ഇവർ ജീവിക്കുന്ന ലൈബ്രറികൾ
Friday, December 6, 2019 2:05 PM IST
തലമുതിർന്ന ഒരാൾ ജീവിതത്തിൽ നിന്നു
വിടപറയുന്പോൾ ലോകത്തിനു നഷ്ട
മാകുന്നത് വലിയൊരു ലൈബ്രറിയാണ്.
-ആഫ്രിക്കൻ പഴഞ്ചൊല്ല്
കാടറിയണമെങ്കില് കാട്ടില്‍തന്നെ പോകണം. ഇനിയും അറിയാത്ത അറിവുകള്‍ ഒളിപ്പിച്ചിരിക്കുന്ന പ്രകൃതിയുടെ സങ്കേതമാണ് കാടുകള്‍. ഇവിടെ കണ്ടറിഞ്ഞതു കാട്ടറിവുകളെങ്കില് ഇനിയും ഉറങ്ങിക്കിടക്കുന്നവയെ എന്തു പറയും..? വനസംരക്ഷണവും ജൈവ വൈവിധ്യ സംരക്ഷണവും മനുഷ്യന്റെ ഇന്‍ക്വിലാബ് വിളികളായി മാറുന്ന കാലഘട്ടത്തിലും കാടറിവുകളെ പലര്‍ക്കും പേടിയാണ്. മരുന്നുകളുടെ ഈ കലവറയെ സ്വായത്തമാക്കാന്‍ ഒരു ആയുഷ്കാലം മതിയാകുമോ..?
കാടറിവിനും നാട്ടുവൈദ്യത്തിനും അടുത്തിടെ ലഭിച്ച ആദരം നാട്ടറിവുകൾക്കുള്ള അംഗീകാരം കൂടിയാണ്. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് തിരുവനന്തപുരം വിതുര മൊട്ടമൂടുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയെന്ന വനമുത്തശ്ശിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. കാണി വിഭാഗക്കാരിയായ ഈ എഴുപത്തിനാലുകാരി കഴിഞ്ഞ 40 വർഷമായി പാരന്പര്യ വിഷ ചികിത്സ മേഖലയിൽ പ്രവർത്തിക്കുന്നു. കൂടാതെ നാട്ടറിവുകളുടെയും കാടറിവുകളുടെയും ഒരു അമൂല്യ ശേഖരം കൂടിയാണ് ആദിവാസി അമ്മൂമ്മ. കുടിലിന് ചുറ്റും അവർ നട്ട് വളർത്തുന്ന പച്ചമരുന്നുകളാണ് അവർക്ക് കൂട്ട്. ഒരു കാലത്ത് കാടിന്റെ കാവലാളായിരുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പ്രതിനിധിയായ ഈ അമ്മ കാടും കാട്ടറിവുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തെ നിസഹായതയോടെയാണ് നോക്കിക്കാണുന്നത്.
എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ലക്ഷ്മിക്കുട്ടിയമ്മ കഴിഞ്ഞ നാൽപ്പത്തിമൂന്നു വർഷമായി പാരന്പര്യ വിഷ ചികിത്സകയാണ്. 150 ലധികം ഒൗഷധ സസ്യങ്ങൾ സ്വന്തം തൊടിയിൽ വളർത്തുന്ന ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് അറിയാത്ത പച്ച മരുന്നുകൾ കുറവാണ്. അഞ്ഞൂറിലധികം പച്ച മരുന്നുകളെ കുറിച്ച് ഈ അമ്മയ്ക്ക് അറിയാം.
അറിവുകൾ പഠിക്കാൻ വേണ്ടി സ്വദേശികളും വിദേശികളുമായി നിരവധി പേർ ലക്ഷ്മിക്കുട്ടിയമ്മയെ തേടി എത്തുന്നു. കേരള യൂണിവേഴ്സിറ്റിയടക്കം പല കോളജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരന്പര്യത്തെ കുറിച്ചും സെമിനാറുകൾക്കും ക്ലാസ്സുകൾക്കുമായി കേരളത്തിലെന്പാടും തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും ലക്ഷ്മിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്.
1999 ൽ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സർക്കാർ വൈദ്യരത്ന അവാർഡ് നല്കി ആദരിച്ചു. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, ജൈവ വൈവിധ്യബോർഡ്, അന്തർ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിയെ ഇതിനോടകം ആദരിച്ചു കഴിഞ്ഞു. കവി കൂടിയായ ലക്ഷ്മിക്കുട്ടി നാട്ടിലെ കവിയരങ്ങുകളിലെ നിത്യ സാന്നിദ്ധ്യമാണ്.
മണ്മറയുന്ന ആദിവാസി അറിവുകൾ
കേരളത്തിലെ ആദിവാസികൾക്ക് പരന്പരാഗതമായി കൈമാറി കിട്ടിയതാണെന്ന് അഭിമാനിക്കപ്പെട്ടിരുന്ന അമൂല്യമായ പല അറിവുകളും നഷ്ടമാകുന്നതായി പഠന റിപ്പോർട്ട്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂയൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയിലെ സി.വി. രാമൻ ലബോറട്ടറി ഓഫ് ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സാണ് പഠനം നടത്തിയത്.
വയനാട്ടിലെ കുറിച്യർ, കാട്ടുനായ്ക്കർ, നിലന്പൂരിലെ ചോലനായ്ക്കർ, പണിയർ, പാലക്കാട്ടെ ഇരുളർ, കുറുന്പർ, കൊല്ലത്തെ കാണിക്കാർ, മലന്പണ്ടാരം എന്നീ വിഭാഗങ്ങളെയാണ് പഠനവിധേയമാക്കിയത്. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിൽ വസിക്കുന്ന ഗോത്രവിഭാഗങ്ങളെന്ന നിലയിലാണ് പഠനം നടത്തിയത്. ഇവയിൽ പകുതിയിലേറെ കൈമോശം വന്നത് കുറുന്പ, കുറിച്യ വിഭാഗങ്ങൾക്കാണ്. 33 ശതമാനം നഷ്ടമുണ്ടായത് ചോലനായ്ക്കർ, മലന്പണ്ടാരം വിഭാഗങ്ങളിൽ. കാണി, കാട്ടുനായ്ക്കർ ഗോത്രങ്ങൾക്ക് 40-45 ശതമാനം വിജ്ഞാനനഷ്ടം സംഭവിച്ചു. പഠനം നടത്തിയ ഗോത്രവിഭാഗങ്ങളിൽ പാരന്പര്യാർജിത വിജ്ഞാനം മുൻപും ഇപ്പോഴും ഏറ്റവും ചെറിയ അളവിൽ ഉള്ളത് മലന്പണ്ടാരം വിഭാഗത്തിനാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. നേരത്തെ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആദിവാസികളുടെ പരന്പരാഗത നാട്ടറിവുകൾ പുതിയ യുഗത്തിലേക്ക് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അട്ടപ്പാടി അടക്കമുള്ള പ്രദേശങ്ങളിലെ ഉൗരുകളെ ഇതിനായി തീരുമാനിച്ചിരുന്നെങ്കിലും പ്രകടമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല.
ദേശത്തിന്റെ അറിവും ആയുർവേദവും
ആയുര്‍വേദവും നാട്ടറിവും ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും രണ്ടും രണ്ടാണ്; നാട്ടറിവിന്റെ പുരാതന രൂപമായി ആയുര്‍വേദത്തെ വിലയിരുത്താമെങ്കിലും. വളരെ മുന്നോട്ടുപോയ ശാസ്ത്രീയവശം കൂടിയാണിത്. ഒരു ദേശത്തെ അറിവായി മാത്രം വളര്‍ന്ന നാട്ടറിവുകള്‍ ലിഖിത രൂപത്തിലോ അല്ലാതെയോ അനുഭവജ്ഞാനത്തിന്റെയും അന്നു നിലവിലുള്ള സാങ്കേതിക സൗകര്യങ്ങളുടെയും പശ്ചാത്തലത്തില്‍ വികസിക്കപ്പെട്ടതാണ് ആയുര്‍വേദം. ഇതിനു പിന്നാമ്പുറങ്ങളും ശക്തമായ അടിത്തറയുമുണ്ട്. മരുന്നുകളുടെ ചേരുവകളില്‍ പലപ്പോഴും സാമ്യം തോന്നാമെങ്കിലും പ്രാദേശിക സൗകര്യങ്ങള്‍ തന്നെയായിരുന്നു നാട്ടറിവുകളുടെ അടിസ്ഥാനം.
രഹസ്യക്കൂട്ടുകളുടെ നാട്ടുവൈദ്യം
പ്രകൃതിയ്ക്കൊപ്പം നിന്ന പരമ്പരാഗത ചികിത്സാരീതിയാണ് നാട്ടുവൈദ്യം. അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതമായതും നാട്ടറിവുകളും പരന്പരാഗത രീതികളും സമന്വയിപ്പിച്ച ചികിത്സാരീതി. തലമുറകളില്‍നിന്നു തലമുറകളിലേക്കു വായ്മൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ട രഹസ്യവിധികളാണ് നാട്ടുവൈദ്യത്തിന്റെ കാതല്‍.
നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒറ്റമൂലി പ്രയോഗവും മറ്റും നാട്ടുവൈദ്യത്തിന്റെ വഴികളാണ്. ശാസ്ത്രീയവൈദ്യത്തിലേക്ക് സ്വാംശീകരിക്കാന്‍ കഴിയുന്ന ധാരാളം അറിവുകള്‍ നാട്ടുവൈദ്യങ്ങളില് നിന്നും ലഭിക്കുന്നുണ്ട്. അജ്ഞത മൂലവും, എഴുതിസൂക്ഷിക്കുന്ന പതിവ് കുറവായിരുന്നതിനാലും കൈമാറാനുള്ള വിമുഖത മൂലവും നാട്ടുവൈദ്യത്തിലെ പല അറിവുകളും നഷ്ടമായിട്ടുമുണ്ട്. വീട്ടുമുറ്റത്തും പറന്പിലും നാട്ടുവഴികളിലും ലഭ്യമായ പച്ചിലകള്‍ കൊണ്ടും മൂലികകള്‍കൊണ്ടും പല രോഗങ്ങളും ചികിത്സിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന അറിവ് നമുക്ക് തന്നത് നാട്ടുവൈദ്യന്മാരാണ്.
നാട്ടുവൈദ്യത്തില്‍ പ്രാദേശികഭേദങ്ങള്‍ വളരെ കൂടുതലായിരിക്കും. ഒരേ നാട്ടില്‍ത്തന്നെ രണ്ടുപേര്‍ ഉപയോഗിക്കുന്ന രീതികള്‍ രണ്ടുതരമായിരിക്കും. അതതു സ്ഥലങ്ങളില്‍ എളുപ്പത്തിലും ചെലവുകുറവായും ലഭ്യമാകുന്ന സാമഗ്രികള്‍ ആയിരിക്കും ചികിത്സാര്‍ഥം ഉപയോഗിക്കപ്പെടുക എന്നതാണ്. എല്ലാരാജ്യത്തും നാട്ടുവൈദ്യത്തില്‍, സസ്യങ്ങള്‍ക്കും സസ്യഭാഗങ്ങള്‍ക്കും ഇത്ര പ്രാധാന്യം ലഭിക്കാനിടയാകുന്നത് ഇതിനാലാണ്.
ഭാരതത്തില്‍ വിഷചികിത്സ, ബാലചികിത്സ, മര്‍മചികിത്സ, നാഡീചികിത്സ തുടങ്ങിയ ചികിത്സാമുറകളിലൊക്കെത്തന്നെ ആയുര്‍വേദത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കൊപ്പം നാടന്‍ തനിമകളുടെയും നാട്ടുവിജ്ഞാനീയത്തിന്റെയും സങ്കേതങ്ങള്‍കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രകൃതിയുടെ നാനോ ടെക്നോളജി
ഒറ്റമൂലികൾ നമ്മുടെ നാടിന്റെ നാട്ടറിവുകളാണ്. പണ്ടുകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു കേരളീയർ. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും എന്നാൽ ഒൗഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.നമ്മുടെ വീട്ടുമുറ്റത്തും പറന്പിലുമെല്ലാം ഒൗഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഒൗഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. അല്പം മെനക്കെട്ടാൽ ഈ അറിവുകൾ നമുക്കും സ്വന്തമാക്കാം.ഇന്നത്തെ പുതു തലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താത്പര്യമുള്ളവർക്ക് ഉപയോഗപ്രദമാണ്.
നാട്ടറിവും ഫാര്‍മക്കോളജിയും
എട്ടു പഴുത്ത പ്ലാവില ഞെട്ടും അതേ വലിപ്പത്തിലുള്ള എട്ടു പച്ച ഈര്ക്കിലിക്കഷണവും തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കുട്ടികളുടെ രാപ്പനി മാറും. പക്ഷെ ഇതെങ്ങനെ സാധിക്കുന്നു എന്നതിന്റെ നാട്ടറിവു വിശദീകരണമില്ല. അതിനു നാം ഫാർമക്കോളജിയെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മരുന്നുകളുടെ പ്രവര്‍ത്തനം പഠിയ്ക്കുന്ന ശാസ്ത്രശാഖയാണ് ഫാര്‍മക്കോളജി. ജീവികളില്‍ മരുന്നിലെ രാസപദാര്ഥങ്ങളുണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനവും മാറ്റങ്ങളുമാണ് ഇതിന്റെ അടിസ്ഥാന തത്ത്വം.
ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ഔഷധങ്ങളെ തരംതിരിക്കാം. പ്രകൃതിയില്‍ നിന്നും ലഭിക്കുന്നത്, രാസോത്പാദനത്തിലൂടെ നിര്‍മിക്കുന്നത്, ജന്തുക്കളില്‍ നിന്ന് ലഭിക്കുന്നത്, സൂക്ഷ്മജീവികളില്‍ നിന്നും ഉണ്ടാകുന്നത്. ജൈവസാങ്കേതിവിദ്യയിലൂടെയും ആണവ വസ്തുക്കളിലൂടെയും ഉണ്ടാകുന്നത് എന്നിങ്ങനെ തരംതിരിക്കാം. പുരാതനകാലത്ത് ചെടികളും ചെടികളില്‍ നിന്നെടുക്കുന്ന വസ്തുക്കളും പലതരം രോഗങ്ങള്‍ക്കും ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നുവെന്ന് അനുമാനിക്കാം.
ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥമായ കാഹുന് ഗൈനക്കോളജിക്കല്‍ പ്രാക്റ്റീസ് എന്ന പാപ്പിറസ് ചുരുള്‍ ബി.സി. 1800-ല്‍ നിന്നുള്ളതാണ്. രോഗാണുബാധയ്ക്ക് തേന്‍ പ്രതിവിധിയായി ഉപയോഗിക്കുന്നതിനെപ്പറ്റി ഈ ചുരുളിലും മറ്റ് ഈജിപ്ഷ്യന്‍ ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ക്രിസ്തുവിനു മുന്‍പ് രണ്ടാം സഹസ്രാബ്ദത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്നു കരുതുന്ന അഥര്‍വവേദമാണ് ആദ്യത്തെ വൈദ്യശാസ്ത്രവിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥം. രോഗങ്ങളെ ചികിത്സിക്കാന്‍ സസ്യങ്ങളില്‍ നിന്നെടുക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം പുരാതന നാട്ടുവൈദ്യചികിത്സാസമ്പ്രദായങ്ങളില് നിന്ന് ഉരുത്തിരിഞ്ഞതാണെന്നും ഇതിലൂടെ വ്യക്തമാകുന്നു. ഫാര്‍മസിയുടെ അടിസ്ഥാനം തന്നെ നാട്ടറിവുകളില്‍ നിന്ന് ഉടലെടുത്തതാണ് എന്ന് സമ്മതിച്ചേ മതിയാകൂ. പപ്പായ ഇല പിഴിഞ്ഞുകഴിച്ചാല് ഡെങ്കിപ്പനിക്കു ശമനം എന്ന വാര്‍ത്തകള്‍ നാം അടുത്തിടെ വായിച്ചതാണ്. ഇതു ശരീരത്തിലുണ്ടാക്കുന്ന രാസപ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തിരിച്ചറിവുകള്‍ പകരുന്നിടത്താണ് ശാസ്ത്രത്തിന്റെയും നാട്ടറിവുകളുടെയും വിജയം. പക്ഷെ ഇതെത്രത്തോളം എന്ന ചോദ്യവും അവശേഷിക്കുന്നു.