളിലും പല രീതിയിലാണ് വധശിക്ഷ നടപ്പാക്കുക. പണ്ട് മൃഗങ്ങളെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ മുതലകൾ, ചീങ്കണ്ണികൾ, സ്രാവുകൾ എന്നിവയ്ക്ക് ഭക്ഷണമായി ഇട്ടുകൊടുത്ത് വധശിക്ഷ നടപ്പാക്കിയിരുന്ന രാജ്യങ്ങളുണ്ട്. പുരാതന റോമിൽ നായ്ക്കളെയും ചെന്നായ്ക്കളെയും സിംഹങ്ങളേയും ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിരുന്നതായി പറയുന്നു.ഉറുന്പുകളെയും ചെറു പ്രാണികളെയും ഉപയോഗപ്പെടുത്തി പോലും വധശിക്ഷ നടപ്പാക്കിയിട്ടുണ്ടത്രെ. പാന്പുകൾ, തേളുകൾ തുടങ്ങി വിഷമുള്ള ജന്തുക്കളെ ഉപയോഗിച്ചും വധശിക്ഷ നടത്തിയിട്ടുണ്ട്.
മധ്യകാലഘട്ടത്തിൽ യൂറോപ്പിലും ചൈനീസ് സാമ്രാജ്യത്തിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ കുതിരകളെ കൊണ്ട് ചവിട്ടിക്കൊല്ലിക്കുകയോ കുതിരകളെ ഉപയോഗിച്ച് വലിച്ചു കീറുകയോ ചെയ്യാറുണ്ടെന്ന് ചരിത്രം പറയുന്നു.ഒരു വലിയ പാത്രത്തിൽ വെള്ളമോ, എണ്ണയോ, ഉരുക്കിയ ഈയമോ ഉപയോഗിച്ച് അതിലേക്ക് തള്ളിയിട്ടും വധശിക്ഷ നടപ്പാക്കപ്പെട്ടിരുന്നു.
നട്ടെല്ലൊടിച്ചുള്ള വധശിക്ഷ മംഗോളിയൻ സാമ്രാജ്യത്തിൽ നിലനിന്നിരുന്നു. രക്തം ചൊരിയാതെ ശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്നതായിരുന്നു ഈ ശിക്ഷ ഉപയോഗിക്കാൻ കാരണം.ഗളച്ഛേദം നടത്തിയും വിഷം കുത്തിവെച്ചുമൊക്കെ വധശിക്ഷ പലയിടത്തും നടപ്പാക്കുന്നു.വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ചു കൊല്ലുന്ന വധശിക്ഷ മുന്പുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതില്ലാതായിരിക്കുന്നു. മുട്ടുകുത്തി നിർത്തി പ്രതിയുടെ കഴുത്തിൽ ഒറ്റവെടി വെച്ച് കൊല്ലുന്ന രീതിയും ഉണ്ട്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ അവസാന അപ്പീലിനുള്ള സാധ്യതയും തള്ളപ്പെട്ടുകഴിഞ്ഞാൽ പിന്നെ ശിക്ഷ നടപ്പിലാക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകും. ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കപ്പെടുന്നതോടെയാണ് അതിനു ഒൗപചാരികമായ തുടക്കമാവുന്നത്. അടുത്തതായി പ്രതിയെ "കണ്ടംഡ് സെൽ’ എന്ന ഏകാന്തതടവിലേക്ക് മാറ്റുകയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൂക്കിലേറ്റപ്പെടും എന്നറിഞ്ഞാൽ പ്രതി മാനസികമായി ആകെ തളർന്ന അവസ്ഥയിലാകും. അയാളെ വധശിക്ഷ സ്വബോധത്തോടെ ഏറ്റുവാങ്ങാൻ തയാറെടുപ്പിക്കുക എന്നതാണ് ജയിൽ അധികൃതരുടെ അടുത്ത ദൗത്യം.
ഈ ഹ്രസ്വകാലയളവിൽ പ്രതിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകപ്പെടും. ആവശ്യപ്പെടുന്ന സന്ദർശകരെയും അനുവദിക്കപ്പെടും. എന്തെങ്കിലും ചികിത്സ വേണമെന്നുണ്ടെങ്കിൽ അതും നടത്തിക്കൊടുക്കും. വിൽപത്രം എഴുതാൻ താത്പര്യപ്പടുന്ന പ്രതികൾക്കു അതിനുവേണ്ട നിയമസഹായങ്ങളും ജയിലധികൃതരുടെ ഭാഗത്തുനിന്നുണ്ടാകും. പ്രതിയുടെ മതവിശ്വാസപ്രകാരം അവസാനമായി പശ്ചാത്തപിക്കാനുള്ള, പ്രാർഥിക്കാനുള്ള ചെയ്തകുറ്റത്തിന് ദൈവത്തോട് മാപ്പിരക്കാനുള്ള സൗകര്യങ്ങളും അതിനുവേണ്ട പുരോഹിതരുടെ സാന്നിധ്യവും ഉറപ്പുവരുത്തും.
ഒടുവിൽ ശിക്ഷ നടപ്പിലാക്കേണ്ട ദിവസവും വന്നുചേരും. സൂര്യോദയത്തോട് അടുപ്പിച്ചുള്ള സമയമാണ് സാധാരണ ശിക്ഷ നടപ്പിലാക്കാനാണ് തെരഞ്ഞെടുക്കാറുള്ളത്. ആളെ തൂക്കുന്നതിനു മുന്പ് ആദ്യം അതേ ഭാരമുള്ള ഒരു ഡമ്മി തൂക്കി കയറിന്റെ ബലം ഉറപ്പുവരുത്തും. അതിനു ശേഷം ആളെ പതുക്കെ നടത്തി കഴുമരത്തിന്റെ പോഡിയത്തിൽ കൊണ്ട് നിർത്തും. തലയിൽ കറുത്ത നിറത്തിലുള്ള ഒരു സഞ്ചി ധരിപ്പിച്ച് കെട്ടും. ഇരുകൈകളും കാലുകളും തമ്മിൽ ബന്ധിക്കും. വിധി വായിക്കലും മറ്റും അതിനിടെ സ്ഥലത്തുള്ള ജഡ്ജി ഒന്നുകൂടി നടത്തും. അതിനു ശേഷം, ആരാച്ചാരായി നിയോഗിക്കപ്പെട്ടയാൾ കഴുമരത്തിന്റെ ലിവർ വലിക്കുന്നതോടെ പോഡിയത്തിന്റെ തറ പ്രതിയുടെ കാലടിയിൽ നിന്ന് തെന്നിമാറി, ശ്വാസം മുട്ടി, പ്രതി തൂങ്ങി മരിക്കും.
സംസ്ഥാനത്ത് 18 പേരാണ് വധശിക്ഷ കാത്ത് വിവിധ ജയിലുകളിൽ കഴിയുന്നതെന്നാണ് കണക്ക്. ഇവരിൽ ഏറിയ പങ്കും ശിക്ഷയിൽ ഇളവ് ലഭിക്കാൻ മേൽ കോടതികളിൽ അപ്പീൽ നൽകി കാത്തിരിക്കുന്നവരാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ കഴുമരം കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂരിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമാണ് വധശിക്ഷ കാത്ത് കഴിയുന്നതെന്നാണ് വിവരം.
വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർമാരെ കിട്ടാനില്ലാത്തതും വധശിക്ഷ വൈകാൻ കാരണമാകുന്നുണ്ടത്രെ. പേര് കേട്ട ആരാച്ചാർമാരെല്ലാം മരിച്ചു. ചിലർ വിരമിച്ചു. അവരുടെ പിൻതലമുറക്കു ആരാച്ചാർ ആകാൻ ആഗ്രഹിക്കുന്നതുമില്ല.
ഋഷി