പൊടിപൊടിക്കുന്ന കച്ചവടം
Monday, December 16, 2019 2:27 PM IST
രാജീവ് മേനോൻ: എല്ലാ അമ്മമാരും ആനിയെ പോലാണോ?
മാഗി: അതെ കുഞ്ഞേ...
രാജീവ് മേനോൻ: ആനി മോനെ സ്നേഹിക്കുന്നതു പോലെ മാഗിക്കെന്നെ സ്നേഹിക്കാൻ പറ്റുമോ?
സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രം ദശരഥത്തിലെ ഏറെ വികാരരഭരിതമായ രംഗങ്ങളിൽ ഒന്നാണിത്. മോഹൻലാലിന്റെ കഥാപാത്രവും (രാജീവ് മേനോൻ) സുകുമാരി തകർത്തഭിനയിച്ച മാഗി എന്ന കഥാപാത്രവും വരുന്ന ഈ രംഗം ഇന്നും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞു പോയിട്ടില്ല. ഇന്നും ഒരു നൊന്പരക്കാഴ്ചയായി ആ രംഗം മലയാളികളുടെ മനസിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. മോഹൻലാൽ, രേഖ, മുരളി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എ.കെ. ലോഹിതദാസ് ആണ്.
ഭർത്താവ് ചന്ദ്രബോസിന്റെ(മുരളി) ചികിത്സയ്ക്കു വേണ്ടി ആനി(രേഖ) തന്റെ ഗർഭപാത്രം വാടകയ്ക്കു നൽകുന്നു. തനിക്കൊരു മകനെ വേണമെന്ന കോടീശ്വരനും അനാഥനുമായ രാജീവ് മേനോന്റെ നിരന്തരമായ ആവശ്യപ്രകാരമാണ് ഡോ. ഹമീദ് (സുകുമാരൻ) വാടക ഗർഭപാത്രമെന്ന ആശയത്തെക്കുറിച്ച് വിശദീകരിച്ച് കൊടുത്തത്. അങ്ങനെ ആനിയുടെ ഗർഭപാത്രം കടമായെടുക്കുന്നു. ഒടുവിൽ മകൻ പിറന്നു കഴിഞ്ഞപ്പോൾ കുഞ്ഞിനെ വിട്ടു നൽകാൻ ആനിയുടെ മാതൃത്വം അനുവദിക്കാതെ വരുന്പോഴുണ്ടാകുന്ന വികാരഭരിതമായ കാഴ്ചാനുഭവമാണ് ചിത്രം പ്രേക്ഷകർക്കു നൽകുന്നത്.
വാടക ഗർഭധാരണ നിയന്ത്രണ ബിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കേ രാജ്യതലസ്ഥാനമായ ഡൽഹിയിലും ഹരിയാന സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ഗർഭപാത്ര വിൽപ്പന പൊടിപൊടിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വൻതുക വാങ്ങി ഇടനിലക്കാർ മുഖേനയാണ് കച്ചവടമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളുടെ മാത്രം വാടക ഗർഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ സാധ്യമാണോ, വാടക ഗർഭ പാത്രം നൽകുന്ന അമ്മയ്ക്ക് പരിമിത ചികിത്സാ സഹായം മതിയോ എന്നീ നിർണായക ചോദ്യങ്ങളോടെയാണ് വാടക ഗർഭധാരണ നിയന്ത്രണ ബിൽ രാജ്യസഭ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിരിക്കുന്നത്. ബില്ലിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് കച്ചവടം ഇപ്പോഴും പൊടിപൊടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
പണം മുടക്കിയാൽ കുഞ്ഞിനെ നൽകാമെന്നാണ് ഇവിടത്തെ ഏജന്റുമാർ പറയുന്നത്. 18 ലക്ഷം രൂപയ്ക്ക് ബേബി പാക്കേജ് ലഭ്യമാകും. 25,000 അഡ്വാൻസ് ആയി നൽകണം, ആദ്യ ഗഡു ഒന്പത് ലക്ഷം. പാക്കേജിൽ പ്രസവത്തിന് ഒരുമാസം മുന്പുവരെയും പ്രസവശേഷം ഒരുമാസം വരെയും വാടക ഗർഭപാത്രം നൽകുന്ന അമ്മമാരെ തങ്ങളുടെ ഹോസ്റ്റലുകളിൽ സംരക്ഷിക്കുമെന്നും ഏജന്റുമാർ ഉറപ്പുനൽകുന്നു. ആറു ലക്ഷത്തിന്റെ പാക്കേജ് മുതൽ ലഭ്യമാണ്. പക്ഷേ പതിനെട്ട് ലക്ഷമുണ്ടെങ്കിൽ ഒന്നുമറിയേണ്ട, കുട്ടികളുമായി നാട്ടിലേക്ക് പറക്കാമെന്ന് ഏജന്റുമാർ പറയുന്നു. പലനിരക്ക് എന്താണെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ; വ്യത്യാസമെന്നുവച്ചാൽ ഗർഭപാത്രം വാടകയ്ക്കു നൽകുന്ന അമ്മമാർ നല്ല സുന്ദരികളായിരിക്കും. വിദ്യാസന്പന്നരായിരിക്കും. പഞ്ചാബി സുന്ദരികളായിരിക്കും.നിങ്ങൾക്ക് നല്ല കുട്ടികളെ കൊണ്ടുപോകാം. ഒപ്പം ഒരു നിയമപ്രശ്നങ്ങളുമുണ്ടാവില്ലെന്നും ഏജന്റുമാർ ഉറപ്പ് നൽകുന്നു .
എന്നാൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന അമ്മമാർക്ക് പരമാവധി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപ വരെയെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് വേണ്ടി പഠനം നടത്തിയ കൗണ്സിൽ ഫോർ സോഷ്യൽ ഡവലപ്മെൻറ് കണ്ടെത്തിയത്. ഇതിനുള്ള രണ്ടായിരത്തിലധികം അനധികൃത ക്ലിനിക്കുകൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി പാർലമെന്റിനെ അറിയിച്ചത്. ഇടനിലക്കാരുടെ കൊള്ള തടയാൻ നിയമമില്ലെന്നതാണ് അവരുടെ പിടിവള്ളി. പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള നൂറുകണക്കിന് അമ്മമാരാണിങ്ങനെ ഹരിയാനയിലെ അതിർത്തി സംസ്ഥാനമായ ഗുഡ്ഗാവിലെ സറോഗസി ഹോമുകളിൽ ജീവിക്കുന്നത്. ഒരുകുഞ്ഞിനെ പ്രസവിച്ച് നൽകിയാൽ ആ തുക കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കാണുന്നവരാണ് ഈ പാവങ്ങളിൽ പലരും.
ഇന്ത്യ ബേബി ഫാക്ടറിയല്ലെന്ന് അന്തരിച്ച മന്ത്രി സുഷുമാ സ്വരാജ് മുന്പൊരിക്കൽ വിദേശീയർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അന്യന്റെ ഗർഭം ചുമക്കാൻ നിലവിൽ പണമുള്ള ആർക്കും ഇന്ത്യയിൽ വാടകയ്ക്ക് സ്ത്രീകള കിട്ടുമായിരുന്നു. വാടക നല്കിയാൽ ഗർഭപാത്രം ആർക്കും എപ്പോഴും കിട്ടുന്ന രീതി ഇനി രാജ്യത്ത് ഉണ്ടാകില്ല. പൂർണമായി നിരോധിക്കാൻ നിർദ്ദേശം. അതുപോലെ വിദേശികൾ ഗർഭപാത്രവും സ്ത്രീകളേയും തേടി ഇനി ഇന്ത്യയിലേക്ക് വരേണ്ട. ഒരു വിദേശിക്ക് പോലും ഇന്ത്യയിൽ വാടക ഗർഭപാത്രം കിട്ടില്ല. ഇതും കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചു. കുട്ടികളില്ലാത്തവർക്കോ ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭധാരണം നടത്താൻ കഴിയാത്തവർക്കോ കൃത്രിമ ഗർഭധാരണത്തിന് അടുത്ത ബന്ധുക്കളുടെ സഹായം തേടാം.ഗർഭധാരണം നടത്തുന്ന ബന്ധുക്കൾക്കു ചികിൽസാ ചെലവുകൾ മാത്രമേ നൽകാവൂ. പരോപകാര വാടക ഗർഭധാരണം എന്നാണിതിനു പറയുന്നത്.സാന്പത്തിക നേട്ടത്തിനായിട്ടായിരിക്കരുതെന്നും സുഷമ സ്വരാജ് വ്യക്തമാക്കിയുരുന്നു.
വന്ധ്യതാ ചികിത്സയിലുണ്ടായ വലിയൊരു പുരോഗതിയാണ് വാടകഗർഭപാത്രം. കട്ടികളുണ്ടാകാൻ സാധ്യതയില്ലാത്ത ദന്പതികൾക്കുവേണ്ടി കുട്ടിക്ക് ജൻമം നൽകുകയെന്ന മഹദ്പ്രക്രിയയാണ് ഗർഭപാത്രം ദാനം ചെയ്യുന്നതിലൂടെ നടക്കുന്നത്. കരളും കിഡ്നിയും രക്തവുമെല്ലാം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻനിലനിർത്തുന്പോൾ ഗർഭപാത്രം നൽകുന്നതിലൂടെ ഒരുപുതുജീവനുണ്ടാകുന്നു. ഒരു കുടുംബത്തിന്റെ സന്തോഷം നിലനിർത്താനായി ഒരു കുഞ്ഞിനെ പ്രസവിക്കാൻ മറ്റൊരു സ്ത്രീ തയാറാകുന്നത് മഹത്തായ കാര്യമാണ്.
പാശ്ചാത്യരുടെ സന്താന ദുഃഖത്തിന് ഇന്ത്യൻ അമ്മമാർ പരിഹാരം നൽകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായുള്ളത്. വാടകയ്ക്ക് ഗർഭപാത്രം നൽകാൻ കൂടുതൽ സ്ത്രീകൾ രംഗത്ത് എത്തിയതോടെ അമേരിക്ക പോലെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യൻ അമ്മമാരിലായി കണ്ണ്.
ഇന്ത്യയിലെ ഓരോ വന്ധ്യതാ ചികിത്സാലയത്തിലും ഒരു ദിവസം വാടക അമ്മമാരുടെ ലഭ്യത തിരക്കി ശരാശരി 20 ഇ-മെയിലുകളാണ് ലഭിക്കുന്നത്. ഒരു കുട്ടിയെ ചുമന്ന് പ്രസവിക്കുന്നതിന് ചിലയിടങ്ങളിൽ പത്തു ലക്ഷം രൂപ വരെ ലഭിക്കുമെന്നതിനാൽ ഇടത്തരക്കാരായ ഇന്ത്യൻ ദന്പതികൾ പരസ്പര ധാരണയോടെ ഭാര്യയുടെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സംഭവങ്ങളും ഉണ്ട്. ഇത്തരക്കാർ ജീവിത സൗകര്യം വർദ്ധിക്കാനായി ഗർഭപാത്രം വാടകയ്ക്ക് നൽകുന്പോൾ ചേരിനിവാസികളായ അമ്മമാർ ജീവിതം കരുപ്പിടിപ്പിക്കാനായാണ് വാടക ഗർഭം ചുമക്കുന്നത്.
(തുടരും)
പ്രദീപ് ഗോപി