ലോകമുത്തശ്ശന്‍ @ 112
Tuesday, March 3, 2020 3:09 PM IST
ഞാന്‍ തൃപ്തനല്ല... മറ്റൊരാളുടെ വിയോഗത്തിലൂടെ എനിക്ക് ലഭിച്ച ഈ നേട്ടത്തില്‍ എനിക്ക് എങ്ങനെ സന്തോഷിക്കാനാകും...?. ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന് എന്ന ബഹുമതി ഔദ്യോഗികമായി ലഭിക്കാനിരിക്കുന്ന ബോബ് വെയ്ടണിന്റെ വാക്കുകളാണിത്.
1908
ചരിത്രത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള വര്‍ഷമാണ് 1908. ഓട്ടൊമൊബൈല്‍ ടെക്നോളജിയിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന പ്രശസ്തമായ ന്യൂയോര്‍ക്ക്- പാരീസ് കാര്‍ റേസ് ആരംഭിച്ചത് 1908 ലാണ്. റോബര്‍ട്ട് ബേഡന്‍ പൗവലിന്റെ ബോയ്സ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ തുടക്കവും ഫുട്ബോള്‍ ക്ലബായ ഇന്റര്മിലന്റെ പിറവിയും ഹെന്റ്രി ഫോഡിന്റെ ടി മോഡല്‍ കാറിന്റെ നിര്‍മാണത്തിന്റെ ആരംഭവും ഇതേ വര്‍ഷമായിരുന്നു. എഡ്വേഡ് ഏഴാമന്റെ ഭരണകാലം കൂടിയായ 1908 മാര്‍ച്ച് 29 നാണ് ബോബ് വെയ്ടണ് ഭൂജാതനായത്. ഈ മാസം 29 ന് അദ്ദേഹത്തിന് 112 വയസ് തികയും. എന്നാല്‍, ഈ പിറന്നാളാഘോഷത്തിനു മുന്‍പു തന്നെ അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.
ഇംഗ്ലണ്ടില്‍ ഹാംപ്ഷയറിലെ ബോബ് വെയ്ടണ് ആണ് നിലവില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മനുഷ്യന് എന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താനിരിക്കുകയാണ്. വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതി അദ്ദേഹത്തിന് നിലവിലുണ്ട്. ജപ്പാന്‍കാരനായ വതാനബെയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 27 വരെ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിന്റെ വേര്‍പാടിനെത്തുടര്‍ന്നാണ് ബോബ് വെയ്ടണിന് ഈ ആദരണീയസ്ഥാനം പ്രാപ്തമാകാന്‍ പോകുന്നത്.
അധ്യാപകനായ എഞ്ചിനീയര്‍
കുടുംബത്തിലെ ഏഴു മക്കളിലൊരാളാണ് ബോബ്. അദ്ദേഹത്തിന് ആറു വയസ്സുള്ളപ്പോഴായിരുന്നു ഒന്നാം ലോകമഹായുദ്ധം. അമ്മയും അമ്മൂമ്മയുമെല്ലാം യുദ്ധത്തിന്റെ ഭീകരതയും കെടുതിയുമൊക്കെ വിവരിച്ച് കണ്ണീര് വാര്‍ത്തിരുന്നത് ബോബിന്റെ സ്മരണകളിലുണ്ട്. പിതാവിന്റെ താത്പര്യം കണക്കിലെടുത്താണ് ബോബ് മറൈന്‍ എഞ്ചിനീയറിംഗ് അപ്രന്റീസ്ഷീപ്പ് നേടിയത്. പക്ഷെ, തായ് വാനിലെ മിഷണറി സ്കൂളില്‍ അധ്യാപകനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസ കാലത്തെ പരിചിതയായിരുന്ന ആഗ്നസിനെ ബോബ് ജീവിതപങ്കാളിയാക്കി. ആഗ്നസും അധ്യാപികയായിരുന്നു. ഹോംഗ്കോംഗിലായിരുന്നു ഇവരുടെ വിവാഹം. ഇംഗ്ലണ്ടിലേയ്ക്ക് തിരിച്ചു പോകണമെന്ന് ബോബും ആഗ്നസും ആഗ്രഹിച്ചുവെങ്കിലും രണ്ടാം ലോക മഹായുദ്ധം വിലങ്ങുതടിയായി. തുടര്‍ന്ന് കാനഡയിലെ ടൊറന്റോയിലേക്ക് താമസം മാറി. അക്കാലത്തു തന്നെ അമേരിക്കയിലെ ഒരു യുദ്ധവിമാന കന്പനിയിലും ബോബ് ജോലി നോക്കി. അമേരിക്കന്‍ സീക്രട്ട് സര്‍വീസുമായി അദ്ദേഹം നല്ല അടുപ്പത്തിലായിരുന്നു. യുദ്ധാവസാനം ലണ്ടനിലേക്ക് മടങ്ങിയ ബോബ് പിന്നീട് നഗരത്തിലെ സ്കൂളില്‍ അധ്യാപകനായി. 1995 ല്‍ ആഗ്നസ് മരണമടഞ്ഞു. ഡേവിഡ്, പീറ്റര്‍, ഡൊറോത്തി എന്നിവരാണ് ബോബ്- ആഗ്നസ് ദന്പതികളുടെ മക്കള്‍. ആഗ്നസിന്റെ അപ്രതീക്ഷിതമായ യാത്രാമൊഴി ബോബിനെ തളര്‍ത്തിയെങ്കിലും മക്കളും പേരക്കിടാങ്ങളും അടങ്ങിയ കുടുംബാന്തരീക്ഷത്തില്‍ അദ്ദേഹം സങ്കടങ്ങള്‍ക്ക് അവധി നല്കി.
![](https://www.deepika.com/feature/special2020_march3a2a.jpg)
എന്നാല്‍ 2014 -ല്‍ മകന് പീറ്റര്‍ മരണമടഞ്ഞതോടെ ഉള്ളില്‍ അടക്കിപ്പിടിച്ച ദുഃഖം ഇരട്ടിച്ചു. മക്കളും 10 പേരക്കിടാങ്ങളും അവരുടെ 25 കൊച്ചുമക്കളുമൊക്കെ നിറഞ്ഞ ജീവിതയാത്രയില്‍ പതിയെ അദ്ദേഹം കദനങ്ങള്‍ വിസ്മരിച്ചു. 2018 ലാണ് ബോബിന് യൂറോപ്പിലെ പ്രായം കൂടിയ മനുഷ്യന് എന്ന കിരീടം ചാര്‍ത്തപ്പെട്ടത്.
ആയുസ്സിന്റെ രഹസ്യം....
മരണത്തെ മുഖാമുഖം കണ്ടിട്ടുള്ള പല സന്ദര്‍ഭങ്ങളും ബോബിന് നേരിടേണ്ടിവന്നുവെങ്കിലും അതിജീവിക്കാനായിയെന്ന് മുഖം നിറഞ്ഞ പ്രസന്നതയോടെ ഈ റെക്കോര്‍ഡ് താരം പറയുന്നു. സാധാരണ ജലദോഷം മുതല്‍ മലന്പനി വരെ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുള്ള ബോബ് ചില ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. മറ്റുള്ളവരോട് ഹൃദയപൂര്‍വം പെരുമാറുക എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും സമാധാനപരമായ മുഹൂര്‍ത്തങ്ങള്‍ക്കും അടിസ്ഥാനമെന്ന് ബോബിന്റെ വിശ്വാസപ്രമാണം.
എവറസ്റ്റ് കൊടുമുടിയുടെ ഉന്നതങ്ങളില്‍ കാല് കുത്തണമെന്നോ ഉലകമാകെ ചുറ്റിക്കറങ്ങണമെന്നോ ഉള്ള മോഹങ്ങള്‍ തനിക്കില്ലായിരുന്നുവെന്ന് ബോബ് ചൂണ്ടിക്കാട്ടി. എന്നാല്‍, പുതിയ ആളുകളുമായി പരിചയപ്പെടാനും അവരോട് സൗഹാര്‍ദ്ദമായി സംസാരിക്കാനും വിശേഷങ്ങള്‍ അറിയാനും ശ്രമിക്കാറുണ്ട്. നന്മയാര്ന്ന മനുഷ്യബന്ധങ്ങളെ ഊട്ടിവളര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ബോബ് ഓര്‍മിപ്പിച്ചു. തനിക്ക് മൊബൈല്‍ ഫോണില്ലായെന്ന് വെളിപ്പെടുത്തിയ ബോബ് ഇതുവരെയും അതിന്റെ ആവശ്യം വന്നിട്ടില്ലായെന്നും പറഞ്ഞു. കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ തായ് വാനിലെ പഴയ സ്കൂളിലെ കുട്ടികളുമായും അധ്യാപകരുമായും സ്കൈപ്പിയില് സംസാരിച്ചുവെന്നും ബോബ് പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലൊരിക്കലും പണത്തിന് വലിയ മുന്‍തൂക്കം നല്‍കിയിരുന്നില്ലായെന്ന് ബോബ് വ്യക്തമാക്കി. കളങ്കമില്ലാതെ ചിരിക്കുക, അത് തനിക്കും ചുറ്റുമുള്ളവര്‍ക്കും ആനന്ദമേകും. ലോകത്തെ പല പ്രശ്നങ്ങള്‍ക്കും കാരണം ജനങ്ങള്‍ അവയ്ക്ക് അര്‍ഹിക്കാത്ത ഗൗരവം കൊടുക്കുന്നതാണെന്നും അനുഭവസന്പത്തിന്റെ ഈ ഉടമസ്ഥന് പറയുന്നു.
യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെട്ടത് ലോകത്തെ അഭിനന്ദനാര്‍ഹമായ പുരോഗതികളിലൊന്നായി ബോബ് അഭിപ്രായപ്പെട്ടു. 1933 ല്‍ ഹോംഗ്കോംഗിലേക്ക് താന്‍ സഞ്ചരിച്ചത് പി ആന്‍ഡ് ഒ ബോട്ടിലായിരുന്നു. ആറ് ആഴ്ചയ്ക്കു ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. എട്ടോ ഒന്‍പതോ മണിക്കൂറിനുള്ളില്‍ ഇപ്പോള്‍ ആ ദൂരം നമുക്ക് പറന്നെത്താമല്ലോ എന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ലോകമഹായുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, ഒരുപാട് പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും ഭരണകാലങ്ങളിലൂടെ സഞ്ചരിച്ച, ബോബിനോട് എന്താണ് ജീവിതത്തിന്റെ രഹസ്യം എന്ന് ചോദിച്ചാല്‍ ആദ്യപ്രതികരണം സ്വതസിദ്ധമായ ആ പുഞ്ചിരിയായിരിക്കും. എന്നിട്ട് പതിയെ മൊഴിയും- മരണത്തെ ഒഴിവാക്കിയാല്‍ ജീവിക്കാം... അകന്പടിയായി ഒരു പൊട്ടിച്ചിരിയും ഉറപ്പ്.
ഗിരീഷ് പരുത്തിമഠം