പ്രളയം എന്തു പഠിപ്പിച്ചു...?
Wednesday, December 4, 2019 12:47 PM IST
നാട്ടറിവുകള്‍: തലമുറകളുടെ നന്മക്കൂട്ട് -1
അറിവാണ് സന്പത്ത്- വിശ്വവിഖ്യാതമായ പഴഞ്ചൊല്ലു മാത്രമല്ലിത്. അറിവുകൾക്ക് ഇതിനുമപ്പുറമൊരു സന്പൂർണ വിശദീകരണമില്ല. ക്ലാസ് മുറികളിലെ പഠനങ്ങളിലൂടെ നേടിയെടുത്തവ മാത്രമല്ല അറിവുകൾ. അത് ജീവിതാനുഭവങ്ങളുടെ, തിരിച്ചറിവുകളുടെ, അതിജീവനത്തിന്റെ മന്ത്രണം കൂടിയാണ്. അറിവുകൾക്ക് കടലോളം ആഴമുണ്ട്, മലയോളം ഉയരമുണ്ട്, ആകാശത്തോളം പരപ്പുണ്ട്. ഗൂഗിൾ സെർച്ച് എൻജിനുകൾക്കു പോലും കണ്ടുപിടിക്കാനാകാത്ത പലതുമുണ്ട്. നാട്ടറിവുകൾ എന്ന അറിവഴകിന്റെ കലയ്ക്ക് മനുഷ്യനോളം പഴക്കമുണ്ട്. ചിന്തിച്ചു തുടങ്ങിയ മനുഷ്യൻ പൈതൃകമായി ഊതിക്കാച്ചിയെടുത്ത പൊന്നാണ് നാട്ടറിവുകൾ.
2018 ഓഗസ്റ്റ് മാസം കേരളീയർക്കു മറക്കാനാകില്ല. ആർത്തലച്ചെത്തിയ വെള്ളത്തിനു മുന്നിൽ നിശബ്ദരായി നിന്നുപോയ ദിവസങ്ങൾ... മഴയായും പ്രളയമായും വെള്ളം കേരളത്തെ പരീക്ഷിച്ച സമയം. ഈ പ്രളയത്തിൽനിന്നു നാം എന്തു പഠിച്ചു..? പ്രളയകാരണത്തിന്റെ ശാസ്ത്രീയ പിന്നാന്പുറങ്ങൾ കണ്ടെത്തുന്ന തിരക്കുകൾക്ക് ഇന്നും കുറവില്ല. ഇനിയൊരു പ്രളയത്തെ എങ്ങനെ നേരിടാം എന്നതിന്റെ പഠനങ്ങളും പുരോഗമിക്കുന്നു. പക്ഷെ പ്രളയം മുന്നേ പ്രവചിച്ച കടലറിവുകാരൻ ഇന്നും പിന്നാന്പുറത്താണ്. എറണാകുളം ജില്ലയിലെ പറവൂർ പുത്തൻവേലിക്കര വെള്ളോട്ടുംപുറം കാട്ടുപറന്പിൽ കെ.എസ്. ആന്റണി ഇന്നും വാർത്തകളുടെ മാത്രം മിത്താണ്. ഒരുകാലത്ത് പറഞ്ഞുകേട്ടിരുന്ന കടലറിവിന്റെ പിൻതലമുറക്കാരോടു നമ്മുടെ സമീപനത്തിൽ മാറ്റം വന്നിട്ടില്ല. ഓഖി ദുരന്തം വന്നപ്പോഴും പ്രളയം കേരളമൊട്ടാകെ വിഴുങ്ങിയപ്പോഴും രക്ഷാപ്രവർത്തകരായി നമുക്കിടയിലുണ്ടായിരുന്നതു മത്സ്യബന്ധന തൊഴിലാളികളായിരുന്നു. ഇവരുടെ സേവനം അംഗീകരിച്ച നമ്മൾ അവരുടെ നാട്ടറിവുകൾ- കടലറിവുകൾ ഇന്നും വിസ്മരിക്കുകയാണ്.
പ്രവചനത്തിന്റെ ശാസ്ത്രീയത
പ്രളയം മുന്നിൽകണ്ട് ആന്റണി എല്ലാം വീടിനുള്ളിൽ സുരക്ഷിതമായി കെട്ടിപ്പൂട്ടി നാടുവിട്ടു എന്ന കഥ മാത്രമേ എല്ലാവരും ഓർക്കുന്നുള്ളു. പ്രളയാനന്തരം എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ടപ്പോൾ ആന്റണിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്നുകൂടി നാം ഓർക്കണം. അന്ന് തക്കക്കേട് എന്ന കാലാവസ്ഥാ സ്ഥിതിവിശേഷത്തെ വേണ്ടപ്പെട്ടവരോട് അവതരിപ്പിച്ചിട്ടും എല്ലാവരും ചിരിച്ചുതള്ളി.
വരാനിരിക്കുന്ന വെള്ളപ്പൊക്കം മുൻകൂട്ടിക്കണ്ട് സ്വീകരിച്ച നടപടികളാണ് വലിയ നാശനഷ്ടത്തിൽനിന്ന് മത്സ്യത്തൊഴിലാളി കൂടിയായ ആൻറണിയെ രക്ഷിച്ചത്. ആറു ദിവസത്തേക്ക് തക്കക്കേട് ഉണ്ടെന്ന് മനസിലാക്കിയ ആൻറണി ഇത്രയും ദിവസത്തേക്ക് വേണ്ട വസ്ത്രങ്ങൾ, ആധാരം ഉൾപ്പടെയുള്ള വിലപിടിപ്പുള്ള രേഖകൾ, സർട്ടിഫിക്കറ്റുകൾ, കുട്ടികളുടെ പഠനസാമഗ്രികൾ, ഫുൾ ചാർജ് ചെയ്ത മൂന്നു മൊബൈലുകൾ, ടോർച്ച് എന്നിവ കൈയിൽ കരുതി ആൻറണി വീട്ടുകാരെ ബന്ധു വീട്ടിലേക്ക് മാറ്റി.
ആൻറണി തന്റെ അയൽവാസികളോടും അടുത്തുള്ള കച്ചവടക്കാരോടും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അവരൊന്നും അത് ചെവിക്കൊണ്ടില്ലെന്ന് ആൻറണി പറയുന്നു. അതിന്റെ നഷ്ടവും അവർക്ക് സംഭവിച്ചു. എന്നാൽ വീട്ടു സാധനങ്ങൾ സുരക്ഷിതമാക്കിയശേഷം കുടുംബത്തോടൊപ്പം ആൻറണി അവിടെനിന്ന് മാറി. വൈകാതെ ആൻറണിയുടെ വീട് ഉൾപ്പെടെ സമീപത്തെ വീടുകളിലെല്ലാം വെള്ളം കയറി.
തക്കക്കേട് എന്ന കടലറിവ്
കർക്കടക വാവ് കഴിഞ്ഞ പഞ്ചമി മുതൽ കടലിലെ വെള്ളത്തിന്റെ വേലിയേറ്റത്തിന് ശക്തി കൂടുന്ന പ്രതിഭാസത്തെയാണ് തക്കക്കേട് എന്ന് മത്സ്യത്തൊഴിലാളികളുടെ ഇടയിൽ അറിയപ്പെടുന്നത്. കുറത്തവാവിന് ശേഷമുള്ള പഞ്ചമി മുതലുള്ള ദിവസങ്ങളിൽ കടൽ കുറച്ചുവെള്ളം മാത്രമാകും പുഴ, കായൽ പോലെയുള്ള സ്രോതസുകളിൽനിന്ന് സ്വീകരിക്കുക. പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി ദിവസങ്ങളിൽ കടൽ വെള്ളമെടുക്കില്ല. നവമിയും ദശമിയും കഴിഞ്ഞ് ഏകാദശിക്ക് മാത്രമാകും കടൽ പൂർണമായും വെള്ളം സ്വീകരിക്കുക. കേരളത്തിൽ പ്രളയമുണ്ടായ ഓഗസ്റ്റ് 15നായിരുന്നു പഞ്ചമി. ഈ ദിവസങ്ങളിൽപെയ്ത കനത്ത മഴയും ഡാം തുറന്നതുമൂലമുള്ള വെള്ളവും കടൽ സ്വീകരിച്ചില്ലെന്നും, ജനവാസമേഖലകളിൽ വലിയതോതിൽ വെള്ളം ഉയരാൻ കാരണമായത് ഇതാണെന്നുമാണ് തക്കക്കേട് ആസ്പദമാക്കി ആന്റണി പറഞ്ഞത്. കടൽ വെള്ളം സ്വീകരിക്കാത്തതിനെ തക്കക്കേട് എന്ന് വിളിക്കുന്നതുപോലെ പരമാവധി വെള്ളം സ്വീകരിക്കുന്നതിനെ ’തക്കം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇതേ സമയം ശാസ്ത്രീയമായി ചില സൂചനകളും തക്കക്കേടിന് ലഭിക്കുന്നുണ്ട്. ഒരു പൂർണ്ണചന്ദ്രന് ശേഷം വലിയ തിരകൾ ഉണ്ടാകും, ഇവയെ സ്പ്രീംഗ് തിരകൾ എന്നാണ് പറയുന്നത്. അത് തുടർച്ചയായി രണ്ട് ദിവസമോ അതിൽ കൂടുതലോ തുടരും. ഈ സമയത്ത് കടലിലേക്ക് സ്വീകരിക്കുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവ് സംഭവിക്കും. ഇത്തരത്തിൽ ഒരു സംഭവം തന്നെയാണ് തക്കക്കേട്. ഈ പ്രതിഭാസം ചതക്ക്, നിലവ് എന്നീ നാട്ടുപേരുകളിലും അറിയപ്പെടുന്നുണ്ട്. വാവുകഴിഞ്ഞു വരുന്ന പഞ്ചമിക്കു തൊട്ടുമുന്നിലെ ദിവസങ്ങളിൽ മഴയുണ്ടാകുമെന്നു കാലാവസ്ഥാ പ്രവചനമുണ്ടായാൽ കനത്ത മഴയായിരിക്കും- ആന്റണി പറയുന്നു.
കടലിൽ മരം വളരില്ലെങ്കിലും...
കടലിൽ മരം വളരാറില്ലെങ്കിലും കടലറിവിന്റെ അവിഭാജ്യ ശാസ്ത്രീയ ഘടകമാണ് മരങ്ങൾ. കടൽ വെള്ളം സ്വീകരിക്കുന്നതും ഒഴിവാക്കുന്നതും മാത്രമല്ല കടലറിവ്. അതിലേക്കെത്തുന്ന വെള്ളത്തിന്റെ ഉത്ഭവസ്ഥാനം മുതൽ കടന്നുവരുന്ന വഴികളെല്ലാം അറിവഴകിന്റെ ഭാഗമാണ്. മഴവെള്ളം നേരിട്ടു ഭൂമിയിൽ പതിക്കരുതെന്നതാണ് അതിലൊരു അറിവ്. മഴവെള്ളം നേരിട്ടു മണ്ണിൽ പതിച്ചാൽ വെള്ളം മുഴുവനും മണ്ണിലേക്ക് ഇറങ്ങിപ്പോകും. ഇത് ഭൂഗർഭത്തിൽ പാറകളിലെത്തി നില്ക്കും. പാറയും മണ്ണും തമ്മിലുള്ള കൂട്ടിപ്പിടുത്തത്തെ ഇത് ഇല്ലാതാക്കും. ശക്തമായ മഴ പെയ്യുന്പോൾ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൽ ഈ പിടുത്തം വിടുന്പോഴാണ് ഒരു പ്രദേശമാകെ ഒലിച്ചുപോയി ഉരുൾപൊട്ടലുകളുണ്ടാകുന്നത്. ഇവിടെയാണ് മര ങ്ങളുടെ പ്രസക്തി. മരങ്ങളിൽ തട്ടി വെള്ളം ഭൂമിയിലേക്കു പതിക്കുന്പോൾ ശക്തി കുറയുന്നെന്നു മാത്രമല്ല ഭൂഗർഭത്തിലേക്ക് ഇറങ്ങുന്നതും കുറയും. കൂടുതൽ വ്യാപ്തിയിലേക്കു മണ്ണിനു വെള്ളം ലഭിക്കാനും കാരണമാകും. മരങ്ങളുടെ വേരുകൾ വെള്ളവും മണ്ണും പിടിച്ചു നിർത്തുകയും ചെയ്യുന്നതോടെ ആവാസവ്യവസ്ഥയും പരിപാലിക്കപ്പെടും. മരം ഒരു വരം തന്നെയാണെന്നു കടലറിവുകൾ അടക്കമുള്ള എല്ലാ നാട്ടറിവുകളും സമർഥിക്കുന്നത് അതുകൊണ്ടു തന്നെയാണെന്ന് ആന്റണി പറയുന്നു. മഴയുടെ തുള്ളിക്കനം ഇപ്പോൾ കൂടിയിട്ടുണ്ട്. ആർക്കും നിർവചിക്കാനാകില്ല മഴയുടെ വലിപ്പം. അതുകൊണ്ട് പ്രവചനങ്ങൾക്കും പരിമിതികളുണ്ടാകാം. മഴയെയും മരങ്ങളെയും കടലറിവുകളെയും തിരിച്ചറിഞ്ഞു വേണം കാലാവസ്ഥാ പ്രവചനങ്ങളെന്നും ആന്റണി കൂട്ടിച്ചേർക്കുന്നു.
കടലറിവുകളുടെ ആഴം...
പാരമ്പര്യമായി തൊഴിലാളികളിലൂടെ പകര്‍ന്നുവന്ന കടലറിവുകളുടെ ആഴത്തെക്കുറിച്ച് ഇന്നും നമുക്കു ഗ്രാഹ്യമില്ല. ഓഖിയും മഹാപ്രളയവും തിമിര്ത്താടിക്കഴിഞ്ഞിട്ടും കടലറിവുകളോടു പ്രതിപത്തി കൂടിയിട്ടുമില്ല. വിവര സാങ്കേതികവിദ്യയുടെ പിന്നാലെ പോകുമ്പോഴും പ്രകൃതിയെ തൊട്ടറിഞ്ഞ ഈ അറിവുകള്‍ തിരികെപ്പിടിക്കാന്‍ നാം മെനക്കെടുന്നുമില്ല.
ഒരുകാലത്ത് കടലില്‍ പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലിന്റെ സ്വഭാവവും കാലാവസ്ഥയും നക്ഷത്രങ്ങളും മറ്റും സുപരിചിതമായിരുന്നു. അവരെ കടലില്‍ നയിക്കാന്‍ കടലൊഴുക്ക്, കാറ്റിന്റെ ഗതി, ദിക്കറിയല്, മല്‍സ്യത്തിന്റെ വരവ്, മഴ തുടങ്ങിയ ലക്ഷണങ്ങള്‍ സഹായകമായിരുന്നു. കച്ചില്കാറ്റും, വാടക്കാറ്റും എപ്പോള്‍ തുടങ്ങും എങ്ങോട്ടു നീങ്ങുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
ആകാശത്ത് കാറു നിറഞ്ഞാല്‍ അതെപ്പോള്‍ പെയ്യുമെന്നും അതിന്റെ അളവിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിരുന്നു. പഞ്ഞിക്കഷണങ്ങള്‍ പോലെ സമുദ്രഭാഗത്തു നിന്നും കോടനൂല് പറന്നിറങ്ങിയാല്‍ കൊടുങ്കാറ്റ് ഉറപ്പിച്ചിരുന്നു. കടല്‍ച്ചെളി ഇളകിയാല്‍ അതു ചാകരയുടെ ലക്ഷണമാണത്രെ.
ജലത്തിന്റെ ഭാവമാറ്റവും ജീവജാലങ്ങളുടെ പെരുമാറ്റത്തിലെ ഭാവഭേദവും അസാധാരണ മല്‍സ്യങ്ങളുടെ അടിഞ്ഞുകയറ്റവുമെല്ലാം വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയായി ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. കടലിനു മുകളില്‍ പരുന്തു പറക്കുന്നത് സമൃദ്ധിയുടെ സൂചനയായിരുന്നു. ഇന്നും പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ആശ്രയമാണ് കടല്‍. എന്നിട്ടും കടലറിവുകള്‍ വിസ്മൃതിയിലേക്കു തന്നെയാണ്.
ലൈബ്രറിയില്‍ ഉറങ്ങുന്ന പഠനം
മൂന്നുലക്ഷത്തോളം പേര് നേരിട്ട് തൊഴിലെടുക്കുകയും അതിന്റെ ഇരട്ടിയോളംപേര്‍ അനുബന്ധ തൊഴിലെടുക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) 2013ല്‍ പണ്ഡിറ്റ് കറുപ്പന്റെ പേരില്‍ ഒരു ചെയര്‍ സ്ഥാപിച്ച് വസ്തുനിഷ്ഠമായ രീതിയില്‍ കടലറിവുകളും പരമ്പരാഗത മീന്‍പിടിത്തക്കാരുടെ ജീവിതരീതിയും പാരമ്പര്യവും ഉള്‍പ്പെടെയുള്ള വിലപ്പെട്ട വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കുകയും 500ല്‍ പരം അനുഭവസ്ഥരായ വിദഗ്ധരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് നിഗമനങ്ങളില്‍ എത്തുകയും ചെയ്തു. പക്ഷെ ഈ പഠനങ്ങള്‍ ഇന്നെവിടെയാണ്..? പ്രാരംഭംമുതല്‍ തലമുറ തലമുറ കൈമാറി അനുവര്‍ത്തിച്ചുപോന്ന കടലറിവുകള്‍ ഏറെ ഫലപ്രദമായി ഇപ്പോഴും പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ അവയുടെ ക്രോഡീകരണത്തിനോ വ്യാപനത്തിനോ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന ദുഃഖസത്യം അവശേഷിക്കുന്നു.
പ്രകൃതിസൗഹൃദമായ രീതിയില്‍ വിഭവസംരക്ഷണത്തിനും പരിപാലനത്തിനും ഉതകുന്ന ഒട്ടനവധി വിവരങ്ങളാണ് കടലറിവുകള്‍ പ്രദാനംചെയ്യുന്നതെന്നു പുതുതലമുറ സമ്മതിക്കേ ണ്ടിയിരിക്കുന്നു. (തുടരും)
എം.വി. വസന്ത്