സൂര്യകാന്തിപ്പാടങ്ങള്ക്കു മീതെ സുന്ദരപാണ്ഡ്യപുരം
Thursday, February 13, 2020 2:44 PM IST
ചിന്ന ചിന്ന ആശൈ, ചിറകടിക്കും ആശൈ... പ്രശസ്തമായ റോജ എന്ന ചിത്രത്തിലെ ഈ പാട്ട് ആർക്ക് മറക്കാനാകും. ഈ പാട്ടിന്റെ ദ്യശ്യചാരുത മണിരത്നം പകർത്തിയത് പശ്ചിമഘട്ടത്തിലെ ഒരു സുന്ദരഗ്രാമത്തിലാണ്- സുന്ദരപാണ്ഡ്യപുരം. പേര് പോലെ സുന്ദരം. സൂര്യകാന്തിപ്പാടങ്ങൾക്ക് മീതെ സൗന്ദര്യത്തിന്റെ മേലാപ്പ് ചാർത്തി സുന്ദരപാണ്ഡ്യപുരം. തിരുനെൽവേലി ജില്ലയിലെ തെങ്കാശിയിൽ നിന്ന് കേവലം പതിമൂന്നു കിലോമീറ്ററാണ് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം.കാഴ്ചകളുടെ കലവറയായ ഗ്രാമം.സുന്ദരപാണ്ഡ്യപുരം ചെല്ലുന്നതിനു മുൻപ് രണ്ടു പട്ടണങ്ങളുണ്ട്.ഒന്ന് തെങ്കാശി. മറ്റൊന്ന് ചെങ്കോട്ട.
ഗ്രാമീണ ഭംഗി ഇഴചേർന്നുനിൽക്കുന്ന ഒരു സുന്ദര കാർഷിക ഗ്രാമമാണ് ഇവിടം. പഴമയിൽ എവിടെയോ നമ്മൾ കണ്ടുമറന്ന മലയാളത്തിന്റെ തനി പകർപ്പായ തെങ്ങിൻ തോപ്പുകളും കവുങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും കൺനിറയെ ഇവിടെ കാണാൻ സാധിക്കും. ഓടിയാലറ്റമെത്താത്തയത്ര പരപ്പുള്ള പാടങ്ങളും ഓരത്തെ തെങ്ങിൻതോപ്പുകളും നടവരമ്പുകളും ചെറുജലാശയങ്ങളിൽ കളിക്കുന്ന ദേശാടനക്കിളികളും. ഇതെല്ലാമാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ ഗ്രാമക്കാഴ്ച. ഐതിഹ്യം ഇങ്ങനെ-'പാണ്ഡ്യവംശത്തിന്റേതായിരുന്നു ഈ പ്രദേശം. ശ്രീലങ്കയുടെ ചില ഭാഗങ്ങൾ തൊട്ട് മധുരവരെ പാണ്ഡ്യൻമാരുടേതായിരുന്നു. ഭാരതചരിത്രത്തിൽ ഒരു പ്രദേശത്ത് ഏറ്റവും നീണ്ടകാലം ഭരണത്തിലിരുന്ന വംശം പാണ്ഡ്യരുടേതായിരുന്നു. 600 ബിസി മുതൽ ക്രിസ്തുവർഷം 1700 വരെ നിലനിന്നെങ്കിലും പിന്നീട് രാജ്യം ചുരുങ്ങിച്ചുരുങ്ങി തെങ്കാശിയിലേക്കൊതുങ്ങി'' കാശിയിലേക്കുള്ള യാത്രയിൽ പരാക്രമ പാണ്ഡ്യൻ എന്ന രാജാവിനു മുന്നിൽ ശിവൻ പ്രത്യക്ഷപ്പെട്ട് നാട്ടിൽത്തന്നെ ഒരു ക്ഷേത്രം പണിയാൻ പറഞ്ഞു. 'ഈ ഉറുമ്പുകളെ പിന്തുടരുക. അവ അമ്പലത്തിനുള്ള സ്ഥലം പറഞ്ഞുതരും' എന്നരുളി ഭഗവാൻ അപ്രത്യക്ഷനായി. ഉറുമ്പുകളെ പിന്തുടർന്ന രാജൻ ഈ സ്ഥലത്തെത്തിയത്രേ. അവിടെ അമ്പലം പണിതു. ഏറെ ശിൽപങ്ങളും കൊത്തുപണികളും നിറഞ്ഞ അമ്പലം പതിമൂന്നാം നൂറ്റാണ്ടിലാണു നിർമിച്ചത്.
സൂര്യകാന്തികളുടെ പ്രപഞ്ചം
പൊന്നിൽ കുളിച്ചിനിൽക്കുന്ന സൂര്യകാന്തിപാടങ്ങളാണ് ഈ പ്രദേശത്തെ സ്വർഗമാക്കുന്നത്. റോഡിന് ഇരുവശവും പൊന്നിൻ പട്ടുടുത്തുനിൽക്കുന്ന സൂര്യകാന്തി സുന്ദരികളെ കാണാം. സൂര്യകാന്തി പൂക്കൾ ഒരു ഇടകൃഷിയാണ് ഇവിടെ. അത്യാവശ്യം നല്ല വളർച്ചയുള്ള 15 മുതൽ 18 പൂവുകളിൽ നിന്നും ഒരു കിലോയോളം വിത്തുകൾ ലഭിക്കും അതിൽനിന്ന് 1 കിലോ എണ്ണ ഉൽപാദിപ്പിക്കാൻ കഴിയും. നല്ല കാറ്റ് വീശുന്ന സ്ഥലമായതിനാൽ എവിടെ നോക്കിയാലും നിരവധി കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഈ വിൻഡ് മില്ലിൽ നിന്നും വൻ തോതിൽ വൈദ്യുതി ഉൽപാദനം നടക്കുന്നു. നോക്കെത്താ ദൂരം വരെയുള്ള സൂര്യകാന്തി പാടങ്ങളുടെ പശ്ചാത്തലത്തിൽ ഭീമൻ കാറ്റാടി യന്ത്രങ്ങൾ കറക്കുന്നത് ഏത് സഞ്ചാരിയെയും ആകർഷിക്കുന്ന ചേതോഹരമായ ഒരു കാഴ്ചയാണ്. റോഡിനപ്പുറം ഒരു ജലാശയം. യഥേഷ്ടം പക്ഷികളെ കാണാം. റോഡിനിരുവശവും വിശാലമായ പാടങ്ങൾ, വരണ്ടും ഉണങ്ങിയും. എങ്കിലും അതിനുള്ളിൽ വെണ്ടയും മുളകും ഉള്ളിയും ചോളവുമൊക്കെ കൃഷി ചെയ്തിരിക്കുന്നു.ഇരുവശത്തും പാടങ്ങളും തെങ്ങിൻതോപ്പുകളും കരിമ്പനക്കൂട്ടങ്ങളുമുള്ള തനിഗ്രാമവഴി. അങ്ങു ദൂരെ കാറ്റാടികൾ മെല്ലെ തല കറക്കുന്നു. വയലേലകൾക്കപ്പുറം സഹ്യപർവതം. അതിനപ്പുറം കേരളം. ഈ മലയാണു തെങ്കാശിയെ മഴയുടെ നിഴലിൽ നിർത്തുന്നത്. അധ്വാനശീലരായ തമിഴ്മക്കൾ പാടത്തു പൊന്നുവിളയിക്കുന്നു. കരിമ്പനകൾ അതിരിടുന്ന വഴിയിലും പറമ്പുകളിലും ഉള്ളി ചാക്കിലാക്കുന്ന സംഘങ്ങളെ കാണാം.കേരളത്തിലേക്കുള്ള ചെറിയ ഉള്ളിയും വലിയ ഉള്ളിയും (സവാള) ഇവിടെനിന്നു വരുന്നുണ്ട്.
![](https://www.deepika.com/feature/special2020_feb13ma2.jpg)
അന്യൻപാറ
വഴിയിലൊരിടത്ത് അതിവിശാലമായ പാറ കാണാം. ‘റണ്ടക്കപ്പാറ'. കള്ളിമുൾച്ചെടികൾ വകഞ്ഞുമാറ്റി ആ വിശാലമായ പാറപ്പുറത്തേക്കു കയറണം. അവിടെ സാക്ഷാൽ എംജിആറും രജനീകാന്തും കമൽഹാസനും നിങ്ങളെ കാത്തിരിപ്പുണ്ട്. അതെ, അന്യൻ എന്ന സിനിമയിലെ 'റണ്ടക്ക.. റണ്ടക്ക'പാട്ടുസീനിൽ കാണുന്ന പാറ. പാറയിൽ വരച്ചുവച്ചിട്ടുള്ള ചിത്രങ്ങൾ ഇപ്പോൾ മങ്ങിത്തുടങ്ങിയെങ്കിലും സുന്ദരപാണ്ഡ്യപുരം സന്ദർശിക്കുന്നവർ ഇവിടെയെത്താറുണ്ട്. ഇപ്പോൾ അന്യൻപാറ എന്നാണ് വിളിക്കുന്നത്. അന്യൻ സിനിമയിലെ പാട്ടു ചിത്രീകരിച്ച സ്ഥലമാണിത്, അതിനുവേണ്ടി പാറമുഴുവൻ വർണങ്ങൾ പൂശി ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നത് കാണാം. അത് നിറം മങ്ങിയെങ്കിലും പ്രൗഢിയോടെ ഇപ്പോഴും അവിടെയുണ്ട്. പാറയോട് ചേർന്ന് റോഡിന്റെ എതിർവശത്തായി നീണ്ടു കിടക്കുന്ന തടാകമുണ്ട്. അതിനോട് ചേർന്ന് ഒരാൽമരവും. റോഡിന് ഇരുവശത്തുമായി മുഖത്തോടുമുഖം നോക്കിയിരിക്കുന്ന പഴയതും പുതിയതുമായ വീടുകൾ, ശാന്തമായ തെരുവ്. റോജ, ജന്റിൽമാൻ, മുതൽവൻ തുടങ്ങി ഏറെ ചലച്ചിത്രങ്ങളിൽ സുന്ദരപാണ്ഡ്യപുരത്തിന്റെ ഭംഗി പതിഞ്ഞിട്ടുണ്ട്.അന്യൻ സിനിമയിലെ പാട്ടിലെ ചില സീനുകൾ അഗ്രഹാരത്തെരുവിലാണു ഷൂട്ട് ചെയ്തതത്. അങ്ങാടിയിൽനിന്നു കുറച്ചുദൂരമേ അഗ്രഹാരത്തിലേക്കുള്ളൂ. പഴമ ഇവിടെ വീടുകളായി നിൽപ്പുണ്ട്. പാത മിക്കവാറും വിജനമായിരിക്കും.സൂര്യകാന്തിപ്പാടങ്ങൾക്കിടയിലൂടെ വണ്ടിയോടിച്ചു തിരിച്ചുവരുമ്പോൾ മുളകൊണ്ടു പാത്രങ്ങളും മറ്റും നിർമിക്കുന്നവരെ കാണാം. എങ്ങും ഗ്രാമീണത മാത്രം നൽകുന്ന സുന്ദരപാണ്ഡ്യപുരം യാത്രികരെ ആകർഷിക്കും
കേരളത്തിലേക്കുള്ള പച്ചക്കറികൾ, പ്രധാനമായും ഉള്ളി സുന്ദരപാണ്ഡ്യപുരത്തിന്റെ മണ്ണിലാണു വിളയുന്നത്. അതുകൊണ്ടുതന്നെ കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെയുള്ള ചെറുപാതകളിലേക്കു വണ്ടിയോടിച്ചാൽ ഉള്ളി വിളവെടുക്കുന്നതും ചാക്കിലാക്കുന്നതും ആ തൊഴിലാളികളെല്ലാം ഇരുന്നു കഥ പറയുന്നതും കാണാം. മരവേരുകൾക്കിടയിലെ പച്ചത്തുമാടൻ എന്ന ദൈവം അതിനെല്ലാം മൂകസാക്ഷിയായി ഇരിപ്പുണ്ടാകും നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞു കണ്ണിനും മനസിനും പൂർണ തൃപ്തി നൽകുന്ന ഒരിടം. ലളിതമായ ജീവിതശൈലിയും മണ്ണിന്റെ മാറിൽ വിശ്രമമില്ലാതെ പണിയെടുത്തു ജീവിക്കുന്ന ജനങ്ങളുടെ സ്വർഗഭൂമി.
യാത്ര എങ്ങനെ
എറണാകുളം - കോട്ടയം -അടൂർ -തെന്മല - ചെങ്കോട്ട- തെങ്കാശി-സുന്ദരപാണ്ഡ്യപുരം. പുനലൂരിൽനിന്നു തെങ്കാശിയിലേക്കു കെഎസ്ആർടിസി സർവീസ് ഉണ്ട്. തിരുവനന്തപുരം, നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, തെന്മല, ചെങ്കോട്ട, സുന്ദരപാണ്ഡ്യപുരം.
ട്രെയിൻ സർവീസ്
എറണാകുളത്തുനിന്ന് പാലരുവി എക്സ്പ്രസ്സിനു കയറിയാൽ (രാത്രി ഏഴുമണിക്ക്; പുലർച്ചെ നാലുമണിക്ക് തെങ്കാശി ജങ്ഷനിലെത്താം. ട്രെയിൻ നമ്പർ 16792. തെങ്കാശിയിൽ നല്ല ഹോട്ടലുകളുണ്ട്. സുന്ദരപാണ്ഡ്യപുരത്തു താമസിക്കുവാൻ അത്ര സൗകര്യങ്ങളില്ല. ഇവിടേക്ക് യാത്ര പോകുന്നവർ തീർച്ചയായും കുറ്റാലം വെള്ളച്ചാട്ടം കൂടി കണ്ടിരിക്കണം.
സുനിൽ കോട്ടൂർ