നാട്ടറിവുകൾ മനുഷ്യാവകാശം...?
Friday, December 6, 2019 12:44 PM IST
അറിവ് അവകാശം കൂടിയാണ്. അങ്ങനെയെങ്കില്‍ മുന്‍ തലമുറയുടെ അറിവുപകര്ച്ച മനുഷ്യാവകാശം കൂടിയാകണം. മനുഷ്യകുലത്തിന്റെ ഈ അറിവടയാളങ്ങള്‍ ആരുമറിയാതെ ഇല്ലാതാകുന്നതു മനുഷ്യാവകാശ ലംഘനമാണ്.
തലമുറകളുടെ പുണ്യമായ നാട്ടറിവുകൾ മനുഷ്യാവകാശം കൂടിയാണെന്ന വിലയിരുത്തലുകൾ അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കർഷകന്റെ അറിവുകൾ പ്രയോജനപ്പെടുത്തണമെന്നു തൃശൂരിലെ സിറ്റിംഗിനിടെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കൃഷിനാട്ടറിവുകൾ സംബന്ധിച്ച 26 പുസ്തകങ്ങൾ രചിച്ച കുന്നംകുളം മരത്താംകര താന്നിക്കൽവീട്ടിൽ പോൾസണ്‍ താമിന് അനുകൂലമായിട്ടായിരുന്നു വിധി. കാർഷിക മേഖലയിൽ ദേശീയ-സംസ്ഥാന അവാർഡുകൾക്ക് അർഹനായ കർഷകന്റെ നാട്ടറിവുകളും കണ്ടെത്തലുകളും കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ബ്ലോക്ക് തല പരിശീലന പരിപാടികളിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നു വിധിന്യായത്തിൽ പറയുന്നു. കാർഷിക അറിവുകൾ കർഷകർക്ക് പ്രയോജനപ്പെടുത്താൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കൃഷിയറിവുകളുടെ കലവറ
പോക്കുവെയിലേറ്റാൽ പൊന്നാകും. -തലമുറകൾ കടന്നുവന്ന പഴഞ്ചൊല്ലാണ്. കർഷകന്റെ ആരോഗ്യം തന്നെയാണ് കൃഷിയുടെയും മുതൽക്കൂട്ട് എന്നു വെളിപ്പെടുത്തുന്ന ആപ്തവാക്യം. വെയിലേറ്റാൽ വിറ്റാമിൻ- ഡി ലഭിക്കുമെന്നു ശാസ്ത്രവും പറയുന്നു. നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം ലഘൂകരിക്കാൻ സൂര്യപ്രകാശം കാണിക്കണമെന്നു നാട്ടറിവും ശാസ്ത്രവും ഒരുപോലെ പറയുന്നു. ഇങ്ങനെ ശാസ്ത്രവും നാട്ടറിവും ബന്ധപ്പെട്ടു കിടക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. കൃഷിയറിവുകൾ പ്രത്യേകിച്ചും- പോൾസണ്‍ താം പറയുന്നു.
1961 ൽ മൊറോക്കോ ദ്വീപിലെ കാൽവരിയ വൃക്ഷത്തിന്റെ പുതുചെടികൾ മുളയ്ക്കാത്തതു സംബന്ധിച്ച പഠനങ്ങൾ നാം വിലയിരുത്തണം. ശാസ്ത്രലോകം അതിനു പിന്നീട് വിശദീകരണവും കണ്ടെത്തി. ഡോഡോ പക്ഷികളുടെ കുറവാണ് കാൽവരിയ വൃക്ഷത്തിന്റെ പുതുനാന്പുകൾ ഇല്ലാതാക്കിയതത്രെ..! ദ്വീപിലെത്തിയ പട്ടാളക്കാർ ഡോഡോ പക്ഷികളെ കൊന്നുതിന്നതാണ് വിനയായത്. കാൽവരിയ വൃക്ഷത്തിന്റെ പഴങ്ങൾ അതു തിന്നുന്ന പക്ഷികളുടെ ആമാശയത്തിലൂടെ കടന്നുപോയി കാഷ്ഠമായി മണ്ണിൽ വീഴുന്പോഴാണ് കരുത്തുറ്റ വിത്തുകൾ മുളയ്ക്കപ്പെട്ടിരുന്നത്. പക്ഷികളുടെ കുറവ് വിത്തുകളുടെയും കുറവിനു കാരണമായി.
ഇതേ കൃഷിയറിവു നാളുകൾക്കു മുന്‍പേ നമ്മുടെ നാട്ടിലുമുണ്ടായിരുന്നെന്നു പോൾസണ്‍ പറയുന്നു.- ഞങ്ങളുടെ വീട്ടിൽ അമ്മ വിത്തുകളുണ്ടാക്കിയ കഥ ഓർമ വരികയാണ്. എല്ലായിനം വിത്തുകളും ഒരു മുറത്തിലാക്കി പ്ലാവിന്റെ ചുവട്ടിൽ വയ്ക്കും. ഇതു കൊത്തിത്തിന്നാൻ ധാരാളം പക്ഷികളെത്തും. അത് കാഷ്ഠിച്ച വിത്തുകൾ മുളച്ചുപൊന്തും. ഈ ചെടികൾ ശേഖരിച്ച് വേണ്ടിടത്തു നട്ടുവളർത്തും. നല്ല കരുത്തുറ്റ ചെടി മികച്ച വിളവുതരുകയും ചെയ്യും. വിത്തുഗുണം പത്തുഗുണം എന്നതു തന്നെയാണ് മികച്ച കൃഷിയറിവ്.
ഒന്നില്ലാതെ മറ്റൊന്നില്ല
പ്രകൃതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് കൃഷിയറിവുകൾ. ആവാസവ്യസ്ഥ ഇതിന്റെ അവിഭാജ്യ ഘടകമാണ്. ഓരോ വിളകൾക്കും അതിന്റെ പരിപാലനത്തിനു പ്രകൃതിദത്തമായ സംവിധാനമുണ്ട്. നിശാഗന്ധി പൂക്കണമെങ്കിൽ നിശാശലഭങ്ങളുണ്ടായേ തീരൂ. കാക്കയടക്കമുള്ള ജീവികളുടെ വിസർജ്യത്തിൽ നിന്നുണ്ടാകുന്ന വിത്തുകൾക്കു ഗുണംകൂടും. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ താറാവുകളെ ഇറക്കുന്നതിനു പിന്നിലുമൊരു അറിവുണ്ട്. കീടങ്ങളെ നശിപ്പിക്കുന്നതിനൊപ്പം പാടത്തിനൊരു പതം വരുത്താനും താറാവുകൾക്കാകും. ഇതിന്റെ കാഷ്ഠം പാടത്തു വളവുമാകും. ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പു തന്നെയാണ് കൃഷിയുടെ ആധാരം. പരസ്പരപൂരകങ്ങളായ ഈ സംവിധാനം നഷ്ടപ്പെടുന്നിടത്തു കൃഷി നഷ്ടമാകും, ഇല്ലാതാകും- പോൾസണ്‍ പറയുന്നു.
ജൈവകൃഷിയിലെ മായം
കൃഷിവകുപ്പ് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്പോഴും പരന്പരാഗത കൃഷിയറിവുകളെ വിസ്മരിക്കുകയാണെന്നു പോൾസണ്‍ പറയുന്നു. മുഞ്ഞബാധയ്ക്ക് വെർട്ടിസീലിയം പോലുള്ള ബ്രാൻഡഡ് ജൈവ കീടനാശിനികളാണ് കൃഷിയുദ്യോഗസ്ഥർ പ്രോത്സാഹിപ്പിക്കുന്നത്. 100 മില്ലിഗ്രാമിന് 65 രൂപയാണ് വെർട്ടിസീലിയത്തിന്റെ വില. കർഷകർക്ക് ചെലവേറുമെന്ന കാര്യം തീർച്ച. പശുമൂത്രത്തിൽ കാന്താരി അരച്ചുചേർത്ത മിശ്രിതം തളിച്ചാൽ മുഞ്ഞബാധ ഒഴിവാക്കാം. ചെലവും കുറയ്ക്കാം. പുകയിലക്കഷായം, കിരിയാത്തയില തിളപ്പിച്ച വെള്ളം എന്നിവയും ജൈവ കീടനാശികളായി ഉപയോഗിക്കാം. പക്ഷെ സർക്കാർ പ്രോത്സാഹനം ബ്രാൻഡഡ് കീടനാശിനികൾക്കു മാത്രം. പശുമൂത്രം, മനുഷ്യമൂത്രം എന്നിവ യൂറിയയ്ക്കു പകരമായി ഉപയോഗിച്ചിരുന്നൊരു കാലവും നമുക്കുണ്ടായിരുന്നു. മൂത്രവും ചാരവും തന്നെയാണ് ജൈവകൃഷിയിലെ മികച്ച വളം.
കൃഷിയറിവുകൾ ഉണർവാകണം
വിപണിയിൽ ജൈവകൃഷി പുതിയ ബ്രാൻഡായി മാറുന്ന സാഹചര്യത്തിലെങ്കിലും കൃഷിയറിവുകൾ പുതുതലമുറ നെഞ്ചോടുചേർത്തേ മതിയാകൂ. ജൈവ ഉത്പന്നം എന്നു രേഖപ്പെടുത്തിയാൽ മികച്ച കച്ചവടം നടക്കുന്നുണ്ടെന്നു കച്ചവടക്കാരും പറയുന്നു. പക്ഷെ ജൈവകൃഷി പ്രോത്സാഹനം എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾ ജൈവകർഷകരെ തിരസ്കരിക്കുന്നതും പദ്ധതികളെ തകിടം മറിക്കുന്നതുമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ജൈവകർഷക പരിപാടികളിൽ രാഷ്ട്രീയ ഇടപെടലുകളും ധൂർത്തുമെല്ലാം നിത്യസംഭവമായി മാറിക്കഴിഞ്ഞു. ജൈവകർഷകനു ലഭിക്കേണ്ട പലതും രാഷ്ട്രീയക്കാർ അട്ടിമറിക്കുക മാത്രമല്ല സ്വന്തമാക്കുകയും ചെയ്യുന്നു. പണം തട്ടിപ്പിനുള്ള മാർഗങ്ങളായി കർഷക പ്രോത്സാഹന പദ്ധതികളും മാറുന്നു. നാട്ടറിവുകൾ പ്രയോജനപ്പെടുത്താൻ എത്ര കൃഷിയുദ്യോഗസ്ഥർ ഒരുങ്ങിപ്പുറപ്പെട്ടാലും ക്ലാസ്മുറികളിലെ പഠന അറിവുകൾക്കാണ് കൃഷിവകുപ്പ് മുൻതൂക്കം നല്‍കുന്നതെന്നതും കർഷകർക്കു ചെലവേറ്റുകയാണ്.
പഴഞ്ചനല്ല, ഈ അറിവഴകുകള്
ആയിരക്കണക്കിനു വര്‍ഷങ്ങളായി പ്രാദേശികജനത സ്വന്തം ഭൂമികയില്‍നിന്ന് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗിക അറിവുകളാണ് നാട്ടറിവുകള്‍. കണ്ടറിവ്, കേട്ടറിവ്, നേരറിവ് എന്നിവ നാടിന്റെ പൈതൃകവും സംസ്കാരവുമെല്ലാമാണ്.
ഒരു പ്രദേശത്തിന്റെ വൈവിധ്യ കൃഷിരീതി, ജൈവവൈവിധ്യം, നാട്ടുവഴക്കങ്ങള്‍ എന്നിവയിലൂടെയാണ് ഗ്രാമചരിത്രം രേഖപ്പെടുത്തുക പതിവ്. അതായത് ജനതയുടെ ചരിത്രം നാട്ടറിവുകളിലൂടെയാണ് പുനഃസൃഷ്ടിക്കാനാവുക. കേട്ടറിവുകളുടെ ശേഖരണവും വിവരം പങ്കുവയ്ക്കലും വളരെ പ്രധാനപ്പെട്ടതാണ്.
മണ്ണിനെപ്പറ്റിയുളള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുളള നാട്ടറിവ്, പരിസ്ഥിതി സംരക്ഷണത്തിനായുളള നാട്ടുരീതി, ജലവിനിയോഗത്തിന്റെ നാട്ടറിവ്, പാരന്പര്യ ജന്തുവിജ്ഞാനം,നാടന്‍ തത്ത്വചിന്ത, നാട്ടുവിദ്യാഭ്യാസരീതി, നാടന്കളികള്, ഗ്രാമീണപുരാവസ്തുക്കള്‍, ചന്തകള്‍, ഉല്സവങ്ങള്, മല്‍സ്യബന്ധനം തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളേയും നാട്ടറിവ് സ്പര്‍ശിക്കുന്നു.
ആദിവാസി സംസ്കാരവും പുഴയോരത്തെ ഗ്രാമീണജീവിതവും കടലോരസംസ്കാരവുമെല്ലാം എന്നും ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. പ്രകൃതിവിഭവങ്ങള്‍, ആരോഗ്യം ഇവയെപ്പറ്റിയുളള നാട്ടറിവുകള്‍ പൈതൃകത്തിന്റെയും ഭാഗമാണ്. സമയമളക്കാനുളള നാട്ടുരീതികള്‍, ജലസേചനയന്ത്രങ്ങളുടെ കണക്കുകള്‍, സ്ഥലനാമങ്ങള്‍ എന്നിവയെല്ലാം ചരിത്രത്തിന്റെ സൂചകങ്ങളാണ്.
ഓര്‍മകളെ പാടിയുണര്‍ത്താം
അറിവും പാണ്ഡിത്യവുമൊന്നുമില്ലെങ്കിലും ഒരുകാലത്ത് പാട്ടുപാടിയവർക്ക് സന്തോഷവും കേൾവിക്കാർക്ക് ഉല്ലാസവും നാടൻപാട്ടുകളിൽ നിന്ന് കിട്ടിയിരുന്നു. എഴുത്തും അച്ചടിയൊന്നുമില്ലാതെ ആ പാട്ടുകൾ തലമുറയിൽ നിന്ന് തലമുറയിലേക്ക് എത്തി. പാട്ടുകേട്ടവർ ഏറ്റുപാടി, ആരും പാടിക്കളഞ്ഞില്ല. ഒരു സമൂഹത്തിന്റെ ജീവിതവും വിശ്വാസവും വിനോദവും സങ്കല്പവും എല്ലാം നാടൻപാട്ടുകളിലുണ്ടായിരുന്നു. മനുഷ്യൻ കടന്നുപോകുന്ന സാഹചര്യങ്ങൾ, തൊഴിൽ, കുടുംബം, കാലാവസ്ഥ, ഉത്സവം തുടങ്ങി എല്ലാം നാടൻപാട്ടുകളുടെ ഇതിവൃത്തമായിരുന്നു.
അനുഷ്ഠാനങ്ങൾ, തോറ്റംപാട്ടുകൾ, മന്ത്രവാദപ്പാട്ടുകൾ, കോലടിപ്പാട്ടുകൾ, ദഫ്പാട്ടുകൾ തുടങ്ങി കാലാന്തരത്തിലുണ്ടായ എല്ലാ പാട്ടുകളും ഗ്രാമത്തിന്റെ സർഗസൗന്ദര്യം വെളിപ്പെടുത്തുന്നതാണ്. കൃഷിപ്പാട്ട്, കിളപ്പാട്ട്, വിത്തിടൽ പാട്ട്, ഞാറുപാട്ട്, തെക്കൻപാട്ട്, വടക്കൻപാട്ട് തുടങ്ങി നിരവധി പാട്ടുകളും നമ്മുടെ ഗ്രാമീണതയുടെ ഭാഗമായിരുന്നു. പാടിപ്പതിഞ്ഞ നാടൻ പാട്ടുകൾ ഇന്ന് പുതുസംഗീത വാദ്യോപകരണങ്ങളുടെ അകന്പടിയോടെ ജനങ്ങളിലെത്തുന്നു എന്നതുമൊരു ആശ്വാസമാണ്.