അവര്‍ക്ക് എന്തു സംഭവിച്ചു?
Wednesday, March 18, 2020 2:12 PM IST
അവർ നിലവിളിച്ചു കൊണ്ടേയിരിക്കുന്നു. വിശപ്പോ ദാഹമോ കാരണമല്ല, തങ്ങളുടെ പ്രിയപ്പെട്ട മക്കൾക്ക് എന്തു സംഭവിച്ചുവെന്നറിയാതെ. കോളജിലേക്ക് പഠനത്തിന് പോയ അവർ ഇപ്പോൾ എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ ഈ മാതാപിതാക്കൾക്ക് യാതൊരു അറിവുമില്ല. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അവർ പല വാതിലുകളിലും മുട്ടി. രാജ്യത്തെ പ്രധാനമന്ത്രിയെ വരെ നേരിൽ കണ്ടു. സുരക്ഷിതരായി കുട്ടികളെ തിരിച്ചെത്തിക്കുമെന്ന ആശ്വാസവചനത്തിൽ നിന്നും നിസഹായത കലർന്ന മൗനമാണ് ഇപ്പോൾ അവർക്ക് ലഭിക്കുന്ന പ്രതികരണം.
ഡിസംബർ നാല്, 2019
ഏത്യോപ്യയിലെ ഡംബി ഡോളോ യൂണിവേഴ്സിറ്റിയിലെ 17 വിദ്യാർഥികളുടെ തിരോധാനമാണ് രാജ്യത്തെ നിരന്തരമായ പ്രതിഷേധങ്ങൾക്കും അധികൃതർക്കു നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മൂർച്ചയുള്ള ആക്രമണത്തിനും ഇടയാക്കിയിരിക്കുന്നത്.
ഡംബി ഡോളോ യൂണിവേഴ്സിറ്റിയിൽ നിന്നും വീടുകളിലേക്ക് മടങ്ങുകയായിരുന്നു ആ പതിനെട്ടു പേർ- 14 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും. വിദ്യാർഥികളിലധികവും ഏത്യോപ്യയിലെ അംഹാര നിവാസികളാണ്. ബസിൽ വേറെയും യാത്രക്കാരുണ്ട്. ഗന്പേല നഗരത്തിനു സമീപത്തെ സുഡിയിലെത്തിയപ്പോൾ വാഹനം ചില അജ്ഞാതർ തടഞ്ഞു. ഈ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. വിവരം അറിഞ്ഞ വിദ്യാർഥികളുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മറ്റു കൂട്ടുകാരുടെയുമൊക്കെ നെഞ്ചു പിടഞ്ഞു. ഒരു നിമിഷം പോലും എനിക്കെന്റെ മകളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലായെന്ന് മാരേ അബീബി എന്ന അമ്മ ഉറക്കെ കരഞ്ഞു വിളിച്ചു. ഡംബി ഡോളോ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ സാന്പത്തികശാസ്ത്ര ബിരുദ വിദ്യാർഥിനിയായ ബെലായ്നേഷ് മെക്കോനൻ എന്ന പെണ്‍കുട്ടിയുടെ മാതാവാണ് മാരേ അബീബി. എന്റെ മകൻ ജീവനോടെയുണ്ടോ എന്ന ചോദ്യത്തിനു പോലും ഉത്തരം പറയാൻ അധികൃതർക്ക് കഴിയുന്നില്ല- മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥി ഗ്രിമ ഹബ്തേയുടെ പിതാവ് ഹബ്തേ ഡഗ്ന്യൂ നിറകണ്ണുകളോടെ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലിന്റെ മൂന്നാം ദിവസം തികച്ചും അപരിചിതമായ ഒരു നന്പരിൽ നിന്നും ഹബ്തേയെ മകൻ ഫോണ്‍ ചെയ്തു. അച്ഛനും അമ്മയുമൊന്നും പേടിക്കേണ്ടായെന്ന അവന്റെ വാക്കുകളിലും പരിഭ്രമമാണ് നിഴലിച്ചിരുന്നതെന്ന് ഹബ്തേ ഓർക്കുന്നു. തനിക്കും കൂട്ടുകാർക്കും വേണ്ടി പ്രാർഥിക്കണമെന്നും അവൻ പറഞ്ഞു. പിന്നീട് മകന്റെ ശബ്ദം കേട്ടിട്ടില്ലായെന്ന് ഹബ്തേ പൊട്ടിക്കരഞ്ഞു. ഇതേ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ സൈക്കോളജി വിദ്യാർഥിനിയായ മുലു സെവ്ദുവിന്റെ മാതാപിതാക്കൾ തളർച്ചയിൽ നിന്ന് കരകയറിയിട്ടില്ല. ബന്ധുക്കളൊക്കെ ദിവസവും മകളെ അന്വേഷിക്കുന്പോൾ കരയാനല്ലാതെ മറ്റൊന്നിനും തങ്ങൾക്കാവുന്നില്ലായെന്ന് അവരുടെ വിലാപം. തങ്ങളെല്ലാം കർഷകരാണ്. ഇപ്പോൾ കൃഷി ചെയ്യേണ്ട സമയമാണ്. പക്ഷെ, പാടത്തിറങ്ങാനാവുന്നില്ലായെന്നും ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ സങ്കടപ്പെട്ടു. പ്രധാനമന്ത്രി അബി അഹമ്മദ് അലി ഇക്കഴിഞ്ഞ ജനുവരിയിൽ ഈ വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ കാണുകയും സത്വര നടപടി സ്വീകരിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രക്ഷപ്പെട്ടു, പക്ഷെ...
അക്കൂട്ടത്തിൽ അസ്മിര ഷുമിയേ എന്ന വിദ്യാർഥിനി രക്ഷപ്പെട്ടത് സാഹസികമായാണ്. ഒരു കൂട്ടം യുവാക്കളാണ് മാരകായുധങ്ങളുമായി ബസ് തടഞ്ഞതെന്ന് അസ്മിര പറഞ്ഞു. കണ്ടാൽ കൊള്ളക്കാരെന്ന് തന്നെ തോന്നും. അവർ സംസാരിച്ചിരുന്നത് അഫാൻ ഒരോമോ ഭാഷയിലാണ്. വാഹനത്തിനുള്ളിൽ കയറിയ അവർ ആദ്യം എല്ലാ യാത്രക്കാരെയും നോക്കി. പിന്നീട് വിദ്യാർഥികളോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. അനുസരിക്കാൻ കൂട്ടാക്കാതിരുന്നവരെ ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചു. ബസിനു പുറത്തെത്തിച്ചപ്പോൾ ഈ വിദ്യാർഥികളെ വെറുതെ വിടണമെന്ന് അപേക്ഷിച്ച് ഒരു യാത്രക്കാരൻ കൊള്ളക്കാരുടെ കാലുപിടിച്ചു. പക്ഷെ, അതൊന്നും അവർ മുഖവിലയ്ക്കെടുത്തില്ല. തങ്ങൾക്ക് ഈ വിദ്യാർഥികളുമായി യാതൊരു ശത്രുതയുമില്ലെന്നും തങ്ങളുടെ പ്രശ്നം സർക്കാരുമായിട്ടാണെന്നും അതിലൊരാൾ പിറുപിറുത്തതായും അസ്മിര പറഞ്ഞു.
വനത്തിനുള്ളിലൂടെയായിരുന്നു അവർ തങ്ങളെ കൊണ്ടുപോയത്. ചിലർ നന്നേ ക്ഷീണിതരായി. നടക്കാൻ പോലുമാവാതെ തളർന്നുവീണവരെ അവർ താങ്ങി. പതിയെ നടക്കാൻ സഹായിച്ചു. അതിനിടയിലാണ് താൻ ഓടിയത്. സർവശക്തിയുമെടുത്തുള്ള ഓട്ടമായിരുന്നു. ഭാഗ്യത്തിന് അവരാരും ശ്രദ്ധിച്ചില്ലെന്ന് വേണം കരുതാൻ. ആരും പിന്തുടർന്നുമില്ല. എന്നാൽ വനത്തിലാദ്യമായാണ്. വഴിയും അറിയില്ല. വന്യമൃഗങ്ങളുണ്ടോ എന്ന ഭയവും കൊള്ളക്കാർ തന്നെ കണ്ടെത്തുമോ എന്ന ആശങ്കയും മനസ് നിറയെ. രണ്ടു രാത്രിയും പകലും വനത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. ഒടുവിൽ എങ്ങനെയൊക്കെയോ നടന്ന് പ്രധാന പാതയിലെത്തിയപ്പോഴാണ് ശ്വാസം നേരെയായത്. റോഡിലൊരു വൃദ്ധനെ കണ്ടുമുട്ടി. ഈ പരിസരത്ത് എങ്ങനെയെത്തി എന്ന് അദ്ദേഹം ചോദിച്ചു. അസ്മിര വിവരങ്ങളൊക്കെ വിശദീകരിച്ചു. ഫെഡറൽ പോലീസിനെ വിവരം അറിയിക്കാൻ അസ്മിര അദ്ദേഹത്തോട് അപേക്ഷിച്ചു. അദ്ദേഹം തന്റെ ജാക്കറ്റ് അസ്മിരയ്ക്ക് നൽകി. എന്നിട്ട് ഒരു മരത്തിന്റെ പിറകിലിരുത്തി. കുഞ്ഞേ, നിന്നെ ആ കൊള്ളക്കാർ ഇനി കണ്ടാൽ കൊന്നുകളയുമെന്ന് പതിയെ പറഞ്ഞ അദ്ദേഹം തുടർന്ന് അസ്മിരയ്ക്ക് പോകാനായി ഒരു കാർ തരപ്പെടുത്തി. നഗരത്തിലെത്തിയ അസ്മിര നേരെ ചെന്നത് ഫെഡറൽ പോലീസിന്റെ അരികിലാണ്.
കണ്ണീർ തോരാതെ....
ഏത്യോപ്യയിലെ, പ്രത്യേകിച്ചും ഒറോമിയയിലെ വംശീയ പ്രശ്നത്തിന്റെ പേരിലാണ് ഈ തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയിരിക്കുന്നതെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. ഏത്യോപ്യയിലെ എണ്‍പതിലധികം വരുന്ന വംശീയ കൂട്ടായ്മകളിൽ വലുതാണ് ഒറോണോ വിഭാഗം. സർക്കാരിന്റെ വിവേചന നയത്തിനെതിരേ ഒറോമ വിഭാഗം ആരോപണങ്ങൾ നിരത്തിയിട്ടുണ്ട്. മാത്രമല്ല. ഈ പ്രദേശത്തെ മറ്റു വംശക്കാരുമായി ഏറ്റുമുട്ടലുകളും പതിവാണ്. പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ഒരുമിച്ച് മുറിവുകൾ ഉണക്കുകയും വേണമെന്ന് പ്രഖ്യാപിച്ച നോബൽ സമ്മാനജേതാവായ പ്രധാനമന്ത്രി അബി അഹമ്മദ് അലി ഈ വിഷയത്തിൽ പ്രതികരിച്ചത് ഇങ്ങനെ: ബോകോ ഹറം ആളുകളെ തട്ടിക്കൊണ്ടുപോകുന്പോൾ, അത് തങ്ങളാണെന്ന ഉത്തരവാദിത്വം പുറത്തറിയിക്കാറുണ്ട്. പക്ഷെ, വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു വിഭാഗവും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അതായത്, അക്രമികൾ അജ്ഞാതരാണ്. പക്ഷെ, ആ കുട്ടികൾക്ക് അഹിതം സംഭവിക്കുന്ന വിധത്തിൽ ഒന്നും പറയുകില്ലെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രസംഗിക്കവെ കൂട്ടിച്ചേർത്തു.
അതിനിടയിൽ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നത് രാജ്യത്ത് കടുത്ത അമർഷത്തിന് കാരണമായിരിക്കുന്നു. ആ 17 വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ അധികൃതരോട് വിവരങ്ങൾ ആവർത്തിച്ചു ചോദിക്കുന്നുവെങ്കിലും ആശ്വാസകരമായ മറുപടിയല്ല നിലവിൽ കിട്ടുന്നത്.
ഗിരീഷ് പരുത്തിമഠം