വേണം കുട്ടികൾക്കും കരുതൽ
Wednesday, February 5, 2020 3:16 PM IST
ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ പഠന റിപ്പോട്ടിൽ 10.5 ശതമാനം കുട്ടികളിൽ നേരിയ രീതിയിൽ വിഷാദ രോഗമുണ്ടെന്ന് വ്യക്തമാക്കുന്നു. 5.4 ശതമാനം കുട്ടികളിൽ മിതമായ രീതിയിലും അഞ്ചു ശതമാനം കുട്ടികളിൽ കടുത്ത വിഷാദരോഗവും ഉണ്ടെന്ന് പഠനത്തിൽ പറയുന്നു. ലൈംഗികാതിക്രമം, ശാരീരിക പീഡനം, മാനസിക പീഡനം എന്നിവയാണ് കുട്ടികളിലെ വിഷാദരോഗത്തിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മിക്ക കുട്ടികളിലും വിഷാദരോഗം കൃത്യ സമയത്ത് കണ്ടെത്തുന്നതിൽ രക്ഷാകർത്താക്കളും അധ്യാപകരും പരാജയപ്പെടുന്നു. 21 ശതമാനം കുട്ടികളിൽ ലൈംഗികാതിക്രമം മൂലവും 75 ശതമാനത്തിൽ ശാരീരിക പീഡനം മൂലവും 85 ശതമാനത്തിൽ മാനസിക പീഡനം മൂലവുമാണ് വിഷാദരോഗമുണ്ടാകുന്നത്.
വിഷാദവും അതിനെ തുടർന്നുള്ള ആത്മഹത്യയും 15 മുതൽ 20 വയസ് വരെയുള്ള വിദ്യാർഥികളിൽ സംസ്ഥാനത്ത് കൂടി വരുന്നു.1990 മുതൽ 2013 വരെയുള്ള കാലയളവിൽ 67 ശതമാനത്തോളം വിഷാദ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. 22.5 ശതമാനത്തോളം ഇനിയും വർധിക്കുമെന്നും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി വ്യക്തമാക്കുന്നു.
പഠനഭാരം, ലഹരി ഉപയോഗം, ഗാർഹിക പ്രശ്നങ്ങൾ, പ്രണയക്കുരുക്കുകൾ തുടങ്ങി വിവിധ കാരണങ്ങൾ കുട്ടികളെ അലട്ടുന്നു. ഒപ്പം പരീക്ഷാഭയം ഏറെ ആശങ്കപ്പെടുത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളിൽവരെ വിഷാദരോഗം വർധിച്ചുവരുന്നു. ആത്മഹത്യയും ആത്മഹത്യാപ്രവണതയും ഒളിച്ചോട്ടവും അക്രമവാസനയുമൊക്കെ ഇതിന്റെ പ്രത്യാഘാതമാണ്. പരീക്ഷാകാലമെത്തിയാൽ മനോരോഗവിദഗ്ധരെയും കൗണ്സലർമാരെയും കാണാൻ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾ ഏറെയാണ്. ഉറക്കമില്ലായ്മ, അമിതഉറക്കം, ആത്മഹത്യാ ചിന്ത, കുളിക്കാനും ഭക്ഷണം കഴിക്കാനും മടി തുടങ്ങി ഏറെ പ്രശ്നങ്ങളാണ് കാണുന്നത്.
പാഠ ഭാരം മൂലം സ്കൂളോഫോബിയസ് ഭീതി കേരളത്തിലെ കുട്ടികളിൽ കൂടുതലാണ്. സ്കൂളോഫോബിയയുള്ള കുട്ടികളിൽ 59 ശതമാനവും അഞ്ചു മുതൽ പത്തുവരെ വയസുള്ളവരാണെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ചെറിയ പ്രായത്തിൽ മാതാപിതാക്കളിൽ നിന്ന് മാറി ഹോസ്റ്റലുകളിൽ നിൽക്കേണ്ടിവരുന്ന കുട്ടികളിലും മാനസിക പിരിമുറുക്കം കൂടിവരുന്നു.
ചികിത്സ പരിമിതം
100 മാനസികരോഗികൾക്ക് ഒരു ചികിത്സാ വിദഗ്ധൻ വേണമെന്നാണ് നിയമം. ഒപ്പം നഴ്സുമാരും സൈക്യാട്രിക് സോഷ്യൽ വർക്കർമാരും വേണം. മനോരോഗികളുടെ എണ്ണം വർധിക്കുന്പോഴും കേരളത്തിൽ മാനസിക ചികിത്സകരുടെ എണ്ണം പരിമിതമാണ്. 33 ദശലക്ഷം ജനങ്ങൾക്ക് 330 സൈക്യാട്രിസ്റ്റുകൾ മാത്രം. കൂടെ 100 ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും 100 സൈക്യാട്രിക് സോഷ്യൽ വർക്കർമാരും. ആഗോളതലത്തിൽ മാനസികരോഗികൾ ജനസംഖ്യയുടെ മൂന്നു ശതമാനമാണെന്നിരിക്കെ സംസ്ഥാനത്ത് 10 ലക്ഷത്തിലേറെ പേർ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരാണ്.
വൈകാതെ രാജ്യത്തെ 20 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമെന്നിരിക്കെ ഇന്ത്യയിൽ 3500 സൈക്യാട്രിസ്റ്റുകൾ മാത്രം. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. സ്വകാര്യ മേഖലയിലെ ചികിത്സയും പരിചരണവും സംസ്ഥാനത്ത് പ്രാധാന്യമർഹിക്കുന്നു. കടുത്ത നിയമങ്ങളും നിബന്ധനകളുമായി കടുത്ത കൂച്ചുവിലങ്ങാണ് സ്വകാര്യ മേഖല നിലവിൽ നേരിടുന്നത്. മതധർമ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള അഗതി മന്ദിരങ്ങളും പുനരധിവാസ കേന്ദ്രങ്ങളും ഇത്തരത്തിൽ നിയമക്കുരുക്കുകളിലും കടുത്ത പ്രതിസന്ധിയിലും പെട്ടിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യത്തിൽ കേരളം വീണ്ടും ഭ്രാന്താലയമായി മാറുന്ന സാഹചര്യം സംജാതമാകും. ഇത്തരം സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ ചികിത്സാ സംവിധാനം ഏർപ്പെടുത്താനോ സർക്കാർ, അർധസർക്കാർ മേഖലകളിൽ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ല.
കേരളത്തിൽ കാൽ ലക്ഷത്തോളം പേർ മാനസിക സംഘർഷങ്ങളെ നേരിടുന്നവരാണെന്നാണ് സംസ്ഥാന മെന്റൽ ഹെൽത്ത് അഥോറിറ്റിയുടെ നിരീക്ഷണം. ഇത് കേരളത്തിലെ ജനസംഖ്യയുടെ 10 ശതമാനം വരും. അഞ്ചിലൊരാൾ വൈകാരികപ്രശ്നമോ പെരുമാറ്റ വൈകല്യമോ ഉള്ളവരാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ആറുശതമാനം പേർ രോഗാതുരമായ മിഥ്യാദർശനങ്ങളും സങ്കല്പങ്ങളുമുള്ള സൈക്കോസിസും കടുത്ത വിഷാദവും ഉന്മാദവും അനുഭവപ്പെടുന്ന ബൈപോളാർ ഡിസോർഡറും പോലുള്ള മനോരോഗത്തിന് അടിപ്പെട്ടവരാണത്രെ. ഇത്തരം പ്രശ്നങ്ങൾ നിരാശയിലേക്കോ അക്രമത്തിലേക്കോ ആത്മഹത്യയിലേക്കോ രോഗികളെ എത്തിക്കാം.
കടുത്ത രോഗാവസ്ഥയുള്ളവരിൽ 50 ശതമാനത്തിനും ഗുരുതരമല്ലാത്ത രോഗമുള്ളവരിൽ 90 ശമാനത്തിനും ചികിത്സ നൽകാൻ ഇന്നും സംവിധാനമില്ല. കേരളം ആത്മഹത്യാ നിരക്കിൽ രണ്ടാമതെത്തിയത് ഇത്തരത്തിലുള്ള പ്രതിസന്ധികൾ കൊണ്ടാകാമെന്നാണ് മനഃശാസ്ത്രജ്ഞരുടെ നിരീക്ഷണം.
്രക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലുണ്ടാകുന്ന ആത്മഹത്യകളിൽ 19 ശതമാനവും മാനസിക തകർച്ചയിലാണ്.
ആശ്വാസം ക്ലിനിക്കുകൾ
സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽപ്പെടുത്തി തെരഞ്ഞെടുക്കപ്പെട്ട 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദ രോഗ ചികിത്സയ്ക്ക് ആശ്വാസം ക്ലിനിക്കുകൾ തുടങ്ങി ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യമാക്കുന്നു. പദ്ധതിയിൽ ഇതുവരെ നാനൂറിലധികം രോഗികൾക്ക് ചികിത്സ നൽകി. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നു. സംസ്ഥാനത്തെ 20 ശതമാനം മുതൽ 30 ശതമാനം വരെ സ്കൂൾ കുട്ടികൾക്ക് വൈകാരിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യങ്ങളുമുണ്ടെന്നുമാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി ഇത് 10 ശതമാനമാക്കി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അധ്യാപകർക്ക് പരിശീലനം നൽകി മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗണ്സലിംഗ് നൽകുകയും ആവശ്യമെങ്കിൽ ക്ലിനിക്കുകളിലേക്ക് റഫർ ചെയ്യുന്നതിനും സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. മാനസികാരോഗ്യ ആശുപത്രികൾക്ക് പുറത്ത് പ്രാഥമിക തലത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുന്നതിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ മാസത്തിലൊരു ദിവസം മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു.
(അവസാനിച്ചു)
റെജി ജോസഫ്