മഞ്ഞണിഞ്ഞ ഡാർജിലിംഗിലേക്ക്
Friday, January 10, 2020 2:42 PM IST
ശാന്തമായ അന്തരീക്ഷം, തണുത്ത കാറ്റ്, സമൃദ്ധമായ തേയിലക്കാടുകൾ, മൂടൽമഞ്ഞ് നിറഞ്ഞ പാതകൾ, മഞ്ഞുമൂടിയ പർവത കാഴ്ചകൾ. ഇതെല്ലാം ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനാണ് പശ്ചിമ ബംഗാളിലെ ഡാർജിലിംഗ്. ഇവിടുള്ള ഏത് കുന്നിന്റെ മുകളിൽ നിന്നാലും കാഞ്ചൻഗംഗ-എവറസ്റ്റ് കൊടുമുടികൾ കാണാൻ സാധിക്കും. മൂന്നാറിലേതിനു സമാനമായ തേയില തോട്ടങ്ങളാണ് ഡാർജിലിംഗിൽ ഉള്ളത്. ടിബറ്റിൽനിന്ന് കുടിയേറിയവരാണ് ഇവിടെ അധികവും.
ബട്ടാസിയ ലൂപ്പിലൂടെയുള്ള ട്രെയിൻ യാത്ര
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ കയറ്റം കുറയ്ക്കുന്നതിനായി സൃഷ്ടിച്ച റെയിൽ ട്രാക്കാണ് ബട്ടാസിയ ലൂപ്പ്. ഒരു തുരങ്കത്തിലൂടെയും കുന്നിൻ മുകളിലൂടെയുമാണ് ഈ ട്രാക്ക് പോകുന്നത്. 1919 ലാണ് ഇത് കമ്മീഷൻ ചെയ്തത്. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ബട്ടാസിയ ലൂപ്പ് ഉള്ളത്. ഇപ്പോൾ ഇതുവഴി സഞ്ചാരികൾക്കായുള്ള ടോയ് ട്രെയിനാണ് ഓടിക്കുന്നത്. മലനിരകളുടെ 360 ഡിഗ്രിയിലുള്ള കാഴ്ച്ച ബട്ടാസിയ ലൂപ്പ് യാത്രയിൽ കാണാൻ സാധിക്കും. പർവത മുകളിലെ ഒരു പൂന്തോട്ടം ചുറ്റിയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ബട്ടാസിയ ലൂപ്പിന്റെ മധ്യഭാഗത്ത് ഗൂർഖ സൈനികരുടെ സ്മരണയ്ക്കായി നിർമിച്ച ഒരു യുദ്ധസ്മാരകം ഉണ്ട്. ജൽപായ്ഗുരി സ്റ്റേഷനിൽ നിന്നും സിലിഗുരിയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വെളുത്ത മേഘങ്ങൾ കടന്ന് ഭൂപ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് ചൂളംവിളിച്ചുള്ള ട്രെയിൻ യാത്ര നേരിട്ടറിയേണ്ടത് തന്നെയാണ്.
കേബിൾ കാർ യാത്ര
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഡാർജിലിംഗ് റേഞ്ചീത് വാലി കേബിൾ കാർ സർവീസ് ഉള്ളത്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ റോപ്വേകളിൽ ഒന്നും ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ റോപ്വേയും ആണിത്. പശ്ചിമ ബംഗാളിലെ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് 1968ൽ ഡാർജിലിംഗ് റോപ്വേ ആരംഭിച്ചത്. താഴെയുള്ള താഴ്വരകളിലെ തേയിലത്തോട്ടങ്ങൾ പരിപാലിക്കുന്നതിനായിരുന്നു ഇത് നിർമിച്ചത്. ആറ് പേർക്ക് സഞ്ചരിക്കാവുന്ന 16 കേബിൾ കാറുകളാണ് ഇപ്പോൾ ഇവിടെയുള്ളത്. ഡാർജിലിംഗ് പട്ടണത്തിലെ നോർത്ത് പോയിന്റിനും റാംമാൻ നദിയുടെ തീരത്തുള്ള സിംഗ്ലയ്ക്കും ഇടയിലാണ് ഡാർജിലിംഗ് റോപ്വേയുടെ സഞ്ചാരം. സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ടീസ്റ്റാ നദിയിലെ റിവർ റാഫ്റ്റിംഗ്
ടീസ്റ്റാ നദിയിലെ റിവർ റാഫ്റ്റിംഗാണ് ഡാർജിലിംഗിലെ മറ്റൊരു പ്രത്യേകത. മഞ്ഞുമൂടിയതും തെളിഞ്ഞതുമായ വെള്ളത്തിൽ റിവർ റാഫ്റ്റിംഗ് നടത്താം. പരിചയസന്പന്നരായ റാഫ്റ്റിംഗ് ഇൻസ്ട്രക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. റാഫ്റ്റിംഗിന് ഇടയിൽ മനോഹരമായ ഗ്രാമങ്ങളും വനപ്രദേശങ്ങളും വിവിധതരം ജന്തുജാലങ്ങളെയും കാണാൻ കഴിയും.
പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക്
ഡാർജിലിംഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാല പാർക്കുകളിലൊന്നാണിത്. സമുദ്രനിരപ്പിൽനിന്നും 7000 അടി ഉയരത്തിൽ 67.56 ഏക്കർ വിസ്തൃതിയിലാണ് ഈ പാർക്ക് ഉള്ളത്. റെഡ് പാണ്ട, ടിബറ്റൻ വുൾഫ്, ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ, ബാർക്കിംഗ് ഡിയർ, നീല-മഞ്ഞ മക്കാവ്, ഈസ്റ്റേണ് പാംഗോലിൻ, പെസന്റ്, ഹിമാലയൻ മോണൽ, ലേഡി ആംഹെർസ്റ്റ്, റോയൽ ബംഗാൾ ടൈഗർ, സാംബാർ, മാൻ, യാക്ക്, കിഴക്കൻ ഹിമാലയത്തിലെ വംശനാശഭീഷണി നേരിടുന്ന മറ്റ് മൃഗങ്ങൾ എന്നിവയെ എല്ലാം ഈ പാർക്കിൽ പരിപാലിക്കുന്നു. പ്രതിവർഷം 3 ലക്ഷം ആളുകളാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.
ഡാർജിലിംഗ് പീസ് പഗോഡ, ബുദ്ധക്ഷേത്രം
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയിൽ നിന്ന് 2.5 കിലോമീറ്റർ അകലെ ജലപഹാർ കുന്നിന് സമീപമാണ് ഡാർജിലിംഗ് പീസ് പഗോഡ ബുദ്ധ സ്തൂപം ഉള്ളത്. ജാപ്പനീസ് ബുദ്ധ നിപ്പോണ്സൻ മയോഹോജി സംഘടന ലോകമെന്പാടും നിർമിച്ച 70 ലധികം പഗോഡകളിൽ ഒന്നാണിത്. ബുദ്ധന്റെ നാല് പ്രതിമകൾ ഇവിടെയുണ്ട്. പഗോഡയോട് ചേർന്ന് മനോഹരമായ ഒരു ബുദ്ധക്ഷേത്രവുമുണ്ട്. നിപ്പോണ്സൻ മയോഹോജി ബുദ്ധക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. ജാപ്പനീസ് പരന്പരാഗത രീതിയിൽ നിർമിച്ച രണ്ട് നിലകളുള്ള വെളുത്ത കെട്ടിടമാണിത്.
ഡാർജിലിംഗ് രുചികൾ
ലോക പ്രശസ്തമാണ് ഡാർജിലിംഗിലെ തേയിലത്തോട്ടങ്ങൾ. ഇന്ത്യയിലെ ഏറ്റവും ഗുണമേൻമയുള്ള തേയില ലഭിക്കുന്നത് ഡാർജിലിംഗിലാണ്. അതുകൊണ്ടു തന്നെ ഡാർജിലിംഗിൽ എത്തിയാൽ ഒരിക്കലും ചായ ഒഴിവാക്കരുത്. മോമോസ്, നൂഡിൽസ് സൂപ്പായ തുക്പ, ഉരുളക്കിഴങ്ങുകൊണ്ടുള്ള ആലു ദും, പരന്പരാഗതമായ നേപ്പാളി താലി മീൽസ് എന്നിവയെല്ലാം ഡാർജിലിംഗിൽ എത്തുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ വിഭവങ്ങളാണ്.