ഒരു യമണ്ടന് പോത്തുകഥ
Wednesday, January 15, 2020 2:25 PM IST
ഇറാക്കിന്റെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ എല്ലാവരും അറിയും. പക്ഷെ, ഇരിങ്ങാലക്കുട കാട്ടൂരിൽ വസിക്കുന്ന സദ്ദാമിനെയും ഹുസൈനെയും നിങ്ങളറിയണമെന്നില്ല. സദ്ദാമും ഹുസൈനും ചേർന്നാൽ ഷാനുവിന്റെ പോത്തുകഥയായി. ഒരു മുഴുത്ത യമണ്ടൻ പോത്തുപ്രേമക്കഥ..!. ഇനി ഇവരെ പരിചയപ്പെടുത്താം. ഷാനു എന്ന ഷാനവാസ് അബ്ദുള്ള. 34 വയസ്. കാട്ടൂർ തളിയപ്പാടത്ത് കുടുംബാംഗം. സദ്ദാം അഞ്ചുവയസ്, ഹരിയാന സ്വദേശി. ഹുസൈൻ അഞ്ചു വയസ് ആന്ധ്ര സ്വദേശി. പ്രായം ഇത്രയേയുള്ളുവെങ്കിലും സദ്ദാമും ഹുസൈനും ചില്ലറക്കാരല്ല. കേരളത്തിലെ ഏറ്റവും വലിപ്പമേറിയ പോത്തുകളാണിവർ. ഇറാക്കിലെ മുൻ പ്രസിഡന്റിന്റെ ഓർമയ്ക്കു തന്നെയാണ് ഷാനു രണ്ടു ചുണക്കുട്ടൻ പോത്തുകൾക്കും സദ്ദാം, ഹുസൈൻ എന്നു പേരിട്ടത്.
ഹരിയാനയിൽ നിന്നാണ് സദ്ദാം എന്ന ചുണക്കുട്ടനെ ഷാനു സ്വന്തമാക്കിയത്. മെഹസ്ന വിഭാഗത്തിൽപ്പെട്ട പോത്ത്. എണ്ണക്കറുപ്പു നിറം. ഉയരം ആറടിയോളം. തൂക്കം രണ്ടായിരം കിലോയോളം. വില:മോഹവില.
സുർട്ടി മുറോ ക്രോസ് വിഭാഗത്തിൽപ്പെട്ട പോത്താണ് ഹുസൈൻ. ആറടിയോളം പൊക്കവും രണ്ടായിരം കിലോയോളം തൂക്കവും. വിലയാകട്ടെ കച്ചവടക്കാരൻ നിശ്ചയിക്കുന്ന ഏതു തുകയുമാകാം.
ചുവന്ന മൂക്കുകയറുമിട്ട് കഴുത്തിൽ നെയിംപ്ലേറ്റുമണിഞ്ഞ് സദ്ദാമും ഹുസൈനും നടന്നെത്തിയാൽ കൊന്പില്ലാത്ത കരിവീരന്മാരും തോറ്റുപോകും. മുക്രയിടാതെ തലയെടുപ്പോടെ ഷാനുവിനോടു ചേർന്നു നിൽക്കുന്പോൾ ഇവർ തങ്ങളുടെ കുട്ടിത്തവും വിടാറില്ല. സാധാരണ പോത്തുകളെക്കാൾ അതിഭീകരന്മാരായി തോന്നാമെങ്കിലും കൊച്ചുകുട്ടികൾ പോലും ഇവരുമായി അടുത്ത് ഇടപഴകാറുണ്ടെന്നു ഷാനവാസ് പറയുന്നു. ദിവസവും ഒരു ലിറ്ററോളം പാൽ കഴിക്കുന്നവരാണ് സദ്ദാമും ഹുസൈനും. അവിൽ, ഈന്തപ്പഴം, ബദാം ലേഹ്യം, ആപ്പിൾ, കാരറ്റ് എന്നിവയാണ് പ്രധാന ആഹാരം. സമയാസമയം ഭക്ഷണത്തിനു പുറമെ ദിനവും മൂന്നുനേരം കുളി. ഓയിൽ മസാജിംഗ്. കുളിക്കു ശേഷം കുളത്തിൽ നീരാട്ട്. പ്രതിമാസം ഭക്ഷണത്തിനായി ഇരുവർക്കും ചെലവു വരുന്നത് ഒരുലക്ഷത്തോളം രൂപ. നാലു ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. വിവിധ കാർഷിക പ്രദർശന മേളകളിൽ വിരുന്നു പോകുന്നതാണ് ഇവരുടെ മറ്റു വിനോദങ്ങൾ.
ബാപ്പ ഒരുപാട് മൃഗങ്ങളെ വളർത്തിയിരുന്നു. ചെറുപ്പം മുതലേ ഞാൻ കണ്ടുവളർന്നതും അതാണ്. ഷാനവാസ് പറയുന്നു. ഇന്നും ഷാനവാസിന്റെ കുടുംബത്തിനൊപ്പം പരിസരങ്ങളിൽ സ്നേഹം വിതറി ഒത്തിരിയൊത്തിരി സഹജീവികൾ ജീവിച്ചുവരുന്നു. കോഴി, താറാവ്, ഗിനിക്കോഴി, കാള, എരുമ, നായ എന്നിവയെ വളർത്തിവരുന്ന ഷാനവാസ് പഴയൊരു സാഹസിക ബൈക്ക് യാത്രികൻ കൂടിയാണ്.
ഷാനവാസിന്റെ ആശങ്കകൾ എല്ലാ കന്നുകാലി കർഷകനുമുള്ളതു തന്നെയാണ്. ഇത്തരം മുന്തിയ ബ്രീഡുകൾ ഇവിടെ ലഭ്യമായിട്ടും ബീജം ശേഖരിക്കാനോ പുതു ബ്രീഡുകളെ സൃഷ്ടിക്കാനോ സർക്കാർ സംവിധാനമില്ല. നേരിട്ടു ചെയ്യാനുമാകില്ല. അതെല്ലാം നിയമത്തിന്റെ നൂലാമാലകളാണ്. പല തരത്തിലുള്ള വാഗ്ദാനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെങ്കിലും പ്രത്യേകിച്ചു മെച്ചമൊന്നുമില്ല- ഷാനവാസ് പറയുന്നു.
സദ്ദാമിനെയും ഹുസൈനെയും പോലെയുള്ള പോത്തുകൾക്കു മോഹവിലയാണ്. വിൽക്കുന്നവന്റെ വിവേകം അനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കും. ഹരിയാനയിൽ ഈയിനം പോത്തുകൾക്കു പത്തുകോടിയോളം വിലവരും. ബീജം ശേഖരിക്കുന്ന മാർക്കറ്റിൽ വൻ ഡിമാൻഡാണ് ഈ ബ്രീഡുകൾക്കുള്ളത്. അതുകൊണ്ടുതന്നെ ഇടനിലക്കാരുടെ ഇടപെടലാണ് ഇവിടെ നിർണായകമാകുക.
കാട്ടൂരിൽ സദ്ദാമിനും ഹുസൈനും കൂട്ടായി ഒരു കുട്ടിപോത്തും എത്തിയിട്ടുണ്ട്. മൂന്നര വയസുകാരൻ ഷെയ്ക്ക്. ആളും ചിമിട്ടനാണ്. ഉയരം വച്ചുവരുന്നതേയുള്ളു. ചേട്ടന്മാർക്കൊപ്പം വിശാലമായ തൊഴുത്തിൽ ഒതുങ്ങിക്കൂടി നല്ല അനിയനായി കഴിഞ്ഞു കൂടുകയാണിവൻ. ചേട്ടന്മാരുടെ എല്ലാ ശീലങ്ങളും ശീലക്കേടുകളും കണ്ടുപഠിച്ച്.. അവൻ പറഞ്ഞിട്ടുണ്ടാകണം....ഒരുനാൾ ഞാനും ചേട്ടനെപ്പോലെ വളരും വലുതാകും...
എം.വി. വസന്ത്