കഥകള്‍ക്കപ്പുറത്തെ ‘മിസിംഗ് ’
Friday, March 6, 2020 2:12 PM IST
സിനിമാമോഹം മനസിലിട്ട് താലോലിച്ച് തിരക്കഥയുമായി ഒരാൾ വീടുവിട്ടിറങ്ങുക... രണ്ടുവര്‍ഷമായിട്ട് എവിടെയെന്നുപോലും അറിയാതെ നാട്ടുകാരും സഹോദരിമാരും. ഒന്നുകണ്ടുകിട്ടാന്, കണ്‍കുളിര്‍ക്കെ കാണാന്‍ ആ സഹോദരിമാർ അറിയാവുന്ന മാര്‍ഗങ്ങളെല്ലാം തേടുകയാണ്. പക്ഷെ സിനിമയല്ലല്ലോ ജീവിതം. നിമിഷനേരം കൊണ്ട് തെളിവുകള്‍ കണ്ടെത്തുന്ന നായകരില്ലല്ലോ ജീവിതത്തില്‍....
അഭ്രപാളിയിലേക്ക് കഥപറയാനിറങ്ങിയതാണ് കണ്ണൂര്‍ നാറാത്ത് ഹര്‍ഷ വില്ലയില്‍ നൗഷാദ് ... നാടിന്റെ ഭംഗിയും നാട്ടുകാരുടെ നന്മയും അക്ഷരങ്ങളാക്കി കോര്‍ത്തിണക്കിയ തിരക്കഥയുമായികൊച്ചിയിലേക്ക് പുറപ്പെട്ട നൗഷാദ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. അന്വേഷിക്കാത്ത ഇടങ്ങളില്ല... എത്താവുന്നിടത്തെല്ലാം സഹോദരിമാര്‍ അവനെ തേടിയെത്തി... മന്ത്രിമാരും എംഎല്‍എമാരും പോലീസും നൗഷാദിനെ കണ്ടെത്താന്‍ രംഗത്തെത്തി. എന്നിട്ടും നൗഷാദിനെ കുറിച്ച് വിവരം ലഭിച്ചില്ല.
സിനിമാ മോഹവുമായി നാട്ടില്‍ നിന്ന് തിരിച്ച യുവാവ് എവിടെ? ആ ഉത്തരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നാടും നാട്ടുകാരും ബന്ധുക്കളുമെല്ലാം... സിനിമ സ്വപ്നം കണ്ട് നൗഷാദിന്റെ ജീവിതത്തിന്റെ തിരക്കഥ ഇപ്പോള്‍ നൂലുപൊട്ടിയ പട്ടം പോലെയാണ്. നൗഷാദ് എവിടെയെന്ന് ആര്‍ക്കുമറിയില്ല. ആ തിരോധാനത്തിന് ഇപ്പോള്‍ രണ്ടുവയസായി. ആര്‍ക്കും ഒരു ഉത്തരമില്ല. കഥയിലെ ക്ലൈമാക്സ് എന്താകുമെന്നറിയുകയുമില്ല. എല്ലാം ‘ശുഭം' ആകുമെന്ന പ്രതീക്ഷയാണ് മനസില്‍...
നൗഷാദിലേക്കെത്തുന്ന പിടിവള്ളി നാളിതുവരെയും കിട്ടിയില്ല. ഒരു സിനിമയില്‍ പോലും തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നൗഷാദിന്റെ പേര് കണ്ടിട്ടുമില്ല. ഈ കഥ വായിക്കുന്നവര്‍ക്ക് ത്രില്ലര്‍ അനുഭവമാണെങ്കില്‍ അവനെ സ്നേഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ഇത് കണ്ണീര് കഥയാണ്...
ഫ്ളാഷ് ബാക്ക്...
കണ്ണൂര്‍ നാറാത്ത് ഹര്‍ഷ വില്ലയില്‍ പരേതനായ മുഹമ്മദാലിയുടെ മകനാണ് നൗഷാദ് എന്ന ഇയ്യ. ധാരാളം വായിക്കുകയും എഴുതുകയും ചെയ്യാറുള്ള നൗഷാദിന് സിനിമ ഒരു ആവേശമായിരുന്നു. എന്നെങ്കിലും അറിയപ്പെടുന്ന തിരക്കഥാകൃത്താവുമെന്നായിരുന്നു നൗഷാദിന്റെ സ്വപ്നം. അതിനായി രാപ്പകലില്ലാതെ നൗഷാദ് പ്രയത്നിച്ചു. വായനയും എഴുത്തുമായി മുഴുവന്‍ സമയവും ചെലവഴിച്ചു. പല കഥകളും നൗഷാദ് എഴുതി.
ഓരോ തവണ കഥകള്‍ പൂര്‍ത്തിയാവുമ്പോഴും കൊച്ചിയിലേക്ക് വണ്ടി കയറും. കഥ ആരെങ്കിലും വായിക്കുമെന്ന പ്രതീക്ഷയോടെ ... ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ് പിന്നീട് തിരിച്ചുവരവ്. നാട്ടിലെത്തിയാല്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക്...
രണ്ടു വര്‍ഷം മുമ്പ് 2017 ഓഗസ്റ്റില്‍ നൗഷാദ് എഴുതി തയാറാക്കിയ തിരക്കഥയുമായി വീട്ടില്‍ നിന്നിറങ്ങിയതാണ്. കൊച്ചിയിലേക്കെന്നു പറഞ്ഞാണ് പുറപ്പെട്ടത്. ദിവസങ്ങളും ആഴ്്ചകളും കഴിഞ്ഞു. നൗഷാദ് മടങ്ങിയെത്തിയില്ല.
അതിനിടെയാണ് നൗഷാദിന്റെ ഡയറിയും മൊബൈല്‍ ഫോണും പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപം കണ്ടതായി നൗഷാദിന്റെ സുഹൃത്തിനെ ഒരാള്‍ ഫോണില്‍ അറിയിച്ചത്. നൗഷാദിന്റെ തന്നെ മൊബൈലില്‍ നിന്നാണ് വിളിച്ചത്. സുഹൃത്ത് ഇക്കാര്യം വീട്ടുകാരോടു പറഞ്ഞു. സഹോദരന് വീട് വീട്ട് പോവാറുണ്ടെങ്കിലും ഇത്തവണത്തെ സംഭവങ്ങള്‍ സഹോദരങ്ങളെ ആശങ്കയിലാക്കി. തുടര്‍ന്ന് നൗഷാദിനെ കുറിച്ച് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു.
നൗഷാദ് ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് ബോധ്യമായ സഹോദരങ്ങള്‍ മയ്യില്‍ പോലീസില്‍ പരാതി നല്കി. പരാതിയില്‍ പോലീസ് അന്വേഷിക്കുന്നതിന് പുറമേ സഹോദരങ്ങള്‍ അന്വേഷണം ആരംഭിച്ചു. സ്വന്തം ജോലിയും ബിസിനസുമൊക്കെ ഉപേക്ഷിച്ച് മൂന്നു സഹോദരിമാര്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി മിക്ക റെയില്‍വേസ്റ്റേഷനുകളിലും എത്തി. കൂടെപ്പിറപ്പുകളായ ഫൗസിയയും സുനിതയും ഷെമീമയും എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി നൗഷാദിന്റെ ഫോട്ടോ സഹിതമുള്ള പോസ്റ്റര്‍ പതിച്ചു.
മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളില്‍ മാറിമാറി സഞ്ചരിച്ച്, സഹോദരന്റെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഭിത്തികളില്‍ പതിച്ചു. എന്നാല്‍ ഫലമുണ്ടായില്ല.
അന്വേഷിക്കുന്നതിനിടെ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ശുചിമുറിക്കു സമീപം നൗഷാദിനോടു സാമ്യമുള്ള ഒരാള്‍ അവശനിലയില്‍ കിടക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അതു പോസ്റ്റ് ചെയ്തയാളെ കണ്ടെത്തി വീട്ടുകാര്‍ നൗഷാദിന്റെ പഴയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ട്രെയിനില്‍ കണ്ടതു നൗഷാദ് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇദ്ദേഹം പറഞ്ഞതനുസരിച്ച് എല്ലാ സ്ഥലങ്ങളിലും പരിശോധിച്ചു. എന്നാല്‍ നൗഷാദിന്റെ യാതൊരു വിവരവും ലഭിച്ചില്ല. സംസ്ഥാനത്തെ ഏതാണ്ടെല്ലാ അനാഥാലയങ്ങളിലും മുതിര്‍ന്നവരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ഏര്വാടിയിലുമടക്കം സഹോദരിമാര്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തെ എല്ലാ റെയില്വേസ്റ്റേഷനുകളിലുമെത്തി ആര്‍പിഎഫിനും റെയില്വേപോലീസിനും പരാതി നല്കി.
ട്വിസ്റ്റ്
നൗഷാദിന്റെ തിരോധാനം സംബന്ധിച്ച് വാര്‍ത്ത പരന്നതിനിടെ പ്രബിന് എന്ന പേരില്‍ ഒരാള്‍ സഹോദരി ഫൗസിയയെ ബന്ധപ്പെട്ടു. നൗഷാദ് തനിക്കൊപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍ വന്നത്. പണം ആവശ്യപ്പെടുകയും ചെയ്തു.
അക്കൗണ്ട് വഴി പണം ആദ്യം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. കൂടാതെ പറയുന്ന സ്ഥലത്ത് തനിച്ച് എത്തണമെന്നും ഫൗസിയയോട് ആവശ്യപ്പെട്ടു. യുവാവിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ പോയില്ല. ഫോണ്‍ നന്പറടക്കം ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടായില്ല.
അതേസമയം നൗഷാദിനെ കുറിച്ച് എല്ലാവിവരങ്ങളും ഇയാള്‍ ഫോണിലൂടെ പറഞ്ഞിരുന്നതായും ഫൗസിയ പറയുന്നു. ഇയാളെ കണ്ടെത്തിയാല്‍ നൗഷാദിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്.
നൗഷാദിനെ കണ്ടെത്താന്‍ പ്രമുഖരും രംഗത്ത്
നൗഷാദിന്റെ തിരോധാനത്തെ തുടര്‍ന്ന് പ്രമുഖര്‍ പലരും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രി കെ.കെ.ശൈലജയുമെല്ലാം നൗഷാദിനെ കണ്ടെത്തുന്നതിനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. നൗഷാദിന്റെ പൂര്‍ണവിവരങ്ങളും ഫോട്ടോയും സഹിതമായിരുന്നു പോസ്റ്റിട്ടത്. ‘നൗഷാദിനെ കണ്ടെത്താന്‍ ഒന്ന് സഹായിക്കാമോ. കണ്ണൂര്‍ പാമ്പുരുത്തി സ്വദേശിയാണ്.സ്കൂള്‍ പഠന കാലത്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥാ രചനയില്‍ ഒന്നാം സമ്മാനം നേടിയ ഈ പ്രതിഭ ആരോടും പറയാതെ പോയതാണ് .രണ്ടു വര്‍ഷമായി .ഇപ്പോള്‍ 45 വയസുണ്ട്' എന്നു തുടങ്ങുന്നതായിരുന്നു സ്പീക്കറുടെ പോസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സ്പീക്കര്‍ പോസ്റ്റിട്ടത്. ഇതിനകം ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.