ബേഡിയ വർഗത്തിന്റെ 'കുലത്തൊഴില്‍'
Monday, February 17, 2020 2:36 PM IST
ഏതാനും നാൾ മുന്‍പ് സമൂഹമാധ്യമങ്ങളിൽ വൈറലായ വാർത്തയായിരുന്നു ഡൽഹി -ജയ്പൂർ റൂട്ടിലെ ഒരു വിഭാഗം ആളുകളുടെ വേശ്യാവൃത്തി... വേശ്യാവൃത്തി കുലത്തൊഴിലാക്കിയ ഒരു വർഗം... പലർക്കും ഇത് അവിശ്വസനീയമായാണ് തോന്നിയത്.
വേശ്യാവൃത്തി കുലത്തൊഴിൽ ആക്കിയുള്ള ഒരു ജന വിഭാഗം ഉണ്ട്. ബേഡിയ എന്നാണ് ഈ ഗോത്ര വിഭാഗത്തിന്റെ പേര്.
നന്നായി പഠിക്കുന്ന പെണ്‍കുട്ടികൾ ഉണ്ടെ ങ്കിലും പ്രായമായാൽ അവർക്ക് കുലത്തൊഴിൽ തന്നെ താല്പര്യം. ആ ഗോത്രത്തിലെ സ്ത്രീകൾക്ക് ഈ ജോലി ചെയ്യുന്നതിൽ സന്താപമൊന്നുമില്ല, അവരെല്ലാം സന്തോഷ വതികൾ. മറ്റെല്ലാവരും ജോലി ചെയ്ത് ജീവിക്കുന്നതു പോലെ ഇവരും തങ്ങളുടെ കുലത്തൊഴിൽ ചെയ്തു ജീവിക്കുന്നു.ഈ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ അവരുടെ ദൈന്യത ഓർത്ത് പലരും നെടുവീർപ്പിട്ടിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല, തങ്ങൾ സ്വയം ഏറ്റെടുത്തതും വർഗപരമായ തൊഴിലും ആയി കണ്ടുവരുന്നതാണ് വേശാവൃത്തിയെന്നാണ് അവരുടെ വാദം.
പതിറ്റാണ്ടുകളായി വേശൃാവൃത്തി തൊഴിലായി സ്വീകരിച്ച ബേഡിയ വർഗക്കാരാണിവർ. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാർഗം വേശ്യാവൃത്തിയാണ്. പുരുഷന്മാർ ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കിൽ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിന്പായി പ്രവർത്തിക്കും. അവർ സന്പാദിക്കുന്ന പണം കൊണ്ടു വില കൂടിയ കാറുകളും മറ്റും വാങ്ങി വലിയ ആഡംബരജീവിതം നയിക്കുന്നത് പുരുഷന്മാരാണ്.
ഈ വിഭാഗത്തിൽ പെണ്‍കുട്ടികൾക്കാണ് ഡിമാൻഡ്. ജനിക്കുന്നത് പെണ്കുട്ടിയാണേൽ അവൾ പണം കൊണ്ടുവരും... അവൾക്ക് തൊഴിൽ ഉണ്ട്... സൗന്ദര്യം കൂടെയുണ്ടേൽ കുടുംബം പണക്കാരായി... ഈ രീതിയിലാണ് ഇവരുടെ ചിന്തകൾ.രാജസ്ഥാൻ സർക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികൾക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി തുക ഒരു ദിവസം സന്പാദിക്കുന്ന ഇവർക്ക് മറ്റു തൊഴിലുകളിൽ താൽപ്പര്യമില്ല. പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസാകുന്പോൾ മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം നൽകാൻ തയാറുള്ള വ്യക്തിക്ക് അവളെ കൈമാറ്റം ചെയ്യുന്നു. പലപ്പോഴും പ്രദേശത്തെ ജമീന്ദാർ ആയിരിക്കും പെണ്‍കുട്ടിയെ വിലകൊടുത്ത് വാങ്ങുന്നത്. അയാളുടെ ഉപയോഗശേഷം അവളുടെ കന്യകാത്വം നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കി തൊഴിലിലേക്ക് ഇറക്കിവിടുകയാണ് ചെയ്യുന്നത്.
കന്യകാത്വം തകർക്കാൻ അവകാശം നാട്ടു പ്രമാണിക്കു മാത്രമാണ്. അയാൾ ഒരു പെണ്‍കുട്ടിയെ ഉപയോഗിച്ച് അഭിപ്രായം നല്ലതു പറഞ്ഞാൽ അവൾക്ക് കൂടുതൽ ജോലി വരുമെന്നാണ് ഇക്കൂട്ടർ പരസ്യമായി പറയുന്നത്. പെണ്‍കുട്ടികൾ ജനിക്കുന്ന ദിവസം അവർക്ക്് ആഘോഷമാണ്. കാരണം വരുമാനമാർഗമായി ഒരു പെണ്‍കുട്ടി കൂടെ പിറക്കുന്നു. ഒരിക്കലും ആരെയും ഈ തൊഴിലിലേക്കിറങ്ങാൻ നിർബന്ധിക്കാറില്ല. വിവാഹം വേണോ അതോ കുലത്തൊഴിലിലേക്കിറങ്ങണോ എന്ന ചോദ്യം എല്ലാ പെണ്‍കുട്ടികളോടും ചോദിക്കുന്നത് ബേഡിയ വർഗക്കാർക്കിടയിലെ ഒരു ചടങ്ങാണ്. ഭൂരിഭാഗവും വിവാഹം എന്ന വ്യവസ്ഥിതിയോട് താൽപ്പര്യമില്ലാത്തവരാണ്. കാലാകാലങ്ങളിലായി തൊഴിൽ ചെയ്യാതെ ജീവിക്കുന്ന പുരുഷന്മാരെ കാണുന്ന അവർ വേശ്യാവൃത്തി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നു. വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ അവസ്ഥയും വ്യത്യസ്തമല്ല. അവളുടെ ഭർത്താവ് തന്നെയായിരിക്കും അവളെ വിൽപ്പനച്ചരക്കാക്കാൻ മുൻകൈയെടുക്കുക.
![](https://www.deepika.com/feature/feature2020_feb17uaa2.jpg)
മുത്തശിമാരും, അമ്മമാരും, ചേച്ചിമാരും പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് ഒരു പുരുഷനെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും എന്നതാണ്. കാരണം തൊഴിലിൽ വൈദഗ്ധ്യം ഉള്ളവർക്കേ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കൂടുതൽ വരുമാനം നേടാനും കഴിയൂ. പതിറ്റാണ്ടുകൾക്ക് മുൻപ് ഞങ്ങളുടെ പൂർവികർ നാടൻ പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും ആഭിചാരക്രിയകളിലൂടെയും ആയിരുന്നു വരുമാനം കണ്ടെത്തിയിരുന്നത്. കാലക്രമേണ കുടുംബത്തിലെ മൂത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി ഉപയോഗിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീകൾ മുഴുവനായും ഈ തൊഴിലിൽ ഏർപ്പെടുന്നത് പതിവായി- ബഡിയ വിഭാഗത്തിലെ ഒരു മുതിർന്ന സ്ത്രീ പറയുന്നു.
ഒരു ദിവസം 5,000 മുതൽ 10,000 വരെ സന്പാദിക്കുന്ന പെണ്‍കുട്ടികൾ അതിൽ നിന്നും പിന്പായി പ്രവർത്തിക്കുന്ന അച്ഛന്, സഹോദരന്, ഭർത്താവിന് ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ മാസ ചെലവിനായി നൽകുന്നു.
ചെറിയ പെണ്‍കുട്ടികൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിലൂടെ പോകുന്ന യാത്രക്കാർ, വാഹനങ്ങളുടെ ഡ്രൈവർമാർ മുതൽ കോടീശ്വരന്മാരും വിദേശികളും ഞങ്ങളുടെ പെണ്‍കുട്ടികളുടെ കിടപ്പറയിലെത്താറുണ്ട്.വിദേശികൾ രൂപയുടെ കൂടെ അവരുടെ കറൻസികളും നൽകാറുണ്ട്. ഇത്തരത്തിലുള്ള വരുമാനത്തിന്റെ വർധനവിനാൽ കൂടുതൽ പെണ്‍കുട്ടികൾ ഈ തൊഴിലിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്
കാട്ടുവാസി എന്നർഥം വരുന്ന ബെഹറ എന്ന ഹിന്ദി പദം പറഞ്ഞു പ്രചരിച്ച് ബേഡിയ എന്ന് ആയതാണ്. ബേഡിയ സമൂഹത്തിന്റെ ചരിത്രം വേണ്ടരീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ, ബ്രിട്ടീഷ് ചരിത്രകാരന്മാർ എഴുതിയതു പ്രകാരം കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രജപുത്തുകളുടെ പിന്മുറക്കാരാണത്രെ അവർ. മുഗളന്മാരോട് പരാജയപ്പെട്ടതിനു ശേഷം ഇവരിലെ ഒരു വിഭാഗം മോഷണം പോലെയുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങി. പിന്നീട് 1871-ൽ ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ ക്രിമിനൽ ട്രൈബ്സ് നിയമത്തിനകത്ത് ഉൾപ്പെട്ടു ബേഡിയകൾ. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷം 1952-ൽ ഇന്ത്യൻ ഭരണകൂടം നിയമത്തിൽ അയവുവരുത്തുകയായിരുന്നു.കൊള്ളയും കൊള്ളിവയ്പുമൊക്കെ നിർത്തിയെങ്കിലും ഇന്ന് ബേഡിയ സമൂഹം ജീവിക്കുന്നത് സ്ത്രീകൾ വേശ്യാവൃത്തിയിലേർപ്പെട്ടു കിട്ടുന്ന പണം കൊണ്ടാണ്.
ബേഡിയ സമൂഹത്തിലെ പ്രായപൂർത്തിയാവാത്ത പെണ്കുട്ടികൾക്കിടയിലുള്ള വേശ്യാവൃത്തി അവസാനിപ്പിക്കാൻ ഏറ്റവുമധികം പരിശ്രമിച്ച വ്യക്തികളിലൊരാളാണ് ഭരത്പൂർ ജില്ലാ കളക്ടറായിരുന്ന നീരജ് കുമാർ പവൻ. ബേഡിയ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി ഒരു സ്കൂൾ തുറക്കാൻ അദ്ദേഹം അംഗീകാരം വാങ്ങിച്ചെടുത്തെങ്കിലും അവിടെയെയൊന്നു പോകാൻ ബേഡിയയിലെ ഒരാളും തയാറായില്ലെന്നതാണ് ദാരുണസത്യം.കാലാകാലങ്ങളായി വേശ്യാവൃത്തി വഴി ലക്ഷങ്ങൾ സന്പാദിച്ചിട്ടും ആ ഗ്രാമത്തിനു വെളിയിൽ ഒരിക്കൽ പോലും അവർക്ക് കടന്നുചെല്ലാൻ സാധിക്കാറില്ല. പുറംലോകത്തെ വികസനവെളിച്ചങ്ങളൊന്നും അവർ അറിഞ്ഞിട്ടേയില്ല. അതിനൊക്കെ പുറമെ അവരിൽ പലരും എയ്ഡ്സ് അടക്കമുള്ള പലതരം മാറാരോഗങ്ങളുടെ അടിമകളുമാണിപ്പോൾ.
അതേസമയം അടുത്ത കാലത്തായി ഈ സ്ഥിതിവിശേഷത്തിന് ചെറിയ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. ബേഡിയ വർഗക്കാരിലെ ചില പെൺകുട്ടികൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഐഎഎസ് ലഭിക്കുന്നതിനായി ഈ വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടി നടത്തിവരുന്ന ശ്രമങ്ങൾ അടുത്ത കാലത്തു വലിയ വാർത്തയായിരുന്നു.
രാജ്യത്തിനു സ്വാതന്ത്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. രാജ്യം വികസനപാതയിലാണെന്നു കൊട്ടിഘോഷിക്കപ്പെടുന്നു. എന്നാൽ ഇന്നും ഇവിടെ ഇങ്ങനെയൊരു വിഭാഗത്തിലെ സ്ത്രീജന്മങ്ങൾ കുലത്തൊഴിലായി വേശ്യാവൃത്തിയെ കൊണ്ടുനടക്കുന്നതു രാജ്യത്തിന്റെ മറ്റൊരു പിന്നോക്കാവസ്ഥയും കറുത്ത മുഖവുമാണ് വെളിവാക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
പ്രദീപ് ഗോപി