ഇവിടെയും ചൂഷണം
Friday, December 20, 2019 4:22 PM IST
സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് സ്വന്തം രക്തത്തിൽ നിന്നുള്ള കുഞ്ഞിനെ ലഭിക്കാൻ ഈ രീതി അവലംബിക്കുന്നത്. എന്നാൽ, ഇതിനു പിന്നീട് മാറ്റമുണ്ടായി. വൈകല്യങ്ങളില്ലെങ്കിലും സമയക്കുറവും ജോലിയുമൊക്കെ കണ്ടുകൊണ്ട് സ്ത്രീകൾ പ്രസവം കരാർ നല്കുന്ന രീതിയിലേക്കുവരെ എത്തി കാര്യങ്ങൾ. സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിനെ ലഭിക്കാൻ ഗർഭധാരണം മൂലമുണ്ടാകുന്ന ഒരു പ്രയാസവും പ്രസവവേദനയുമ അറിയാതെ ചുളുവിൽ കുഞ്ഞിനെ കരസ്ഥമാക്കുന്ന ഒരു സംവിധാനമായി മാറി വാടക ഗർഭധാരണം.
വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണം 2002 മുതൽ ഇന്ത്യയിൽ നിയമവിധേയമായിരുന്നു. നിയമവശങ്ങൾ വ്യക്തമല്ലാത്തതിനാൽ കാലക്രമേണ ഏതു മേഖലകളിലെയും പോലെ തന്നെ വാടക ഗർഭധാരണത്തിനും ചൂഷണം അനേകമായി. വാണിജ്യപരമായിത്തന്നെ അതു മാറിക്കൊണ്ടിരിക്കുന്നു. വാടകഗർഭത്തിൽ പിറന്ന അനേകം കുട്ടികൾ പിന്നീട് അനാഥരായി. ഇത്തരം ഒരു അവസ്ഥയിൽ പല രാജ്യങ്ങളും ഇതിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതരായി.
ലോകത്തെ ആദ്യത്തെ ബേബി ഫാക്ടറി
വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. ലോകത്തെ ആദ്യത്തെ ബേബി ഫാക്ടറി (വിദേശദന്പതികൾക്കുവേണ്ടി വാടക അമ്മമാരെ കണ്ടെത്തുകയും താമസിപ്പിക്കുകയും ചെയ്യുന്നയിടം) ആരംഭിച്ചത് ഇന്ത്യയിലാണ്. രാജ്യത്ത് പ്രശസ്തമായ സറഗസി ആശുപത്രികൾ നിലവിലുണ്ടായിരുന്നു. പാശ്ചാത്യരുടെ സന്താനദുഃഖത്തിന് ഇന്ത്യൻ അമ്മമാർ പരിഹാരം നല്കുന്ന കാഴ്ചയാണ് ഏതാനും വർഷങ്ങൾ മുന്പു വരെ കണ്ടുകൊണ്ടിരുന്നത്. വാടകയ്ക്ക് കൂടുതൽ സ്ത്രീകൾ രംഗത്ത് വന്നതോടെ വിദേശികൾക്ക് ഇന്ത്യൻ അമ്മമാരിലായി കണ്ണ്. ഇവിടെ ഒരു ഗർഭപാത്രം വാടകയ്ക്ക് എടുക്കുന്നതിന് അധികം പണച്ചെലവുകളോ മറ്റു തലവേദനകളോ ഇല്ല എന്നതായിരുന്നു അവരെ ആകർഷിച്ചിരുന്നത്. ഇതിനു വ്യക്തമായ നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ കടുത്ത ചൂഷണമായി ഇതു മാറിയിരിക്കുന്നു. സറോഗസി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചതോടെ ഈ പ്രവണതയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ ചെലവാകുന്നതിന്റെ പാതി മാത്രമേ ഇന്ത്യയിൽ ചെലവു വരികയുള്ളു എന്നതാണ് വിദേശീയരെ ഇന്ത്യയിലേക്ക് ആകർഷിച്ചിരുന്ന ഘടകം. കുടുംബാംഗങ്ങളുടെയോ ഏജൻറുമാരുടെയോ സമ്മർദത്തിനും ഭീഷണിക്കും വഴങ്ങിയാണ് പല സ്ത്രീകളും ഇതിനു തയാറാകുന്നത്. കൂടാതെ, സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരും പണത്തിന് ആവശ്യമുള്ളവരുമായ സ്ത്രീകൾ വാടക അമ്മമാരാകാൻ തയാറാകുന്പോൾ പലപ്പോഴും വഞ്ചിതരാകാറുണ്ട്. ബിസിനസ് നടത്തുന്ന ഏജൻറുമാർ പണം തട്ടുന്പോൾ വാടക അമ്മമാർക്ക് കിട്ടുന്നത് തുച്ഛമായ തുക മാത്രം.
വൻതോതിൽ വർധിച്ചു
കഴിഞ്ഞ പത്തുവർഷക്കാലത്ത് ഇന്ത്യയിൽ വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗർഭധാരണം വൻതോതിൽ വർധിച്ചതായാണു റിപ്പോർട്ടുകൾ. സ്വന്തം കുഞ്ഞു വേണമെന്ന് ആശിക്കുന്ന വിദേശീയരായ ദന്പതികൾ ഇക്കാര്യത്തിൽ കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത ഇന്ത്യ, തായ്ലൻഡ് മുതലായ രാജ്യങ്ങളിലേക്ക് കൂട്ടമായി എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവിടങ്ങളിലും ഇതു നിരോധിക്കേണ്ടതായി വന്നു.
ഓസ്ട്രേലിയ, യുകെ, കാനഡ, ഫ്രാൻസ്, ജർമനി, സ്വീഡൻ, ന്യൂസിലാൻഡ്, ജപ്പാൻ തുടങ്ങിയ പല വികസിത രാജ്യങ്ങളിലും പണത്തിനു വേണ്ടി ഗർഭപാത്രം വാടകയ്ക്കു കൊടുക്കുന്നത് നേരത്തോ നിരോധിച്ചിരുന്നു.
കേരളത്തിൽ ഇതിന് ഇപ്പോൾ ഡിമാൻഡ് ഏറുകയാണ്. ഇവിടെ സ്ത്രീകളെ കിട്ടാത്തതിനാൽ തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും സ്ത്രീകളെ എത്തിക്കുന്നു. വന്ധ്യതാചികിത്സ നടക്കുന്ന പല ആശുപത്രികളുടെയും മുഖ്യ ബിസിനസ് ഇപ്പോൾ വാടക ഗർഭപാത്രം സംഘടിപ്പിക്കലും അതിനു ജനിതക മാതാപിതാക്കളെ നിർബന്ധിക്കലുമാണ്.
വാടക ഗർഭധാരണത്തിന്റെ പേരിൽ രാജ്യത്ത് സ്ത്രീകൾ നേരിടുന്ന അനീതികളുടെ പശ്ചാത്തലത്തിലാണ് വാടക ഗർഭധാരണ നിയന്ത്രണ ബിൽ 2016-ൽ ലോക്സഭയും പാസാക്കിയത്.
ഇന്ത്യയിൽ ഗർഭപാത്ര വിൽപനയിലൂടെ പ്രതിവർഷം നടക്കുന്ന ഇടപാട് മൂവായിരം കോടിക്കടുത്താണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രധാനമായും ചൂഷണം ചെയ്യുന്നതാകട്ടെ ഗ്രാമീണ ഇന്ത്യയിലെ അമ്മമാരുടെ ദാരിദ്ര്യവും.
കുടുംബത്തിലുള്ളവരെ വിവാഹം കഴിച്ചയയ്ക്കാനും മക്കളെ പഠിപ്പിക്കാനുമൊക്കെയാണ് പലപ്പോഴും സ്ത്രീകൾ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത്. ഒരിക്കൽ സറോഗസി ബിൽ പരിശോധിച്ച സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ തന്നെ, ഇത് നടപ്പാക്കാൻ കഴിയുന്ന ബിൽ അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.
ഹരിയാനയിലെ ഇടനിലക്കാർക്കും ഈ നിയമം നടപ്പാക്കാനാകില്ലെന്നറിയാം. നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം ഇവർക്കുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2,750 കോടി രൂപയുടെ ഇടപാടാണ് പ്രതിവർഷം ഇന്ത്യയിൽ വാടക ഗർഭപാത്ര വിൽപനയിലൂടെ നടക്കുന്നത്. മൂവായിരത്തിലേറെ ക്ലിനിക്കുകൾ രാജ്യത്തുണ്ട്. രണ്ടായിരത്തിലേറെ അനധികൃത ക്ലിനിക്കുകൾ വേറെയും.പാർലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിലെ പ്രധാന വ്യവസ്ഥ ഈ ഗർഭപാത്ര വിൽപന തടയുമെന്നതാണ്.
കർശന നിയന്ത്രണം വേണം
ഇതിനായി കർശന നിയമം വേണമെന്നത് ഉറപ്പാണ്. കാരണം ഒരു വ്യവസ്ഥയില്ലാത്ത മേഖലയാണിത്. ചൂഷണവും പണമൊഴുക്കുമുള്ള മേഖല- ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.
കാർഷികപ്രതിസന്ധി അതിരൂക്ഷമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾ പലരുമാണ് ഇങ്ങനെ വാടകയ്ക്ക് ഗർഭപാത്രങ്ങൾ നൽകാൻ നിർബന്ധിതരാക്കപ്പെടുന്നത് എന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. നഗരത്തിലെത്തി ഇത്തരം ജോലി ചെയ്താലും ആരുമറിയില്ല. അങ്ങനെ നഗരത്തിന്റെ ഒരു അനോണിമിറ്റിയിലാണ് ഇത്തരം ജോലികൾ ചെയ്യാൻ ഇവർ തയാറാകുന്നത്.പെട്ടെന്ന് ഇത്രയും പണമുണ്ടാക്കാൻ അവർക്ക് മുന്നിലുള്ള ഒരു വഴിയാണിതെന്ന് ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുകയും ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്ത കൗണ്സിൽ ഫോർ സോഷ്യൽ ഡവലപ്മെൻറ് ഗവേഷകയും അധ്യാപികയുമായ പി.എം. ആതിര നേരത്തേ വ്യക്തമാക്കിയിരുന്നു.
2016-ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകൾ ഉദാരമാക്കാൻ കഴിഞ്ഞവർഷം ഓഗസ്റ്റിൽ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ശിപാർശചെയ്തു. സാന്പ്രദായിക കുടുംബസങ്കൽപ്പങ്ങളെ പിൻപറ്റിയുള്ള വ്യവസ്ഥകൾ നീക്കുക, വിവാഹിതരല്ലാത്ത പങ്കാളികൾക്കും വിവാഹമോചിതർക്കും വാടക ഗർഭപാത്രം സ്വീകരിക്കാനുള്ള അനുമതി നൽകുക, ജീവൻപോലും അപകടത്തിലാക്കി വാടകഗർഭധരാണത്തിനു തയാറാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുക എന്നിവയായിരുന്നു പ്രധാന ശിപാർശകൾ. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല.
വാടക ഗർഭധാരണ നിയന്ത്രണ ബില്ല് പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ് ഇപ്പോഴും രാജ്യത്ത് പ്രത്യേകിച്ച് രാജ്യ തലസ്ഥാനത്തും ഹരിയാനയിലും ഇന്നും വാടക ഗർഭപാത്രം വച്ചു കോടികൾ കൊയ്യുന്ന കച്ചവടം പൊടിപൊടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. (അവസാനിച്ചു)
പ്രദീപ് ഗോപി