സ്വർഗം താണിറങ്ങി വന്നതോ...
Tuesday, January 14, 2020 2:35 PM IST
അഗസ്ത്യമലയ്ക്ക് അടിവാരത്ത് പ്രകൃതി മനോഹരമായ ഒരു ചിത്രം രചിച്ചിട്ടുണ്ട്- മാഞ്ചോല താഴ്വാരം. ഇത് എത്ര കണ്ടാലും മതിയാവില്ല. നട്ടുച്ചയ്ക്കും ശരീരത്തെ മൂടുന്ന തണുപ്പ്്. കോടമഞ്ഞിൻ താഴ്വരകളും ഇരുൾ മൂടിയ അഗാധമായ കൊക്കകളും ഇളംപച്ചപ്പണിഞ്ഞ മലമടക്കുകളും ചെങ്കുത്തായ മലനിരകളും നൽകുന്ന അനുഭൂതി. നിമിഷനേരംകൊണ്ട് വന്നണയുകയും ഉടനെ മറയുകയും ചെയ്യുന്ന മഞ്ഞും നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന വനസൗന്ദര്യവും സമ്മാനിക്കുന്നത് കാഴ്ചയുടെ വശ്യമനോഹരിതയാണ്
പശ്ചിമഘട്ടത്തിലെ അവസാന മലയായ അഗസ്ത്യമലയ്ക്ക് അടുത്ത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിനടുത്താണ് കടുവയും പുലിയും ഒക്കെ വാഴുന്ന മാഞ്ചോല താഴ്വാരം. കേരളത്തിന്റെ അതിർത്തിയായ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് മാഞ്ചോല. സമുദ്ര നിരപ്പിൽ നിന്നു 1000-1500 മീറ്റർ ഉയരെയാണു മാഞ്ചോല ഉൾപ്പടെയുള്ള വന താഴ് വാരം. തമിഴ്നാട്ടിലെ അംബാസമുദ്രം ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം ഇതിന്റെ ഭാഗമാണ്. ഉൗട്ടിക്കു സമാനമായ ഇവിടത്തെ കാലാവസ്ഥയിൽ ശരീരവും മനസ്സും ’ഫ്രഷ്’ ആക്കാൻ അതുതന്നെ ധാരാളം. തേയിലത്തോട്ടങ്ങൾക്കും ആകാശം മുട്ടുന്ന നിബിഡ വനങ്ങൾക്കും മലനിരകൾക്കും നടുവിൽ ഒരു രാത്രി തങ്ങാം. തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രം കഴിഞ്ഞു കഷ്ടിച്ച് 5 കിലോമീറ്റർ പിന്നിട്ടു കല്ലടക്കുറിച്ചിയിലെത്തി വലത്തോട്ടു തിരിയുന്പോൾ കളക്കാട് മുണ്ടൻതുറൈ ടൈഗർ റിസർവിന്റെ ബോർഡ് കാണാം. മാഞ്ചോലയിലേക്കും അതിനും മുകളിൽ കുതിരവെട്ടിയിലേക്കും പോകാൻ വനംവകുപ്പിന്റെ അനുമതി വേണം. കല്ലടക്കുറിച്ചിയിൽ നിന്നു മണിമുത്താർ സ്പെഷൽ പൊലീസ് ക്യാംപും കടന്നാൽ മണിമുത്താർ ഡാം സൈറ്റിലെത്തും. ഇവിടത്തെ ചെക്ക് പോസ്റ്റിലെത്തി അനുമതി വാങ്ങി മുകളിലേക്കു യാത്ര തുടരാം. സ്വകാര്യ വാഹനമില്ലെങ്കിൽ, മണിമുത്താറിൽ നിന്നും അംബാസമുദ്രത്തിൽ നിന്നും തമിഴ്നാട് സർക്കാർ ബസുകൾ ദിവസം 4 സർവീസ് നടത്തുന്നുണ്ട്. മാഞ്ചോല എസ്റ്റേറ്റ് എന്നാണു പൊതുവേ അറിയപ്പെടുന്നതെങ്കിലും കുതിരവെട്ടിയാണ് അവസാന പോയിന്റ്. മണിമുത്താറിൽ നിന്നു കുതിരവെട്ടിയിലേക്കു ദുർഘടപാതയാണ്. കുതിരവെട്ടിയിലെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ അത്യാവശ്യം സൗകര്യങ്ങളോടെ താമസിക്കാം.
കുതിരവെട്ടിയിലേക്കുള്ള യാത്രയിൽ 5 പ്രധാന കേന്ദ്രങ്ങളുണ്ട് മണിമുത്താർ, മാഞ്ചോല, കാക്കാച്ചി, നാലുമുക്ക്, ഉൗത്ത്. മാഞ്ചോലയും കാക്കാച്ചിയും ഉൗത്തുമൊക്കെ ബോംബെ ബർമാ ട്രേഡിങ് കോർപറേഷനു കീഴിലുള്ള തേയിലത്തോട്ടങ്ങളും ഫാക്ടറികളുമാണ്. ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ ലയങ്ങളും കാണാം. കല്ലടക്കുറിച്ചിയിൽ നിന്നു മണിമുത്താറിലെ തമിഴ്നാട് സ്പെഷൽ പോലീസിന്റെ ക്യാംപും പിന്നിട്ട് എത്തുന്നതു മണിമുത്താർ ഡാം സൈറ്റിലാണ്. മണിമുത്താർ വെള്ളച്ചാട്ടവും അരുവിയുമൊക്കെ കണ്ണിനു കുളിർമയാകും. ഇവിടെയാണു വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ്. ഇവിടെ നിന്ന് അനുമതി വാങ്ങി യാത്ര തുടരാം. മണിമുത്താറിൽ നിന്നു 20 കിലോമീറ്റർ അകലെയാണു മാഞ്ചോല. കുതിരവെട്ടിയിലേക്ക് 48 കിലോമീറ്ററും. അയൽക്കൂട്ടം കൂടുന്ന പോലെ ചിത്രശലഭങ്ങൾ കൂടിയിരിക്കുന്ന റോഡിലൂടെ 30- 35 കിലോമീറ്റർ വേഗത്തിലേ യാത്ര ചെയ്യാനാവൂ.
മണിമുത്താർ ഡാം നയനാനന്ദകരമായ കാഴ്ചയാണ്. ഇവിടെ ബോട്ട് സവാരിയുമുണ്ട്. ഇവിടെ നിന്നാൽ സഹ്യപർവതത്തിന്റെ അപാരഭംഗി ആസ്വദിക്കാം. മണിമുത്താർ അരുവിക്കു കുറുകെയുള്ള പാലത്തിൽ നിന്നാൽ സമീപത്തെ വെള്ളച്ചാട്ടം പുളകം കൊള്ളിക്കും. മുകളിലേക്കു ചെല്ലുംതോറും കാട് ഇരുണ്ടു തുടങ്ങും. തേയിലത്തോട്ടങ്ങൾക്കു നടുവിൽ തീ ജ്വാല പോലെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു ഉൗത്തിൽ നിന്നു കുതിരവെട്ടിയിലേക്കു റോഡില്ല. കുതിരവെട്ടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ താമസം പുതിയൊരു അനുഭവമാണ്. വൈകുന്നേരത്തോടെ കോടമഞ്ഞ് നിറയും. സന്ധ്യ മയങ്ങുന്പോൾ കാട്ടുമൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കാം. കാട്ടുപക്ഷികളുടെ കലപില കേൾക്കാം, പാറിപ്പാറി നടക്കുന്ന ചിത്രശലഭങ്ങൾ കുസൃതികാട്ടും. രാത്രി ഉറങ്ങാൻ കിടക്കുന്പോൾ കാതോർക്കുക. പുറത്ത് എന്തൊക്കെ ശബ്ദങ്ങളാണ്. കാട് ഉറങ്ങാൻ കിടന്നാലും കാട്ടിലെ ജീവികൾ ഉറങ്ങാത്തതു പോലെ. ഇവിടെ നേരം പുലരുന്നതു കാണാനൊരു ഭാഗ്യം വേണം. മയിൽക്കൂട്ടങ്ങൾ തൊട്ടടുത്തെത്തും. കോടമഞ്ഞ് എട്ടൊൻപതു മണിവരെ പോകാൻ മടിച്ചു നിൽക്കും.
മാഞ്ചോല, കാക്കാച്ചി, ഉൗത്ത് എന്നിവിടങ്ങളിൽ തേയില, കാപ്പിത്തോട്ടങ്ങളും ഫാക്ടറികളും കാണാം. കാടിന്റെ വശ്യമായ സൗന്ദര്യം നുകർന്നു പകൽ മുഴുവൻ ചുറ്റിയടിക്കാം. മടങ്ങിവരുന്പോൾ പാപനാശവും സന്ദർശിക്കാം.
സുനിൽ കോട്ടൂർ