കോടമഞ്ഞിന് താഴ്വരയില്....
Friday, March 6, 2020 3:15 PM IST
കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ... മഞ്ഞുപുതച്ച വഴികൾ... മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ... പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. ഒപ്പം ഈ കോടമഞ്ഞ് തഴുകുന്ന സുഖകരമായ തണുപ്പും. മൂന്നാറിന്റെ സൗരഭ്യം വർണിക്കാൻ വാക്കുകൾ മതിയാകുന്നില്ല. കണ്ണിനെയും മനസിനെയും ഒരുപോലെ കുളിർപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
വേനലിൽ കേരളത്തിലെ മറ്റുസ്ഥലങ്ങൾ ചുട്ടുപൊള്ളുന്പോഴും മൂന്നാറിൽ നല്ല തണുപ്പാണ്. ഒരിടവേളയ്ക്കുശേഷം മൂന്നാറിൽ അടുത്തയിടെ താപനില വീണ്ടും പൂജ്യത്തിലെത്തിയിരിക്കുന്നു. സമീപപ്രദേശങ്ങളായ മറയൂരും കാന്തല്ലൂരും നല്ല തണുപ്പു തന്നെയാണ്. തണുപ്പ് ഏറിയതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ വരവും ഏറിയിരുന്നു. പരീക്ഷാക്കാലമായതോടെ സഞ്ചാരികളുടെ വരവിനു നേരിയ കുറവുണ്ടാക്കിയിട്ടുണ്ട്. മധ്യവേനലവധി ആരംഭിക്കുന്നതോടെ വീണ്ടും സഞ്ചാരികളുടെ പ്രവാഹമായിരിക്കും ഇവിടേക്ക്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മറയൂർ, മാങ്കുളം, കുട്ടന്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്.
ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമിച്ചത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്.
മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തിയതോടെയാണ് മൂന്നാറിന്റെ കുതിപ്പിന് തുടക്കമായത്. 1915ൽ മൂന്നാറിൽ ധാരാളം തേയില എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്ക് നീക്കത്തിന് വേണ്ടി റോഡുകൾ നിർമിക്കപ്പെട്ടു. 1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു. ടോപ് സ്റ്റേഷനിൽ നിന്ന് റോപ്വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. ഒപ്പം ഇംഗ്ലണ്ടിൽ നിന്ന് വെറ്ററിനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നീട് മാട്ടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാട്ടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത സുനന്ദനി എന്ന സങ്കരയിനമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്. മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാട്ടുപ്പെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപ്പാതയുടെ തകർച്ചയെ തുടർന്ന് റോപ്വേയെ ആശ്രയിച്ചാണ് തേയില ടോപ്സ്റ്റേഷനിൽ എത്തിച്ചത്. പിന്നീടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗമാക്കിയതും.
ചീയപ്പാറ വെള്ളച്ചാട്ടം
നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ഒഴുകുന്നു. റോഡരികിൽ നിന്നു കണ്ടാസ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാർ യാത്രയിൽ ആദ്യത്തെ കാഴ്ചയാണ്.
ചിന്നക്കനാൽ
തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാർ യാത്ര രസകരമാണ്. ആനയിറങ്കൽ അണ ക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു മനോഹരമായ ഇടം.
മാട്ടുപ്പെട്ടി അണക്കെട്ട്
മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപ്പെട്ടി അണക്കെട്ട്. താഴ്വരയുടെ സൗന്ദര്യം കാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിലാണ് ഇത് നിർമിച്ചിട്ടുള്ളത് .
കുണ്ടള അണക്കെട്ട്
ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറിപ്പൂക്കൾ വിടരുന്ന പൂന്തോട്ടമുണ്ട്.
![](https://www.deepika.com/feature/special2020_march6a2.jpg)
ടോപ് സ്റ്റേഷൻ
മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണു തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷൻ. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷൻ. മൂന്നാറിൽ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്).
കൊളുക്കുമല
തമിഴ്നാട് സംസ്ഥാനത്തിലെ തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ മുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 8651 അടി ഉയരമുള്ള മീശപ്പുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ
മീശപ്പുലിമല
മൂന്നാറിൽ നിന്നു മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്ക്യാന്പിൽ എത്താം. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ (പശ്ചിമഘട്ടത്തിലെ) ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല. മീശയുടെ രൂപത്തിലാണ് ഈ പർവതനിര കാണപ്പെടുന്നത്.കൊളുക്കുമലൈ മുതൽ മീശപ്പുലിമല വരെ സഞ്ചാരികൾക്കു ട്രക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുറിഞ്ഞിമല
ദേവികുളം താലൂക്കിൽ പെടുന്ന കൊട്ടകന്പൂർ, വട്ടവട ഗ്രാമങ്ങൾ ഉൾപ്പെടുന്ന 32 ചതുരശ്ര കി.മി നീലക്കുറിഞ്ഞി കൃഷി പ്രദേശമാണ് കുറിഞ്ഞിമല സംരക്ഷണപ്രദേശം എന്നറിയപ്പെടുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഇത് ആരംഭിച്ചത്. പ്രത്യേക സസ്യത്തിന് വേണ്ടി നിലവിൽവന്ന ഒരു ഉദ്യാനം.
രാജമല
ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് നാലു കിലോമീറ്റർ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ പത്തു ഹെയർപിൻ വളവുകൾ ഉണ്ട്.
പാന്പാടുംചോല ദേശിയോദ്യാനം
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ് പാന്പാടും ചോല ദേശീയോദ്യാനം. ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു.
ചോലപ്പുൽമേട് ആവാസവ്യവസ്ഥ യാണ് ഇവിടത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.
മൂന്നാറിലെ ഷോപ്പിംഗ്
മൂന്നാർ വളരെ ചെറിയ ഒരു നഗരമാണെങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. കോടമഞ്ഞു പെയ്യുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായുള്ളത്.മൂന്നാറിൽ എത്തുന്നവർ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ ഒരു മടങ്ങാറില്ല.
പ്രദീപ് ഗോപി