ചരിത്രവും പ്രണയവും ഒരുമിക്കുന്ന ആഗ്രയിലേക്ക്
Monday, January 13, 2020 5:14 PM IST
പ്രണയിക്കുന്നവരുടെ നഗരമാണ് ആഗ്ര. കാരണം അവിടെയാണ് ലോകാദ്ഭുതങ്ങളിൽ ഒന്നായ പ്രണയത്തിന്റെ കൊട്ടാരം, താജ്മഹൽ സ്ഥിതിചെയ്യുന്നത്. മുഗൾ രാജാക്കൻമാരുടെ ഭരണ കേന്ദ്രമായിരുന്ന ആഗ്രയിൽ കാഴ്ചകൾ നിരവധിയാണ്. ആഗ്രാ കോട്ട, ചൗസത് ഖംബ, പാഞ്ച് മഹൽ, അക്ബർ ചക്രവർത്തിയുടെ ശവകുടീരം, ചീനി കാ റൗള എന്നിവയെല്ലാം ഉത്തർപ്രദേശിലെ ആഗ്രയിലാണുള്ളത്.
താജ്മഹൽ
പ്രാണപ്രേയസി മുംതാസിന്റെ ഓർമയ്ക്കായി മുഗൾ ചക്രവർത്തി ഷാജഹാൻ യമുനാ നദിയുടെ തീരത്ത് പണികഴിപ്പിച്ച കൊട്ടാരമാണ് താജ്മഹൽ. പ്രണയിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ലോകാദ്ഭുതങ്ങളിൽ ഒന്ന്. വെള്ള മാർബിളിലാണ് ഈ കൊട്ടാരം പണിതീർത്തിട്ടുള്ളത്. പല വർണത്തിലുള്ള മാർബിളുകൾ ഉപയോഗിച്ച് കൊട്ടാരത്തിൽ ചിത്രപ്പണികൾ ചെയ്തിരിക്കുന്നു. ഷാജഹാനും മുംതാസും അന്ത്യവിശ്രമം കൊള്ളുന്നതും ഈ പ്രണയകൂടീരത്തിന് ഉള്ളിൽ തന്നെയാണ്.
1632-ൽ ആരംഭിച്ച താജ്മഹലിന്റെ നിർമാണം പൂർത്തിയായത് 1653ലാണ്. നാല് വശങ്ങളിൽനിന്ന് നോക്കിയാലും ഒരേപോലെ തോന്നിക്കുന്ന രീതിയിലാണ് താജ്മഹൽ നിർമിച്ചിട്ടുള്ളത്. യമുനാ നദിക്ക് നേരേ അക്കരെ താജ്മഹലിന് അഭിമുഖമായി മറ്റൊരു കറുത്ത താജ്മഹൽ കൂടി പണിയാൻ ഷാജഹാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ അത് തുടങ്ങിവയ്ക്കാൻ മാത്രമേ അദ്ദേഹത്തിന് സാധിച്ചുള്ളു.
നിലാവുള്ള രാത്രിയിൽ ചന്ദ്രവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന താജ്മഹലിനെ കാണാനാണ് ഏറ്റവും ഭംഗി. അപൂർവം ചില അവസരങ്ങളിൽ പ്രത്യേകം ക്ഷണിതാക്കളായവർക്ക് മാത്രമായി ഈ കാഴ്ച കാണാൻ അധികൃതർ അവസരമൊരുക്കാറുണ്ട്. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും താജ്മഹലിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ആഗ്രാ കോട്ട
താജ്മഹലിൽനിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് ആഗ്രാ കോട്ടയുള്ളത്. ഈ കോട്ടയിൽ ഇരുന്നാണ് മുഗൾ ചക്രവർത്തിമാർ ഭരണം നടത്തിയിരുന്നത്. രജപുത്രരാണ് ആഗ്ര കോട്ട പണികഴിപ്പിച്ചത്. ഇവരിൽനിന്ന് ലോധി രാജവംശം കോട്ട കരസ്ഥമാക്കി. ഒന്നാം പാനിപ്പട്ട് യുദ്ധത്തിലൂടെ മുഗൾ ചക്രവർത്തിയായ ബാബർ കോട്ട സ്വന്തമാക്കി. പിന്നീട് ബാബർ മുതൽ ഒൗറംഗസേബ് വരെയുള്ള ആളുകൾ ഈ കോട്ട ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്.
ഷാജഹാൻ ചക്രവർത്തിയുടെ കാലത്താണ് കോട്ട ഏറ്റവും കൂടുതൽ മോടിപിടിപ്പിച്ചത്. ചുവന്ന കല്ലുകൾ കൊണ്ടാണ് ആഗ്രാ കോട്ട നിർമിച്ചിട്ടുള്ളത്. കോട്ടയ്ക്കു ചുറ്റും സുരക്ഷയുടെ ഭാഗമായി വലിയ കിടങ്ങുകൾ തീർത്തിട്ടുണ്ട്. മൂന്ന് പ്രവേശന കവാടമാണ് കോട്ടയ്ക്കുള്ളത്. ഒന്നാമത്തേത് യമുനാ നദിക്ക് അഭിമുഖമായാണ്. രണ്ടാമത്തേത് അമർസിംഗ് ഗേറ്റ്. ഇതിലൂടെയാണ് ഇപ്പോൾ സന്ദർശകരെ കോട്ടയ്ക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. മൂന്നാമത്തേത് ഡൽഹി ഗേറ്റാണ്. ഇത് ഇപ്പോൾ പൂർണമായും കരസേനയുടെ അധീനതയിലാണ്. ആഗ്രാ കോട്ടയ്ക്കുള്ളിലാണ് ജഹാംഗീർ മഹൽ, മുംതാസ് മഹൽ, ഖാസ് മഹൽ, മുസമൻ ബുർജ് തുടങ്ങിയവ ഉള്ളത്.
![](https://www.deepika.com/feature/feature_2020jan13da2.jpg)
അക്ബറിന്റെ ശവകുടീരം
ആഗ്രയിൽനിന്ന് 10 കിലോമീറ്റർ അലെയാണ് അക്ബർ ചക്രവർത്തിയുടെ ശവകുടീരം. 119 ഏക്കറിലായി പരന്നുകിടക്കുകയാണ് ഈ പ്രദേശം. 1605-ൽ അക്ബർ തന്നെയാണ് ഈ കുഴിമാടത്തിന്റെ പണി തുടങ്ങിവച്ചത്. ഇത് പൂർത്തിയാക്കിയത് അദേഹത്തിന്റെ മകൻ ജഹാംഗീറാണ്.
ചീനി കാ റൗള
യമുനാനദിയുടെ തീരത്ത് ഇതുമതു ദൗലയുടെ സമീപമാണ് ചീനി കാ റൗള ഉള്ളത്. മിനുസമാർന്ന ചില്ലുരൂപത്തിലുള്ള കല്ലുകൾ കൊണ്ടാണ് ചീനി കാ റൗള പണിതിരിക്കുന്നത്.
ഫത്തേപുർ സിക്രി
ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള പുരാതന നഗരമാണ് ഫത്തേപുർ സിക്രി. മുഗൾ ചക്രവർത്തി അക്ബറാണ് ഈ നഗരത്തിന്റെ ശില്പി. ആറ് കിലോമീറ്റർ നീളത്തിൽ മൂന്ന് വശവും മതിലുകൾ ഉള്ളതും വലിയ ഗോപുരങ്ങളും കവാടങ്ങളും അടങ്ങുന്നതുമാണ് ഫത്തേപുർ സിക്രി. ദിവാനി ആം, ദൗലത്ത് ഖാന, റാഞ്ച് മഹൽ, ജോദാ ഭായി ക്ഷേത്രം, തുർക്കിഷ് സുൽത്താന, ബീർബൽ കൊട്ടാരം, ബുലന്ദ് ദർവാസ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെയുണ്ട്.
പാഞ്ച് മഹൽ
അഞ്ച് നിലകളുള്ള ഒരു മുഗൾ നിർമിതിയാണ് പാഞ്ച് മഹൽ. അക്ബറിന്റെ മൂന്ന് പത്നിമാർക്കും മറ്റ് അന്തപ്പുര സ്ത്രീകൾക്കുമായുള്ള വേനൽക്കാല വസതി ആയാണ് ഇത് പണിതത്. മുകളിലേക്കു പോകുംതോറും വലിപ്പം കുറഞ്ഞു വരുന്ന രീതിയിലാണ് ഇതിന്റെ നിർമിതി. ജോധാഭായിയുടെ രമ്യഹർമത്തിന് അരികിലാണ് പാഞ്ച് മഹൽ ഉള്ളത്.
മുഗൾ ഭക്ഷണം കഴിക്കാം
ആഗ്രയിലെത്തിയാൽ മുഗൾ രുചിയുള്ള ഭക്ഷണം കഴിക്കാതെ ആരും പോകാറില്ല. ബിരിയാണി, പുലാവ്, കബാബ് തുടങ്ങിയ വിഭവങ്ങൾ മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ വന്നതാണ്. മുഗളൈ എന്ന ഒരു പാചക രീതി തന്നെ ഉണ്ടായിരുന്നു. മൃദുവായ ഭക്ഷണ സാധനങ്ങൾ മുതൽ നല്ല എരിവുള്ളതും സുഗന്ധവ്യഞ്ജനത്തിന്റെ പരിമളം നിറയുന്നതുമായ വിഭവങ്ങൾ മുഗൾ പാചക കലയുടെ പ്രത്യേകതയാണ്. പനീർ തൊട്ട് കുങ്കുമപ്പൂവ് ചേർന്ന വിലയേറിയ ഭക്ഷണം വരെ ഇതിൽപ്പെടുന്നു. മുഗൾ വിഭവങ്ങൾ ലഭിക്കുന്ന നിരവധി റസ്റ്ററന്റുകൾ ഇന്ന് ആഗ്രയിലും പരിസരത്തുമായി ഉണ്ട്. യാത്രയിൽ ഈ രുചികൂടി ആസ്വദിക്കാം.
കിനാരി ബസാർ
ആഗ്രയിൽ ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് കിനാരി ബസാർ. സുഗന്ധവ്യഞ്ജനങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ, കരകൗശല വസ്തുക്കൾ, ഭക്ഷണശാലകൾ എന്നിവ എല്ലാം കിനാരി ബസാറിൽ ലഭിക്കും. രാവിലെ 11 മുതൽ രാത്രി ഒൻപത് വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.