ചതി
Thursday, January 16, 2020 2:26 PM IST
ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോൾ പുറത്തു വരുന്നത്. വയസായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിർന്നവളായ പെണ്‍കുട്ടിയെ ഏറെ ദുഃഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശന്പളമുള്ള ജോലിയുമായി ഒരാൾ വന്നപ്പോൾ അവൾ കണ്ണുമടച്ച് ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച് അവൾ അയാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുന്‍പായിരുന്നു അത്.
എന്നാൽ ഡിസംബർ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു. അവിടവിടെ തല്ലു കൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്ന പേരിൽ ഗ്രാമത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമൻ ആ പത്തൊൻപതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയിൽ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാൾ ഓൾഡ് ദില്ലിയിലെ ഒരാൾക്ക് വിറ്റിട്ട് കടന്നുകളഞ്ഞു.
ആ മഹാനഗരത്തിൽ ഒരാളെപ്പോലും പരിചയമില്ലാതെ അവൾ കുടുങ്ങി. ഭാഷപോലും വശമില്ലാത്ത അവൾ എവിടെപ്പോകാനാണ്? ആരോട് സഹായം തേടാനാണ്? അയാളുടെ ഓഫീസിലായിരുന്നു പകൽ ജോലി. തൂത്തുതുടയ്ക്കണം, ചായയിടണം, അവിടുള്ള സകല ജോലികളും ചെയ്യണം. ആദ്യദിവസം രാത്രി തന്നെ അയാൾ അവളെ ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് അത് ഒരു പതിവായി മാറി. എതിർത്തപ്പോൾ അവളുടെ കഴുത്തിൽ കത്തിവെച്ചുകൊണ്ട് അയാൾ തന്റെ ഇംഗിതം നിറവേറ്റി. അവിടുന്നങ്ങോട്ട് എല്ലാദിവസങ്ങളിലും അവൾ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു.
ഒരു ദിവസം അയാൾ വന്നത് വേറെ നാലുപേരെയും കൂട്ടിക്കൊണ്ടായിരുന്നു.അവരും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഒരു വിധം കുതറിയോടിയ അവൾ ജനലിലൂടെ പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെട്ടു. ആ സ്ഥലത്തുനിന്ന് എത്ര അകലത്തേക്ക് ഓടി രക്ഷപ്പെടാൻ പറ്റുമോ അവൾ ഓടി. കാലുകൾ കുഴഞ്ഞ് റോഡരികിൽ വീണുപോകും വരെ അവൾ ഓടി. ഒടുവിൽ മറ്റൊരു അപരിചിതമായ പട്ടണത്തിലേക്ക് അവൾ എത്തിപ്പെട്ടു. നേരം രാത്രിയായിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങിയ അവൾ അടുത്ത ദിവസം മുതൽ ആ അപരിചിത നഗരത്തിന്റെ തെരുവുകളിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി.
റസ്റ്ററന്റുകളിൽ ബാക്കി വന്ന ഭക്ഷണം ഇരന്നു വാങ്ങിയായിരുന്നു വിശപ്പടക്കിയത്. അപ്പോഴേക്കും ജീവിതം അവളെ ഒരു ഭ്രാന്തിയുടെ രൂപത്തിൽ എത്തിച്ചിരുന്നു. ഒന്ന് മിണ്ടാനോ സങ്കടം പറയാനോ ആരുമില്ലാത്ത ആ മഹാനഗരത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു അവൾക്ക്. അങ്ങനെ അവൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയ്ക്ക് തുടക്കമിട്ടു. അങ്ങനെ റോഡിന്റെ അരികും പിടിച്ച് നടന്നുതുടങ്ങിയ അവൾ ഒടുവിൽ ആ യാത്ര അവസാനിപ്പിച്ചത് 800 കിലോമീറ്റർ അപ്പുറം എത്തിയശേഷമാണ്. ജീവനും നെഞ്ചോടടക്കിപിടിച്ചുകൊണ്ടുള്ള ഒരു ഓടി രക്ഷപ്പെടലായിരുന്നു അത്.
ദില്ലിയിൽ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ. അവിടെയെത്തിയപ്പോഴേക്കും അവൾ ക്ഷീണം താങ്ങാനാവാ തെ കുഴഞ്ഞു വീണിരുന്നു. ദിക്കുപോലും തിരിയാത്ത ഒരു മനസികാവസ്ഥയിലായിക്കഴിഞ്ഞിരുന്നു അവൾ അപ്പോഴേക്കും. ആ നഗരത്തിൽ ഇനി ഒരു നിമിഷംപോലും നിൽക്കാനാവില്ല എന്ന വേവുമാത്രം ഉണ്ടായിരുന്നു മനസ്സിൽ. പകൽ മുഴുവൻ നിർത്താതെ അവൾ നടന്നുകൊണ്ടിരുന്നു. രാത്രി കിടന്നുറങ്ങുന്പോൾ ആരും വന്നുപദ്രവിക്കാതിരിക്കാൻ അവൾ വഴിയരികിലെ ഏതെങ്കിലും മരക്കൊന്പിൽ കയറിക്കൂടുമായിരുന്നുവത്രെ. കുറേകഴിഞ്ഞപ്പോൾ മരം കയറാനുള്ള ആരോഗ്യം ഇല്ലാതെയായി. അതോടെ പകൽ കിട്ടുന്ന വളരെ കുറച്ചു നേരത്തെ ഒരു കുഞ്ഞുറക്കം മാത്രമായി ആകെ വിശ്രമം.
എന്നിട്ടും അവൾ നടപ്പ് നിർത്തിയില്ല. അങ്ങനെ നടന്നു നടന്നാണ് ഒടുവിൽ സിദ്ധിയിൽ എത്തിയപ്പോൾ അവൾ ക്ഷീണം സഹിക്കവയ്യാതെ ബോധം കെട്ടുവീണത്. റോഡരികിൽ മോഹാലസ്യപ്പെട്ടു കിടന്ന ആ പെണ്‍കുട്ടിയെ ഒടുവിൽ ആരോ പോലീസ് സ്റ്റേഷനിലും, അവിടന്ന് ഒരു സ്റ്റോപ്പ് സെന്ററിലും ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. എന്നാൽ, അവിടെയും കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. അവൾ ആകെ സംസാരിച്ചിരുന്നത് സാന്താളി ഭാഷ മാത്രമായിരുന്നു. അവൾ എത്തിപ്പെട്ടിടത്തെ പോലീസുകാർക്കാകട്ടെ ആകെ അറിയാമായിരുന്നത് ഹിന്ദിയും. ഒടുവിൽ സ്റ്റേഷൻ പരിസരത്തുതന്നെ നടത്തിയ അന്വേഷണത്തിൽ ഹിന്ദിയും സാന്താളിയും അറിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ എത്തിച്ചാണ് പെണ്‍കുട്ടിയുമായി സംസാരിച്ചത്. തുടർന്നാണ് പോലീസ് സാഹിബ് ഝാർഖണ്ഡിലെ സാഹിബ്ഗഞ്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നതും, യുവതിയെ തിരികെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്തതും.
ഝാർഖണ്ഡിന്റെ പല സ്ഥലങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഈ പെണ്‍കുട്ടിയെ കൊണ്ടുപോയ വ്യക്തി തന്നെ ഇത്തരത്തിൽ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവന്ന 2018 -ലെ നാഷണൽ ക്രൈെം റിക്കാർഡ്സ് ബ്യൂറോ ഡാറ്റ പ്രകാരം, ഝാർഖണ്ഡിൽ കഴിഞ്ഞ വർഷം തട്ടിക്കൊണ്ടു പോകപ്പെട്ടത് 314 പ്രായപൂർത്തിയെത്താത്ത കുട്ടികളാണ്. 30,000 രൂപയ്ക്ക് ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കാം എന്നതാണ് ഇപ്പോൾ ഝാർഖണ്ഡിലെ ദയനീയമായ അവസ്ഥ. സംസ്ഥാനത്ത് മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ബൈദ്യനാഥ് കുമാർ പറയുന്നത്, സംസ്ഥാനത്ത് നല്ലൊരു ആടിനെ വിലയ്ക്കുവാങ്ങണം എന്നുണ്ടെങ്കിൽ ചുരുങ്ങിയത് 80,000 രൂപയെങ്കിലും ചെലവിട്ടേ പറ്റൂ. എന്നാൽ, വാങ്ങേണ്ടത് പെണ്‍കുട്ടിയെ ആണെങ്കിൽ, അതിന്റെ മൂന്നിലൊന്നു പൈസയ്ക്ക് കാര്യം നടക്കും...’ എന്നാണ്. ഇങ്ങനെയും സ്ഥലങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് നാം മനസിലാക്കേണ്ടിയിരിക്കുന്നു.