ഓര്മകളുടെ കുളമ്പടികള്
Thursday, January 2, 2020 12:37 PM IST
40 വർഷം പിന്നിലേക്ക് തിരിഞ്ഞോടാം. മലയാള സിനിമ ലോകത്തെ അദ്ഭുതപ്പെടുത്താൻ തുടങ്ങുന്ന ആ പഴയകാലത്തേക്ക്...ഓടിയെത്തി നിന്നത് നവോദയ എന്ന മഹാവിസ്മയ ലോകത്തിന് മുന്നിൽ. അവിടെ നിൽപുണ്ട് മറ്റൊരു മഹാവിസ്മയം അപ്പച്ചൻ...നവോദയ അപ്പച്ചൻ
മമ്മൂട്ടിയുടെ മാമാങ്കം എന്ന സിനിമ തിയറ്ററുകളിൽ തകർത്തോടുന്പോൾ നാൽപതു വർഷത്തിനിപ്പുറത്തേക്ക് പിന്തിരിഞ്ഞോടിയത് പഴയ മാമാങ്കം സിനിമ കാണാനായിരുന്നു.
പ്രേംനസീറും ജയനും ജോസ്പ്രകാശും എം.എൻ.നന്പ്യാരും ബാലൻ കെ നായരും എൻ.ഗോവിന്ദൻകുട്ടിയും അംബികയും കെ.ആർ.വിജയയുമൊക്കെ നിറഞ്ഞാടിയ ആ മാമാങ്കം കണ്ടിട്ടുണ്ടോ....നാലു പതിറ്റാണ്ടുമുന്പ് ലോകസിനിമ അദ്ഭുതത്തോടെ മലയാളത്തിലേക്ക് കണ്ണുനട്ട സിനിമകളിലൊന്നായിരുന്നു മാമാങ്കം.
വടക്കൻപാട്ടുകളിൽ നിന്ന് സെല്ലുലോയ്ഡ് വിസ്മയങ്ങൾ തീർക്കുന്നതിൽ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ഗോവിന്ദൻകുട്ടിയുടെ തൂലികയിൽ നിന്നാണ് വടക്കൻപാട്ട് കഥകളിൽ നിന്നും വേറിട്ട് മാമാങ്കം എഴുതിത്തെളിയുന്നത്. ചരിത്രത്തോടൊപ്പം സിനിമാറ്റിക് ഘടകങ്ങൾ യഥാവിധം ചേർത്തിണക്കി ഗോവിന്ദൻകുട്ടി എഴുതിവച്ച മാമാങ്കം അദ്ദേഹത്തിന്റെ പതിവ് തിരക്കഥകളിൽ നിന്നും വേറിട്ട് നിൽക്കുന്നത് അതിന്റെ റിയാലിറ്റിയുടെ ആധിക്യം കൊണ്ടാണ്. എന്നാൽ തിയറ്ററിൽ പ്രേക്ഷകർക്ക് സ്വയം മറന്ന് കൈയടിക്കാനുള്ള എല്ലാ ചേരുവകളും വേണ്ട വിധം ചേർത്താണ് മാമാങ്കം കേരളത്തിലെ തിയറ്ററുകളിലെത്തിയത്.
അക്കാലത്തെ സൂപ്പർതാരങ്ങളായ പ്രേംനസീറും ജയനും തങ്ങളുടെ ആരാധകരെ കോരിത്തരിപ്പിക്കും വിധം മാമാങ്കത്തിൽ തകർത്താടി. വീരയോദ്ധാക്കളായും പ്രണയകാമുകൻമാരായുമൊക്കെ നസീറും ജയനും മാമാങ്കത്തിൽ തങ്ങളുടെ സ്ഥാനങ്ങൾ ഉജ്ജ്വലമാക്കി.അതോടൊപ്പം സഹതാരങ്ങളെല്ലാം കട്ടയ്ക്ക് കട്ട നിന്നതുകൊണ്ടാണ് മാമാങ്കം ആസ്വാദ്യമായ ഒരു സിനിമാകാഴ്ചയായത്.
കാഴ്ചയുടെ ഉത്സവമായിരുന്നു നവോദയ അപ്പച്ചന്റെ മാമാങ്കം. മലയാള സിനിമ സ്ക്രീനിൽ അന്നേവരെ നിറഞ്ഞിട്ടില്ലാത്ത കാഴ്ചകൾ മാമാങ്കത്തിൽ കണ്ടു. ഇന്ന് പുതിയ മാമാങ്കവും ബാഹുബലി ഒന്നും രണ്ടുമൊക്കെ കണ്ട് കൈയടിക്കുന്ന പുതിയ കുട്ടികൾ ആ പഴയ മാമാങ്കം ഒന്നു കണ്ടു നോക്കണം. ടെക്നോളജി അതിന്റെ ശൈശവം പിന്നിടുന്പോഴാണ് നവോദയ മലയാളത്തിന്റെ വെള്ളിത്തിരയിൽ വിസ്മയക്കാഴ്ചകൾ നിറച്ചത്. ചെമ്മീൻ എന്ന മലയാള സിനിമയുടെ അദ്ഭുതക്കാഴ്ചയിലൂടെ മലയാളിക്ക് പ്രിയങ്കരനും സുപരിചിതനുമായ മാർക്കസ് ബർട്ലി എന്ന കാമറാമാനാണ് മാമാങ്കത്തിന് വേണ്ടി വലിയ കാഴ്ചകൾ സെല്ലുലോയ്ഡിലേക്ക് പകർത്തിയത്.
ഒരു നിമിഷം കണ്ണൊന്ന് ചിമ്മിയടച്ചാൽ നഷ്ടമാകുമായിരുന്നത് വലിയ കാഴ്ചകളായിരുന്നു.
എണ്ണമറ്റ ഷോട്ടുകളെ കണ്ടു മതിവരാത്ത രീതിയിൽ ചിത്രസംയോജനം നടത്തിയ ടി.ആർ.ശേഖറും കൈയടിയർഹിക്കുന്നു.
അക്കാലത്ത് എഡിറ്റിംഗിനെക്കുറിച്ചൊന്നും പ്രേക്ഷകർ സംസാരിക്കാറില്ലെങ്കിലും പിൽക്കാലത്ത് ഈ സിനിമ ടിവിയിലും സിഡിയിലുമൊക്കെ ആസ്വദിച്ച പുതിയ തലമുറ മാമാങ്കത്തിന്റെ കാമറ വർക്കിനെയും എഡിറ്റിംഗിനേയും കുറിച്ച് വാചാലമാകുന്നത് കേട്ടിട്ടുണ്ട്.
വലിയ കാൻവാസിലെ വലിയ കാഴ്ചകൾ അന്ന് പ്രേക്ഷകന് മഹാദ്ഭുതമായിരുന്നു. വാൾപയറ്റും അങ്കം വെട്ടും കുതിരയോട്ടവുമൊക്കെ ആവേശം ജനിപ്പിക്കും വിധമാണ് മാമാങ്കത്തിൽ ആവിഷ്കരിച്ചത്. ഹോളിവുഡിനെ പോലും അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് അന്ന് അപ്പച്ചൻ മാമാങ്കം ഒരുക്കിയത്. അന്ന് മലയാള സിനിമാലോകം പോലും അന്പരന്ന ബജറ്റിലാണ് നവോദയ മാമാങ്കം ഒരുക്കിയത്. ചിത്രത്തിലെ ഓരോ ഷോട്ടും നോക്കിയാൽ ആ ചെലവഴിച്ച പണത്തിന്റെ ഗുണം കണ്ടറിയാനാകും. അത്രയും വിഷ്വൽ റിച്ച്നെസാണ് മാമാങ്കത്തിന്റെ ഓരോ ഫ്രെയ്മിനുമുള്ളത്.
അന്ന് അതെല്ലാം അദ്ഭുതത്തോടെ കണ്ണു മിഴിച്ച് കണ്ടിരിക്കുക മാത്രം ചെയ്തവർ ഇന്ന് പഴയ മാമാങ്കത്തിന്റെ സാങ്കേതിക വശങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുന്നുവെന്നത് കാലം കാത്തുവച്ച കൗതുകം.
ചരിത്രത്തിൽ നിന്ന് വഴിമാറി നടക്കാതെ അതിന് സിനിമാറ്റിക് ചേരുവകൾ ചേരുംപടി ചേർത്ത് ഒരുക്കിയ മാമാങ്കത്തിൽ ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് പ്രേംനസീർ അവതരിപ്പിച്ചത്. ചന്തുണ്ണിയുടെ ഉറ്റ ചങ്ങാതിയായ മൂസയെ ജയനും കൈയടി നേടും വിധം ഉജ്ജ്വലമാക്കി. സാമൂതിരിയായി ജോസ് പ്രകാശാണ് നിറഞ്ഞാടിയത്. ചന്ദ്രോത്ത് പണിക്കരുടെ വേഷം ബാലൻ കെ. നായർക്കല്ലാതെ മറ്റാർക്ക് എന്ന ചോദ്യം ചിത്രം കണ്ടു കഴിയുന്പോൾ മനസിൽ തെളിയും. എം.എൻ.നന്പ്യാരുടെ പട്ടാള മേധാവി പ്രേക്ഷകന്റെ വെറുപ്പു സന്പാദിക്കുന്നതിൽ മുന്നിൽ നിന്നു.
കെ.ആർ.വിജയയുടെ മങ്കയും അംബികയുടെ മാണിപ്പെണ്ണും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളായാണ് ഗോവിന്ദൻകുട്ടി അവതരിപ്പിച്ചത്.
പഴയ മാമാങ്കത്തിൽ പ്രേംനസീറിന്റെ ചന്തുണ്ണിയുടെ അമ്മയായി വേഷമിട്ട കവിയൂർ പൊന്നമ്മ പുതിയ മാമാങ്കത്തിലും അഭിനയിക്കുന്നുവെന്നത് രണ്ടു മാമാങ്കങ്ങളേയും കൂട്ടിയിണക്കുന്നു. വള്ളുവനാടൻ രാജാവായി തിക്കുറിശ്ശി സുകുമാരൻ നായരും സാമൂതിരിയുടെ പടയാളിയായി കൊച്ചിൻ ഹനീഫയും തിളങ്ങി. ആലുംമൂടനും കൊതുകുനാണപ്പനും പൂജപ്പുര രവിയുമടങ്ങുന്ന സംഘം കോമഡി രംഗങ്ങളിൽ പതിവ് ചിരിപൂരം സമ്മാനിച്ചു.
നൂറുകോടി ക്ലബ് ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് മുടക്കിയ തുകയുടെ എത്രയോ ഇരട്ടി മാമാങ്കം അന്ന് തിയറ്ററുകളിൽ നിന്ന് തിരിച്ചുപിടിച്ചു.
നാൽപത് വർഷത്തിന് ശേഷം മറ്റൊരു മാമാങ്കം ബിഗ് സ്ക്രീനിൽ വിസ്മയമാകുന്പോൾ രണ്ടു മാമാങ്കങ്ങൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞവർ നിരവധിയാണ്.
പഴയ മാമാങ്കം കാണാൻ കഴിയാത്തവർ ഇപ്പോൾ യൂ ട്യൂബിൽ തപ്പുന്നുണ്ടെങ്കിലും കാണാനാകുന്നില്ല. പുതിയ മാമാങ്കത്തിന്റെ ഇന്റർനെറ്റ് പതിപ്പടക്കം അപ് ലോഡ് ചെയ്ത പുതിയകാലത്തെ സിനിമാകൊല്ലികൾക്കൊന്നും പഴയ മാമാങ്കം പിടികൊടുത്തിട്ടില്ല. ഏതാനും രംഗങ്ങൾ മാത്രമേ യൂ ട്യൂബിലും മറ്റുമുള്ളു. സിഡി കടകളിൽ പഴയ മാമാങ്കം തേടിയെത്തുന്നവരും ഇന്നേറെയാണ്.
നാൽപത് വർഷമായിട്ടും ഇപ്പോഴും നിറയൗവനമാണ് പഴയ മാമാങ്കത്തിലെ പാട്ടുകൾക്ക്. അതുകൂടി മനസിലൊന്ന് മൂളാതെ പഴയ മാമാങ്കത്തെക്കുറിച്ച് പറഞ്ഞു തീരില്ല..
പി.ഭാസ്കരൻ മാഷെഴുതി കെ.രാഘവൻ മാഷ്
ഈണമിട്ട മാമാങ്കത്തിലെ ഗാനങ്ങൾ ഇന്നും ആകാശവാണിയിലെ ചലച്ചിത്രഗാനങ്ങളിലും അപൂർവമായി പുതിയ എഫ്എമ്മുകളിലും കേൾക്കാനാകും.
അടിതൊഴുന്നേൻ ദേവി അടിതൊഴുന്നേൻ....എന്നാരംഭിക്കുന്ന ദേവീസ്തുതിയും തൃത്താലപ്പൂക്കടവിൽ...എന്നു തുടങ്ങുന്ന റൊമാന്റിക് ഗാനവും ഇന്നും മോഹിപ്പിക്കുന്ന ഗാനങ്ങളാണ്. വറുത്ത പച്ചരി ഇടിച്ചു തള്ളണ....എന്ന അന്നത്തെ അടിപൊളി ഗാനം ഇന്നും കേട്ടാൽ താളം പിടിക്കാതിരിക്കാനാകുമോ... മാമാങ്കത്തിന്റെ ടൈറ്റിൽ സോംഗെന്നോ തീം സോംഗെന്നോ പറയാവുന്ന മാമാങ്കം മാമാങ്കം മാമല നാട്ടിൻ മഹാമഹം... എന്ന ഗാനത്തിലൂടെ മാമാങ്കത്തിന്റെ ആവേശവും ലഹരിയും വീരത്വവുമെല്ലാം ആവിഷ്കരിക്കാൻ ഭാസ്കരൻ മാഷിനായപ്പോൾ ആ വരികൾക്ക് ചേർന്ന സംഗീതത്തിലൂടെ രാഘവൻമാഷും മാമാങ്ക ആവേശം പകർന്നു.
മാമാങ്കത്തിന് ആനപ്പുറത്ത് എഴുന്നള്ളുന്ന സാമൂതിരിയും ആനപ്പടയും നൃത്തനൃത്യങ്ങളും കുതിരപ്പടയും നദിയിലൂടെ വരുന്ന രാജാക്കൻമാരും പടുകൂറ്റൻ സെറ്റുകളും കാവടിയാട്ടവും പുലിക്കളിയും എല്ലാം ചേർന്ന് മാമാങ്കത്തിന്റെ കാഴ്ചകളെ പാട്ടിനൊപ്പം കാഴ്ചക്കാരിലേക്ക് പകരുന്നു.
വീരകേരള വിരചിതചരിതം
ചോരയിലെഴുതിയ മഹാമഹം...
എന്നാണ് ഭാസ്കരൻ മാഷെഴുതിയത്.
ആവേശത്തോടെ മാത്രമേ ആ പാട്ടിന്നും കേട്ടിരിക്കാനാകൂ. പാട്ടിലെ രംഗങ്ങളും ആവേശം നിറയ്ക്കുന്നത് തന്നെ.
ഒരു പക്ഷെ രാഘവൻ മാഷ് ചെയ്തിട്ടുള്ള പതിവ് ഈണങ്ങളിൽ നിന്ന് തികച്ചും വേറിട്ട് നിൽക്കുന്ന ആവേശകരമായ ഈണമെന്ന് മാമാങ്കത്തിലെ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നവരുണ്ട്.ഗാനഗന്ധർവന്റെ അധികം മുഴക്കമില്ലാത്ത ശബ്ദമാണ് ഈ ഗാനത്തിന്റെ സൗന്ദര്യമെന്നും തോന്നാം.
നെറ്റിപ്പട്ടവും തലേക്കെട്ടുമൊക്കെയണിഞ്ഞ് നിൽക്കുന്ന ആനകൾ, അതിനു പിന്നിൽ മണൽപരപ്പിലൂടെ പാഞ്ഞുപോകുന്ന കുതിരകൾ, അസംഖ്യം പട്ടുകുടകൾ, നർത്തകികൾ, അഭ്യാസികൾ, കരിമരുന്ന് പ്രയോഗങ്ങൾ....ഇവയെല്ലാം ഫ്രെയ്മുകളിൽ ഒന്നിനു പിറകെ ഒന്നായി വന്നു നിറയുകയാണ് ഈ ഗാനത്തിൽ....പഴയ മാമാങ്കം കണ്ട് കാമറാമാൻ മാർക്കസ് ബർട്ലിയോട് ഒരു വിദേശ സിനിമ സംവിധായകൻ പറഞ്ഞത്രെ ഈ സിനിമ ഹോളിവുഡിലായിരുന്നെങ്കിൽ നിശ്ചയമായും ഈ സിനിമയ്ക്ക് ഓസ്കർ ലഭിക്കുമായിരുന്നു... നാൽപത് വർഷം പിന്നിൽ നിന്ന് കുതിരക്കുളന്പടികൾ കേൾക്കുന്നു.....ഗജവീരൻമാരുടെ ചിന്നംവിളികളും....
വാളുകൾ കൂട്ടിമുട്ടുന്നതിന്റെ ശബ്ദം....ചാവേറുകളായി മാറാത്ത ഓർമകൾ ഉറുമി ചുഴറ്റുന്നതിന്റെ സീൽക്കാരം കേൾക്കാം......
ഋഷി