വീണ്ടെടുക്കണം, വീഴ്ചയില്ലാതെ...
Tuesday, November 19, 2019 11:45 AM IST
ജിമ്മി ഫിലിപ്പ്
മഹാപ്രളയം കുട്ടനാട്ടുകാർക്കു വലിയ പാഠമായിരുന്നു. സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കേണ്ടി വന്നതെങ്കിലും ചില തിരിച്ചറിവുകൾക്ക് അതു കാരണമായി. പ്രളയാനന്തരം കുട്ടനാടൻ പാടശേഖരങ്ങളിലുണ്ടായതു വന്പൻ വിളവ്. സാധാരണ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയോളം. കർഷകന്റെ മനസും മടിയും നിറച്ച വിളവെടുപ്പ്. പ്രളയജലം കയറിക്കിടന്ന പാടശേഖരങ്ങളിൽ വെറുതെ വിത്തെറിയുകയായിരുന്നു. രാസവളവും കീടനാശിനികളും ഉപയോഗിച്ചതു തീരെ കുറച്ച്. എക്കലിലാണു നെല്ല് വളർന്നത്. രാസവളത്തേക്കാളും കീടനാശിനിയേക്കാളും നല്ലത് എക്കൽ ആണെന്ന് അവൻ തിരിച്ചറിഞ്ഞു. പഴമയിലെ നന്മ കണ്ടെത്താനുള്ള അവസരമായി പ്രളയം.
പണ്ട് ഒന്നിടവിട്ട വർഷങ്ങളിലായിരുന്നു കൃഷി. ബാക്കി സമയം പാടങ്ങൾ മുക്കിയിടും. എക്കൽ നിറഞ്ഞ പ്രളയജലം പാടങ്ങളിൽ കയറും. നൂറുമേനി വിളവും കിട്ടും. പുഴകളിലെ എക്കലും ചെളിയും കുത്തിയെടുത്തു ബണ്ടുകളും വരന്പുകളും നിർമിച്ചു. അതുകൊണ്ടു പുഴകൾക്കും കായലിനും ആഴം കുറഞ്ഞതുമില്ല. മഴക്കാലത്തെ അധിക ജലം ജലാശയങ്ങളിൽ ഒതുങ്ങി. പ്രളയഭീതി തെല്ലുമുണ്ടായില്ല.
ഒറ്റകൃഷിയും പിന്നെ മീനും താറാവും
വർഷകാലം കുട്ടനാടൻ പാടശേഖരങ്ങളെ പ്രകൃതി കൃഷിക്ക് ഒരുക്കുന്ന സമയമാണ്. ഇക്കാലത്ത് പ്രളയജലം കൊണ്ടുവരുന്ന വളക്കൂറുള്ള എക്കൽ മണ്ണ് പാടശേഖങ്ങളിൽ അടിയും. പിന്നെ പുഞ്ചയ്ക്കു നിലം ഒരുക്കി വിത്തിട്ടാൽ മതി.വളവും വേണ്ട, വിഷവും വേണ്ട. നൂറുമേനി ഉറപ്പ്. പ്രളയം കഴിഞ്ഞതോടെ കർഷകർ വർഷത്തിൽ ഒരു കൃഷിയെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. വർഷകാലത്ത് മീൻവളർത്തലും താറാവ് കൃഷിയുമാണു നല്ലത്. ഹെക്ടറിന് നാല്പതിനായിരം രൂപ വരെ മീൻ വളർത്തലിലൂടെ ലഭിക്കും. ഒരു കിലോ താറാവിന് നൂറു രൂപയോളം വിലയുണ്ട്. മുട്ട വേറെയും. മീനിന്റെയും താറാവിന്റെയും അവശിഷ്ടം നല്ല വളവുമാണ്. എക്കലിനൊപ്പം അതുകൂടി ചേരുന്പോൾ പുഞ്ച നെല്ല് നന്നായി വിളയും. കുട്ടനാട് പാക്കേജിൽ നെല്ലിനായിരുന്നു പ്രാധാന്യം. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നെല്ലും മീനും താറാവും അടങ്ങുന്ന സംയുക്ത കൃഷി രീതിക്ക് സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ ശിപാർശ ചെയ്തിട്ടുണ്ട്. ഉമയ്ക്കും ജ്യോതിക്കും പുറമേ പുഞ്ചകൃഷിക്ക് അനുയോജ്യമായ വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കണമെന്നും ഫൗണ്ടേഷൻ നിർദേശിക്കുന്നു.
ആർ ബ്ലോക്ക് മോഡൽ സംരക്ഷണം
കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് ആർ ബ്ലോക്ക് മോഡൽ സംരക്ഷണമാണ് ഏർപ്പെടുത്തേണ്ടത്. ഓരോ പാടത്തെയും ഒാരോ യൂണിറ്റായി കണക്കാ ക്കിയുള്ള സംരക്ഷണം. അതിന് ആദ്യം പുറംബണ്ടുകൾ ഉയരംകൂട്ടി ബലപ്പെടുത്തണം. കൃഷിയില്ലെങ്കിലും പന്പിംഗ് മുടങ്ങരുത്. വെള്ളം വറ്റിക്കാൻ പരന്പരാഗത ന്ധപെട്ടിയും പറയും’’ ഒഴിവാക്കി സാങ്കേതിക മികവുള്ള പന്പുകൾ സ്ഥാപിക്കുകയും പന്പിംഗ് സബ്സിഡി ഉറപ്പു വരുത്തുകയും വേണം. നിയന്ത്രിത പന്പിംഗിലൂടെ കൃഷിയില്ലാത്തപ്പോഴും ട്രാക്ടർ റോഡുകളിലും താഴ്ന്ന പുരയിടങ്ങളിലും വെള്ളം കയറാത്ത വിധത്തിൽ ജലനിരപ്പ് ക്രമീകരിച്ചു നിർത്തണം.
വെള്ളക്കെട്ട് ഒഴിവാക്കാനും ബണ്ടിലെ താമസക്കാരെയും അവിടുത്തെ കരകൃഷിയെയും സംരക്ഷിക്കാനും അതുവഴി കഴിയും. ക്ഷീര കർഷകർക്കും ബുദ്ധിമുട്ടുണ്ടാവില്ല.
മഹാപ്രളയം പോലെ നിയന്ത്രണാതീതമായി ജലനിരപ്പ് ഉയർന്നാൽ പാടങ്ങളിൽ വെള്ളം കയറ്റി മടവീഴ്ചയുടെ സാധ്യത ഒഴിവാക്കാനുമാകും. റോഡുകളിൽ വെള്ളം കയറാത്ത സാഹചര്യമുണ്ടായാൽ വാഹനഗതാഗതം മുടങ്ങില്ല. ആരോഗ്യശുചിത്വ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകുകയും ചെയ്യും.
ആഴം കൂട്ടാൻ അമാന്തം വേണ്ട
ആറുകളുടെയും തോടുകളുടെയും കായലിന്റെയും ആഴം കൂട്ടാൻ ഒട്ടും അമാന്തം പാടില്ല. കുത്തിയെടുക്കുന്ന എക്കലും ചെളിയും പാടശേഖരങ്ങളുടെ ബണ്ട് നിർമിക്കാനും പുരയിടങ്ങൾ ഉയർത്താനും ഉപയോഗിക്കണം. ഇനിയൊരു പ്രളയമുണ്ടായാൽ അധിക ജലത്തെ ഉൾക്കൊള്ളാൻ ജലാശയങ്ങൾക്ക് ഇതുവഴി കഴിയും. എ.സി കനാൽ പള്ളാത്തുരുത്തി വരെ ദീർഘിപ്പിച്ചാൽ വെള്ളക്കെട്ടിന് ഒരുപരിധിവരെയെങ്കിലും ശമനമുണ്ടാക്കാൻ കഴിയും. തോടുകളിലെയും കനാലുകളിലെയും നീരൊഴുക്കു തടഞ്ഞും ജലപാതകൾ അടച്ചുകൊണ്ടുമുള്ള വികസനം പാടില്ലെന്നു പ്രളയം കുട്ടനാടിനെ പഠിപ്പിച്ചു.
മണലൂറ്റല്ല, കട്ട കുത്ത്
മണലൂറ്റലിന്റെ പരിധിയിൽ വരുന്നതല്ല കട്ട കുത്ത്. കുട്ടനാടൻ കൃഷി രീതിയിൽ കട്ട കുത്ത് അനിവാര്യമാണ്. ആറുകളിലും തോടുകളിലും അടിയുന്ന എക്കലും ചെളിയും കുത്തിയെടുത്താണു കുട്ടനാട്ടുകാർ പാടശേഖരങ്ങളുടെ ബണ്ടുകളും വരന്പുകളും ബലപ്പെടുത്തുന്നത്. കൃഷിക്ക് മുന്നോടിയായുള്ള പാടം ഒരുക്കലാണത്. അതിനെ മണൽ വാരൽ നിരോധന നിയമ പരിധിയിൽപ്പെടുത്തിയാൽ കുട്ടനാട്ടിൽ കൃഷി തന്നെ അസാധ്യമാകും.
പഴഞ്ചനല്ല, ജലഗതാഗതം
യാത്രാവശ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടനാടിന് അനുയോജ്യമായ ജലഗതാഗതം പഴഞ്ചനെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. നിലച്ചുപോയ ബോട്ട് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു വീണ്ടും തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കേണ്ടതാണ്. പാലങ്ങൾ പോലെയുള്ള തടസങ്ങളുണ്ടെങ്കിൽ അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തുകയും വേണം. ചരക്ക് നീക്കത്തിന് ജലമാർഗം ഏറ്റവും അനുയോജ്യമാണ്. റോഡ് മാർഗത്തേക്കാൾ ചെലവും കുറയും. വള്ളവും ബോട്ടും ബാർജുകളും ഉപയോഗിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കണം. സോളാർ ബോട്ടുകളുടെ സാധ്യതയും പരിഗണിക്കണം. ചെറുതും വേഗത കൂടിയതുമായ ബോട്ടുകൾ രൂപകല്പന ചെയ്യണം. ദീർഘദൂര സർവീസ് ബോട്ടുകളിൽ വിനോദോപാദികൾ ഒരുക്കുന്നത് യാത്രക്കാരെ കൂടുതൽ ആകർഷിക്കും.
മഴവെള്ള സംഭരണികൾ
കുട്ടനാട് ശുദ്ധജല വിതരണ പദ്ധതി യാഥാർഥ്യമാകും വരെ മഴവെള്ളം തന്നെയാണ് കുട്ടനാടിന് അഭികാമ്യം. പാടശേഖരങ്ങളുടെ നടുവിലെ കൊച്ചുകൊച്ചു തുരുത്തുകളിൽ പൈപ്പ് വെള്ളമെത്തുന്നതിനു വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ഓരോ വീടിനും ഒാരോ മഴവെള്ള സംഭരണി എന്നതാണ് താത്കാലിക പരിഹാരം. അത് എല്ലാവർക്കും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
മാലിന്യ നിർമാർജനത്തിന് ‘മുട്ടാർ മോഡൽ’
മാലിന്യ നിർമാർജനത്തിന് ‘മുട്ടാർ മോഡൽ’ സ്വീകരിക്കാവുന്നതാണ്. 2500 വീടുകളും 12,000 അംഗങ്ങളുമുള്ള മുട്ടാർ പഞ്ചായത്തിനെ അഞ്ചു മണിക്കൂർ കൊണ്ട് മാലിന്യവിമുക്തമാക്കിയത് അടുത്ത നാളിലാണ്. ഏഴായിരം പേരുടെ കൂട്ടപരിശ്രമം. ചങ്ങനാശേരി ചാരിറ്റി വേൾഡിന്റെ നേതൃത്വത്തിൽ മുട്ടാർ പഞ്ചായത്തും മുംബൈയിലെ കൺസേൺ ഇന്ത്യ ഫൗണ്ടേഷനും ചേർന്നാണു പദ്ധതി നടപ്പാക്കിയത്.
ആറും തോടും പുഴയും റോഡും ചുരുങ്ങിയ സമയം കൊണ്ട് ക്ലീൻ ആയി. ആറ്റിലും തോട്ടിലും ഒഴുക്ക് വീണതോടെ പായലും പോളയും ഒഴുകി നീങ്ങുകയും ചെയ്തു. വെള്ളം ശുദ്ധമായാൽ പായലിന്റെയും പോളയുടെയും ഭീഷണി കുറയും. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വമെന്ന നിലയിൽ സംസ്കരിക്കുന്നതിനുള്ള മനോഭാവം വളർത്തിയെടുക്കാനും നാട്ടുകാർ ശ്രമിക്കണം . അതിനു പ്രോത്സാഹനം നൽകി സർക്കാർ സംവിധാനങ്ങൾ കൂടെനിൽക്കുകയും വേണം.
അഭയ കേന്ദ്രങ്ങൾ
ഇനിയൊരു പ്രളയമുണ്ടായാൽ സ്കൂളുകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പോകാൻ ജനങ്ങൾ മടിക്കും. അവിടെയും വെള്ളം കയറിയാലോ? മഹാപ്രളയത്തിന്റെ അനുഭവം അതായിരുന്നു. മുൻകരുതലെന്നവണ്ണം സൗകര്യപ്രദമായ സ്ഥലത്ത് സ്ഥിരം അഭയകേന്ദ്രങ്ങൾ ഒരുക്കുകയാണ് ഇനി ചെയ്യേണ്ടത്. ഒപ്പം നെല്ലും പച്ചക്കറികളുമൊക്കെ സൂക്ഷിക്കാനുള്ള സൗകര്യവും വേണം. ഗതാഗത സൗകര്യവും കുടിവെള്ളവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളുമൊക്കെയുള്ള കേന്ദ്രങ്ങളാവണം അത്. കുട്ടനാട് പാക്കേജിൽ ഇതുസംബന്ധിച്ച നിർദേശങ്ങളുണ്ടായിരുന്നു.
മാസ്റ്റർ പ്ലാനും അഥോറിറ്റിയും
കുട്ടനാടിനെ മൊത്തത്തിൽ കണ്ടുള്ള പരിസ്ഥിതി ജലസൗഹൃദ സമഗ്ര വികസനപദ്ധതികളാണു വേണ്ടത്. ഇൗ അപൂർവ നാടിനെ സംബന്ധിച്ചു നിരവധി ഗവേഷണങ്ങൾ പല കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്. അവയൊക്കെ ഏകോപിപ്പിക്കാനും ഫലപ്രദമായി നടപ്പാക്കാനും കഴിയുന്ന അഥോറിറ്റിയും ആവശ്യമാണ്.
സർക്കാർ പദ്ധതിയിൽ വലിയ പ്രതീക്ഷ
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2447.66 കോടിയുടെ പദ്ധതിയിൽ കുട്ടനാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ്. സംസ്ഥാന ആസൂത്രണ ബോർഡിന്റെതാണു പദ്ധതി. കുട്ടനാടിന്റെ പുനഃർനിർമാണത്തിനും പാരിസ്ഥിതിക പുനസ്ഥാപനത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള സർക്കാർ ഇടപെടലാണത്. ഉത്പാദന ക്ഷമത, ലാഭക്ഷമത, പരിസ്ഥതി സംരക്ഷണം, ഭൗതിക സുരക്ഷ, പരസ്പര സഹകരണം എന്നിവയിലൂന്നിയുള്ള വികസനം ഇതിലൂടെ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. നെതർലൻഡ് മോഡൽ വികസന രീതി പരീക്ഷിക്കാനും പദ്ധതിയിൽ വിഭാവന ചെയ്തിട്ടുണ്ട്. ‘നദിക്കൊരിടം’ നൽകി നെതർലൻഡ് നടപ്പാക്കിയ പദ്ധതിയുടെ ചുവട് പിടിച്ച് തുടക്കത്തിൽ കുട്ടനാട്ടിൽ ‘പന്പയ്ക്കൊരിടം’നൽകും. വടക്കൻ കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ മീനച്ചിലാറ്റിലും മണിമലയാറ്റിലും ചെക്ക്ഡാമുകൾ നിർമിക്കാനുള്ള തീരുമാനവുമുണ്ട്. അശാസ്ത്രീയമായ ഓരുമുട്ട് നിർമാണങ്ങൾ വലിയ പ്രതിസന്ധി വിളിച്ചുവരുത്തുന്നുണ്ട്. കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാൻ ഒരു ഓരുമുട്ട് നിർമിക്കേണ്ടിടത്തു പലതു നിർമിക്കുന്ന രീതി ഒഴിവാക്കണം. മീനച്ചിലാറ്റിൽ വെള്ളപ്പൊക്കവും അതിനു കാരണമാകുന്ന അതിവർഷവും വരുംവർഷങ്ങളിൽ ആവർത്തിച്ചേക്കാം. ഒരുപക്ഷേ, അതു കൂടുതൽ രൂക്ഷവുമാകാം.
അന്നും മറ്റുള്ളവരുടെ ദയയ്ക്കു മുന്നിൽ ഒരു കുട്ടനാട്ടുകാരനും കൈനീട്ടി നിൽക്കേണ്ട സാഹചര്യമുണ്ടാവരുത്. അതിനുതക്ക മുന്നൊരുക്കങ്ങളും ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതികളുമാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
മാറണം നിർമാണ രീതികൾ
കരിങ്കല്ലും കോൺഗ്രീറ്റും ഉപയോഗിച്ചുള്ള കെട്ടിട നിർമാണം കുട്ടനാടിന്റെ പരിസ്ഥിതിക്ക് യോജിച്ചതല്ല. പരിസ്ഥിതിക്കിണങ്ങുന്ന ഭാരം കുറഞ്ഞ നിർമാണ സാമഗ്രികളാണു വേണ്ടത്. അനിയന്ത്രിതമായി മണ്ണിട്ടുയര്ത്തുന്നതുമൂലമുണ്ടാകുന്ന അമിതഭാരം നിര്മിതികൾക്കുണ്ടാക്കുന്ന ഇരുത്തലും വിണ്ടുകീറലും ഒഴിവാക്കാന്‍ ഇതുവഴി കഴിയും.
റാപ്പിഡ് വാൾ അഥവാ ജിപ്സം വാൾ ഉപയോഗിച്ചുള്ള നിർമാണം കുട്ടനാടിന് അനുയോജ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുവരുകളും മേൽക്കൂരയും നിർമിക്കാൻ ഉപയോഗിക്കുന്ന വലിയ ജിപ്സം പാളിയാണ് റാപ്പിഡ് വാൾ. 10 നിലയുള്ള കെട്ടിടങ്ങൾ വരെ നിർമിക്കാം. വെള്ളപ്പൊക്കത്തിൽ കേടു വരില്ല. അടർന്നു പോകുകയുമില്ല. പുനരുപയോഗിക്കുകയും ചെയ്യാം. കോൺഗ്രീറ്റിനെ അപേക്ഷിച്ച് നാലിലൊന്ന് ഭാരം മാത്രം. എഫ്.എ.സി.ടിയിൽ ഇതു നിർമിക്കുന്നുണ്ട്.
തൂണുകളില്‍ ഉയര്ന്നുനില്ക്കുന്ന വിധത്തിലും, അടിത്തറയുടെ ഉള്‍ഭാഗം പൊള്ളയായ രീതിയിലുമൊക്കെയുള്ള വീടുകള്‍ ഇതിനോടകംതന്നെ കുട്ടനാട്ടിൽ പലയിടങ്ങളിലും നിർമിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലുള്ള ഇഷ്ടികകൾക്കു പകരം എഎസിബ്ലോക്കുകള് (ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ്) ഉപയോഗിക്കുന്നതു കൂടുതല്‍ അനുയോജ്യമായിരിക്കുമെന്നു മെഗാടെക് കണ്‍സ്ട്രക്ഷനിലെ തോമസുകുട്ടി കൊല്ലംകളം പറഞ്ഞു. ഭാരക്കുറവിനുപുറമെ അഗ്നിബാധ, കീടശല്യം, ശബ്ദമലിനീകരണം, ഭൂമികുലുക്കം തുടങ്ങിയവയൊക്കെ പ്രതിരോധിക്കുമെന്നതും പരിസ്ഥിതിസൗഹൃദമാണെന്നതും എഎസി ബ്ലോക്കുകളുടെ മേന്മയാണ്.
ചങ്ങനാശേരി വാഴപ്പള്ളിക്കടുത്ത് ഫ്ലോട്ടിംഗ്ഹൗസ് നിര്‍മിച്ച് പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തിയ വാസ്തുശില്പി കണ്ണനും പുതിയ നിർമാണ രീതിയുടെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രകൃതി സൗഹൃദ ഭവനം, എക്സ്ട്ര ഹൈറ്റ് ഹൗസ്, സുനാമി റെസിസ്റ്റ് ഹൗസ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യയും ഇവര്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്റ്റീല്‍ സ്ട്രക്ചറില്‍ മള്‍ട്ടിവുഡ് ഷീറ്റുകളും ബൈസൺ പാനലുകളും പ്രത്യേകമായി വികസിപ്പിച്ചെടുത്ത അനുബന്ധ നിര്‍മാണസാമഗ്രികളും ഉപയോഗിച്ചാണ് ഇത്തരം വീടുകള്‍ പണിയുന്നത്.
വിള ഇൻഷ്വറൻസ്
കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കർഷകന്റെ നട്ടൊല്ലിടിക്കുന്നതു പതിവായിട്ടുണ്ട്. തുടരെത്തുടരെയുണ്ടാകുന്ന നഷ്ടം താങ്ങാനുമാവില്ല. ഒരുപരിധിവരെയെങ്കിലും അതിനെ ചെറുക്കാൻ വിള ഇൻഷ്വറൻസുകൾ കൊണ്ടു സാധിക്കും. ഒാരോ വിളയ്ക്കും തുഛമായ പ്രീമിയമാണ് അടയ്ക്കേണ്ടത്. ഭൂമിയുടെ കരം അടച്ച രീസീതും കൃഷി ചെയ്ത വിളകളുടെ വിവരങ്ങളുമായി കൃഷി ഒാഫീസിനെ സമീപിക്കുകയാണ് കർഷകൻ ചെയ്യേണ്ടത്.
( അവസാനിച്ചു)