തലമുറകളുടെ നന്മക്കൂട്
Monday, December 9, 2019 12:23 PM IST
സംരക്ഷണ സമിതികള്‍ ആവശ്യത്തിലേറെയുള്ള നമ്മുടെ നാട്ടില്‍ നാട്ടറിവു സംരക്ഷണത്തിനു സംവിധാനങ്ങളില്ല. സര്‍ക്കാര്‍ തലത്തിലായാലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും തന്നെയില്ല. ശിശുമരണങ്ങളുടെ നിറംകെട്ട വാര്‍ത്തകള്‍ പുറത്തുവന്ന അട്ടപ്പാടിയില്‍ ഇതുവരെ സര്‍ക്കാരുകള്‍ ചെലവഴിച്ചത് ആയിരം കോടിയോളം രൂപയാണ്. പക്ഷെ തുടങ്ങിയിടത്തു തന്നെ നില്ക്കുന്നു അട്ടപ്പാടിയുടെ ഇല്ലായ്മക്കഥകള്‍. പുതിയ പദ്ധതി ഫയലുകളും സിമന്റിന് കെട്ടിടങ്ങളും കെട്ടിപ്പടുത്തതല്ലാതെ ആദിവാസികള്‍ ഇന്നും പഴയിടത്തു തന്നെ. കാടിന്റെ, ആദിവാസികളുടെ അറിവുകള്‍ കടമെടുക്കാന്‍ മടിച്ച ഉദ്യോഗസ്ഥര്‍ പദ്ധതികളെല്ലാം അട്ടിമറിച്ചു. കാടറിവില് വിശപ്പടക്കിയിരുന്ന അവരുടെ ശീലങ്ങളെല്ലാം റേഷനരിയിലേക്കും മദ്യത്തിലേക്കും മാറ്റിമറിക്കപ്പെട്ടു. നമ്മുടെ അറിവുകള്‍ അവരിലേക്ക് കെട്ടിവച്ചപ്പോള്‍ ഇല്ലാതായത് അവരുടെ പാരമ്പര്യ അറിവുകളും ജീവിതോപാധിയും കൂടിയാണ്. ഇനിയെങ്കിലും തിരിച്ചറിവുണ്ടാകണം. ആദിവാസികള്‍ക്ക് അവരുടേതായ രീതികളുണ്ട്. ആദിവാസിത്തനിമ നിലനിര്‍ത്തേണ്ടത് അവരുടെ കുലത്തിന്റെ ആവശ്യമാണെന്നു നാം തിരിച്ചറിയണം. എല്ലാവരെയും കാടിറക്കിവിട്ട് സംരക്ഷിച്ചെടുക്കാനാകും എന്ന വ്യാമോഹം ഭരണാധികാരികള്‍ തിരിച്ചറിയേണ്ടതാണ്.
പാഴ്ജന്മങ്ങളാകുന്ന ബില്ലുകള്‍
ഭരണകര്‍ത്താക്കളുടെ മുന്കാഴ്ച്ചയില്ലായ്മ നാട്ടറിവു സംരക്ഷണത്തിനു തിരിച്ചടിയാകുന്ന സ്ഥിതിവിശേഷമുണ്ട്. എല്ലാറ്റിനും ശാസ്ത്രീയത തേടുന്നവരുടെ ഇടയില്‍ പഴമയ്ക്കും പൈതൃകത്തിനും സ്ഥാനമുണ്ടാകുന്നില്ല. കച്ചവടവത്കരണത്തിന്റെ പിടിയില്‍ ലോകം കടന്നുപോകുമ്പോള്‍ ശാസ്ത്രീയതയെന്ന മറയൊരുക്കുകയാണ് എല്ലാറ്റിനും. 2016 ല്‍ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു സ്വകാര്യബില്ലിനു വലിയ ആയുസൊന്നുമുണ്ടായില്ല. ഇന്ത്യയുടെ നാട്ടറിവു സംരക്ഷണം, പുനഃസ്ഥാപനം, വികസനം എന്നിവ കാംക്ഷിച്ചായിരുന്നു അന്ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. ചര്‍ച്ചയ്ക്കു പോലും ഇടനല്‍കാതെ ബില്‍ തള്ളിക്കളയുകയും ചെയ്തതു നാട്ടറിവു സംരക്ഷകര്‍ ഞെട്ടലോടെയാണ് നിരീക്ഷിച്ചത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സമൂഹം ജനങ്ങളുടെ സ്വന്തം പൈതൃക സംരക്ഷണത്തിനു വിലകൊടുത്തില്ല എന്നാണ് അന്നു പറഞ്ഞുകേട്ടത്.
അറിവുകൾ അഴകാകണം
ആയുർവേദം, നാട്ടറിവുകൾ, ചില ഗോത്ര വിഭാഗങ്ങൾക്കിടയിൽ തുടർന്ന് വരുന്ന ചികിത്സാരീതികൾ തുടങ്ങി ആരോഗ്യമേഖലയിൽ സന്പന്നമായ ഒരു പാരന്പര്യം ഇന്ത്യക്ക് സ്വന്തമാണ്.
മരുന്ന് നിർമാതാക്കളുടേയും ചികിത്സ കച്ചവടമാക്കിയവരുടേയും തന്ത്രങ്ങൾ അരങ്ങ് തകർത്ത് ആടുകയാണെങ്കിലും അനുഭവ സന്പത്തിന്റെ വെളിച്ചത്തിൽ പാരന്പര്യ ചികിത്സാരീതികളെ പുനർവിശകലനം ചെയ്യാനും അറിവ് പുതുക്കാനും ഉള്ള ശ്രമങ്ങൾ ശരിയായ രീതിയിൽ ഉണ്ടാകേണ്ടിയിരിക്കൂന്നു.
അലോപ്പതി എന്നറിയപ്പെടുന്ന ആധുനിക വൈദ്യം, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ ചികിത്സാരീതികളിലെല്ലാം ജനങ്ങൾക്ക് വിശ്വാസമുണ്ട്. എല്ലാ വിഭാഗങ്ങളിലെ ഡോക്ടർമാരേയും ജനങ്ങൾ കാണാറുമുണ്ട്. അതുകൊണ്ട്, പ്രോത്സാഹനം കൊടുക്കുന്ന കാര്യത്തിൽ എല്ലാ വൈദ്യശാസ്ത്ര ശാഖകൾക്കും തുല്യ പ്രാധാന്യം കൊടുക്കേണ്ടതാണ്. ഒപ്പം, ആരോഗ്യ സംരക്ഷണം, ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ എല്ലാ വൈദ്യശാസ്ത്ര ശാഖകളുടേയും കാര്യക്ഷമത, ഒൗഷധങ്ങളുടെ ഗുണനിലവാരം, ചികിത്സാനന്തര ദൂഷ്യഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത എന്നീ മേഖലകളിൽ എത്രയും വേഗം ഗവേഷണങ്ങളും പഠനങ്ങളും ആരംഭിക്കുകയും വേണം. അനാവശ്യമെന്ന് കരുതുന്നതും ചികിത്സാനന്തര ദൂഷ്യഫലങ്ങളുടെ കാര്യത്തിൽ സംശയിക്കപ്പെടുന്നതുമായ മരുന്നുകളുടെ കാര്യം ആദ്യം പഠനവിധേയമാക്കണം.രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനു നമ്മുടെ നാട്ടിൽ തറക്കല്ലിട്ടു കഴിഞ്ഞു. നാട്ടറിവു സംരക്ഷണത്തിന് ഇതു തുണയാകുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്.
ശാസ്ത്രം ജയിച്ചു, നാട്ടറിവു തോറ്റു
നാട്ടറിവിന്റെ ശാസ്ത്രീയത എന്നും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ ചെയ്തികള്‍ നാളത്തെ ശാസ്ത്രമാകാം എന്നു പഴമൊഴിയുണ്ടെങ്കിലും നാട്ടറിവിന് ഇതു ബാധകമായിട്ടില്ല. അതിനെയും കവച്ചുവച്ച് പുതുതലങ്ങളിലേക്കു സഞ്ചരിക്കുകയാണ് ശാസ്ത്രം. നാട്ടറിവു ശരിയല്ല എന്നു ശാസ്ത്രം പറഞ്ഞിട്ടില്ല. നമ്മുടെ കൃഷിയറിവുകള്‍ തലമുറകള്‍ പാടത്തിറങ്ങി കൃഷി ചെയ്തതിന്റെ അറിവുസാക്ഷ്യങ്ങളാണ്. പക്ഷെ സര്‍ക്കാരുകള്‍ ഇന്നും പ്രോത്സാഹിപ്പിക്കുന്നത് കാര്‍ഷിക സര്‍വകലാശാലകളുടെ ക്ലാസ് മുറികളിലെ അറിവുകളെ മാത്രമാണ്. എല്ലാ ചികിത്സാ രീതികളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആരോഗ്യസംരക്ഷണ ചികിത്സാ സമ്പ്രദായത്തിനു വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച കേരളത്തിന്റെ ആരോഗ്യസര്‍വകലാശാലയില്‍ പോലും നാട്ടറിവുകള്‍ക്ക് ഇടമില്ല. അറിവില്‍ നിന്ന് രൂപം കൊള്ളുന്നതാണ് ഏതൊരു ചികിത്സാരീതിയും. അറിവിനെ തഴഞ്ഞ് ചികിത്സാരീതികളെ മാത്രം അവലംബിക്കുമ്പോള്‍ അറിവുകള്‍ ഇല്ലാതാകുന്നു. ആരോഗ്യസര്‍വകലാശാല മുന്‍കൈയെടുക്കുകയാണെങ്കില്‍ മെഡിക്കല്‍ സിലബസില്‍ അതിനിടം കൊടുക്കുകയാണെങ്കില്‍ നാട്ടറിവുകളെ ഒരുപരിധിവരെ സംരക്ഷിക്കാനാകും.
ഇതൊരു മഞ്ഞുമല..!
നാട്ടറിവുകള്‍ സംഹരിക്കപ്പെടാതിരിക്കട്ടെ.. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന് മനസില്‍....നാട്ടറിവുകളും അങ്ങനെയാണ്... ഡിജിറ്റല്‍ കാലത്തെ വാട്സാപ്പ് ഭാഷയില്‍ പറയുകയാണെങ്കില്‍ കോപ്പി പേസ്റ്റ് ഷെയര്‍ എന്നതായിരിക്കണം നാട്ടറിവുകളെ സംബന്ധിച്ച് ഇനി ചെയ്യേണ്ടത്. എന്തിനും ഏതിനും റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കപ്പെടുന്ന ചാനലുകള്‍ നാട്ടറിവ് റിയാലിറ്റി ഷോ വഴി അറിവുകള്‍ ഷെയര്‍ ചെയ്യാന്‍ തയ്യാറാകട്ടെ..
നാട്ടറിവുകള്‍ പൊതു സമൂഹത്തിനു സമ്മാനിക്കുന്നതു വിലമതിക്കാനാകാത്ത പലതുമാണ്. ഒരു മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമേ പുറത്തുകാണുകയുള്ളു എന്നു പറയുംപോലെ പൈതൃകവും ജൈവ വൈവിധ്യവുമെല്ലാം ഇതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രം. പരസ്പര പൂരകമാണ് ലോകത്തിലെ ഓരോന്നും എന്ന് പറഞ്ഞുവച്ചത് നാട്ടറിവുകളാണ്. ഒന്നില്ലാതെ മറ്റൊന്നില്ല എന്നു പറയുന്നതുപോലും നാട്ടറിവാണ്. ഓർക്കുക...തലമുറകളുടെ ഈ സുകൃതത്തെ സംരക്ഷിക്കേണ്ടതു നാം ഓരോരുത്തരുടെയും കടമയാണ്.
അറിയപ്പെടുന്ന മൃതസഞ്ജീവനി
മൃതസഞ്ജീവനി അഥവാ ’സഞ്ജീവനി’ ഒരു ഒൗഷധസസ്യമാണ്. ’സെലാജിനെല്ല ബ്രയോപ്ടെറിസ്’ എന്ന സസ്യനാമത്തിലറിയപ്പെടുന്ന ചെടിയാണ് സഞ്ജീവനിയായി കണക്കാക്കിവരുന്നത്. കോശവളർച്ച ത്വരിതപ്പെടുത്താനുള്ള കഴിവ് ഇതിനുണ്ടെന്നാണ് അനുമാനം. അമിതസമ്മർദത്താൽ നശിച്ചുപോകുന്ന കോശങ്ങളെ അതിൽനിന്ന് പ്രതിരോധിക്കാൻ ഇത് സഹായിക്കും.
അൾട്രാവയലറ്റ് രശ്മികളും താപവികിരണവുമൊക്കെ കോശങ്ങളെ നശിപ്പിക്കുന്നത് തടയാനും ഇതിന് കഴിവുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മലനിരകളിലാണ് മൃതസഞ്ജീവനി വളരുന്നത്. ബയോഫ്ലേവനോയിഡ്’ എന്നുപേരായ ജൈവസംയുക്തങ്ങളാണ് ചെടിയുടെ കാതൽ. പരന്പരാഗതമായി ഇത് മുറിവുണക്കാനും ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാനും മൂത്രതടസ്സം ക്രമീകരിക്കാനും ആന്തരികക്ഷതങ്ങൾക്കുമെല്ലാം ഉപയോഗിച്ചിരുന്നു. ഇത് ഒരേസമയം അണുനാശകവും നിരോക്സീകാരകവും അർബുദപ്രതിരോധകവുമൊക്കെയാണെന്നും വിലയിരുത്തപ്പെടുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്നാട്, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് കൂടുതൽ വളരുന്നു.
പുരാണത്തിലെ മൃതസഞ്ജീവനിയാണ് ഇതെന്നു വ്യാഖ്യാനങ്ങൾ ഇല്ലെങ്കിലും പൊതുവെ അംഗീകരിക്കപ്പെടുന്നതും ഇതുതന്നെയാണ്. രാമായണകഥയിലെ മൃതസഞ്ജീവനി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉത്തരാഖണ്ഡ് സർക്കാർ. പദ്ധതിക്കായി 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നാല് ആയുർവേദ വിദഗ്ധർ അടങ്ങുന്ന സംഘമാണ് ദ്രോണ മലനിരകളിൽ മൃതസഞ്ജീവനിയ്ക്കായി തിരച്ചിൽ നടത്തുക. ഡെറാഡൂണിന് 400 കിലോമീറ്റർ അകലെ ചമോലി ജില്ലയിലാണ് ദ്രോണ മലനിരകൾ.
പറയാൻ ഇനി ഭാഷകളുമില്ല...
നശിക്കപ്പെടുന്ന തലമുറകളുടെ അറിവുകളില്‍ ഭാഷകളും ഉള്‍പ്പെടും. 1961ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍1,652 ഭാഷകളാണുണ്ടായിരുന്നത്. എന്നാല്‍ 1971 ആയപ്പോഴേയ്ക്കും ഭാഷകളുടെ വൈവിധ്യം 808 ആയി കുറഞ്ഞു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍ 220 ഭാഷകള്‍ അപ്രത്യക്ഷമായി. ഇതിന് പുറമെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷകളുടെ പട്ടികയില്‍ 197 എണ്ണം കൂടെ ഉള്‍പ്പെടുന്നുവെന്ന് പീപ്പിള്‍സ് ലിംഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യയുടെ 2013ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഇന്ത്യ അംഗീകരിച്ചിട്ടുള്ളത് 122 ഭാഷകളാണ്. പീപ്പിള്‍സ് ലിംഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരമുളള 780 ഭാഷകളേക്കാള്‍ വളരെ കുറവാണ് ഈ സംഖ്യ. ഈ വലിയ വ്യത്യാസത്തിന് കാരണം 10,000 പേരെങ്കിലും സംസാരിക്കാത്ത ഭാഷയെ ഇന്ത്യൻ ഭാഷയായി അംഗീകരിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടാണ്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന 197 ഭാഷകളില്‍ 'ബോറോ', 'മെയ്തെയി' എന്നീ രണ്ട് ഭാഷകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ഔദ്യോഗിക അംഗീകാരമുളളത്. ലിഖിത രൂപം ഉണ്ടെന്നുളളതിനാണ് ഈ? രണ്ട് ഭാഷകള്‍ക്കും ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
ഒരു ഭാഷ നഷ്ടപ്പെടുമ്പോള്‍ നഷ്ടമാകുന്നത് ഒരു ലോകമാണ് , ഭാഷ പ്രതിനിധാനം ചെയ്യുന്ന സംസ്കാരവും അതില്‍ ഉള്‍പ്പെട്ട ഐതിഹ്യങ്ങളും ആചാരങ്ങളും ഒക്കെത്തന്നെ നഷ്ടമാകുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ ജൈവികത നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ് ഭാഷകളുടെയും ഭാഷാഭേദങ്ങളുടെയും സംരക്ഷണം, പ്രത്യേകിച്ചും മരണാസന്നമായ ഭാഷകളുടെ കാര്യത്തില്‍. കുറച്ചു പേര് മാത്രം സംസാരിക്കുന്ന ഭാഷയാണെന്ന് കരുതി അവഗണിക്കാന്‍ പാടില്ല.
(അവസാനിച്ചു)