ബോൾട്ടിളക്കിയ പോത്തോട്ടക്കാരന്‍!
Monday, February 17, 2020 2:18 PM IST
ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന് ആരാണെന്നു ചോദിച്ചാല്‍ ഏവരും ആദ്യം പറയുന്ന ഉത്തരം ഉസൈൻ ബോൾട്ട് എന്നായിരിക്കും. വേഗരാജാവായ ഉസൈൻ ബോൾട്ടിന്റെ വേഗത്തിൽ ഒാടാൻ കഴിവുള്ളവർ ഇന്ത്യയിൽ ഉണ്ടെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നും. എന്നാൽ, കർണാടകയിൽ മംഗളൂരുവിനു സമീപം അഡലങ്ങാടിയിൽ ഒരു പോത്തോട്ടക്കാരൻ ഒാട്ടത്തിൽ ഉസൈൻ ബോൾട്ടിന്റെ വേഗത്തെ മറികടന്നു റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു.
കർണാടകയിലെ പ്രശസ്തമായ കംബള എന്നറിയപ്പെടുന്ന പോത്തോട്ടത്തിലാണ് കംബള ജോക്കി ശ്രീനിവാസ ഗൗഡ എന്ന ചെറുപ്പക്കാരൻ താരമായി മാറിയത്. പ്രത്യേകം ഒരുക്കിയ വയൽ ട്രാക്കിൽ കുതിച്ചുപായുന്ന പോത്തുകളെ പ്രോത്സാഹിപ്പിച്ച് ഒപ്പം ഒാടുന്നവരാണ് കംബള ജോക്കികൾ. അങ്ങനെ ചതുപ്പുനിലത്തു പോത്തുകൾക്കൊപ്പം 142.5 മീറ്റര്‍ പിന്നിടാന്‍ വെറും 13.62 സെക്കന്‍ഡുകൾ മാത്രമാണ് ശ്രീനിവാസ ഗൗഡ എടുത്തത്.
തമിഴ്നാട്ടിനു ജെല്ലിക്കെട്ട് പോലെ കര്‍ണാടകയിൽ പ്രിയങ്കരമാണ് കംബള. ഈ പോത്തോട്ട മത്സരത്തിന്റെ ചരിത്രത്തിലെഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മാറിയിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ഈ ഇരുപത്തെട്ടുകാരൻ ഓടിത്തീര്‍ത്ത ദൂരവും സമയവും പരിശോധിച്ചാല്‍ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗത്തിലായിരുന്നു കുതിപ്പ് എന്നു പറയാനാകും.
![](https://www.deepika.com/feature/special2020_feb17ua2.jpg)
ബോള്‍ട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കന്‍ഡാണ്. ശ്രീനിവാസ ഓടിയ ദൂരവും സമയവും കണക്കിലെടുത്താൽ 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കന്‍ഡ് മാത്രമാണ്.
അതായത് ബോള്‍ട്ടിനേക്കാള്‍ 0.03 സെക്കന്‍ഡ് കുറവ്. രണ്ടു പേരും ഓടിയതു രണ്ടു വ്യത്യസ്ത തലത്തിലും സാഹചര്യത്തിലുമാണെങ്കിലും ശ്രീനിവാസയുടെ നേട്ടം അതുല്യമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
മികച്ച ട്രാക്കില്‍, സ്യൂട്ടും ബൂട്ടുമൊക്കെ ധരിച്ചാണ് ഉസൈൻ ബോൾട്ടിന്റെ മിന്നൽക്കുതിപ്പ്. എന്നാല്‍, പോത്തോട്ടക്കാര് ഓടുന്നതു ചതുപ്പുനിലത്താണ്, അതും നഗ്നപാദരായി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ ശ്രീനിവാസയെ തേടി അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ഒരു സീസണിൽ പോത്തുകളെ പരിശീലിപ്പിച്ചു മത്സരത്തിൽ പങ്കെടുക്കാൻ ഒരു കംബള ജോക്കിക്ക് ഒന്നു മുതൽ രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ഏതെങ്കിലും മത്സരത്തിൽ ജയിച്ചാൽ ജോക്കികൾക്കു പോത്തിന്റെ ഉടമകൾ പണവും മറ്റു സമ്മാനങ്ങളും നൽകുകയും ചെയ്യും.
ശ്രീനിവാസയുടെ റിക്കാർഡ് ബിബി സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങ ളിലും നിറയുകയാണ്.