എച്ച് 1 എൻ 1 തടയാൻ വ്യക്തിശുചിത്വം
Friday, January 10, 2020 2:47 PM IST
പന്നികളിൽ കാണപ്പെടുന്ന ശ്വാസകോശരോഗമാണ് എച്ച് 1 എൻ 1. ടൈപ്പ് എ ഇൻഫ്ളുവൻസ വൈറസാണു രോഗകാരി. കാലക്രമത്തിൽ എച്ച് 1 എൻ 1 വൈറസ് പന്നിയിൽ നിന്നു മനുഷ്യനിലെത്തി. പിന്നീടു മനുഷ്യനിൽ നിന്നു മനുഷ്യനിലേക്കും. രോഗബാധിതർ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗാണുക്കൾ വായുവിൽ കലരുന്നു. ശ്വസനത്തിലൂടെ രോഗാണുക്കൾ മറ്റുളളവരുടെ ശ്വാസനാളത്തിലെത്തുന്നു. രോഗാണുക്കൾ നിറഞ്ഞ ഇത്തരം സ്രവങ്ങളിൽ സ്പർശിക്കുന്നതു വഴിയും രോഗാണുക്കൾ മറ്റുളളവരിലേക്കു വ്യാപിക്കുന്നു. കൈകൾ വൃത്തിയാക്കാതെ ആഹാരം കഴിക്കുക, രോഗാണുക്കൾ നിറഞ്ഞ കൈവിരലുകൾ കൊണ്ടു മൂക്ക്, വായ, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും എച്ച് 1 എൻ 1 അണുക്കൾ മറ്റുളളവരിലെത്തുന്നു. എന്നാൽ, പന്നിയിറച്ചി കഴിച്ചാൽ എച്ച ്്1 എൻ1 പിടിപെടില്ല.
ലക്ഷണം, ചികിത്സ
എച്ച് 1 എൻ1 പനിക്കും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ തന്നെയാണ്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, അതിസാരം, ഛർദ്ദി, വിറയൽ, ക്ഷീണം തുടങ്ങിയവ. പനിയോ ചുമയോ ശ്വാസകോശഅണുബാധയോ കുറയാതിരിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വൈദ്യസഹായം തേടണം. രോഗം ബാധിച്ച് ആദ്യ അഞ്ചു ദിവസത്തിനകം ശരീരത്തിൽ നിന്നെടുക്കുന്ന സ്രവങ്ങൾ പരിശോധിച്ച് എച്ച്1 എൻ1 ബാധ ഉറപ്പുവരുത്താം. എച്ച് 1 എൻ 1 ചികിത്സയ്ക്കു നല്കുന്ന ഒസൾട്ടാമിവിർ എന്ന മരുന്ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഗർഭിണികൾ, പ്രമേഹരോഗികൾ, ദീർഘകാലമായി മറ്റു രോഗങ്ങളുളളവർ എന്നിവർ പനിയും ചുമയും കുറയാതിരിക്കുകയാണെങ്കിൽ എച്ച്1 എൻ1 പരിശോധന നടത്തി ചികിത്സ തേടാൻ പ്രത്യേകം ശ്രദ്ധിക്കണം.
രോഗം ഭേദമാകാൻ
* ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നു കൃത്യമായി കഴിക്കുക. സ്വയംചികിത്സ അപകടം.
* വിശ്രമിക്കുക. രോഗബാധിതരായ കുട്ടികളെ പഠനത്തിന് അയയ്ക്കരുത്. ജോലിയുളളവർ അവധിയെടുത്തു വിശ്രമിക്കുക. * പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. ജൈവ പഴച്ചാറുകൾ, തിളപ്പിച്ചാറിയ വെളളം, ഉപ്പു ചേർത്ത കഞ്ഞിവെളളം എന്നിവ കഴിക്കുക.
പകരാതിരിക്കാൻ/ രോഗം പിടിപെടാതിരിക്കാൻ
* സോപ്പും ഇളം ചൂടുവെളളവുമുപയോഗിച്ചു കൈകൾ കഴുകി രോഗാണുവിമുക്തമാക്കുക.
ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുന്നതും ഗുണപ്രദം.
* ആരോഗ്യകരമായ ജീവിതശീലങ്ങൾ പാലിക്കുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. മതിയാവോളം ഉറങ്ങുക. തണുത്ത ആഹാരം കഴിക്കരുത്.
* എച്ച ്1 എൻ1 ബാധിതരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗാണുബാധിതർ ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിക്കുന്നത്
ഒഴിവാക്കുക.
* കൈകളിലേക്കു തുമ്മുന്ന ദു:ശീലമുളളവർ
ധാരാളം. അതു പോലെതന്നെ മൂക്കിലും കണ്ണിലും വായിലും വിരൽ കൊണ്ടു സ്പർശിക്കുന്ന ദു:ശീലമുളളവരും ഏറെ. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്പോൾ കൈകൾ കൊണ്ടു മറച്ചുപിടിക്കുന്നവരുമുണ്ട്. ഇതെല്ലാം ഒഴിവാക്കുക. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ചു മൂക്കും വായും പൊത്തുക. തൂവാല ഇല്ലാത്ത സാഹചര്യത്തിൽ കൈമടക്കുകളിലേക്കോ മറ്റു വസ്ത്രഭാഗങ്ങളിലേക്കോ തുമ്മുക. രോഗാണുക്കൾ വായുവിലെത്തുന്നതു പരമാവധി ഒഴിവാക്കണം. പനി ഇല്ലാത്ത അവസരത്തിലും തുമ്മുന്പോൾഇതു ശീലമാക്കുക.
ശ്രദ്ധിക്കുക..!
കൈകളിലേക്കു ചുമയ്ക്കുകയും തുമ്മുകയുമൊക്കെ ചെയ്യാൻ ഇടയായാൽ കൈകൾ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകി വൃത്തിയാക്കണം. ആൽക്കഹോൾ അംശമുളള ഹാൻഡ് വാഷുകളും ഉപയോഗിക്കാം. കണ്ണ്, മൂക്ക്, ചെവി, വായ തുടങ്ങിയ ഭാഗങ്ങളിൽ സ്പർശിക്കാനിടയായാലും അപ്രകാരം ചെയ്യുക.
* രോഗബാധിതരായ വിദ്യാർഥികളെ ക്ലാസിൽ മറ്റുകുട്ടികൾക്കൊപ്പമിരുത്തി പഠിപ്പിക്കുന്ന രീതി ഒഴിവാക്കണം. കുട്ടികൾക്ക്്് അവധി നല്കാൻ സ്കൂൾ അധികൃതരും കുട്ടികളെ രോഗം വിട്ടുമാറുന്നതു വരെ സ്കൂളിൽ അയയ്ക്കാതിരിക്കാൻ രക്ഷിതാക്കളും തയാറാകണം.
* കുട്ടികൾ പുറത്തുനിന്നു മടങ്ങിയെത്തിയാലുടൻ കൈകൾ സോപ്പും വെളളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ശീലിപ്പിക്കുക. ഇക്കാര്യത്തിൽ മാതാപിതാക്കൾ മാതൃക കാട്ടണം.
* എച്ച് 1 എൻ1 രോഗികളെ പരിചരിക്കുന്നവർ മാസ്ക് ധരിക്കുന്നതു ഗുണപ്രദം. എച്ച്1എൻ1 രോഗികൾ, ഫ്ളൂ ലക്ഷണങ്ങളുളളവർ, ആൾക്കൂട്ടങ്ങൾക്കിടയിൽ തങ്ങുന്നവർ, സിനിമാശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുന്നവർ, എസി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർ മാസ്ക് ധരിക്കുക. ഒരേ മാസ്ക് തന്നെ ആവർത്തിച്ചുപയോഗിക്കരുത്. മാസ്ക് കഴുത്തിൽ തൂക്കിയിടരുത്. പോക്കറ്റിലും ബാഗിലും മാസ്ക് ഊരി വയ്ക്കുന്നതും ഒഴിവാക്കുക.
* സ്വയം ചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം. സാധാരണ പകർച്ചപ്പനിയുടെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഉടൻ വൈദ്യസഹായം തേടുക. ഏത് ഇനത്തിൽപെട്ട പനി ബാധിച്ചാലും എത്രയും പെട്ടെന്നു വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
* വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. ആരോഗ്യശീലങ്ങൾ പാലിക്കുക.
* ആഹാരം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്പും പിന്പും കൈകൾ സോപ്പും വെളളവുമുപയോഗിച്ചു ശുചിയാക്കുക. ഹസ്തദാനത്തിനു ശേഷവും പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങളിൽ(ഉദാ. വാതിൽ പ്പിടി, കംപ്യൂട്ടർ കീ ബോർഡ്) സ്പർശിച്ചതിനു ശേഷവും കൈ ശുചിയാക്കുക. വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും അയൽക്കൂട്ടങ്ങളിലും കൈ കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.