നിരോധനം വന്നു... എന്നിട്ടും...
Thursday, December 19, 2019 12:15 PM IST
വാടക ഗർഭപാത്ര നിയന്ത്രണ ബിൽ 2016ൽ ലോക്സഭ പാസാക്കി. പ്രതിഫലം പറ്റിയുള്ള വാടക ഗർഭധാരണം പൂർണമായി നിരോധിക്കുന്നതാണ് ബിൽ. ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാൻ പാടില്ല. നിയമത്തിന്റെ അഭാവത്തിൽ കുറഞ്ഞ ചെലവിൽ വാടക ഗർഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണ കേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അന്ന് സഭയിൽ പറഞ്ഞിരുന്നു. ഇതിനായി വിദേശികൾ വൻതോതിൽ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരിൽ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ബില്ലിലെ വ്യവസ്ഥകൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാടകഗർഭപാത്രത്തിലൂടെ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യമുള്ള ദന്പതിമാർ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മിൽ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്. ഇതിനു വാടക അമ്മമാരെ ഉപയോഗിക്കുന്ന സന്പ്രദായം ലോകത്ത് പ്രത്യക്ഷപ്പെട്ടത് 1970 കളുടെ മധ്യത്തിലായിരുന്നു.
വാടകഗർഭധാരണം എങ്ങനെ?
വാടകഗർഭധാരണം ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിലെത്തിക്കഴിഞ്ഞു. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെ കുഞ്ഞ് എന്ന സ്വപ്നം ഐവിഎഫിലൂടേയോ വാടകഗർഭധാരണത്തിലൂടെ പൂർത്തീകരിക്കാൻ തയാറാവുന്നുണ്ട്. ഇന്ത്യയിലും വാടകഗർഭധാരണം അപൂർവ്വമല്ല. ബോളിവുഡ് സൂപ്പർതാരമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും 2013ൽ വാടക ഗർഭപാത്രത്തിലൂടെയാണ് ആണ്കുഞ്ഞു പിറക്കുന്നത്. ആമിർ ഖാനും ഭാര്യ കിരണ് റാവുവിനും 2011 ൽ വാടക ഗർഭധാരണത്തിലൂടെയാണ് ആസാദ് റാവു ജനിക്കുന്നത്. കൂടാതെ ഫറാ ഖാൻ, കരണ് ജോഹർ, സണ്ണി ലിയോണ്, സൊഹൈൽ ഖാൻ, തുഷാർ കപൂർ, ഏക്ത കപൂർ എന്നിവരും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയവരാണ്.
എന്താണ് വാടക ഗർഭധാരണം
വാടക ഗർഭധാരണത്തിൽ കുഞ്ഞിന് ഗർഭപാത്രത്തിന്റെ ഉടമയായ അമ്മയുമായി ജൈവിക ബന്ധം ഇല്ല. അതിനാൽ തന്നെ ഇത്തരം അമ്മമാരെ ഗർഭവാഹകർ എന്നാണ് വിളിക്കുന്നത്. ഭ്രൂണത്തെ നിർദിഷ്ട ദന്പതികളുടെ ബീജവും അണ്ഡവും ടെസ്റ്റ്്ട്യൂബിൽ വച്ച് ബീജസങ്കലനം നടത്തിയാണ് സൃഷ്ടിക്കുന്നത്. പിന്നീട് ഭ്രൂണത്തെ വാടക ഗർഭപാത്രത്തിലേക്ക് മാറ്റുന്നു.
താഴെ പറയുന്ന ആളുകളാണ്
വാടക ഗർഭധാരണം പരിഗണിക്കുന്നത്
* വന്ധ്യതകൊണ്ടു ബുദ്ധിമുട്ടുന്ന വ്യക്തികൾ
* മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബം
* സ്വവർഗാനാനുരാഗികളായ ദന്പതികൾ
* വാടക ഗർഭവാഹകരും കുഞ്ഞും തമ്മിൽ ജനിതക ബന്ധം ആഗ്രഹിക്കാത്ത ആളുകൾ
* സുരക്ഷിതമായി ഗർഭകാലം പൂർത്തിയാക്കാനാവാത്ത അമ്മമാർ
വാടക ഗർഭധാരണത്തിന്റെ 5 ഘട്ടങ്ങൾ
ഘട്ടം 1: ഐവിഎഫിലൂടെ ബീജസങ്കലനം ചെയ്ത് അനേകം ഭ്രൂണങ്ങൾ സൃഷ്ടിക്കുക എന്നതാണ് ആദ്യപടി. ഇതിനായി ദന്പതികൾ അവരുടെ അണ്ഡവും ബീജവും ഐവിഎഫ് ക്ലിനിക്കിൽ നൽകണം. സങ്കലനത്തിനു ശേഷം ഭ്രൂണങ്ങളെ ക്ലിനിക്കിൽത്തന്നെ ശീതീകരിച്ച് അടുത്തപടിക്കായി സൂക്ഷിക്കും. ബീജം എടുക്കുന്നത് താരതമ്യേന എളുപ്പമാണ്. അണ്ഡം കുറച്ചുകൂടി സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് എടുക്കുന്നത്. എത്രയും അണ്ഡങ്ങൾ എടുക്കുന്നുവോ അത്രയും ഭ്രൂണങ്ങളെ ഉണ്ടാക്കാൻ സാധിക്കും.
ഘട്ടം 2: നിങ്ങൾക്ക് വേണ്ട വാടക ഗർഭപാത്രം കണ്ടുപിടിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതിന് നിയമപരമായി നിരവധി നിയന്ത്രണങ്ങളും കടന്പകളുമുണ്ട്. ഏജൻസികളുടെ സഹായം ഈ ഘട്ടത്തിൽ ലഭ്യമാണ്.
ഘട്ടം 3: ഗർഭം സ്വീകരിക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. ബീജസങ്കലനത്തിലൂടെ അനേകം ഭ്രൂണങ്ങളെ സൃഷ്ടിക്കും. അതിനാൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് വാടക ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. മറ്റുള്ള ഭ്രൂണങ്ങളെ വീണ്ടും ആവശ്യം വന്നാൽ ഉപയോഗിക്കാനായി ശീതീകരിച്ച് സൂക്ഷിക്കും. വാടക അമ്മ ഇതിനായി ചില പ്രത്യുല്പാദന ചികിത്സകൾക്ക് വിധേയയാവും. ഭ്രൂണം നിക്ഷേപിക്കുന്പോളുണ്ടാകുന്ന വിജയം അമ്മയുടെയും ഭ്രൂണത്തിന്റെയും ആരോഗ്യത്തെ അപേക്ഷിച്ചിരിക്കും.
ഘട്ടം 4: ഗർഭ-ഗർഭസ്ഥശിശു സംരക്ഷണമാണ് നാലാമത്തെ ഘട്ടം.അത് വാടകഗർഭധാരണത്തിനേൽപ്പിച്ച മാതാപിതാക്കളുടേയോ ഏജൻസികളുടേയും കൂടി ഉത്തരവാദിത്തമാണ്.
ഘട്ടം 5: കുഞ്ഞിന്റെ ജനനം. ദന്പതികൾക്ക് പ്രസവസമയത്ത് കുഞ്ഞിനെ കാണാനും, അമ്മയുടെ കൂടെ നിൽക്കാനുമുള്ള അവസരമുണ്ടാവും. പ്രസവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കും.
വാടക ഗർഭധാരണം- ഇന്ത്യൻ നിയമം പറയുന്നതെന്ത്?
ജനകീയാരോഗ്യ പ്രവർത്തകർ വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന, പ്രതിഫലം പറ്റിയുള്ള വാടകഗർഭധാരണം നിരോധിക്കുന്ന വാടക ഗർഭപാത്ര നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി. ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ വാങ്ങാൻ പാടില്ലെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
പ്രവാസി വനിതകൾക്കും വിദേശികൾക്കും വിലക്ക്
ഇപ്പോൾ പാസാക്കിയ ബില്ലനുസരിച്ച് നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദന്പതിമാർക്ക് അടുത്ത ബന്ധുവിൽ നിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായി സ്വന്തം കുഞ്ഞായി ദന്പതിമാർക്ക് പരിഗണിക്കാം.
വിവാഹിതരല്ലാത്ത പങ്കാളികൾ (ലിവ് ഇൻ), പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല. ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. ഒരാൾക്ക് ഒരു തവണയേ ഗർഭപാത്രം നൽകാനാവൂ. പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും ഗർഭപാത്രം വാടകയ്ക്ക് നൽകാനാവില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദന്പതിമാർക്ക് ഇന്ത്യയിൽ നിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം.
ഇടത്തരക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം ഗർഭപാത്രത്തിനു നൽകുന്ന വാടകയിലും പ്രതിഫലിക്കുന്നു എന്നാണ് വിമർശകർ പറയുന്നത്. പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്തവർക്ക് ഒരു ലക്ഷം രൂപവരെയും വിദ്യാഭ്യാസമുള്ള ഇടത്തരക്കാർക്ക് പത്തു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.
വാടകയ്ക്ക് ഗർഭം ചുമക്കുന്ന അമ്മമാർ പലപ്പോഴും കബളിപ്പിക്കപ്പെടുന്നു. ബിസിനസ് നടത്തുന്ന ഏജന്റുമാർ പണം തട്ടുന്പോൾ യഥാർഥ സ്ത്രീകൾക്ക് ലഭിക്കുന്നതാകട്ടെ വെറും തുച്ഛമായ തുക മാത്രം. മൂന്നു ലക്ഷം രൂപയാണ് വാടക ഗർഭപാത്രത്തിന് ഏജന്റുമാർ നിജപ്പെടുത്തിയ ചുരുങ്ങിയ സംഖ്യ. എന്നാൽ സുന്ദരികളായ സ്ത്രീകളെ കണ്ടെത്താനും ജനിതക മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ട അമ്മമാരെ ലഭിക്കാനും തുക 20-25 ലക്ഷം വരെ ആകും. ഏജന്റുമാരാണ് ഇത് തരപ്പെടുത്തി നല്കുന്നത്.
എന്നാൽ വാടക ഗർഭപാത്രക്കാർക്ക് രണ്ടു മുതൽ മൂന്നു ലക്ഷം വരെ കൊടുത്ത് ഏജന്റുമാർ കബളിപ്പിക്കുന്നു. കൂടാതെ പ്രസവശേഷമുള്ള സ്ത്രീകളുടെ ചികിൽസ, ആശുപത്രി ബില്ല് എന്നിവയും നല്കാതെ ഏജന്റുമാർ മുങ്ങുന്നു. ജനിതക മാതാപിതാക്കൾ പ്രവസവ ശേഷം കുഞ്ഞുമായി ഉടൻ സ്ഥലം വിടും. ഈ അവസരത്തിൽ ആശുപത്രി ബില്ല് നല്കാൻ ഒക്കെ ഏജന്റുമാരെയാണ് ചുമതലപ്പെടുത്തുന്നത്.
എന്നാൽ ആശുപത്രി ബില്ലുകൾ പലപ്പോഴും ജനിതക മാതാപിതാക്കളും ഏജന്റുമാരും നല്കാതെ വാടക അമ്മമാരെ പറ്റിക്കുന്നു. ഉണ്ടാകുന്ന കുഞ്ഞിനു വൈകല്യം ഉണ്ടായി എന്നതിന്റെ പേരിൽ അതിനെ ജനിതകമാതാപിതാക്കൾ സ്വീകരിക്കാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. വാടകയ്ക്കു ഗർഭപാത്രം നൽകിയ അമ്മ ഈ വൈകല്യമുള്ള കുഞ്ഞുങ്ങളെ വളർത്തേണ്ടതായും വന്നിട്ടുണ്ട്.
പാവപ്പെട്ട സ്ത്രീകൾ തുടർച്ചയായി അമ്മമാരാവുന്നത് മൂലമുള്ള ആരോഗ്യ തകർച്ചയെ കുറിച്ചും ബോധവതികളല്ലെന്ന് വിമർശകർ പറയുന്നു. വ്യക്തമായ നിയമത്തിന്റെ അഭാവവും ദീർഘനാളായി വിമർശന വിധേയമാണ്. ഒടുവിൽ 2016ൽ വാടക ഗർഭപാത്ര നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി...
(തുടരും)
പ്രദീപ് ഗോപി