പച്ചക്കറികളിലെ വിഷം സോപ്പ് ഉപയോഗിച്ചാൽ പോകുമോ?
Monday, January 27, 2020 7:01 PM IST
പച്ചക്കറികളിലെ വിഷം സോപ്പോ, സോപ്പുപൊടിയോ ഉപയോഗിച്ച് കഴുകിയാൽ മാറ്റാം എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം അബദ്ധമെന്ന് ശാസ്ത്രജ്ഞർ. പച്ചക്കറികൾ പ്രത്യേകിച്ച് തൊലി കൂടി അരിഞ്ഞ് കറിക്കുപയോഗിക്കുന്നവ നിർബന്ധമായും സോപ്പുപൊടിചേർത്ത ലായനിയിൽ കഴുകി വൃത്തിയാക്കണമെന്നും ഇങ്ങനെ ചെയ്ത ശേഷം ഉപയോഗിച്ചാൽ വിഷം പോകുമെന്നും കാൻസർ ഉണ്ടാക്കില്ലെന്നുമൊക്കെയാണു പ്രചരണം.
സോപ്പുപൊടികൊണ്ട് ഒരിക്കലും വിഷം നിർവീര്യമാകില്ലെന്നു കേരള കാർഷിക സർവകലാശാലയിലെ ഹോർട്ടികൾച്ചർ കോളജിന്റെ മുൻ ഡീനും കളനാശിനി പഠനത്തിൽ സ്പെഷലിസ്റ്റുമായ ഡോ. സി.ടി. ഏബ്രഹാം പറഞ്ഞു.
![](https://www.deepika.com/feature/Vegetable_wash02.jpg)
സോപ്പുപൊടിയിൽ ഉപയോഗിക്കുന്ന രാസഘടകങ്ങൾ പച്ചക്കറിയിൽ പറ്റിപ്പിടിക്കും. പരുപരുത്ത പ്രതലമുള്ള പാവയ്ക്കാ പോലുള്ള പച്ചക്കറികളിൽ നിന്ന് ഇവ പോകണമെങ്കിൽ പല ആവൃത്തി കഴുകേണ്ടി വരും. ഇങ്ങനെ ചെയ്താലും സോപ്പിലെ രാസഘടകങ്ങൾ പച്ചക്കറിയിൽ നിന്നു പൂർണമായും മാറണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കറികളിലെ വിഷം നിർവീര്യമാക്കാൻ ഭക്ഷ്യയോഗ്യമായിട്ടുള്ള താരതമ്യേന ചെലവു കുറഞ്ഞ വസ്തുക്കൾ തന്നെയുള്ളപ്പോൾ എന്തിനു രാസഘടകങ്ങൾ അടങ്ങിയ സോപ്പുപൊടിയിലേക്കു തിരിയണമെന്ന് കേരളകാർഷിക സർവകലാശാല ഹോർട്ടിക്കൾച്ചർ കോളജ് ഡീൻ ഡോ. സി. നാരായണൻ കുട്ടി ചേദിച്ചു.
![](https://www.deepika.com/feature/Vegetable_wash04.jpg)
പുളിവെള്ളം, വിന്നാഗിരി പത്തു മില്ലിലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുക്കുന്ന ലായനി, ഉപ്പുവെള്ളം, കാർഷികസർവകലാശാല വികസിപ്പിച്ചടുത്ത പുളി അടിസ്ഥാനമായ വെജി വാഷ് എന്നിവയെല്ലാം ഉപയോഗിച്ച് പച്ചക്കറി കഴുകിയാൽ വിഷ ഭീഷണി ഇല്ലാതാക്കാം. വെജിവാഷ് സാങ്കേതികവിദ്യ നിരവധി സ്വകാര്യകന്പനികൾക്ക് സർവകലാശാല നൽകിയിട്ടുണ്ട്. ഇവർ ഈ ഉത്പന്നം പുറത്തിറക്കുന്നുമുണ്ട്. ഇതൊക്കെ മനുഷ്യശരീരത്തിനുള്ളിൽച്ചെന്നാലും കുഴപ്പമില്ലാത്തവയാണ്.
സോപ്പുപൊടിയിൽ ശരീരത്തിനു ഹാനികരമായ ധാരാളം രാസഘടകങ്ങൾ ചേർത്തിട്ടുണ്ട്. അവ പച്ചക്കറിയിൽ പിടിച്ചാൽ അതുപോകാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സോപ്പ് വയറ്റിൽ പോയാൽ വയറിളക്കമുൾപ്പെടെ പിടിപെടാം. ദിവസങ്ങളെടുക്കും വയറ്റിലെ പ്രശ്നങ്ങൾ മാറാൻ. അതിനാൽ പച്ചക്കറി കഴുകുന്നതിനു സോപ്പുപൊടി ഉപയോഗിക്കാതിരിക്കുന്നതാണുത്തമം.
ടോം ജോർജ്