പ്രമേഹവും മോണരോഗവും തമ്മിൽ...
Tuesday, February 18, 2020 3:21 PM IST
മോണരോഗവുമായി വളരെയേറെ ബന്ധമുള്ള രോഗമാണു പ്രമേഹം. ലോകമെന്പാടുമുള്ള പ്രമേഹബാധിതരുടെ എണ്ണം വർഷംതോറും കൂടിവരികയാണ്. ഒരു വ്യക്തിക്ക് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പല്ലിനെ താങ്ങിനിർത്തുന്ന എല്ലിനെയും മോണയെയും മറ്റ് അനുബന്ധ കോശജാലകങ്ങളെയും ബാധിക്കുന്ന ഒരു രോഗമാണ് മോണരോഗം. പ്രമേഹരോഗികളിൽ മോണരോഗം കൂടുതലായി കാണപ്പെടുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിൽ പ്രതിരോധശേഷി കുറയുന്നു. അണുബാധകൾക്ക് വഴിയൊരുങ്ങുന്നു. അതുവഴി വായിലെ സംയുക്ത കോശങ്ങളിൽ അണുബാധ ഉണ്ടാകാനുള്ള അവസരം കൂടുന്നു. ഇത് മോണരോഗത്തിലേക്ക് നയിക്കുന്നു. പരസ്പരം സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ള രോഗങ്ങളാണ് പ്രമേഹവും മോണരോഗവും.
പ്രധാനമായും രണ്ടുതരം പ്രമേഹം ഉണ്ട്. ടൈപ്പ് 1, ടൈപ്പ് 2. ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉൗർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസ് അഥവാ പഞ്ചസാരയായി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസ് ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയുക്തമായ വിധത്തിൽ കോശങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ടൈപ്പ് 1 പ്രമേഹം ഇൻസുലിനധിഷ്ടിതമായ പ്രമേഹമാണ്. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ നശിച്ചുപോകുകയോ പ്രവർത്തിക്കാതിരിക്കുന്പോഴോ ആണ് ഇതുണ്ടാകുന്നത്. പ്രായം ഒരു ഘടകമല്ല.
ശരീരത്തിന് ഇൻസുലിൻ നിർമിക്കാൻ കഴിവുണ്ടെങ്കിലും അത് മിതമായ മാത്രയിൽ അല്ലാത്തപ്പോഴോ നിർമിക്കുന്ന ഇൻസുലിൻ അനുയുക്തമായി പ്രവർത്തിക്കാത്തപ്പോഴോ ആണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്. സാധാരണയായി 30 വയസിനു മുകളിൽ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്. ഈ രണ്ടുതരം പ്രമേഹവും രക്തത്തിൽനിന്നു കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വ്യതിയാനത്തെ തടയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു.
പ്രമേഹരോഗികളിൽ രക്തത്തിലെ ഷുഗർ ലെവൽ കൂടുതലാകുന്നതുമൂലം ഉമിനീരിലും മോണയ്ക്കുള്ളിലെ ദ്രാവകത്തിലും പഞ്ചസാരയുടെ അളവ് കൂടുന്നു. ഇത് വായിലെ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കളമൊരുക്കുന്നു. അതുകൂടാതെ പരോക്ഷമായ രീതിയിൽ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നു. അതുവഴി ഇൻഫ്ളമേറ്ററി സൈറ്റോകൈൻസിന്റെ ഉത്പാദനത്തോത് വർധിക്കുന്നു. ഇവ പല്ലിനെ സംരക്ഷിക്കുന്ന എല്ലുകളുടെ തേയ്മാനത്തിനു കാരണമാകുന്നു. അതുവഴി മോണരോഗത്തിലേക്ക് എത്തുന്നു. മുന്പ് സൂചിപ്പിച്ചതുപോലെ പ്രമേഹവും മോണരോഗവും പരസ്പരം സ്വാധീനംചെലുത്തുന്നു.
മോണരോഗികളിൽ മോണയിലെ പ്രതിരോധശേഷിക്കുറവു മൂലം അണുബാധ മോണവഴി രക്തത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഈ അണുബാധ ഇൻസുലിൻ ഹോർമോണിനെ പ്രതിരോധിക്കുന്നു. അതുവഴി പ്രമേഹത്തിന് വഴിയൊരുക്കുന്നു.
പ്രമേഹവുമായി ബന്ധപ്പെട്ട മോണരോഗത്തിന്റെ ആദ്യഘട്ടം
പല്ല് തേയ്ക്കുന്പോൾ മോണയിൽനിന്നു രക്തം വരിക, പല്ലിന് ഇളക്കം, പല്ല് പൊങ്ങിയതായി അനുഭവപ്പെടുക, മോണപഴുപ്പും നീർക്കെട്ടും വരിക, പല്ലുകൾ തമ്മിലുള്ള അകലം കൂടിവരിക, പല്ലുകൾ നീളംവച്ചതായി കാണപ്പെടുക എന്നിവയാണ് പ്രമേഹരോഗികളിലെ മോണരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ. ഇവകൂടാതെ ചുണ്ടുകളുടെ കോണുകളിലുള്ള മുറിവ്, വായിലെ ദശയിലുള്ള വിള്ളലുകൾ, വായ് എരിച്ചിൽ, ഉമിനീരിന്റെ ഒഴുക്ക് കുറയുന്ന അവസ്ഥ, ദന്തക്ഷയം എന്നിവയെല്ലാം മറ്റു ലക്ഷണങ്ങളാണ്. പക്ഷേ, ഈ മാറ്റങ്ങളെല്ലാം പ്രമേഹം നിയന്ത്രണത്തിലായ രോഗികളിൽ കാണാൻ സാധ്യത കുറവാണ്. അവരിൽ സാധാരണരീതിയിലുള്ള പ്രതിരോധശേഷിയും കോശങ്ങളുടെ പ്രതികരണവുമായിരിക്കും.
പ്രമേഹരോഗികളിൽ മോണരോഗത്തെ പ്രതിരോധിക്കലാണ് ഏറ്റവും അനുയോജ്യമായ രീതി. മോണരോഗം നമ്മുടെ ഭക്ഷണരീതികളെയും അളവിനെയും സാരമായി ബാധിക്കുന്നു. പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ ഉൗന്നൽ കൊടുക്കേണ്ടത് പല്ല് ക്ലീനിംഗും രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രണവുമാണ്.
പല്ല് തേക്കാൻ മൃദുവായ ബ്രഷിന്റെ ഉപയോഗം പല്ലിലെ അഴുക്ക് മാറ്റാൻ ഒരു പരിധിവരെ സഹായിക്കും. പല്ലുകളുടെ ഇടയിലുള്ള അഴുക്കുകൾക്ക് ദന്തൽ ഫ്ളോസ് ഉപയോഗിക്കാം. ക്ലോർഹെക്സൈഡിൻ മൗത്ത് വാഷും ഉപയോഗിക്കാം.
പ്രമേഹരോഗികൾ ആറുമാസത്തിലൊരിക്കൽ ഒരു ദന്തരോഗവിദഗ്ധനെ സന്ദർശിച്ച് പല്ലിന്റെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം. ആഴത്തിലുള്ള പല്ല് ക്ലീനിംഗ് ആണ് പ്രാഥമിക ദന്തചികിത്സ. എന്നിട്ടും അഴുക്കോ മറ്റും അവശേഷിച്ചാൽ സർജിക്കൽ രീതികളും ഉപയോഗിക്കാം. മോണരോഗ ചികിത്സയ്ക്കൊപ്പം മൂന്നുമാസത്തിലൊരിക്കൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് നിയന്ത്രണവിധേയമാക്കണം. പ്രമേഹരോഗികൾ പതിവായി വ്യായാമം ചെയ്യേണ്ടത് പ്രാധാന്യമർഹിക്കുന്നു. കൂടാതെ ഭക്ഷണരീതികളിൽ മാറ്റം വരുത്തേണ്ടതും അത്യാവശ്യമാണ്.
രോഗികളെ ബോധവത്കരിക്കുക, ഭക്ഷണം ക്രമീകരിക്കുക, സന്തുലിതമായ ഭക്ഷണരീതികൾ പരിശീലിപ്പിക്കുക, കൂടുതലും വൈറ്റമിൻസ് അടങ്ങിയ ഭക്ഷണം കഴിക്കുക. കലോറി കൂടിയതും പഞ്ചസാരയുടെ അളവ് കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക. രോഗികൾ ഇടയ്ക്കിടെ ചെറിയതോതിൽ ന്യൂട്രീഷനടങ്ങിയതും നാര് അടങ്ങിയതുമായ ഭക്ഷണം കഴിക്കണം.
ഭക്ഷണത്തിനിടെയുള്ള ദൈർഘ്യമേറിയ ഇടവേളകൾ ഒഴിവാക്കുക. കാരണം അവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറയുന്ന അവസ്ഥയിലേക്ക് - ഹൈപ്പോ ഗ്ലൈസീമിയ - കൊണ്ടുപോകാൻ സാധ്യതകളേറെയും അതുവഴി മാറിക്കൊണ്ടിരിക്കുന്ന രക്തഗ്ലൂക്കോസ് അളവിന് കാരണമാകുന്നു. ഇത് പ്രമേഹരോഗികളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.
പഴവർഗങ്ങൾ, പച്ചക്കറികൾ, സാലഡുകൾ ഇവയെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. സ്ഥിരമായുള്ള കായികപ്രവർത്തനം ആരോഗ്യപരമായ ഭക്ഷണശീലങ്ങൾ, പ്രമേഹ ഒൗഷധങ്ങൾ എന്നിവ ഒരുമിച്ചു ചേരുന്പോൾ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അതിന്റെ ദീർഘകാല സങ്കീർണതകൾ തടയുന്നതിനും സഹായകമാവും. പ്രമേഹരോഗികൾ പരിശോധനകൾ നടത്തുന്പോൾ
പ്രമേഹവും മോണരോഗവും ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗങ്ങളാണ്. മോണരോഗ നിവാരണത്തിനും നിയന്ത്രണത്തിനും പ്രമേഹത്തിനെതിരേയുള്ള നമ്മുടെ പോരാട്ടത്തെ വളരെയധികം സഹായിക്കാൻ കഴിയും.
അതിനാൽ ആരോഗ്യകരമായ ഒരു നല്ല നാളേയ്ക്കുവേണ്ടി പല്ലിന്റെയും മോണയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ് 9447219903
[email protected]
www.dentalmulamoottil.com