മൊബൈൽ മുതൽ മദ്യം വരെ... വീട്ടകങ്ങളിലെ കൊടുംപാതകങ്ങൾ
Tuesday, February 18, 2020 3:16 PM IST
ഛത്തീസ്ഗഡിൽ കാനേകേര പട്ടണത്തിലെ ഓവുചാലിലാണ് ആ പെണ്കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ശരീരമാസകലം ചോരപ്പാടുകൾ നിറഞ്ഞിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. നടപടികൾ പൂർത്തിയാക്കി. ആളിനെ തിരിച്ചറിഞ്ഞു. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് മനസിലായെങ്കിലും ആര്, എന്തിന് എന്നത് തുടക്കത്തിൽ പോലീസ് സംഘത്തിന് തലവേദനയായിരുന്നു. കോത്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സതീഷ് ദിവാന്റെ മകൾ സുലോചന ദിവാ (19) ന്റെ മൃതശരീരമാണ് അഴുക്കുചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം യാതൊരുവിധത്തിലും ഉൾക്കൊള്ളാനാവാത്ത ദുരന്തം...
കൃത്യമായ അന്വേഷണത്തിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലും പോലീസ് സംഘം പ്രതീക്ഷ കൈവിട്ടില്ല. കുടുംബാംഗങ്ങളെയും സുലോചനയുടെ സുഹൃത്തുക്കളെയുമൊക്കെ ചോദ്യം ചെയ്തു. സുലോചനയുടെ ഏറ്റവും അടുത്ത സുഹൃത്ത് പോലീസിന് നൽകിയ മൊഴി കേസിൽ നിർണ്ണായകമായ വഴിത്തിരിവായി. മകളുടെ മൊബൈൽ ഫോണ് ഉപയോഗത്തെച്ചൊല്ലി സതീഷും സുലോചനയും തമ്മിൽ പല പ്രാവശ്യം വഴക്കുണ്ടായിട്ടുണ്ടത്രെ. മകൾക്ക് ഏതോ പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ് ഉപയോഗിക്കരുതെന്ന് കർശനമായ താക്കീത് വരെ നൽകിയിരുന്നുവെന്നും സുലോചനയുടെ സുഹൃത്ത് പോലീസിനോട് പറഞ്ഞു. അങ്ങനെ അന്വേഷണ സംഘം സതീഷ് ദിവാനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. അപ്പോഴാണ് സുലോചനയുടെ കൊലപാതകിയെ പുറംലോകം അറിഞ്ഞത്.
മൊബൈൽ ഉപയോഗം വിനയായി...
സതീഷ് ദിവാന് രണ്ടു പെണ്മക്കളാണ്. സുലോചനയാണ് മൂത്തത്. ഇളയ മകൾ അന്യസമുദായത്തിൽപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കുടുംബാംഗങ്ങളെ ധിക്കരിച്ച് അയാളോടൊപ്പം പോവുകയും ചെയ്തു. സുലോചനയും അത്തരത്തിലൊരു കടുംകൈ ചെയ്യരുതെന്ന നിർബന്ധം സതീഷ് ദിവാനുണ്ടായിരുന്നു. പക്ഷെ, മകളുടെ മൊബൈൽ ഫോണ് ഉപയോഗം അയാളെ പലപ്പോഴും അസ്വസ്ഥനാക്കി. വീട്ടിലേതു നേരവും മൊബൈലിൽ ചെലവഴിക്കുന്ന മകളെ പലവട്ടം അയാൾ വിലക്കി. അനുജത്തിയെ പോലെ ആകാൻ സമ്മതിക്കില്ലെന്ന് ആവർത്തിച്ചു.
അന്നൊരു ദിവസം സുലോചന വീട്ടിൽ വൈകിയാണ് എത്തിയത്. സതീഷ് കാരണം ആരാഞ്ഞുവെങ്കിലും സുലോചന ആദ്യമൊന്നും പ്രതികരിച്ചില്ല. പിന്നീട് ഇരുവരും തമ്മിൽ പൊരിഞ്ഞ വാക്കുതർക്കം നടന്നു. ഒടുവിൽ സുലോചന പുറത്തേക്ക് ഇറങ്ങിപ്പോയി. കോപാകുലനായ സതീഷും പിന്നാലെ ചെന്നു. അൽപ്പദൂരത്തിനു ശേഷം സതീഷ് സുലോചനയെ പിടിച്ചുനിർത്തി. നിലത്തു കിടന്ന കല്ലു കൊണ്ട് മകളുടെ ശിരസിൽ തുടർച്ചയായി ആഞ്ഞിടിച്ചു. രക്തത്തിൽ കുളിച്ചു പിടയുന്ന മകളെ ഓവുചാലിലേയ്ക്ക് തള്ളിയിട്ട് വീട്ടിലേക്ക് മടങ്ങി. ജീവനു തുല്യം സ്നേഹിക്കുന്ന സ്വന്തം മകളോട് സതീഷ് ദിവാന് എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാൻ കഴിഞ്ഞുവെന്നത് കുടുംബാംഗങ്ങൾക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
ജീവനെടുത്ത ലഹരി...
പിപ്ലോട് ഗ്രാമത്തിലെ മഞ്ജരി നദിയിൽ ശിരസ് ചതയ്ക്കപ്പെട്ട നിലയിൽ ഒഴുകിയെത്തിയ മൃതദേഹം നാട്ടുകാരെ ആശങ്കയിലാഴ്ത്തി. മുഖത്തും നിറയെ ചതവുകളുള്ളതിനാൽ പെട്ടെന്ന് ആളെ തിരിച്ചറിയാനായില്ല. മധ്യപ്രദേശിലെ ഖാണ്ട്വായി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിൽ രൂപ് സിംഗ് എന്നയാളുടെ മൃതദേഹമെന്ന് തെളിഞ്ഞു. പ്രാഥമികമായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. മദ്യപനായിരുന്ന രൂപ് സിംഗ് വീട്ടുകാർക്ക് എന്നും ഉപദ്രവമായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മനസിലായി. മാത്രമല്ല, ഒരു വസ്തുവിന്റെ ഇടപാട് സംബന്ധിച്ചും രൂപ് സിംഗ് ഭാര്യാവീട്ടുകാരുമായി നേരത്തെ വഴക്കിട്ടിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം രൂപ് സിംഗിന്റെ ഭാര്യ ശോഭാ ഭായി, ഭാര്യാമാതാവ് പാർവതിഭായി, സഹോദരൻ സന്തോഷ് രാജ്പുത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലാൽ ബഹാദൂർ, ബബ്ലൂ എന്നീ വാടക കൊലയാളികളെയും മുകേഷ് എന്ന വ്യാജഡോക്ടറെയും ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി.
പത്തു ലക്ഷം രൂപയാണ് മുകേഷിന് രൂപ് സിംഗിന്റെ ഭാര്യയും ബന്ധുക്കളും വാഗ്ദാനം ചെയ്തത്. രൂപ് സിംഗിന്റെ ജീവനെടുക്കുന്ന ഇൻജക്ഷൻ നൽകുന്നതിനായിട്ടായിരുന്നു ഈ പ്രതിഫലം. ലാൽ ബഹാദൂറും ബബ്ലുവും ചേർന്ന് രൂപ്സിംഗിനെ മദ്യം കുടിപ്പിക്കുകയും മൃതദേഹം വലിച്ചെറിയുന്നതിനു മുന്പ് കല്ല് കൊണ്ട് ശിരസ്സ് അടിച്ച് ചതയ്ക്കുകയും ചെയ്തു.
അറിയാതെ...
രാവിലെ പതിവുപോലെ ജോലിക്കു പോകാൻ നേരവും ഭാര്യ പുട്ടമ്മ എഴുന്നേൽക്കാത്തതിൽ ശശിധറിന് നീരസം തോന്നി. പക്ഷെ, അയാളൊന്നും മിണ്ടാതെ തന്റെ തൊഴിലിടത്തേക്ക് യാത്രയായി. പതിനൊന്നോടെ ബന്ധുക്കൾ അറിയിച്ചതനുസരിച്ച് ശശിധർ പെട്ടെന്ന് വീട്ടിലെത്തി. ഭാര്യയുടെ മരണവാർത്ത കേട്ട അയാൾ തളർന്ന് നിലത്തിരുന്നു. പുട്ടമ്മയുടെ ദേഹത്ത് മർദ്ദനത്തിന്റെ പാടുകൾ കാണപ്പെട്ടതിനാൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. ബംഗ്ലൂരു നഗരത്തിൽ നടന്ന ഈ സംഭവത്തിൽ പുട്ടമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയത് ശശിധർ തന്നെയെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യമായി. പക്ഷെ, അതിനെക്കുറിച്ചൊന്നും ശശിധറിന് ഓർമ്മയില്ലെന്നതാണ് വാസ്തവം. മദ്യലഹരിയിൽ രാത്രിയിൽ ശശിധറും ഭാര്യയുമായി കടുത്ത വഴക്കുണ്ടായി. അതിനിടയിൽ കൈയിൽ കിട്ടിയ ഏതോ തടിക്കഷണം കൊണ്ട് ശശിധർ പുട്ടമ്മയെ അടിക്കുകയായിരുന്നുവത്രെ. തുടർന്ന് ക്ഷീണത്താൽ ശശിധർ കിടന്നുറങ്ങുകയും ചെയ്തു. താൻ ഒരു മഹാപാതകം ചെയ്തുവെന്നറിയാതെ ശശിധർ അടുത്ത ദിവസം ജോലിക്ക് പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ ജഹാംഗീർബാദ് പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്ന യുവാവിനെ കണ്ട് പോലീസുകാർ അന്പരന്നു. വലതുകരത്തിൽ ഒരു സ്ത്രീയുടെ ശിരസും തൂക്കിപ്പിടിച്ചാണ് അയാൾ വരുന്നത്. പോലീസുകാർ പുറത്തുചെന്ന് അയാളെ തടഞ്ഞുനിർത്തി. അയാളുടെ പക്കൽനിന്നും ബലം പ്രയോഗിച്ച് ആ ശിരസ് വാങ്ങി. സ്വന്തം ഭാര്യയുടെ മുറിച്ചെടുത്ത ശിരസുമായാണ് അഖിലേഷ് റാവത്ത് പോലീസിന്റെ മുന്നിൽ കീഴടങ്ങിയത്. ഗാർഹിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള വഴക്ക് മൂർച്ഛിക്കവെ രോഷാകുലനായ അഖിലേഷ് വളരെ ലാഘവത്തോടെ ഈ കൃത്യം നിർവഹിച്ചു. എങ്ങനെയാണ് സംഭവമെന്ന് പോലീസിനോട് അയാൾ വിവരിച്ചു.
കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വിവിധ ഇടങ്ങളിൽ അരങ്ങേറിയ കൊടുംപാതകങ്ങളിൽ ചിലതു മാത്രമാണിവ. ഭാര്യ നാലാമതും പെണ്കുഞ്ഞിന് ജന്മം നൽകിയതിൽ അരിശം പൂണ്ട് കുടുംബനാഥൻ ചെയ്തത് ഇതിനെക്കാളൊക്കെ മൃഗീയപ്രവൃത്തിയാണ്. ജുനഗഡ് സ്വദേശിയായ രസിക് സോളാങ്കി മൂന്നു പെണ്കുട്ടികളെയും കിണറ്റിൽ തള്ളിയിട്ട് കൊന്നതിനുശേഷം സ്വയം ജീവനൊടുക്കി. കർഷകനായ സോളാങ്കി സാന്പത്തിക പ്രതിസന്ധിയാൽ കഴിഞ്ഞ കുറച്ചു നാളുകളായി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഭാര്യയും നവാഗത ശിശുവും മാതൃഗൃഹത്തിലായിരുന്നു. അതുകൊണ്ട് അവർ രക്ഷപ്പെട്ടു.
ഡൽഹി ഭജൻപുര പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം വീടിനുള്ളിൽ ഒരു കുടുംബത്തിലെ അഞ്ചു പേരുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവവും നടുക്കമുണർത്തുന്നതാണ്. റിക്ഷാ ഡ്രൈവറായ ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരുടെ ചേതനയറ്റ ശരീരങ്ങളാണ് പോലീസ് കണ്ടെത്തിയത്. ശംഭുവിന്റെ വീട്ടിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചു. പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്ന വീടിന്റെ വാതിൽ പൊളിച്ചാണ് പോലീസ് അകത്തു പ്രവേശിച്ചത്. ശംഭുവിന്റെയും സുനിതയുടെയും മൃതദേഹങ്ങൾ ഒരു മുറിയിലും കുട്ടികളുടെ ശരീരങ്ങൾ മറ്റൊരു മുറിയിലുമായിരുന്നു. വീട്ടിൽ മോഷണമൊന്നും നടന്നതിന്റെ ലക്ഷണമില്ല. അതേ സമയം, വീട് പുറത്തു നിന്നും പൂട്ടിയിരുന്നത് ദുരൂഹതയുണർത്തുന്നുണ്ട്. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പുകളും ലഭിച്ചിട്ടില്ലായെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവൂയെന്നും പോലീസ് കൂട്ടിച്ചേർത്തു.
സംയമനം = സൗമനസ്യം
കുടുംബങ്ങളിൽ തന്നെ ഭീതിയുളവാക്കുന്ന വിധത്തിലുള്ള ചോരക്കളികൾ അരങ്ങേറുന്നു. മദ്യം മുതൽ മൊബൈൽ വരെ ജീവഹത്യകൾക്ക് കാരണമാകുന്നുവെന്നതും ഞെട്ടിക്കുന്ന യാഥാർഥ്യം. പരസ്പര സ്നേഹത്തിന്റെ നേർത്ത തന്മാത്രകൾ മാനവ ഹൃദയങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്ന ദൂഷിതകാഴ്ചകളാണ് പലയിടത്തും കാണാനാവുന്നത്. നിസാരമായ വസ്തുതകളുടെ പേരിൽ രക്തബന്ധങ്ങളെ കശാപ്പ് ചെയ്യുന്ന പ്രവണതകൾ പെരുകിവരുന്നുണ്ട്. അൽപ്പം സംയമനം പാലിച്ചാൽ, സൗമ്യതയോടെ പ്രതികരിച്ചാൽ, മനസ് തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളാണ് കൊടുംക്രൂരകൃത്യങ്ങളിൽ അവസാനിക്കുന്നത്...
ഗിരീഷ് പരുത്തിമഠം