അഴകിനും ആരോഗ്യത്തിനും എള്ള്
Wednesday, March 18, 2020 2:21 PM IST
കാൽസ്യവും മഗ്നീഷ്യവും ഏറെയുള്ള, ഒൗഷധഗുണമുള്ള ധാന്യമാണ് എള്ള്. നവധാന്യങ്ങളിൽപ്പെടുന്നു. വെള്ള, കറുപ്പ് നിറങ്ങളിൽ എള്ളുണ്ട്. കറുത്ത എള്ളിൽ ചില പോഷകങ്ങൾ കൂടുതലാണ്. പ്രോട്ടീൻ സമൃദ്ധം. എള്ളെണ്ണ പ്രമേഹം തടയുന്നതായി പഠനങ്ങൾ പറയുന്നു. ഹൈപ്പർ സെൻസിറ്റീവ് ഡയബെറ്റിസ് ബാധിച്ചവരിൽ പ്ലാസ്മ ഗ്ലൂക്കോസ് കൂട്ടുന്നതിന് എള്ളെണ്ണ ഗുണപ്രദം.
വിളർച്ച തടയാം
എള്ളും ശർക്കരയും ചേർത്താണ് എള്ളുണ്ട തയാറാക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിന് എള്ളുണ്ട ഏറെ ഗുണപ്രദം.
എള്ളിൽ ഇരുന്പ് ഇഷ്ടംപോലെ. വിളർച്ച തടയുന്നതിന് ഇരുന്പ് സഹായകമാണല്ലോ. ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുന്പ് അവശ്യം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്.
എള്ളുണ്ടയായിത്തന്നെ എള്ള് കഴിക്കണമെന്നില്ല. എള്ള് ചീനച്ചട്ടിയിൽ ചെറുതായി ചൂടാക്കുക. ചൂടാറുന്പോൾ നന്നായി പൊടിച്ചെടുക്കുക. ശർക്കര പൊടിച്ചത് ചീനച്ചട്ടിയിൽ ചൂടാക്കുക. ഉരുകിയ പരുവത്തിലാകുന്പോൾ നേരത്തേ പൊടിച്ചുവച്ച എളള് അതിലേക്കു പകർന്ന് നന്നായി ഇളക്കുക. തണുത്ത ശേഷം മിക്സ്ചർ കഴിക്കുംപോലെ കഴിക്കാം. ദിവസവും ഇത് ഒന്നു രണ്ട് സ്പൂണ് അളവിൽ ശീലമാക്കിയാൽ ശരീരത്തിന് ഇരുന്പ് ആവശ്യത്തിനു ലഭിക്കും. പണ്ടുകാലത്ത് അമ്മമാർ പെണ്കുട്ടികൾക്ക് ഇങ്ങനെ തയാറാക്കി നല്കാറുണ്ടായിരുന്നു. സ്ത്രീകളുടെ വിളർച്ചയും ക്ഷീണവും തടയുന്നതിന് അതു ഗുണപ്രദം.
അഴകുള്ള ചർമത്തിന്
ആരോഗ്യമുളള ചർമമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം. സ്വാഭാവിക സൗന്ദര്യവും ചെറുപ്പവും നിലനിർത്തുന്നതിന് പണ്ടുകാലം മുതൽക്കേ എള്ളും തേനും ചേർത്തു കഴിക്കുന്നതു പതിവായിരുന്നു. എള്ളിൽ സിങ്ക് ധാരാളം. ഇത് ചർമത്തിന് ഇലാസ്തിക സ്വഭാവം നല്കുന്ന കൊളാജെൻ ഉത്പാദിപ്പിക്കുന്നതിനു സഹായിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ
തീർക്കുന്നതിനും ഇതു സഹായകം.
എള്ളെണ്ണ പതിവായി ഉപയോഗിക്കുന്നത് ചർമത്തിലെ അർബുദസാധ്യത കുറയ്ക്കാൻ സഹായകമെന്നു ഗവേഷകർ. ചർമത്തിനു കേടുവരുത്തുന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് കിരണങ്ങളെ തടയുന്നതിന് എള്ളെണ്ണ ഗുണപ്രദമാണെന്നു പഠനങ്ങൾ. ചർമത്തിൽ ചുളിവുകളുണ്ടാകുന്നതു തടയാനും സഹായകം. തലമുടി, തലയോട്ടി എന്നിവയുടെ ആരോഗ്യത്തിനും
എള്ളെണ്ണയിലെ പോഷകങ്ങൾ ഗുണപ്രദം.
എള്ളെണ്ണയിലെ sesamol എന്ന ആന്റിഓക്സിഡന്റ് ഹൃദയാരോഗ്യത്തിനു സഹായകം. കറുത്ത എള്ളിൽ ധാരാളമായി അടങ്ങിയ ഫൈറ്റോ സ്റ്റീറോൾസ് കൊളസ്ട്രോൾ കുറയ്ക്കുന്ന തിനു സഹായകം. അതിലൂടെ ഹൃദയരോഗ സാധ്യതയും കുറയുന്നു. ആരോഗ്യത്തിന് ഗുണപ്രദമായ ഏതുതരം എണ്ണയാണെങ്കിലും മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
എല്ലുകളുടെ കരുത്തിന്
പ്രായമായവരിൽ എല്ലുകൾക്കു ബലക്ഷയം സംഭവിച്ചു പൊട്ടാനും ഒടിയാനുമുളള സാധ്യത ഏറെയാണ്; പ്രത്യേകിച്ചും 50 വയസിനു മുകളിൽ പ്രായമുളള സ്ത്രീകളിൽ. എല്ലുകളുടെ കരുത്തുകൂട്ടുന്നതിന് അവശ്യം വേണ്ട പോഷകമാണു കാൽസ്യം. എള്ളിൽ കാൽസ്യം ധാരാളം. കൈയളവ് എള്ളിൽ ഒരു ഗ്ലാസ് പാലിൽ ഉള്ളതിലുമധികം കാൽസ്യമുണ്ട്.. എള്ളിൽ സിങ്കും സമൃദ്ധമായി അടങ്ങിയിട്ടുണ്ടെന്നു നേരത്തേ സൂചിപ്പിച്ചല്ലോ; ബോണ് മിനറൽ ഡെൻസിറ്റി കൂട്ടുന്നതിനും എല്ലുകളുടെ കട്ടികുറഞ്ഞ് പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും എള്ളിലുള്ള പോഷകങ്ങൾ ഗുണപ്രദം.
ആർത്രൈറ്റിസ് (സന്ധിവാതം) തടയുന്നതിന് എള്ളിലടങ്ങിയ കോപ്പർ സഹായകം. എല്ലുകൾ, സന്ധികൾ, രക്തക്കുഴലുകൾ എന്നിവയുടെ കരുത്തു മെച്ചപ്പെടുത്തുന്നതിനും കോപ്പർ സഹായകം.
എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിനു ഗുണപ്രദം. കുഞ്ഞുങ്ങളുടെ ശരീരം മസാജ് ചെയ്യുന്നതിനും എള്ളെണ്ണ ഉപയോഗിക്കാം. ഡയപ്പർ ഉപയോഗിക്കുന്പോൾ ചർമത്തിലുണ്ടാകുന്ന പാടുകൾ, ചർമത്തിന്റെ വരണ്ട സ്വഭാവം എന്നിവ മാറ്റുന്നതിനും സഹായകം. കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിനും എള്ള് ഗുണപ്രദം. ആന്റി ബയോട്ടിക്കുകളുടെ പാർശ്വഫലമായി വൃക്കകൾക്കുണ്ടാകാനിടയുള്ള തകരാറുകൾ തടയുന്നതിനും എള്ളെണ്ണ സഹായകമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. എള്ളെണ്ണയിലെ sesamol എന്ന ആന്റി
ഓക്സിഡൻറ് ഗാമാ റേഡിയേഷൻ മൂലം ഡിഎൻഎയ്ക്കു കേടുപാടു സംഭവിക്കുന്നതു തടയുന്നതായി ഗവേഷകർ വ്യക്തമാക്കുന്നു.
എള്ളിൽ നാരുകൾ ധാരാളം. മലബന്ധം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും നാരുകൾ സഹായകം. എല്ലുകൾ, മോണ എന്നിവയുടെ ആരോഗ്യത്തിനും എളള് സഹായകം. പല്ലിൽ പ്ലേക് രൂപപ്പെടുന്നതു കുറയ്ക്കുന്നു. എള്ളിലടങ്ങിയ ഫൈറ്റോ സ്റ്റീറോൾസ്, മഗ്നീഷ്യം, ഫൈറ്റിക് ആസിഡ് തുടങ്ങിയ ആന്റി കാൻസർ സംയുക്തങ്ങൾ കാൻസർപ്രതിരോധം മെച്ചപ്പെടുത്തുന്നു. എളളിലെ sesamol എന്ന ആന്റി ഓക്സിഡൻറ് വിവിധതരം കാൻസറുകൾ തടയുന്നതായി പഠനങ്ങൾ. ശരീരത്തിന്റെ സൗന്ദര്യവും കരുത്തും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്ന ധാന്യമാണ് എള്ള്.