കരുതിയിരിക്കാം വൃക്കരോഗങ്ങളെ
Friday, February 7, 2020 12:43 PM IST
രക്തശുദ്ധീകരണം നടക്കുന്പോൾ വൃക്ക ആവശ്യമുള്ള പദാർഥങ്ങൾ വലിച്ചെടുക്കുകയും ആവശ്യമില്ലാത്ത ജലം, ലവണങ്ങൾ, മാലിന്യങ്ങൾ ഇവയെ പുറന്തള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുള്ള രക്തത്തിന്റെ ഇരുപതു ശതമാനം ഏകദേശം 1250 മില്ലി ഓരോ വൃക്കയിൽക്കൂടി ഓരോ മിനിറ്റിലും കടന്നുപോകുന്നു. മാലിന്യങ്ങൾ വൃക്കയിൽ എത്തുന്പോൾ അതു ശുദ്ധീകരിക്കുന്ന അരിപ്പയാണ് നെഫ്റോൺ. ഓരോ വൃക്കയിലും പത്തുലക്ഷം നെഫ്റോണുകളുണ്ട്. ഓരോ നെഫ്റോണും ഗ്ലോമറുലസാലും ട്യൂബുകളാലും നിർമിതമാണ്. ഗ്ലോമറുലസ് എന്നാൽ വളരെ ചെറിയ കണ്ണികളുള്ള ഒരു അരിപ്പയാണ്. ചെറിയ പദാർഥങ്ങളും വെള്ളവും ഇതിലൂടെ അരിക്കപ്പെടുന്നു. എന്നാൽ കുറച്ചുകൂടി വലുതായ ചുവന്ന രക്താണുക്കൾ, പ്രോട്ടീൻ ഇവ ഇതിലൂടെ അരിക്കപ്പെടുന്നില്ല. അതിനാൽ പൂർണ ആരോഗ്യവാനായ ഒരാളുടെ മൂത്രപരിശോധനയിൽ ഈ അംശങ്ങൾ കാണുകയില്ല.
മൂത്രം ഉത്പാദനത്തിന്റെ ആദ്യപടി ഗ്ലോമുറലസിൽ നിന്നു തുടങ്ങുന്നു. 1 മിനിറ്റിൽ 125 മില്ലി ജലം അരിക്കപ്പെടുന്നു. ഇതിൽ മാലിന്യം മാത്രമല്ല ഗ്ലൂക്കോസും മറ്റു ഗുണമുള്ള പദാർഥങ്ങളും അടങ്ങിയിരിക്കുന്നു. വൃക്കയിൽ എത്തുന്ന 180 ലിറ്റർ ജലത്തിൽ ട്യൂബുകളിൽ 99 ശതമാനം തിരികെ വലിച്ചെടുക്കപ്പെടുകയും ഒരു ശതമാനം മാത്രം മൂത്രമായി പുറത്തേക്കു പോകുകയും ചെയ്യുന്നു.
ചുരുക്കത്തിൽ 178 ലിറ്റർ വെള്ളവും ശരീരത്തിൽ തിരികെ ട്യൂബുകളിലൂടെ ആഗിരണം
ചെയ്യപ്പെടുന്നു.
1 -2 ലിറ്റർ വെള്ളം മാലിന്യം, ലവണങ്ങൾ, വിഷപദാർഥങ്ങൾ എന്നിവയുമായി പുറന്തള്ളപ്പെടുന്നു. അങ്ങനെ വൃക്കയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം മൂത്രവാഹിനിവഴി മൂത്രസഞ്ചിയിൽ എത്തി മൂത്രനാളിവഴി പുറന്തള്ളപ്പെടുന്നു.
ആരോഗ്യവാനായ ഒരാളിൽ മൂത്രത്തിന്റെ അളവിൽ എത്രത്തോളം വ്യത്യാസം വരാം?
അകത്തേക്ക് എടുക്കുന്ന വെള്ളം, അന്തരീക്ഷത്തിലെ താപനില ഇവ മൂത്രത്തിന്റെ അളവ് നിർണയിക്കുന്ന പ്രധാന ഘടകമാണ്. വെള്ളം അകത്തേക്ക് ചെല്ലുന്നത് കുറയുന്പോൾ മൂത്രം കൂടുതൽ വീര്യമുള്ളതും അളവ് 500 മില്ലിവരെ കുറയുകയും ചെയ്യാം. കൂടുതൽ വെള്ളം ഉള്ളിലേക്ക് ചെന്നാൽ കൂടുതൽ മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നു. ഉഷ്ണകാലത്ത് വിയർക്കുന്പോൾ മൂത്രത്തിന്റെ അളവ് കുറയാം. അതേസമയം തണുപ്പുകാലത്ത് വിയർക്കുന്നത് കുറയുന്പോൾ കൂടുതൽ മൂത്രം ഉണ്ടാകുന്നു. സാധാരണ അളവിൽ വെള്ളം കുടിക്കുന്ന ഒരാളുടെ മൂത്രം 3000 മില്ലിയിൽ കൂടുതലോ 500 മില്ലിയിൽ കുറവോ വന്നാൽ അയാളുടെ വൃക്കയ്ക്ക് തീർച്ചയായും പരിശോധന ആവശ്യമാണ്.
വൃക്കരോഗ സാധ്യത അധികവും ആർക്കാണ്?
ആർക്കും വൃക്കരോഗം ഉണ്ടാകാം. എന്നാൽ കൂടുതൽ
ശ്രദ്ധിക്കേണ്ടത് ആരാണെന്ന്
ശ്രദ്ധിക്കുക.
1. പ്രമേഹരോഗി
2. രക്തസമ്മർദം നിയന്ത്രണ വിധേയമാകാത്ത വ്യക്തി
3. പാരന്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മർദം ഉള്ളവർ
4. പുകവലി, മദ്യപാനം, അമിതവണ്ണം, 60 വയസിനു മുകളിലുള്ളവർ
5. വേദനസംഹാരികളുടെ തുടരെയുള്ള അല്ലെങ്കിൽ ദീർഘകാല ഉപയോഗമുള്ള വർ
6. മൂത്രനാളിയുടെ ജന്മനാ ഉള്ള വൈകല്യം
മേൽപറഞ്ഞ വിഭാഗത്തിൽ വരുന്നവർ തീർച്ചയായും ഡോക്ടറെ കൃത്യമായി കണ്ട് ടെസ്റ്റുകൾ നടത്തി രോഗനിർണയം നടത്തേണ്ടതാണ്.
സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങൾ
1. ശരീരത്തിലെ നീര്, മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം, രാവിലെ ഉണരുന്പോൾ കണ്ണുകൾക്ക് ചുറ്റും നീര് അനുഭവപ്പെടുന്നു. എങ്കിലും വൃക്ക രോഗമാണ് എല്ലാ നീരും എന്നർഥമില്ല. 2. വിശപ്പില്ലായ്മ ഒരു വൃക്കരോഗിക്ക് ഉണ്ടാകാറുണ്ട്. മാലിന്യങ്ങൾ ഉള്ളിൽനിന്നും പുറന്തള്ളപ്പെടാത്ത അവസ്ഥയിൽ ശരീരത്തിലെ വിഷാംശം വർധിക്കുന്നു. 3. അമിതരക്തസമ്മർദം. വൃക്കരോഗികളിൽ ഉയർന്ന രക്തസമ്മർദം സാധാരണമാണ്. 4. വിളർച്ച/തളർച്ച/ക്ഷീണം/കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്പോഴാണ് കാണുക. 5. കൃത്യമായി പറയാനാവാത്ത ലക്ഷണങ്ങൾ. നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചിൽ, ശരീരവേദന, കാലിലും കൈയിലും കടച്ചിൽ അഥവാ പിടുത്തം. ഇതെല്ലാം പൊതുവായി പറയപ്പെടുന്ന ബുദ്ധിമുട്ടുകളാണ്. 6. വൃക്കരോഗം ബാധിച്ച കുട്ടികൾക്ക് വളർച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക ഇവ കണ്ടുവരുന്നു.
മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ
മൂത്രത്തിന്റെ അളവ് കുറയുക, തുടരെത്തുടരെ മൂത്രം പോകുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചുടീൽ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാണ്. മൂത്രം പോകാൻ തടസം അല്ലെങ്കിൽ തുള്ളിതുള്ളിയായി മൂത്രം പോകുക, തീരെ പോകാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.മേൽപ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന് മാത്രമായുള്ളതല്ല. അതിനാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കണ്ടു പരിശോധിച്ച് വേണ്ട ടെസ്റ്റുകൾ നടത്തി വൃക്കരോഗം ഇല്ല എന്ന് ഉറപ്പുവരുത്തണം. ഒരുലക്ഷണവുമില്ലാതെ വൃക്കരോഗം കണ്ടെന്നും വരാം.
സ്ഥായിയായ വൃക്കരോഗം: ഇത് ചികിത്സിച്ച് മാറ്റാൻ സാധിക്കില്ല. ഈ അവസ്ഥയിൽ എത്തുന്ന ഒരു രോഗിയുടെ ചികിത്സാ ചെലവ് വളരെ ഭീമമായിരിക്കും. ഒരു ലക്ഷണവും കാണിക്കാതെ വൃക്കരോഗം നമ്മിൽ പതിയിരിക്കാം. ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കൃത്യമായി രോഗപരിശോധന നടത്തി രോഗം വൃക്കസ്തംഭനം വരെ എത്തുന്നത് നമുക്കു തടയാൻ സാധിക്കും. മാനസികവും സാന്പത്തികവുമായ ഒരു പിരിമുറുക്കം ഒഴിവാകുകയും ചെയ്യും.
വിവരങ്ങൾ:
ഡോ. ജയന്ത് തോമസ് മാത്യു,
നെഫ്രോളജി വകുപ്പ് മേധാവി, അമല മെഡി. കോളജ്, തൃശൂർ.
തയാറാക്കിയത്: ജോബ് സ്രായിൽ