തടവറകളിലെ നെടുവീർപ്പുകൾ
Saturday, February 1, 2020 2:42 PM IST
ജയിലിലെത്തി കേസിൽ തീർപ്പാവാതെ 50 വർഷത്തിലധികമായി നാലു ചുവരുകൾക്കുള്ളിൽ കഴിയുന്ന മനോരോഗികൾ കേരളത്തിലുണ്ട്. കുറ്റത്തിന് നിയമ പ്രകാരമുള്ള ശിക്ഷയനുഭവിച്ചശേഷവും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരും ഇതിൽപ്പെടും. മനോരോഗം ബാധിച്ച നൂറിലേറെപ്പേരാണ് വിചാരണത്തടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നത്. ഇതിൽ തന്നെ മുൻപ് വിചാരണത്തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് വിടുതൽ ചെയ്തവരുമായ 20 പേരുമുണ്ട്. ആർക്കും വേണ്ടാത്തതിനാൽ ഇവർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ വർഷങ്ങളായി കഴിയാൻ വിധിക്കപ്പെട്ടിരിക്കുന്നു.
അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശാന്ത 2006ലാണ് കണ്ണൂർ വിമെൻ പ്രിസണ് ആൻഡ് കറക്ഷണൽ ഹോമിൽ എത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ മാലതിയും ഭർത്താവിനെ കുത്തിക്കൊന്ന സുജാതയുമൊക്കെ ഇവരിൽപ്പെടും. സ്കിസോഫ്രീനിയ ബാധിതരായ മൂവരും ഏറെക്കാലമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. അക്രമാസക്തരാവുകയും മറ്റുതടവുകാരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മൂവരെയും ഡോക്ടറുടെ നിർദേശപ്രകാരം കോടതി ഉത്തരവോടുകൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
വിവിധ ജയിലുകളിൽ മനോരോഗികൾ വിചാരണ വൈകി കഴിയുന്നു. മനോരോഗികളെ വിചാരണ ചെയ്യുന്നതിലെ നിയമപരിമിതിയിൽ മരണം വരെ മനോരോഗചികിത്സയിൽ തുടരേണ്ടിവന്നവരും പലരാണ്. ശാന്തയുടെ കേസ് 14 വർഷമായി വിചാരണ കാത്തുകിടക്കുന്നു. വിചാരണയ്ക്ക് അനുയോജ്യമല്ല അഥവാ നോട്ട് ഫിറ്റ് ഫോർ ട്രയൽ എന്നതിനാലാണ് നീണ്ടു പോകുന്നത്. ഇവരെ ആരും ഏറ്റെടുക്കാൻ തയാറല്ല. ജയിലിൽ ബന്ധുക്കൾ ഇവരെ തേടി വന്നിട്ടുമില്ല.
നന്തൻകോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡൽ ജിൻസൻ രാജയെപ്പോലെ കുറ്റപത്രം സമർപ്പിക്കപ്പെട്ടശേഷവും വിചാരണ നടത്താതെ വരുന്ന സാഹചര്യം പലതാണ്. മാനസികരോഗിയായ കേഡൽ, ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയത്. കേഡൽ വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ടും കുറ്റപത്രത്തിലുണ്ട്. കേഡലിനെതിരേ കൊലക്കുറ്റം, വീടിനു തീയിടൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അച്ഛൻ, അമ്മ, സഹോദരി കരോലിൻ, ബന്ധു എന്നിവരെ കേഡൽ കൊലപ്പെടുത്തിയ സംഭവം കേരളം നടുക്കത്തോടെയാണ് ഇന്നും ഓർമിക്കുന്നത്.
ദക്ഷിണേന്ത്യ മുന്നിൽ
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാർ കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജയിലുകളിലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) സർവെ വ്യക്തമാക്കുന്നു. കർണാടകയിലേയും കേരളത്തിലേയും ജയിലുകളിലാണ് ഏറ്റവും കൂടുതൽ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരുള്ളത്. കർണാടകത്തിൽ 383 തടവുകാരും കേരളത്തിൽ 305 തടവുകാരും മനോരോഗികളാണ്. ആന്ധ്രപ്രദേശിൽ 144, തെലങ്കാനയിൽ 133 എന്നിങ്ങനെ വേറെയും മനോരോഗികൾ.
സംസ്ഥാനത്തെ മനോരോഗ ആശുപത്രികളിൽ വിചാരണ പൂർത്തിയാകാതെ 88 തടവുകാർ കഴിയുന്നുണ്ടെന്ന് ജയിൽവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മാനസികരോഗ ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്ന 506 തടവുകാർ സെൻട്രൽ ജയിലുകളിലുണ്ട്. 1977 മുതൽ ചികിത്സയിൽ കഴിയുന്ന തടവുകാരും ഇതിൽപ്പെടും. രോഗം ഭേദമായവരിൽ പലരെയും ജാമ്യത്തിലിറക്കാൻ ബന്ധുക്കൾ എത്തുന്നുമില്ല. വിചാരണ നടക്കാതെ ജീവപര്യന്തം കാലാവധി പൂർത്തിയാക്കിയിട്ടും പലരും ആശുപത്രിയിൽതന്നെ.
മാനസിക വെല്ലുവിളി നേരിടുന്ന തടവുകാരുടെ എണ്ണം വർഷംതോറും വർധിച്ചു വരുകയാണ്. മിക്കവരും വർഷങ്ങൾ നീണ്ട തടവിനൊടുവിൽ മാനസികരോഗികളായി മാറിയവരാണെന്നതും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇവർ സഹതടവുകാരെ ആക്രമിക്കുന്നതും സ്വയം ദേഹോപദ്രവമേൽപ്പിക്കുന്നതും പതിവാണ്. ആത്മഹത്യ പ്രവണതയുള്ളവരും ഏറെപ്പേരാണ്.
വിഷാദരോഗം
ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന രോഗമായി മാറിയിരിക്കുന്നു വിഷാദ രോഗം. ജാതി, മതം, വിശ്വാസം, തൊഴിൽ, സാന്പത്തികം തുടങ്ങിയ മാനദണ്ഡങ്ങൾക്കുപരിയായി എല്ലാ പ്രായക്കാരെയും വിഷാദരോഗം കീഴടക്കുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കിൽ ലോകത്തു 35 കോടി ജനങ്ങളെ വിഷാദരോഗം ബാധിച്ചിട്ടുണ്ട്. ഹൃദയ രോഗങ്ങൾ, പ്രമേഹം, പ്രഷർ തുടങ്ങിയവ വർധിക്കാനും വിഷാദരോഗം കാരണമാകുന്നു. അമിത മദ്യപാനം, അക്രമങ്ങൾ, അപകടങ്ങൾ എന്നിവയ്ക്കു പിന്നിലും വിഷാദരോഗം വഴിവയ്ക്കാം. ലോകത്ത് ഓരോ ദിവസവും 3000 പേർ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വിഷാദരോഗം തന്നെ.
2016 ൽ പുറത്തിറക്കിയ മാനസികാരോഗ്യ സർവേ അനുസരിച്ചു 18 വയസിനു മുകളിൽ 12.43 ശതമാനം പേർക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്.
ഇതേ പ്രായക്കാരിൽ വിഷാദരോഗം ബാധിച്ചിരിക്കുന്നത് അഞ്ചു ശതമാനം അഥവാ 17 ലക്ഷം പേരെയാണ്. എന്നാൽ വിഷാദരോഗ ബാധിതരിൽ ചികിത്സക്ക് എത്തുന്നത് ഇരുപതു ശതമാനം മാത്രം.
വിഷാദരോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിൽ അയാളുടെ വൈകാരികാവസ്ഥയുടെ സന്തുലനം നിലനിർത്തുന്ന ന്യൂറൽ സർക്യൂട്ടുകളിൽ ഉള്ള താളപ്പിഴകൾ, അവയിലെ രാസസന്ദേശ വാഹക തന്മാത്രകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ രോഗത്തിന് കാരണമാണ്. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉത്സാഹമില്ലായ്മ, മറവി എന്നിവയും വിഷാദരോഗം ബാധിക്കുന്നവർക്ക് ഉണ്ടാകുന്നു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ 171 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിഷാദരോഗ ചികിത്സയ്ക്കായി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. തൊഴിൽമേഖലയും മാനസിക നിലയും ഏറെ ബന്ധപ്പെട്ടിരിക്കുന്നു. സമ്മർദവും പിരിമുറുക്കവുമുള്ള ജോലി മേഖലയിൽ മനോരോഗവും ആത്മഹത്യയും കൂടുതലാണ്. വിശ്രമമില്ലാത്തതും ഏകാഗ്രത കൂടുതൽ വേണ്ടതുമായ ജോലി. മറ്റാരുമായും ആശയവിനിമയമില്ലാതെ കംപ്യൂട്ടറും അതിലെ പ്രോഗ്രാമുകളുമായി മാത്രമുള്ള സംവേദനം.
രാവും പകലും മാറിയുള്ള ഷിഫ്റ്റുകൾ. ജീവിത പങ്കാളിയെയും കുട്ടികളെയും പിരിഞ്ഞുള്ള ജോലി. ഇത്തരത്തിലുള്ള വിവിധ കാരണങ്ങളാൽ ഐടി മേഖലയിൽ വിഷാദരോഗികളുടെ എണ്ണം ഏറിവരുന്നു. കുടുംബബന്ധങ്ങളുടെ ശിഥിലീകരണം, വിവാഹമോചനം, പിരിഞ്ഞുള്ള ജീവിതം, ആത്മഹത്യ തുടങ്ങിയവയും സാങ്കേതിക അധ്വാനമേഖല നേരിടുന്ന വെല്ലുവിളികളാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ പോലീസ് സേനയിൽ ആത്മഹത്യ ചെയ്തത് 69 പേരാണ്. ജോലിഭാരവും, മാനസിക സമ്മർദ്ദവും കുറയ്ക്കാനുള്ള നടപടികൾ സർക്കാരിൽ നിന്നുണ്ടാവണമെന്നുള്ളത് പോലീസുകാരുടെ ആവശ്യമാണ്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പാകപ്പിഴകളും മറ്റൊരു പരിമിതി. പോലീസ് സേനയിൽ ആത്മഹത്യ വർധിക്കുന്ന വിഷയത്തിൽ പഠനം നടത്തണമെന്ന് പോലീസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.
(തുടരും)
റെജി ജോസഫ്