എൺപതിന്റെ നിറവിൽ ഗാനഗന്ധർവൻ
Friday, January 10, 2020 3:25 PM IST
ആയിരമായിരം യുഗങ്ങൾക്കിടയിൽ സംഭവിക്കുന്ന ഒരദ്ഭുതം അല്ലെങ്കിൽ അവതാരം- അങ്ങനെയാണ് ഗാനനിരൂപകൻമാർ മലയാളത്തിന്റെ ഗാനഗന്ധർവനെ വിശേഷിപ്പിക്കുന്നത്.
മലയാളിക്കായി കാലം കരുതിവച്ചൊരു മഹാനിധി. കനവുകാണാൻ, കരയാൻ, മധുര നൊന്പരം നുണയാൻ അന്തരാത്മാവിന്റെ അനുഭൂതിയാവാൻ എല്ലാം നമുക്കു കാട്ടാശേരി ജോസഫ് യേശുദാസ് തന്നെ വേണം. മലയാളത്തിന്റെ പുലർകാല മഞ്ഞിലും ശാരദയാമിനിയിലും മധ്യാഹ്ന സൂര്യനിലും രാഗസ്പന്ദനമായി നിറയുന്നു ഈ മാസ്മരിക ശബ്ദം. എണ്ണിയാലൊടുങ്ങാത്ത ആ അനശ്വര ഗാനങ്ങൾ; ആ നാദ സാധ്യതകൾ എത്രയോ കാലമായി നിരൂപകരും, ആസ്വാദകരും വിലയിരുത്തുന്നു.
ആയിരം പാദസരങ്ങൾ കിലുങ്ങി, പാരിജാതം തിരുമിഴി തുറന്നു, സന്യാസിനീ നിൻ... അങ്ങനെ പഴയകാലത്തിന്റെ മുന്തിരി മധുരത്തിൽ നിന്നും 2020ന്റെ പൊൻചഷകവും യേശുദാസ് നിറയ്ക്കുന്നു.
തലമുറകൾ ഏറ്റുവാങ്ങിയ ആ രാഗ സുഭഗത ഇന്ന് എണ്പതിന്റെ യൗവനത്തിലാണ്. 1940 ജനുവരി പത്തിനു ജനിച്ച ഗാനഗന്ധർവന് ഇന്ന് എണ്പതാം പിറന്നാൾ. അമൃതതുല്യമായി കിനിഞ്ഞിറങ്ങുന്ന ആ ഗാനങ്ങളെ ആസ്വദിച്ചാസ്വദിച്ച് അതിന്റെ ആത്മാവിലേക്കിറങ്ങി ച്ചെല്ലുന്ന ചില ഗാന ഗവേഷകരുണ്ട്. മറ്റ് ഒൗദ്യോഗിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇവരുടെ കണ്ടെത്തലുകൾ ഒൗപചാരികമായ എഴുത്തുകൾക്കു മേലെ ഉയരുന്ന ഒരു തപസാണ്. അവയിൽ ചില മുത്തുകൾ ഗന്ധർവ ഗായകന്റെ പിറന്നാൾ മധുരമായി ഇവിടെ കുറിക്കാം.
അഭിഭാഷകനും മുൻ വിരലടയാള വിദഗ്ധനുമായ പി. ദിനേശ്കുമാർ പറയുന്നു. മഴക്കാറ് എന്ന സിനിമയിലെ ’പ്രളയപയോധിയിൽ...’ എന്ന വയലാർ ഗാനത്തിന്റെ സാഹിത്യം ആകാശം തൊട്ട് പറക്കുന്നതാണ്. ദേവരാജൻ മാസ്റ്റർ തന്റെ സംഗീതത്തിലൂടെ സാഹിത്യത്തെ ആകാശവും തുളച്ച് നക്ഷത്രപഥത്തോളം ഉയർത്തുന്നു. ഏത് റേഞ്ചും സുരക്ഷിതമായി പാടുന്ന ഗാനഗന്ധർവ സ്വരമാണ്. ഈ ആകാശ മാന്ത്രികത സത്യമാകുന്നത്. സാഹിത്യത്തിന്റെ അർഥതലങ്ങളെയും ഭാവത്തെയും ആവാഹിക്കുന്ന ദേവസംഗീതം അതു പോലെ പാടുക യേശുദാസിനു പോലും വെല്ലുവിളിയാണ്. അനുപല്ലവിയിലെ കാലമേ... ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ സൗരഭ്യം എനിക്കു മാത്രം....
എന്ന വരികൾ പരിക്കുകൂടാതെ പാടുക ഏതാണ്ട് അസാധ്യം തന്നെ എന്നു പറയാം. ഏതൊരു പ്രതിഭാധനനായ ഗായകന്റെ പോലും ആലാപന പരിധി വെളിവാക്കുന്ന ഭാഗങ്ങൾ അനുപല്ലവിയിലും ചരണത്തിലും വരുന്നുണ്ട്.
‘ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്കു മാത്രം.’ എന്ന ചരണത്തിലെ വരികളും ഇതുപോലെ തന്നെ. നമ്മൾ കേൾക്കുന്ന റേഞ്ചിൽ, സ്വരശുദ്ധിയോടെ, ഭാവത്തോടെ ഉച്ചസ്ഥായിയിലും പട്ടുപോലെ മിനുത്ത ശബ്ദത്തിൽ മറ്റ് ആർക്കും പാടുവാൻ കഴിയില്ല.
ജി. ദേവരാജൻ എന്ന സംഗീത ഇതിഹാസം പല സുവർണ്ണ ഗാനങ്ങൾക്കും സംഗീതം നൽകിയത് യേശുദാസ് എന്ന ഗായകനെ മുന്നിൽ കണ്ടുകൊണ്ടാണ്. യേശുദാസ് എന്ന ഗായകനു മാത്രമേ താൻ പാടി കൊടുക്കുന്ന അതേ രീതിയിൽ പാടാൻ സാധിക്കൂ എന്നു അദ്ദേഹത്തിന് അറിയാമായിരുന്നു.
ദേവരാജ് ഭൃഗകൾ ഏറ്റവും പൂർണമാക്കുവാൻ സാധിച്ചതും യേശുദാസിനു തന്നെ. ’ഗുരുവായൂർ കേശവൻ’ എന്ന സിനിമയിലെ ’നവകാഭിഷേകം കഴിഞ്ഞു... എന്ന ഗാനത്തിൽ ’കണ്ടു ഞാൻ...’ എന്ന സ്ഥലത്തെ ’ഞാൻ’ കഴിഞ്ഞു വരുന്ന ഭൃഗയൊക്കെ അതീവ ഹൃദ്യമാണ്.
താരസ്ഥായിയിലും മധ്യസ്ഥായിയിലും മന്ത്രസ്ഥായിയിലും ഒരുപോലെ ഇടറാതെ പാടുവാൻ കഴിയുന്ന അനുഗൃഹീതഗായകനാണ് ഡോ.കെ.ജെ. യേശുദാസ് എന്നു കെഎസ്ഇബിയിലെ എൻജിനിയറായ പി.വി. പ്രമോദ്. പതിനായിരത്തിൽ ഒരു ഗായകനു മാത്രമേ ഈ സിദ്ധി കാണൂ എന്നു ജി.ദേവരാജൻ മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എല്ലാ പിച്ചിലും പാടുവാൻ കഴിയുന്ന കുറച്ച് ഗായകരുണ്ട്. എങ്കിലും അവർക്കു യേശുദാസിന്റെ സ്വരമാധുര്യമില്ലെന്ന് എം.കെ. അർജുനൻ മാസ്റ്റർ പറഞ്ഞതും ഈ സംഗീത ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു.
താരസ്ഥായി അഥവാ ഹൈ പിച്ചിൽ യേശുദാസ് പാടി അനശ്വരമാക്കിയ നിരവധി ഗാനങ്ങളുണ്ട്. കുമാരസംഭവത്തിലെ ‘പൊൻതിങ്കൾ കല പൊട്ട് തൊട്ട...’ മഴക്കാറ് എന്ന ചിത്രത്തിലെ ‘പ്രളയ പയോധിയിൽ... ’ സത്യവാൻ സാവിത്രിയിലെ ‘രാഗ സാഗരമേ.. തുടങ്ങിയ ഗാനങ്ങൾ ഈ ഗണത്തിൽപെടും.
രാഗ സാഗരമേ... കെ.ജെ. യേശുദാസ് എന്ന ഗായകനു മാത്രമേ പാടുവാൻ സാധിക്കുകയുള്ളൂ. അത്രയ്ക്ക് ഉച്ചസ്ഥായിയിലേക്കു പോകുന്ന ഗാനമാണ്.
മീഡിയം പിച്ചിലെ (മധ്യസ്ഥായി) ഗാനങ്ങളിൽ ’മാണിക്യ വീണയുമായെൻ..., മംഗളം നേരുന്നു ഞാൻ..., മായാ ജാലകവാതിൽ തുറക്കും... തുടങ്ങിയ എത്രയോ മനോഹര യേശുദാസ് ഗാനങ്ങളുണ്ട്. ഇനി മന്ത്രസ്ഥായി അഥവാ ലോ പിച്ചിലെ ഗാനങ്ങളിൽ രവീന്ദ്രൻ മാസ്റ്ററുടെ പല ഹിറ്റ് ഹാനങ്ങളും ഉൾപ്പെടും. ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം വീണ്ടും.., ’അമര’ത്തിലെ വികാര നൗകയുമായി... തുടങ്ങിയവ ഉദാഹരണങ്ങളാണ്.
എല്ലാ മനുഷ്യവികാരങ്ങളും ഭാവങ്ങളും സ്വന്തം സ്വരത്തിൽ ആവാഹിച്ച് പാടുവാനും ഏറ്റവും വൈവിധ്യമുള്ള ഗാനങ്ങൾ ആലപിക്കുവാനും സാധിക്കുന്ന ഒരേ ഒരു ഗായകനും കെ.ജെ.യേശുദാസ് തന്നെ.
എസ്. മഞ്ജുളാദേവി