വെള്ളത്തിൽനിന്നു വെള്ളത്തിനായി..
Monday, November 18, 2019 2:51 PM IST
ജിമ്മി ഫിലിപ്പ്
കുട്ടനാട്ടിൽ വെള്ളമില്ലാത്ത സമയമില്ല. എപ്പോഴും എവിടെയും വെള്ളം. വെള്ളപ്പൊക്കമെന്നോ കടുത്ത വേനലെന്നോ വ്യത്യാസമില്ല. എന്നാൽ ഒരിക്കലും കുടിവെള്ളമുണ്ടാവില്ല. അതിനു പാത്രവുമെടുത്ത് ഏതെങ്കിലും പൈപ്പിൻ ചുവട്ടിൽ ക്യൂ നിൽക്കണം. അല്ലെങ്കിൽ കുടിവെള്ളവുമായി ലോറിയോ വള്ളമോ വരണം. പൈപ്പിലാണെങ്കിൽ വെള്ളം വരുന്നതു വല്ലപ്പോഴും. വള്ളമാണെങ്കിലും അങ്ങനെതന്നെ. നല്ല റോഡുണ്ടങ്കിലേ ലോറി എത്തൂ. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ തുള്ളിയില്ല എന്നു പറയുന്നതിന്റെ നേർചിത്രമാണ് കുട്ടനാട്. കുടിവെള്ളത്തിനായി വള്ളത്തിൽ പാത്രങ്ങൾ നിരത്തിവച്ച് ആറ്റിലൂടെയും തോട്ടിലൂടെയും തുഴഞ്ഞു പോകുന്നവർ പതിവ് കാഴ്ച.
നോക്കുകുത്തിയായി ടാപ്പുകൾ
ഒട്ടുമിക്ക പഞ്ചായത്തുകളിലും പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ഓവർഹെഡ് ടാങ്കുകളും. പക്ഷേ, വെള്ളം മാത്രമില്ല. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വെള്ളം വിതരണം ചെയ്യുമെന്ന ഉറപ്പിലാണ് വാട്ടർ അഥോറിറ്റി പൈപ്പുകളിട്ടത്. ഉറപ്പെല്ലാം ഫയലിൽ ഒതുങ്ങി. വെള്ളം കൊടുത്തില്ലങ്കിലെന്താ, അഥോറിറ്റിക്കാർ കാശ് കണക്കു പറഞ്ഞു വാങ്ങും. ടാപ്പൊന്നിന് ഓരോ പഞ്ചായത്തും വർഷംതോറും 5000 രൂപ അടയ്ക്കണം. ടാപ്പെണ്ണി അവർ അതു വാങ്ങുകയും ചെയ്യും. കുട്ടനാട്ടിലെ പത്ത് പഞ്ചായത്തുകളിൽ രണ്ടായിരത്തിലേറെ ടാപ്പുകൾ ഉണ്ടെന്നാണ് കണക്ക്. ചന്പക്കുളത്ത് 336 ടാപ്പുകളുണ്ട്. പുളിങ്കുന്ന്- 325, നെടുമുടി-262, വെളിയനാട്- 254, മുട്ടാർ- 218, രാമങ്കരി- 216, കാവാലം-184, കൈനകരി- 76 അങ്ങനെ പോകുന്നു ടാപ്പുകളുടെ എണ്ണം. ആ ഇനത്തിൽ മാത്രം കോടിക്കണക്കിനു രൂപയാണ് വാട്ടർ അഥോറിറ്റിക്ക് ലഭിക്കുന്നത്. ഇൗ തുക കിഴിച്ചാണ് പഞ്ചായത്തുകൾക്കുള്ള പദ്ധതിഫണ്ട് പോലും കിട്ടുന്നത്. അതുകൊണ്ട് വാട്ടർ അഥോറിറ്റിക്ക് ഒരിക്കലും പണം കിട്ടാതെ വരില്ല.
കുടിവെള്ളത്തിനു വലിയ ചെലവ്
വള്ളത്തിലോ വാഹനങ്ങളിലോ വെള്ളമെത്തിക്കുന്നതിനു പഞ്ചായത്തുകൾ ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. വർഷംതോറും 70 ലക്ഷത്തോളം രൂപ ഓരോ പഞ്ചായത്തും ഇൗയിനത്തിൽ ഒടുക്കുന്നു. ഓരോ പഞ്ചായത്തിലും ജലസ്രോതസുകൾ കണ്ടെത്തുകയും ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് ജലം വിതരണം ചെയ്യുകയും ചെയ്താൽ വർഷംതോറുമുണ്ടാകുന്ന ഇൗ അധികച്ചെലവ് ഒഴിവാക്കാം. വാഹനങ്ങളിലും വള്ളത്തിലും കുടിവെള്ളമെത്തിക്കുന്നതിനുവേണ്ടി ചെലവാക്കുന്ന തുകയേക്കാൾ കുറവായിരിക്കുമത്.
നീരേറ്റുപുറം പ്ലാന്റ്
ഒരാൾക്ക് ഒരു ദിവസം 70 ലിറ്റർ വെള്ളം വേണമെന്നാണ് ദേശീയ കണക്ക്. ടൂറിസ്റ്റുകളെയും പാടത്തെ പണിക്ക് പുറത്തുനിന്നെത്തുവരെയും കൂടി പരിഗണിച്ചാൽ കുട്ടനാടിന് ഒരു ദിവസം 25-26 ദശലക്ഷം ലിറ്റർ വെള്ളം വേണ്ടിവരും. നീരേറ്റുപുറം കുടിവെള്ള പദ്ധതിയിൽ നിന്നാണു കുട്ടനാട്ടിൽ ശുദ്ധജലം എത്തുന്നത്. 11 ദശലക്ഷം ലിറ്റർ ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ്. ആവശ്യമുള്ളതിന്റെ പകുതിയിൽ താഴെ. പുതിയൊരു പ്ലാന്റ് കൂടി തുടങ്ങിയാൽ പ്രശ്നം പരിഹരിക്കാമെന്നാണു കണക്കുകൂട്ടൽ. നേരത്തെ തിരുവല്ല പദ്ധതിയിൽ നിന്നു കുട്ടനാട്ടിൽ വെള്ളം എത്തിച്ചിരുന്നു. നീരേറ്റുപുറത്ത് പ്ലാന്റ് വന്നതോടെ അതു നിലച്ചു.
വിതരണ പൈപ്പുകളില്ല
നീരേറ്റുപുറം പ്ലാന്റിൽ നിന്ന് എല്ലാ പഞ്ചായത്തുകളിലേക്കും പ്രധാന പൈപ്പ് ലൈനുകൾ ഇട്ടിട്ടുണ്ട്. ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പലയിടത്തും വിതരണ പൈപ്പുകളില്ല. ഉള്ളതു മിക്കതും തകർന്ന നിലയിലുമാണ്. 15- 20 വർഷം വരെയാണ് സാധാരണ പൈപ്പിന്റെ കാലാവധി. അതുകഴിഞ്ഞാൽ മാറണം. കാലപ്പഴക്കത്തൊടൊപ്പം അശ്രദ്ധമായ റോഡ്, കെട്ടിട നിർമാണം കൂടി വന്നതോടെ പൈപ്പുകൾ പൂർണമായും തകർന്നു. വിതരണ പൈപ്പുകളുണ്ടെങ്കിലും 12 വർഷത്തിലേറെയായി വെള്ളം കാത്തിരിക്കുന്ന കാവാലം പോലെയുള്ള പഞ്ചായത്തുകളും കുട്ടനാട്ടിലുണ്ട്. ഇവർക്ക് വെള്ളം വില കൊടുത്തു വാങ്ങുകയല്ലാതെ മറ്റു മാർഗമില്ല. അതിന് മാസം 500 രൂപയെങ്കിലും വേണം. വാട്ടർ അഥോറിറ്റിയുടെ ഹൗസ് കണക്ഷന് ആണ്ടിൽ 800 രൂപ മതി. വാലടിയിൽ ഓവർഹെഡ് ടാങ്ക് നിർമിച്ച് ജലവിതരണം നടത്താനുള്ള ശ്രമങ്ങളുമായി "കൈത്താങ്ങ്'എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾ സംഘടിച്ചു തുടങ്ങി എന്നതിന്റെ ശുഭസൂചന.
സമഗ്ര ജലവിതരണ പദ്ധതി
ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 289 കോടി രൂപയുടെ കുട്ടനാട് സമഗ്ര ജലവിതരണ പദ്ധതിയിൽ നാട്ടുകാർക്ക് വലിയ പ്രതീക്ഷയാണ്. 900 കിലോമീറ്റർ വിതരണ പൈപ്പുകൾ, നീരേറ്റുപുറത്ത് പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ്, 13 പഞ്ചായത്തുകളിൽ ഓവർ ഹെഡ് ടാങ്കുകൾ. പദ്ധതി നടത്തിപ്പിനായി നീരേറ്റുപുറത്ത് 125 സെന്റ് സ്ഥലം, തലവടി, എടത്വാ, തകഴി, മുട്ടാർ, രാമങ്കരി, കാവാലം എന്നിവിടങ്ങളിൽ ജല അഥോറിറ്റി വക സ്ഥലത്തും വീയപുരം, ചന്പക്കുളം, നെടുമുടി പഞ്ചായത്തുകളിൽ പുറന്പോക്ക് ഭൂമിയിലും പുളിങ്കുന്ന്, വെളിയനാട്, കൈനകരി എന്നിവിടങ്ങളിൽ സ്വകാര്യ ഭൂമിയിലും ഓവർ ഹെഡ് ടാങ്കുകൾ. ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തയാക്കുമെന്നാണു വാഗ്ദാനം. പക്ഷേ, ഒന്നും തുടങ്ങിയിട്ടില്ല.
വെള്ളം കൊണ്ട് മുറിവേൽക്കുന്നവർ
വെള്ളംകൊണ്ടു മുറിവേൽക്കുന്നതു കുട്ടനാട്ടുകാർക്കു പുതുമയല്ല. പതിവാണ്. ഏതു മലവെള്ളത്തെയും പിടിച്ചുനിറുത്താനുള്ള കൈക്കരുത്ത് അവർക്കുണ്ടുതാനും. എന്നാൽ, ജലജന്യരോഗങ്ങളും കൊതുകു പരത്തുന്ന രോഗങ്ങളും അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. എലിപ്പനി, ജപ്പാൻ ജ്വരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ഡങ്കി, ത്വക്ക് രോഗങ്ങൾ തുടങ്ങിയവ വ്യാപകമാണ്. കോളറ പടർന്നു പിടിക്കാനുള്ള സാധ്യത എപ്പോഴുമുണ്ട്. കാൻസർ പോലുള്ള മാരക രോഗങ്ങളും വ്യാപകം.
മാലിന്യം സർവത്ര
മാലിന്യം നിറഞ്ഞ വെള്ളം ചുറ്റുമുള്ളതാണ് എല്ലാറ്റിനും കാരണം. പാടങ്ങളിൽ അമിതമായി പ്രയോഗിക്കുന്ന കീടനാശിനികളുടെയും രാസവളത്തിന്റെയും നല്ലൊരുഭാഗം ആറ്റിലും തോട്ടിലും എത്തുന്നുണ്ട്. കളകളും പുല്ലും നശിപ്പിക്കാനായി കളനാശിനികളുടെ ഉപയോഗവും വ്യാപകം. കൊയ്യാറായ നെൽച്ചെടികളുടെ ഇല വേഗത്തിൽ ഉണങ്ങുന്നതിന് നിരോധിത കീടനാശിനിയായ ഗ്രാമക്സോൺ ഉപയോഗിക്കുന്ന പ്രവണതയും ഏറിയിട്ടുണ്ട്. അതിമാരകമായ വിഷമാണു ഗ്രാമക്സോൺ. കൃഷിക്കായി പാടം വറ്റിക്കുന്പോഴാണു ചെടികൾ വലിച്ചെടുക്കാതെ മിച്ചം കിടക്കുന്ന വിഷം വെള്ളത്തോടൊപ്പം പുറത്തെ ജലാശയങ്ങളിൽ എത്തുന്നത്.
വീടുകളിൽ നിന്ന് ആറ്റിലേക്കു വലിച്ചെറിയുന്ന മാലിന്യങ്ങൾ വേറെ. ചത്ത മൃഗങ്ങളും മാംസാവശിഷ്ടങ്ങളും ഇതിൽപെടും. ശുചിമുറികളുടെ ബഹിർഗമന കുഴലുകൾ ആറ്റിലേക്കും തോട്ടിലേക്കും തുറന്നുവച്ചിരിക്കുന്നു. അതുവഴി മനുഷ്യവിസർജ്യവും വെള്ളത്തിൽ കലരുന്നു. മനുഷ്യവിസർജ്യത്തിൽ നിന്നുണ്ടാകുന്ന കോളിഫോം ബാക്ടീരിയ കുട്ടനാടൻ ജലാശയങ്ങളിൽ വളരെ കൂടുതലാണെന്നു കൊച്ചിയിലെ നാൻസൺ എന്വയോൺമെന്റൽ ആൻഡ് റിസേർച്ച് സെന്റർ വളരെ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. കുളിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയായുടെ എണ്ണം 100 മില്ലിലിറ്ററിൽ 500 വരെയാകാമെങ്കിലും കുടിവെള്ളത്തിൽ ഒരെണ്ണം പോലും പാടില്ല. എന്നാൽ, കുട്ടനാടൻ ജലാശയങ്ങളിൽ അതിന്റെ എണ്ണം 1,100ൽ കൂടുതലാണെന്നു നാൻസൺ എന്വയോൺമെന്റൽ ആൻഡ് റിസേർച്ച് സെന്റർ ഡയറക്ടർ ഡോ. അജിത് ജോസഫ് പറഞ്ഞു. പായലും പോളയും ചീഞ്ഞടിയുന്നതിനാൽ വേനൽക്കാലത്ത് പുഴകളും തോടുകളും ദുർഗന്ധപൂരിതമാകുകയും ചെയ്യും.
ആശുപത്രി സൗകര്യമില്ല
കുട്ടനാട്ടിൽ രോഗങ്ങളുണ്ടായില്ലെങ്കിലാണ് അദ്ഭുതം. രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാഹചര്യം അത്രയ്ക്കാണ്. എന്നാൽ, ആശുപത്രി സൗകര്യം തീരെയില്ലാത്തത് കുട്ടനാട്ടുകാരെ കൂടുതൽ ആശങ്കപ്പെടുത്തുന്നു. എല്ലാ പഞ്ചായത്തുകളിലും പിഎച്ച്സികളുണ്ടെങ്കിലും ഗുണമില്ല. ഡോക്ടർമാർ എത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം. അതും ഒന്നോ രണ്ടോ മണിക്കൂർ. പിന്നെയുള്ളതു പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയാണ്. നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, വടക്കൻ വെളിയനാട്,രാമങ്കരി, കൈനകരി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ ആശ്രയം. എപ്പോഴും ഡോക്ടർമാരുണ്ട് എന്നതാണ് ആശ്വാസം. എന്നാൽ സ്പെഷലിസ്റ്റുകൾ മുഴുവൻ സമയവുമുണ്ടാവില്ല. രോഗി ഗുരുതരാവസ്ഥയിലാണെങ്കിൽ ആലപ്പുഴ മെഡിക്കൽ കോളജിലോ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലോ പോകണം. പാന്പു ശല്യം രൂക്ഷമാണെങ്കിലും കടിയേറ്റാൽ ഉപയോഗിക്കേണ്ട ആന്റിവെനം പലയിടത്തുമില്ല.
പുളിങ്കുന്ന് ആശുപത്രിയിൽ രോഗികളെത്തുന്നതു പേടിച്ചാണ്. ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് പഴയ കെട്ടിടങ്ങൾ. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളുടെ ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് എടുത്തിട്ടുണ്ടെങ്കിലും പൊളിച്ചുമാറ്റൽ മാത്രം നടന്നിട്ടില്ല. ആശുപത്രി ഹൈടെക് ആക്കുമെന്നും അതിന് 40 കോടി അനുവദിച്ചിട്ടുണ്ടെന്നുമൊക്കെ മന്ത്രിയുടെ പ്രഖ്യാപനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആശുപത്രി ഇപ്പോഴും പഴയപടിതന്നെ.
ദീർഘവീക്ഷണമില്ലാത്ത പദ്ധതികളുടെ തിക്തഫലമാണ് കുട്ടനാട് അനുഭവിക്കുന്നത്. ലാഭം മാത്രമായിരുന്നു ലക്ഷ്യം. വെള്ളത്തെ മാറ്റി നിറുത്തി ഒരു വികസന പദ്ധതികളും കുട്ടനാട്ടിൽ സാധ്യമല്ല. ജലവുമായി പോരാടുകയല്ല, മറിച്ച് ജലത്തോടൊപ്പം കൂടുകയാണ് വേണ്ടത്. അതിനുതക്ക ജല-പരിസ്ഥിതി സൗഹൃദ വികസന നയമാണ് ആവശ്യം.
പച്ചപ്പട്ട് വിരിച്ചപോലെ എ.സി. കനാൽ
കുട്ടനാടിന്റെ വികസന സ്വപ്നങ്ങൾക്കു നിറം പകരുന്നതായിരുന്നു ആലപ്പുഴ- ചങ്ങനാശേരി റോഡിനു സമാന്തരമായ എ.സി. കനാൽ. നിർമാണം പാതിവഴിയിൽ നിലച്ചെങ്കിലും കനാൽ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, ഇന്ന് അത് ഒഴുക്കുനിലച്ച്, പോളയും മാലിന്യങ്ങളും നിറഞ്ഞ്, ദുർഗന്ധപൂരിതം. ഇരുകരകളും മുട്ടത്തക്കവിധം നിറയെ പോളയും പുല്ലും. ദൂരെനിന്നു നോക്കിയാൽ പച്ചപ്പട്ട് വരിച്ചപോലെ. കുറച്ചുനാൾ കഴിഞ്ഞാൽ പോള പൂക്കും. അപ്പോൾ കനാൽ നീലപ്പൂക്കളമാകും.
കനാലിന്റെ തുടക്കമായ മനയ്ക്കച്ചിറയിൽ 13 വർഷം മുന്പു ടൂറിസം വികസനത്തിനായി ലക്ഷങ്ങൾ ചെലവിട്ടു സ്ഥാപിച്ച സംവിധാനങ്ങളൊക്കെയും നാശത്തിന്റ വക്കിലായി. മനയ്ക്കച്ചിറയിൽ നിന്ന് ആറു കിലോമീറ്ററോളം ദൂരക്കാഴ്ച കിട്ടുന്ന കനാലിന്റെ ഓരത്ത് വൈകുന്നേരങ്ങളിൽ നിരവധി സന്ദർശകരെത്തിയിരുന്നു. പുത്തനാർ എന്നറിയപ്പെടുന്ന ഇൗ കനാലിൽ നേരത്തെ ജലോത്സവങ്ങളും സംഘടിപ്പിച്ചിരുന്നു. പോള നിറഞ്ഞതോടെ എല്ലാം ഉപേക്ഷിച്ചു.