കഴുത്തിലെ കറുപ്പും തടിപ്പും അവഗണിക്കരുത്
Thursday, December 19, 2019 12:33 PM IST
മാറിയ ജീവിതസാഹചര്യവും ദുർമേദസും പ്രമേഹവും വളരെ സാധാരണവും ആയതോടെ കഴുത്തിലെ കറുപ്പും തടിപ്പും ഒരു സാധാരണ ചർമരോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.
കഴുത്തിൽ മാത്രമല്ല, ചില അവസരങ്ങളിൽ കക്ഷം, കൈകാൽ മടക്കുകൾ, തുടയിടുക്കുകൾ എന്നിവയിലും ചർമം അസാധാരണമാംവിധം കറുക്കുകയും തടിക്കുകയും ചെയ്യുന്നത്, വിവിധ വിഭാഗം ജനങ്ങളിൽ പല തോതിലാണ്. ഈ ചർമരോഗം അകന്തോസിസ് നൈഗ്രികാൻസ് എന്നാണ് അറിയപ്പെടുന്നത്.
ഇൻസുലിന്‍ ഇതിലെന്തു കാര്യം?
നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ. കുറഞ്ഞ അളവിൽ ഇൻസുലിൻ നമ്മുടെ ശരീരത്തിലെ അന്നജത്തിന്റെയും കൊഴുപ്പ്, മാംസ്യം എന്നിവയുടെയും ഉപാപചയ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. എന്നാൽ, കൂടിയ അളവിൽ ചർമത്തിലുള്ള കെരാറ്റിനോസൈമുകളിൽ കടന്നുചെന്ന് അവയുടെ വിഭജനത്തിനും വളർച്ചയ്ക്കും കാരണമാകുന്നു.
ഇത് ചർമം വളരെയധികം കട്ടികൂടുന്നതിന് കാരണമാകുന്നു. കൂടാതെ എംഎസ്എച്ച് എന്ന ഹോർമോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. തത്ഫലമായി മെലാനിൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ചർമം അസാധാരണമാംവിധം കറുക്കുകയും ചെയ്യുന്നു.
കാരണങ്ങൾ
പല കാരണങ്ങൾ മൂലമുള്ള ദുർമേദസ്, പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥി സംബന്ധമായ അസുഖം, അഡ്രിനൽ ഗ്രന്ഥിയിലെ പ്രശ്നം, പിസിഒഡി, ഡൗണ്‍ സിൻഡ്രം, മർഫാൻ സിൻഡ്രം, അക്രോമെഗാലി, സിറോസിസ്, ഉദരം, പാൻക്രിയാസ്, വൃക്ക, മൂത്രസഞ്ചി, ശ്വാസകോശം, സ്തനങ്ങൾ, ഓവറി എന്നിവയിലെ കാൻസർ.
ലക്ഷണങ്ങൾ
നേരത്തേ സൂചിപ്പിച്ചതുപോലെ ചർമം അസാധാരണമാംവിധം കറുക്കുകയും തടിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. കഴുത്തിലാണ് ഇതു കൂടുതലായും കാണപ്പെടുന്നത്. കൂടാതെ കക്ഷം, കൈകാൽ മടക്കുകൾ, തുടയിടുക്കുകൾ, മുഖം, കണ്പോളകൾ, പൊക്കിൾ, കൈകാൽമുട്ടുകൾ, വിരലുകളുടെ മേൽഭാഗം, പ്രത്യേകിച്ചും സന്ധികളിൽ, തുടകളുടെ ഉൾഭാഗം, ജനനേന്ദ്രിയങ്ങൾ മുതലായവയെയും ഈ ചർമരോഗം ബാധിക്കാം.
മിക്ക അവസരങ്ങളിലും സൗന്ദര്യപ്രശ്നമൊഴിച്ച് പ്രത്യേകിച്ച് യാതൊരുവിധ ലക്ഷണങ്ങളും കാണപ്പെടാറില്ല. എന്നാൽ, ചില അവസരങ്ങളിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചിലപ്പോൾ കൈരേഖകൾ തടിക്കുകയും ചെയ്യാം.
ഭാവിയിൽ പ്രമേഹരോഗം ഉണ്ടായേക്കാം
ദുർമേദസാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂടുന്നതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചുവല്ലോ. ഇതോടനുബന്ധിച്ച് ശരീരകലകളിൽ ഇൻസുലിന്‍ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം. ഇത്തരത്തിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ ഇത്തരക്കാർ വളരെയധികം ശ്രദ്ധിക്കണം.
പരിശോധന
ഒരു ചർമരോഗ വിദഗ്ധന്റെ നേതൃത്വത്തിലുള്ള പരിശോധന ആവശ്യമാണ്. ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ടി 3, ടി4, ടിഎസ്എച്ച് എന്നിവയുടെ നിർണയവും
ആവശ്യമാണ്.
ചില അവസരങ്ങളിൽ ഉദരത്തിന്റെ അൾട്രാസൗണ്ട് പരിശോധനയും ആവശ്യമായി വന്നേക്കാം. കാൻസറുകൾ അപൂർവമായി ഒരു കാരണമായതിനാൽ അതും പരിഗണനാവിഷയമാക്കേണ്ടതാണ്.
വിവരങ്ങൾ:
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്.