സീരിയല് തുടങ്ങിയോ?
Wednesday, January 1, 2020 3:52 PM IST
നേരം ഒന്നിരുട്ടിയാൽ മിക്ക വീടുകളിലെയും ചോദ്യമാണ്, സീരിയൽ തുടങ്ങിയോ? തുടങ്ങിയെന്നാണു മറുപടിയെങ്കിൽ പിന്നെ ഓട്ടമായി. പണിയൊക്കെ ഏറെക്കുറേ തീർത്ത് സീരിയൽ തുടങ്ങാനായി കാത്തിരിക്കുന്നവരും നിരവധി. ഇന്ന് ഗ്രാമ-നഗര വ്യത്യാസമില്ലാതെ വളരെ വലിയ ജനപ്രീതിയാണ് ടെലിവിഷൻ സീരിയലുകൾക്കു ലഭിച്ചിരിക്കുന്നത്. എന്തുവില കൊടുത്തും കൃത്യസമയത്തു തന്നെ സീരിയൽ കാണുന്നതിനായി ടെലിവിഷൻ സ്ക്രീനിനു മുന്നിലെത്തുന്നവരാണ് അധികവും. തിയറ്ററുകളിൽ പോയി സിനിമ കാണുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തങ്ങളുടെ സ്വീകരണ മുറിയിൽ ലഭിക്കുന്ന ദൃശ്യാനുഭവം തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാൻ ലഭിക്കുന്ന ഒരു അവസരം വെറുതേ കളയേണ്ടെന്ന ചിന്തയും. എന്നാൽ കുടുംബ ബന്ധങ്ങളിലെ ഉൗഷ്മളത ഇല്ലാതാക്കുന്ന വലിയ സാമൂഹിക പ്രശ്നമായി ഇന്നു ടെലിവിഷൻ സീരിയലുകൾ മാറിയിരിക്കുന്നു. പുകയില, മദ്യം, മയക്കുമരുന്ന് എന്നിവപോലെ തന്നെ ഒരു ശരാശരി മലയാളിയെ അടിമയാക്കാൻ സീരിയലുകൾക്കു സാധിക്കുന്നു എന്നതാണ് വാസ്തവം.
ലഹരി ഉപയോഗം താത്കാലികമായി ഉപേക്ഷിക്കുന്നവരുണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്ക് അടിമകളായവർക്ക് ഇത്തരമൊരു ഉപേക്ഷിക്കൽ അസാധ്യമായി മാറുന്നു. ഇവ പലപ്പോഴും ലഹരി ഉപയോഗത്തേക്കാൾ വലിയ അപകടമാണ് വരുത്തി വയ്ക്കുക. മദ്യത്തേക്കാൾ ലഹരി നൽകുന്ന ടെലിവിഷൻ സീരിയലുകൾ ഇന്നു കുടുംബ ബന്ധങ്ങളിൽ ഏറ്റവുമധികം കരിനിഴൽ വീഴ്ത്തുന്ന ഒന്നാണ്.
ആസ്വാദനത്തിലെ വളർച്ച
അതേസമയം ടെലിവിഷൻ ഇന്ന് നമ്മുടെ കലാആസ്വാദനത്തെ ഉയർത്തിയിട്ടുണ്ടെന്ന വസ്തുതയും പറയാതിരിക്കുക വയ്യ. സർഗാത്മക ദൃശ്യാവിഷ്കരണം വഴി ആസ്വാദകമനസുകളിൽ സ്ഥായിയായ പരിവർത്തനം നടത്താനും സാഹിത്യ-സാംസ്കാരിക വളർച്ചയുണ്ടാക്കാനും ടെലിവിഷൻ ചാനലുകൾക്ക് സാധിക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിൽ മലയാളി മനസിൽ ടെലിവിഷൻ ചൊലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മുടെ സ്വഭാവ രൂപീകരണത്തിൽ പോലും സ്വാധീനം ചെലുത്തന്നതിന് ടെലിവിഷനു ഇന്ന് സാധിക്കുന്നു. ഒന്നര പതിറ്റാണ്ടിലേറെയായി മലയാളികളും ടെലിവിഷൻ സീരിയലുകളുടെ മാസ്മരിക ലോകത്താണെന്നു തീർച്ച.
ചിന്തയെ നയിക്കുന്ന ചിന്തകൾ
മലയാളി മനസിലെ ചിന്തകളെയും സർഗാത്മകതയേയും മാത്രമല്ല ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന തരത്തിലാണ് ഇന്നു ടെലിവിഷൻ സീരിയലുകളുടെ സ്വാധീനം. കുശുന്പും കുന്നായ്മയും അവിഹിത ബന്ധങ്ങളുമെല്ലാം ദിവസവും കാണുന്ന ശരാശരി പ്രേക്ഷകൻ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. യഥാർഥ ജീവിതം ഇതുതന്നെയെന്നു തെറ്റിദ്ധരിച്ച് അതിൽ ആഘോഷം കണ്ടെത്തുന്നവരാണ് അധികവും. പിന്നെ ചിന്തകളും ആ വഴിക്കു പോകുന്നു. ഇതിനു വിദ്യാഭ്യാസം ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ യാതൊരു വ്യത്യാസവുമില്ലെന്നതും പ്രധാനമാണ്. കുഞ്ഞുങ്ങൾക്കു പോലും ഇന്നു സീരിയൽ കഥകൾ മനഃപാഠമാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ ബുദ്ധിയെയും ചിന്താശേഷിയേയും മാത്രമല്ല ഭാവനയെപ്പോലും ടെലിവിഷൻ സീരിയലുകൾ ഇല്ലാതാക്കുന്നു. കുട്ടികളിൽ അക്രമവാസന വർധിക്കുന്നതിന് സീരിയലുകളും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ പോലും ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതു സ്ക്രീനിൽ കണ്ടാണ് ഇന്നു നല്ലൊരു തലമുറ വളർന്നുവരുന്നത്. ഒരു ശരാശരി മലയാളിയുടെ ദുർബല ചിന്തകളെയും വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന തരത്തിലാണ് മിക്ക ടെലിവിഷൻ സീരിയലുകളുടെയും നിർമാണം. അതിഭാവുകത്വം മാത്രമല്ല അതിവൈകാരികതയും കൂടിയാകുന്പോൾ ശരിക്കും ചിന്തയെ നയിക്കുന്ന ഒരു ചിന്തയായി സീരിയലും ഈ സീരിയലുകളിലെ കഥാപാത്രങ്ങളും മാറുന്നു. എന്നാൽ ജീവിതത്തിന്റെ കലാപരമായ ആവിഷ്കാരങ്ങളൊന്നും സീരിയലുകളിൽ കാണാത്തത് ഒരു വലിയ സാംസ്കാരിക അധഃപതനമായി വേണം കാണാൻ.
വർധിച്ചു വരുന്ന സ്ത്രീ കുറ്റവാളികൾ
അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീ കുറ്റവാളികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കുപ്രസിദ്ധമായ പല കൊലപാതകങ്ങളുടെയും തട്ടിപ്പുകളുടെയും അക്രമങ്ങളുടെയുമെല്ലാം പിന്നിലുള്ളത് സ്ത്രീകളാണെന്ന വസ്തുത കാണാതിരിക്കാനാകില്ല. അതിൽ നല്ലൊരു പങ്ക് ടെലിവിഷൻ സീരിയലുകൾ വഹിക്കുന്നുമുണ്ട്. ചില സീരിയലുകളുടെ കഥ തന്നെ വിവാഹേതര ബന്ധങ്ങളും അക്രമ പ്രവർത്തനങ്ങളുമാണ്. കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും യാതൊരു പ്രാധാന്യവും നൽകാതെ ഇതെല്ലാം അനാവശ്യമാണെന്നു പറഞ്ഞുവയ്ക്കാൻ പോലും ചില സീരിയലുകൾക്കു യാതൊരു മടിയുമില്ല. മറ്റു ചില സീരിയലുകളാകട്ടെ എല്ലാ അതിർവരന്പുകളും ലംഘിച്ചുകൊണ്ട് സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിൽ സീരിയലുകളിൽ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. സിനിമ സമൂഹത്തെ സ്വാധീനിച്ചതിലും പതിന്മടങ്ങ് വേഗത്തിലാണ് സീരിയലുകൾ ഇന്ന് നമ്മുടെ കുടുംബങ്ങളെ സ്വാധീന വലയത്തിലാക്കുന്നത്്.
കൂടത്തായി കൊലപാതക പരന്പര ഉയർന്നുവന്നതോടെ ടെലിവിഷൻ സീരിയലുകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ കാന്പയിനാണ് ഉണ്ടായത്.
സ്ത്രീവിരുദ്ധം, എങ്കിലും
ഇന്ന് മിക്ക സീരിയലുകളിലും നിറയുന്നത് സ്ത്രീവിരുദ്ധത നിറഞ്ഞ കഥകളാണ്. എന്നാൽ ഇതുതന്നെയാണ് സ്ത്രീകളെ ആകർഷിക്കുന്ന ഘടകം എന്നതാണ് ഇതിലെ വൈരുദ്ധ്യം. ഭർതൃമാതാവുമായുള്ള യുവതിയുടെ സംഘട്ടനങ്ങളും ഭർത്താവ് വശീകരിക്കുന്ന ഭർതൃമതികളായ യുവതികളുമെല്ലാം സ്ക്രീനിൽ മിന്നിമറയുന്പോൾ അതിൽ ആകർഷിക്കപ്പെടുന്നതും ഇതേ സ്ത്രീകൾ തന്നെ. ഏതെങ്കിലുമൊരു സാധു പെണ്കുട്ടി അനുഭവിക്കുന്ന ജീവിതദുരിതങ്ങളാണ് ഇന്ന് മിക്ക സീരിയലുകളുടെയും അടിസ്ഥാന പ്രമേയം. ആ സാധു പെണ്കുട്ടിയുടെ അവസ്ഥ വിവരിക്കാൻ മറ്റു സ്ത്രീകൾ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും കുടുംബകലഹമുണ്ടാക്കുന്നവരുമാണെന്ന സന്ദേശവും ഈ സീരിയൽ കാഴ്ചകൾക്കിടയിൽ നൽകുന്നുണ്ട്. യുവതികളുടെ അവിഹിത ഗർഭവും യുവാക്കളുടെ അവിഹിത ബന്ധവും അലങ്കാരമാകുന്പോൾ അത് നമ്മുടെ സ്വീകരണ മുറികളിൽ ആഘോഷിക്കപ്പെടുന്നുവെന്നതും വൈരുദ്ധ്യം തന്നെ.
നഷ്ടമായ കുടുംബ ബന്ധം
മുൻപൊക്കെ വീടുകളിൽ സന്ധ്യ മയങ്ങിയാൽ വീട്ടുകാരെല്ലാം ഒരുമിച്ചിരിക്കുക പതിവുണ്ടായിരുന്നു. കുറച്ചു സമയം പ്രാർഥനകൾക്കും മറ്റുമായി നീക്കിവയ്ക്കും. പിന്നീട് പരസ്പരം സംസാരിക്കുന്നതിനും സന്തോഷം പങ്കിടുന്നതിനും സമയം കണ്ടെത്തും. എന്നാൽ ഇന്ന് സീരിയലുകളുടെ സമയക്രമം അനുസരിച്ച് വീട്ടിലെ ദൈനംദിന കാര്യങ്ങൾ പോലും മാറ്റിയ കാഴ്ചയാണ് മിക്ക കുടുംബങ്ങളിലും കാണാനാകുക. പണ്ടുണ്ടായിരുന്ന സൗഹൃദങ്ങൾ പങ്കുവച്ചുകൊണ്ടുള്ള സായാഹ്ന ഗൃഹസന്ദർശനങ്ങൾ അങ്ങനെയാണ് ഇല്ലാതായത്. വൈകുന്നേരങ്ങളിൽ അടുത്ത വീടുകളിൽ പോകുന്നവരുടെ എണ്ണം ഇന്നു വളരെ കുറഞ്ഞിരിക്കുന്നു. സീരിയൽ സമയത്ത് കയറിച്ചെല്ലുന്നതിലെ അനൗചിത്യം തന്നെയാണ് കാരണം.
നിയന്ത്രണം വേണമെന്ന് സർക്കാരും
സംസ്ഥാനത്ത് സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെൻസർ ബോർഡ് മാതൃകയിൽ പുതിയ സംവിധാനം രൂപീകരിക്കണമെന്നും സീരിയലുകളുടെ സെൻസറിംഗ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കത്തു നൽകിയിട്ടുണ്ട്. നേരത്തെ സീരിയലുകളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകൾ വഴി തെറ്റിക്കുന്നുവെന്ന വിമർശനങ്ങളും പലപ്പോഴായി ഉയർന്നിരുന്നു. ഉള്ളടക്കത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സിനിമയ്ക്ക് സെൻസർ ബോർഡ് ഉള്ളതുപോലെ സീരിയലുകൾക്കും വേണമെന്നാണ് സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെടുന്നത്.
റിച്ചാർഡ് ജോസഫ്