നിങ്ങൾ എന്റെ കുഞ്ഞിനെ കണ്ടോ...
Thursday, December 19, 2019 12:10 PM IST
നിങ്ങൾ എന്റെ കുഞ്ഞിനെ കണ്ടോ? ആണ്കുഞ്ഞായിരുന്നോ അതോ, പെണ്കുഞ്ഞായിരുന്നോ? ബോധം വന്നപ്പോൾ ഞാൻ എന്റെ ഭർത്താവിനോടു ചോദിച്ചു. കാരണം, ഞാൻ അബോധാവസ്ഥയിലായിരുന്നപ്പോഴാണ് അവർ എന്റെ കുഞ്ഞിനെ എന്റെ അടുത്തു നിന്നു കൊണ്ടുപോയത്. ഞാൻ ഡോക്ടറോടു ചോദിച്ചു; ചോദിക്കാൻ അവകാശമില്ല എന്നായിരുന്നു മറുപടി. കുഞ്ഞിനു ജന്മം നല്കിയതിനുശേഷം മൂന്നുമാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കുഞ്ഞിനെക്കുറിച്ചോർക്കുന്പോൾ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു. ഒടുവിൽ മനസ് ശാന്തമാകാൻ മരുന്ന് കഴിക്കേണ്ടി വന്നു. എല്ലാ വർഷവും നവംബർ നാലാം തീയതി ഞാനും കുടുംബവും ആ കുഞ്ഞിന്റെ പിറന്നാൾ ആഘോഷിക്കാറുണ്ട്. അന്നു രാവിലെ ഞാൻ ഉപവസിക്കും. അന്പലത്തിൽ പോകും. പായസം ഉണ്ടാക്കി വീട്ടിലുള്ളവർക്കും അയൽവാസികൾക്കും നല്കും. ആ കുഞ്ഞിനെ ഒരുവട്ടം കാണാൻ ഞാൻ ഇന്നും ആഗ്രഹിക്കുന്നു. അതിനുവേണ്ടി എന്തുചെയ്യാനും ഞാൻ തയാറാണ്. എനിക്കറിയാം കണ്ടിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലായിരുന്നു- ഒരു ഇന്ത്യൻ വാടകമാതാവിന്റെ ഹൃദയം നുറുങ്ങുന്ന വാക്കുകളാണിത്.
ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭ ധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദന്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കുവാൻ സൗകര്യമൊരുക്കുന്ന സന്പ്രദായമാണ് വാടക ഗർഭധാരണം (സറഗസി).
കുട്ടികളെ ജനിപ്പിക്കുവാൻ ആവശ്യമുള്ള ദന്പതിമാർ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടെ ഏതെങ്കിലുമോ ബീജവും അണ്ഡവും തമ്മിൽ യോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭ പാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ച ശേഷം കൈമാറുന്ന രീതിയാണ് വാടക ഗർഭധാരണം .സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്.ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയെ സറഗേറ്റ് അമ്മ അഥവാ മറ്റമ്മ എന്നാണ് വിളിക്കുന്നത്.സറഗസിയിൽ ആ സൗകര്യം ഉപയോഗപ്പെടുത്തുന്ന ദന്പതികളുടെ തന്നെ അണ്ഡവും ബീജവും തമ്മിൽ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സിക്താണ്ഡത്തെ ഗർഭ പാത്രത്തിൽ പേറി പ്രസവിക്കുന്ന രീതിയാണിത്.അല്ലെങ്കിൽ ഗർഭപാത്രം നൽകുന്ന സത്രീയുടെ തന്നെ അണ്ഡം ദന്പതികളിൽ ഭർത്താവിന്റെ ബീജവുമായി സംയോജിപ്പിച്ച് സിക്താണ്ഡം സൃഷ്ടിച്ച് മറ്റമ്മയിൽ നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ചിലർ പരോപകാര തല്പരതയോടെ ഗർഭപാത്രം നൽകുന്പോൾ മറ്റു ചിലർ പ്രതിഫലം വാങ്ങിയും നൽകുന്നു.
ശാരീരീക വൈകല്യങ്ങളാൽ ഗർഭധാരണം അസാധ്യമായവർക്ക് സ്വന്തം രക്തത്തിലുള്ള കുഞ്ഞിനെ ലഭിക്കാനുള്ള സംവിധാനമായി മറ്റൊരു സ്ത്രീയെ ഉപയോഗിച്ചു കൊണ്ടായിരുന്നു വാടക ഗർഭപാത്രത്തിന്റെ തുടക്കം. ഇത് വിജയം വരിച്ചതോടെ ഉന്നതങ്ങളിലിരിക്കുന്നവരുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞു.വൈകല്യങ്ങളില്ലെങ്കിലും സമയക്കുറവും ജോലിയുമെല്ലാം കണ്ടുകൊണ്ട് ചില സ്ത്രീകൾ പ്രസവം കരാർ നൽകാനും തുടങ്ങി. പ്രസവം മൂലം ലീവെടുത്താൽ വൻതുക തന്നെ നഷ്ടമാകും. നേരെ മറിച്ച് ഒരു മാസത്തെ ശന്പളം മതി സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിനെ ലഭിക്കാൻ. ഗർഭധാരണം മൂലം ഉണ്ടാകുന്ന ഒരു പ്രയാസവും അറിയാതെ, പേറ്റുനോവറിയാതെ ക്രെഡിറ്റ് കാർഡുപയോഗിച്ച് കുഞ്ഞിനെ കരസ്ഥമാക്കുന്ന സംവിധാനം ആയി വാടക ഗർഭധാരണം മാറി.
2005 ൽ തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലായിരുന്നു കേരളത്തിലെ ആദ്യത്തെ വാടക ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞു പിറന്നത്.നാൽപ്പത് കഴിഞ്ഞ കൊച്ചി സ്വദേശികളായ ദന്പതികൾക്കായിരുന്നു പരീക്ഷണം. ഗർഭ പാത്രത്തകരാറുള്ള സ്ത്രീക്ക് വേണ്ടി പ്രസവിക്കാൻ മറ്റൊരു സ്ത്രീയെ കണ്ടെത്തി ദന്പതികളുടെ ബീജവും അണ്ഡവും ശേഖരിച്ച് ഭ്രൂണത്തെ വാടക മാതാവിൽ നിക്ഷേപിച്ചു.ആദ്യം പരാജയപ്പെട്ടെങ്കിലും പരീക്ഷണം പിന്നീട് വിജയിച്ചു.പ്രസവ ശേഷം യുവതി കുഞ്ഞിനെ ദന്പതിമാർക്ക് കൈമാറി.
എന്നാൽ കാലക്രമേണ ഏതു മേഖലകളിലെയും പോലെ തന്നെ വാടക ഗർഭധാരണത്തിലും ചൂഷണങ്ങൾ അനേകമായി. വാണിജ്യപരമായി അവ മാറിക്കൊണ്ടിരുന്നു.വാടകഗർഭത്തിൽ പിറന്ന അനേകം കുട്ടികൾ പിന്നീട് അനാഥരായിത്തീരേണ്ടിവന്നു.ഇത്തരമൊരു അവസ്ഥയിൽ തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കർശന നിയന്ത്രണങ്ങൾ കൂടി വരുന്നതായും രാജ്യം ഇതിനെതിരെ നിയന്ത്രണ ബിൽ കൊണ്ടുവരുന്നതിനും തീരുമാനിച്ചു.
2016ൽ വാടക ഗർഭധാരണ നിയന്ത്രണ ബിൽ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. കേന്ദ്രതലത്തിൽ ദേശീയ സറഗസി ബോർഡും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാന സറഗസി ബോർഡുകളും അനുയോജ്യമായ അഥോറിറ്റികളും രൂപീകരിച്ചുകൊണ്ട് രാജ്യത്ത് വാടക ഗർഭധാരണം നിയന്ത്രിക്കുന്നതിനായി ബിൽ പാസാക്കുകയും വാടക ഗർഭധാരണത്തിന് ഫലപ്രദമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു.വാണിജ്യപരമായ വാടക ഗർഭധാരണം നിരോധിക്കൽ വന്ധ്യരായ ദന്പതികൾക്ക് അവശ്യഘട്ടങ്ങളിൽ അനുവദിക്കാവുന്ന ധാർമ്മികമായ വാടക ഗർഭധാരണം എന്നിവ ബിൽ ഉറപ്പു നൽകുന്നു.ധാർമ്മികമായ വാടക ഗർഭധാരണം ആവശ്യമായ രാജ്യത്തെ വന്ധ്യരായ എല്ലാ ദന്പതിമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കൂടാതെ വാടക ഗർഭം ധരിക്കുന്ന മാതാവിന്റെയും അതിലുണ്ടാകുന്ന കുട്ടിയുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു. രാജ്യത്തെ വാടക ഗർഭധാരണ സേവനങ്ങൾ നിയന്ത്രിക്കപ്പെടും എന്നുള്ളതാണ് ഈ നിയത്തിന്റെ ഗുണങ്ങളിൽ പ്രധാനം. വാടക ഗർഭധാരണത്തിലൂടെ അമ്മമാരും കുഞ്ഞുങ്ങളും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയെ നിയമം ഇല്ലാതാക്കുന്നു. കുഞ്ഞുങ്ങളില്ലാത്ത ദന്പതിമാർക്ക് പ്രതീക്ഷയുടെ പുതിയൊരു പ്രകാശമാണ് വാടക ഗർഭ ധാരണം. എന്നിരുന്നാലും ഒരു ചോദ്യം ബാക്കിനിൽക്കുന്നു.ആരാണ് യഥാർഥ മാതാവ് .അണ്ഡം കൊടുത്തവളോ, ഗർഭ പാത്രം വാടകയ്ക്ക് നൽകിയവളോ. ഇങ്ങനെ ധാരാളം ചോദ്യങ്ങൾ വാടക ഗർഭധാരണത്തിൽ ഉയർന്നു വരുന്നു.വാടക ഗർഭപാത്രത്തിൽ നിന്നാണ് ഭ്രൂണം ശിശുവായിത്തീരുന്നതും വളർച്ചയുടെ എല്ലാ ഘട്ടങ്ങളും നടക്കുന്നതും. ഗർഭ ധാരണത്തിന്റെയും പ്രസവത്തിൻറെയും വേദനകൾ സഹിക്കുന്നതും വാടക മാതാവ് തന്ന.െ ചുരുക്കത്തിൽ തലമുറകളുടെ വംശ ബന്ധം ചോദ്യം ചെയ്യപ്പെടുകയാണിവിടെ.
കേരളത്തിലും വാടക ഗർഭധാരണം
കേരളത്തിലും വാടകയ്ക്ക് ഗർഭം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 25 ദന്പതികളാണ് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിച്ച് കുട്ടികളെ ജനിപ്പിച്ചത്. സംസ്ഥാനത്തെ ഒട്ടുമിക്ക വന്ധ്യതാചികിത്സാ കേന്ദ്രങ്ങളിലും വാടകയ്ക്ക് ഗർഭം ധരിക്കാനുള്ള ചികിത്സാ സൗകര്യങ്ങൾ നൽകുന്നതായാണ് റിപ്പോർട്ട്.
14 വർഷം മുന്പാണ് നിയമപരമായി വാടകയ്ക്ക് ഗർഭപാത്രം നൽകി കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന പതിവ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷന്റെ (ഐ.എസ്.എ.ആർ) കേരള ശാഖയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് പണം വാങ്ങി ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തുടക്കത്തിൽ വാടക ഗർഭപാത്രം സ്വീകരിക്കുന്നതിനോട് ദന്പതികൾ വിമുഖരായിരുന്നു. എന്നാൽ കാലക്രമേണ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. പല വന്ധ്യതാ ചികിത്സാ മാർഗങ്ങളും ചികിത്സിച്ച് പരാജയപ്പെട്ടവരാണ് വാടക ഗർഭപാത്രം ഉപയോഗിക്കാൻ മുന്നോട്ടു വരുന്നതെന്ന് കൊച്ചിയിലെ പ്രമുഖ ഡോക്ടർ പറഞ്ഞു.
2016-ലെ ദ സറോഗസി (റഗുലേഷൻ)ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് അഞ്ചു വർഷത്തിനിടയിൽ കുട്ടികളില്ലാത്ത ദന്പതിമാർക്ക് കച്ചവട താൽപര്യമില്ലാതെ വാടകയ്ക്ക് ഗർഭപാത്രം സ്വീകരിച്ച് പ്രത്യുൽപ്പാദനം നടത്താൻ അനുമതി നൽകുന്നുണ്ട്. അവിവാഹിതരായവർക്കും, ലിവിംഗ് ടുഗെതറായ ദന്പതികൾക്കും വാടകയ്ക്ക് ഗർഭപാത്രം നൽകുന്നതിന് നിരോധനമുണ്ട്. അതുപോലെ തന്നെ വിദേശികൾക്കും വാടക ഗർഭപാത്രം നൽകാൻ നിയമം അനുവദിക്കുന്നില്ല. 2017-ൽ മാത്രം സംസ്ഥാനത്ത് 25-ലധികം ദന്പതിമാർ വാടക ഗർഭപാത്രം സ്വീകരിച്ച് പ്രത്യുൽപ്പാദനം നടത്തിയതായി രേഖകൾ പറയുന്നു.
(തുടരും)
പ്രദീപ് ഗോപി