ഉറ്റവർ കൈയൊഴിഞ്ഞ അനാഥർ
Friday, January 31, 2020 3:51 PM IST
മനോരോഗം സുഖപ്പെട്ടശേഷവും ബന്ധുക്കൾ കൈയൊഴിഞ്ഞ് മനോരോഗാശുപത്രികളിൽ കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ. കോടതിയിൽ വിചാരണ നടത്താൻ പറ്റാതെ ജയിലുകളിൽ മനോരോഗം ബാധിച്ചു കഴിയുന്ന ഒട്ടേറെ പ്രതികൾ. വിഷാദരോഗവും മനോസംഘർഷങ്ങളുമായി കഴിയുന്ന പുതിയ തലമുറ. തൊഴിലിനെയും തൊഴിലിടങ്ങളെയും ഉൾക്കൊള്ളാനാവാതെ
ആത്മഹത്യ ചെയ്യുന്ന ഏറെപ്പേർ.സ്കൂൾ കുട്ടികൾ വരെ സംഘർഷങ്ങളുടെ നടുവിൽ
മാനസികപ്രശ്നങ്ങളിൽ ഉഴലുകയാണിന്ന്. സാമൂഹിക ചുറ്റുപാടുകളും സംഘർഷങ്ങളും
വെല്ലുവിളികളും നിറഞ്ഞ ഇക്കാലത്ത് മാനസികപ്രശ്നങ്ങൾ ഏറെപ്പേറെ അലട്ടുന്നുണ്ട്.
എന്നാൽ ചികിത്സയ്ക്കുവേണ്ട ആളും അർഥവും സൗകര്യവും കേരളത്തിൽ ഏറെ
പരിമിതമാണ്. മനോരോഗം മാറാരോഗമല്ല. കാരുണ്യത്തോടെയും കരുതലോടെയുമുള്ള
ചികിത്സയും പരിചരണവുമാണ് ഇവർക്ക് ആവശ്യം.... പരന്പര ...
മനോരോഗം ഭേദപ്പെട്ടിട്ടും ബന്ധുക്കൾ സ്വീകരിക്കാൻ തയാറാവാതെ മനോരോഗ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണം അറിയാൻ ഗൗരവ് കുമാർ ബൻസാൽ എന്ന അഭിഭാഷകൻ രണ്ടു വർഷം മുൻപ് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. സർക്കാർനിയന്ത്രണത്തിലുള്ള 43 മാനസികാരോഗ്യ കേന്ദ്രങ്ങളിൽമാത്രം പതിനായിരത്തോളം ഹതഭാഗ്യർ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയെ ധരിപ്പിച്ചു. ഇവരിൽ 1200 പേർ 40 വർഷത്തിലേറെയായി ആർക്കും വേണ്ടാത്തവരായി കഴിയുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ കഴിയുന്നവരുടെ എണ്ണം കൂടി നോക്കിയാൽ ഇതിന്റെ പതിൻമടങ്ങ് കണ്ടേക്കാം. ഈ സാഹചര്യത്തിൽ മനോരോഗം ഭേദപ്പെട്ടവർക്ക് പുനരധിവാസ പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ദേശീയ തലത്തിൽ നടപടികൾ ഉണ്ടായില്ലെങ്കിലും ഇക്കൂട്ടരുടെ പുനരധിവാസത്തിന് കേരള സർക്കാർ 2018 മാർച്ചിൽ സ്നേഹക്കൂട് പദ്ധതിക്കു തുടക്കം കുറിച്ചു. 50 വർഷമായി മനോരോഗ ആശുപത്രിയിൽ കഴിയാൻ വിധിക്കപ്പെട്ടവരും ഈ പദ്ധതിയിൽ പുനരധിവസിപ്പിക്കപ്പെട്ടവരിൽപ്പെടുന്നു.
തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗം ഭേദമായിട്ടും ആരോരുമില്ലാതെ കഴിഞ്ഞിരുന്ന നൂറിലേറെ പേർക്ക് സ്നേഹക്കൂട് അഭയവും ആശ്വാസവും പകരുന്നു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു മാത്രം 79 പേരാണ് സ്നേഹക്കൂട്ടിൽ ചേക്കേറിയിരിക്കുന്നത്. തൃശൂർ, മലപ്പുറം ജില്ലകളിലും ഇത്തരത്തിൽ അഭയമന്ദിരങ്ങൾ തുറന്നിരിക്കുന്നു. പുനരധിവസിപ്പിച്ചവർക്ക് തൊഴിൽ പരിശീലനം നൽകി വരുമാനമാർഗവും സാധ്യമാക്കുന്നു. കൃഷി, പശു, ആട്, കോഴി വളർത്തൽ തുടങ്ങിയവ പരിശീലിപ്പിച്ച് സാന്പത്തിക ഭദ്രത ഉറപ്പാക്കി ഇവരെ സ്വയംപര്യാപ്തരാക്കുന്നു.
ഒരിക്കൽ സമനില തെറ്റിയാൽ എല്ലാക്കാലത്തും അയാൾ മനോരോഗിയാണെന്ന അബദ്ധധാരണയാണ് ഇക്കാലത്തും സമൂഹത്തിനുള്ളത്. ഇത്തരത്തിൽ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നവരിൽ ഏറെപ്പേരും സ്ത്രീകളാണ്. ഇതരദേശക്കാരും ഭാഷ അറിയാത്തവരും അലഞ്ഞു വന്നവരുമൊക്കെ ഇവരിൽപ്പെടും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ആരും ഏറ്റെടുക്കാനില്ലാതെ ജീവിതം വഴിമുട്ടി നിന്നിരുന്നവരിൽ 130 പേരെയാണ് മലപ്പുറത്തെ സ്നേഹക്കൂട്ടിൽ പുനരധിവസിപ്പിച്ചത്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 45 പേരും, തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 25 പേരും, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും 60 പേരുമാണുള്ളത്. ഇത്തരത്തിൽ പുനരധിവാസം ആവശ്യമായ നൂറു കണക്കിനു പേർ മനോരോഗ കേന്ദ്രങ്ങളിൽ കരുണ കാത്തുകഴിയുന്നു.
ചികിത്സാലയങ്ങൾ മൂന്ന്
മനോരോഗവും മാനസികപ്രശ്നങ്ങളും പെരുകി വരുന്ന സംസ്ഥാനത്ത് സർക്കാരിന് കീഴിൽ മൂന്ന് മാനസികാരോഗ്യ ആശുപത്രികൾ മാത്രം. മധ്യകേരളത്തിൽ ഒരു മാനസികാരോഗ്യ കേന്ദ്രമില്ല എന്നത് വലിയ പരിമിതിതന്നെ. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി, തൃശൂർ മാനസികാരോഗ്യ ആശുപത്രി, തിരുവനന്തപുരം ഉൗളന്പാറ മാനസികാരോഗ്യ ആശുപത്രി എന്നിവയാണ് സർക്കാരിനു കീഴിലുള്ളത്. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽപ്പെട്ടവർക്ക് ആശ്രയം തൃശൂർ മാനസികാരോഗ്യ ആശുപത്രി മാത്രം. മധ്യകേരളത്തിൽ മാത്രം നാലായിരം രോഗികൾ സ്ഥിരമായി ചികിത്സതേടുന്നവരായുണ്ട്. വിവിധ റിഹാബിലിറ്റേഷൻ സെന്ററുകളിൽ 12,000 പേർ മാനസിക പ്രശ്നങ്ങളുമായി കഴിയുന്നതായാണ് സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ കണക്ക്.
സംസ്ഥാനത്തെ ജയിലുകളിൽ മാനസിക വെല്ലുവിളികളുള്ള 215 തടവുകാരുള്ളതായി മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. രോഗികളുടെ എണ്ണം വർധിച്ചപ്പോഴും ആറു ഡോക്ടർമാർ മാത്രമാണ് ഇവരെ പരിചരിക്കാനുള്ളത്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റ് നഴ്സുമാരുടെയും സോഷ്യൽ വർക്കർമാരുടെയും സേവനം ഏറെപ്പേർക്കും ലഭിക്കുന്നില്ല.
മാനസികരോഗ വിദഗ്ധരുടെ നിർദേശത്തിനനുസരിച്ചാണ് കോടതികളിൽ രോഗികളുടെ വിചാരണ. എന്നാൽ, ഡോക്ടർമാരുടെ എണ്ണം കുറഞ്ഞത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഒരു നഴ്സിന്റെ മാത്രം സേവനമാണ് തടവറകളിലെ മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആശ്വാസം.
കേരളം അഭയം
സമനില തെറ്റിയ അവസ്ഥയിൽ ഉറ്റവരെയും തെരുവിൽ അലയുന്നവരെയും ട്രെയിനുകളിൽ കയറ്റി കേരളത്തിലേക്ക് അയയ്ക്കുന്നതും പതിവാണ്. കേരളത്തിൽ ഇത്തരത്തിൽ ദിവസം 10 മനോരോഗികളെങ്കിലും ട്രെയിനുകളിൽ എത്തുന്നു. മനോരോഗികളെ ട്രെയിനുകളിലും ലോറികളിലും കയറ്റി കേരളത്തിലേക്ക് അയയ്ക്കുന്ന ഇടനിലക്കാരും ഇതരസംസ്ഥാനങ്ങളിലുണ്ട്. അലഞ്ഞു തിരിയുന്ന രോഗികളെ ഏറ്റെടുക്കാൻ അഗതിമന്ദിരങ്ങളും അഭയകേന്ദ്രങ്ങളും പലതുണ്ടെന്നതിനാലാണ് കേരളത്തിലേക്ക് ഇക്കൂട്ടർ ഏറെയായി എത്തുന്നത്. സംസ്ഥാനത്തെ വിവിധ അഗതിമന്ദിരങ്ങളിൽ അയ്യായിരത്തിലേറെ മനോരോഗികൾ കഴിയുന്നു. ഇവരിൽ ഏറെപ്പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് അനാഥരായി വഴിതെറ്റിവന്നവർ. രോഗം സുഖപ്പെട്ടതിനുശേഷം ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാവാതെ വന്ന ആയിരക്കണക്കിന് പേർ അഭയമന്ദിരങ്ങളിൽ കഴിയുന്നു.
കൊച്ചി നഗരത്തിൽനിന്ന് ഒരു വർഷം 35 മുതൽ 375 വരെ മാനസിക രോഗികളെ കണ്ടെത്തുന്നുവെന്നാണ് സാമൂഹിക നീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തെരുവു വെളിച്ചത്തിന്റെ ചുമതലക്കാരൻ തെരുവോരം മുരുകൻ പറയുന്നത്. ഇതിൽ അഞ്ച് വർഷത്തിനിടെ 110 പേരെ മാനസികാരോഗ്യ ആശുപത്രിയിൽ തെരുവു വെളിച്ചത്തിൽനിന്നു മാത്രം പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ മാനസിക രോഗികളിൽ കൂടുതലും സ്ത്രീകളെന്ന് സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സർവെ റിപ്പോർട്ട്. ഗുരുതര മാനസിക രോഗം പിടിപെട്ട സ്ത്രീകളെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണതയും കൂടിവരുന്നു.
വിഷാദരോഗികളുടെ കണക്കിലും സ്ത്രീകളാണ് മുന്നിൽ. ചികിത്സക്കെത്തുന്ന സ്ത്രീകളിൽ 25 ശതമാനവും വിഷാദരോഗികളാണ്. സാമൂഹ്യക്ഷേമ വകുപ്പിന്റെ പഠനമനുസരിച്ച് അംഗപരിമിതരിൽ 12.72 ശതമാനം പേർ മാനസിക രോഗികളാണ്.
ഹാഫ് വേ ഹോമുകൾ
മനോ രോഗാശുപത്രികളിൽ നിന്നും വിടുതൽ നേടുന്ന രോഗമുക്തരായവർക്ക് തൊഴിൽ മേഖലകളിൽ പരിശീലനം നൽകുന്നതിനും മെച്ചപ്പെട്ട സാമൂഹ്യ ജീവിതം സാധ്യമാക്കുന്നതിനുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഹാഫ് വേ ഹോമുകൾ ആരംഭിക്കുകയാണ്. ചികിത്സയ്ക്കു ശേഷവും ഏറ്റെടുക്കാൻ തയാറാകാത്തവർക്ക് പരിശീലനം നൽകി നൈപുണ്യ വികസനത്തിലൂടെയും സാന്പത്തിക ശാക്തീകരണത്തിലൂടെയും കുടുംബാംഗങ്ങൾക്ക് സ്വീകാര്യമാംവിധം പരിശീലിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുകയാണ് ഹാഫ് വേ ഹോം പദ്ധതി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സന്നദ്ധ സംഘടനകൾ മുഖേനയാണ് ഹാഫ് വേ ഹോമുകൾ ആരംഭിക്കുന്നത്.
രോഗം ഭേദമായവർക്ക് സാമൂഹ്യാധിഷ്ഠിത പുനരധിവാസം ഉറപ്പാക്കുക, സംരക്ഷിക്കാൻ കുടുംബാംഗങ്ങൾ തയ്യാറാകാത്തതിനാലോ ബന്ധുക്കൾ ഇല്ലാത്തതിനാലാ അനാഥരായവർക്ക് തണലേകുക, മാനസികവും ശാരീരികവുമായ ഉല്ലാസം ഉറപ്പു വരുത്തുന്നതിനുള്ള പരിപാലനം നൽകുക, തൊഴിൽ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കുക, അവരെ കുടുംബാംഗങ്ങൾക്ക് സ്വീകാര്യമാക്കുക, സാമൂഹ്യനീതിയും, സുരക്ഷയും, അവകാശ സംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയവയാണ് ഹാഫ് വേ ഹോമിലൂടെ ലക്ഷ്യം വയ്ക്കുന്നത്.സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം സൗകര്യങ്ങളാണ് ഹാഫ് വേ ഹോമുകൾ നൽകുന്നത്.
(തുടരും)
റെജി ജോസഫ്